അതിരില്ലാത്ത ശക്തി, ഉയരങ്ങളില്‍ ആത്മവിശ്വാസം

pgm
SHARE

അതിര്‍ത്തിയില്‍നിന്ന് അടുത്തിടെയായി അത്ര നല്ല വാര്‍ത്തകളല്ല കേള്‍ക്കുന്നത്. സ്ഥിരം തലവേദനയായ പാക്കിസ്ഥാന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റമില്ല. പതിവ് ഭീകരവാദപ്രവര്‍ത്തനവുമായി അവര്‍ മുന്നോട്ടുപൊക്കേണ്ടേയിരിക്കുന്നു. അതിനിടെയാണ് പുതിയ പ്രശ്നങ്ങളുമായി ചൈനയുടെ വരവ്. കിഴക്കന്‍ ലഡാക് അതിര്‍ത്തിയിലെ ഗല്‍വാന്‍ താഴ്‍വരയില്‍ ഇന്ത്യന്‍ സൈനികരെ ജൂണ്‍ പതിനഞ്ചിന് ചൈനീസ് പട്ടാളം ആക്രമിച്ചു. കൈയ്യേറ്റം ഒഴിയണമെന്ന ധാരണ  പാലിക്കാത്തത് ചോദ്യം ചെയ്ത ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സേനക്കു നേരെ ചൈനീസ് പട്ടാളത്തിന്‍റെ ആക്രമണം. ഇരുപതു സൈനികര്‍ക്ക് ജീവന്‍ ബലി നല്‍കേണ്ടിവന്നു. അതിര്‍ത്തിയിലെ ആ രക്തസാക്ഷിത്യം രാജ്യത്തിന്‍റെ ഹൃദയത്തില്‍ വലിയ മുറിവുണ്ടാക്കി. 

സമാധാനമാണ് അന്നും ഇന്നും ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ രാജ്യത്തിന് കഴിവുണ്ടെന്ന് ചൈനക്ക് ഇന്ത്യയുടെ താക്കീത്. ഗല്‍വാന്‍ താഴ്്വരയിലെ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന പ്രധാനമന്ത്രിുടെ മറുപടി സൈനികര്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. എന്നാല്‍ ചൈനക്കുള്ള മറുപടി അവിടെ തീര്‍ന്നില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. എന്തിനും തയ്യാറെടുക്കാന്‍ സേനക്ക് നിര്‍ദേശം. ആയുധ സംഭരണത്തിന് അനുമതി. കടുത്ത ഭാഷയിലാണ് ചൈയും പ്രതികരിച്ചത്. 

ഗല്‍വാന്‍ ആക്രമണത്തിന്‍റെ പതിനെട്ടാം നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക് തലസ്ഥാനമായ ലേയില്‍ എത്തി. അപ്രതീക്ഷിത സന്ദര്‍ശനം. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുക എന്നതിനപ്പുറം ഇത് ചൈനക്കുള്ള താക്കീതാണ്. സൈന്യത്തിനുള്ള പിന്തുണയാണ്. അതിരില്ലാത്ത ആത്മവിശ്വാസത്തിന്‍റെ പ്രകടനമാണ്

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാക് സന്ദര്‍ശിക്കും എന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍. കിഴക്കന്‍ ലഡാക്കിന് പിന്നാലെ അരുണാചല്‍ അതിര്‍ത്തിയിലും ചൈന സേനാ സന്നാഹം ശക്തമാക്കിയിരുന്നു. അതിര്‍ത്തിയോടു ചേര്‍ന്നുള്ള തവാങിലും വലോങ്ങിലും ചൈന നടത്തുന്ന നീക്കങ്ങള്‍ കേന്ദ്രം സസൂക്ഷമം നിരീക്ഷിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി രാജ്നാഥ് സിങ്ന്‍റെ സന്ദര്‍ശനം റദ്ദുചെയ്തതായി അറിയിപ്പ്. ചൈനയുടെ തുടര്‍ നടപടികള്‍ അറിഞ്ഞ ശേഷം അതിര്‍ത്തി സന്ദര്‍ശനം മതിയെന്ന് തീരുമാനമെടുത്തതായി നിരീകിഷകര്‍ ഇതിനെ വിലയിരുത്തി. സൈനിക തലത്തില്‍ മൂന്നാം വട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷവും പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന കടുംപിടുത്തം ചൈന തുടരുന്നതായും റിപ്പോര്‍ട്ടുകള്‍. പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം ഉപേക്ഷിച്ചതിന് പിന്നാലെ സംയുക്ത സേനാമേധാവി ലഡാക്കിലേക്ക് എന്ന അടുത്ത വാര്‍ത്ത പിറന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ ബാക്കിയായിരുന്നു. അണിയറയില്‍ ചിലത് ഒരുങ്ങുന്നപോലെ. ഒടുവില്‍ രാവിലെ പുതിയ സൂചനകള്‍. സാക്ഷാല്‍ പ്രധാനമന്ത്രി അതിര്‍ത്തിയിലേക്ക്. എന്നാല്‍ സൂചനകള്‍ക്കപ്പുറം ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ അപ്പോളുമുണ്ടായില്ല. ഒടുവില്‍ സസ്പെന്‍സിന് അവസാനം കുറിച്ചുകൊണ്ട് ആ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടു. മോദി ലഡാക്കില്‍. 

മുന്നില്‍ നിന്ന് നയിക്കാന്‍ ഞാനുണ്ടെന്ന ആത്മവിശ്വാസം സൈനികര്‍ക്ക് പകരുക. ഇന്ത്യ പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പ് ചൈനയ്ക്ക് നല്‍കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന്‍റെ സന്ദേശം ഇവ രണ്ടുമാണ്. ലേയിലെ സൈനിക വിമാനത്താവളത്തില്‍ അതിരാവിലെ പ്രധാനമന്ത്രിയെത്തി. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേന മേധാവി ജനറല്‍ എം.എം.നരവനെയും അനുഗമിച്ചു. 

വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ വൈ കെ ജോഷിയും മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗ്സഥരും പ്രധാനമന്ത്രിയെ സ്വീകരിച്ചു. 14 കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിങ് അതിര്‍ത്തിയിലെ സാഹചര്യം മോദിക്ക് വിശദീകരിച്ചു നല്‍കി. നിലവിലെ സേനാ വിന്യാസം, ചൈനയുമായുള്ള ചര്‍ച്ചകളുടെ പുരോഗതി എന്നിവ അറിയിച്ചു. സംഘര്‍ഷം പരിഹരിക്കാന്‍ സൈനിക തലത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഹരീന്ദര്‍ സിങ്ങായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി ലഡാക്കിലെ നിമുവില്‍ കര, വ്യോമ സേന, െഎടിബിപി ഉദ്യോഗസ്ഥരുമായി സംവദിച്ചു. 11,000 അടി ഉയരത്തിലുള്ള അതികഠിനമായ ഭൂപ്രദേശമാണ് നിമു. സിന്ധുനദാതടത്തിന് സമീപത്തുള്ള മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഏറ്റവും പരുക്കന്‍ ഭൂമിശാസ്ത്ര സവിശേഷതകളുള്ള പ്രദേശം കൂടിയാണ്.

ജൂണ്‍ 15ലെ സംഘര്‍ഷത്തിന് ശേഷം  ആദ്യമായാണ് ഇന്ത്യയുടെ ഭരണ നേതൃത്വത്തെ പ്രതിനിധീകരിച്ച് ഒരു നേതാവ് ലഡാക്കിലെത്തുന്നത്. ഭരണകൂടത്തിന്‍റെ ഈ നീക്കം ചെറുതല്ലാത്ത ആത്മവിശ്വാസം സേനക്ക് നല്‍കും എന്നതില്‍ തര്‍ക്കമില്ല. സൈനികവേഷത്തിലായിരുന്നു പ്രധാനമന്ത്രി. ധീരസൈനികരുമായി സംവദിക്കുന്നു എന്ന വരികളോടെ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മോദി ചിത്രം പങ്കുവെച്ചു. 

തുടര്‍ന്ന് പ്രധാമന്ത്രി സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സൈന്യത്തെ വാനോളം പുകഴ്ത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാവില്ല എന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ കാത്തു സൂക്ഷിക്കാനായി സൈനികര്‍ നടത്തുന്ന ത്യാഗവും പ്രകടിപ്പിക്കുന്ന ധൈര്യവും വിലമതിക്കാനാവാത്തതാണെന്ന് മോദി വാഴ്ത്തി. സൈന്യത്തിന് മനോവീര്യം ലഭിക്കാന്‍ ഇതില്‍പരം എന്തുവേണം. ലഡാക്കിലെ മലനിരകളെക്കാള്‍ ഉയരത്തിലാണ് നിങ്ങളുടെ ധീരത എന്ന് പ്രധാനമന്ത്രിയില്‍ നിന്ന് സൈന്യം നേരിട്ടു കേട്ടു. നിങ്ങളുടെ കൈകള്‍ ലഡാക് മലനിരകളെപ്പോലെ ശക്തമാണ്. നിങ്ങളുടെ നിശ്ചയദാര്‍ഢ്യം മലനിരകളെക്കാള്‍ ഉറച്ചതാണ്. മോദിയുടെ വാക്കുകള്‍. 

എന്തിനും പോന്ന സേന രാജ്യത്തുണ്ടെന്നും ആരെയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും മോദി പറഞ്ഞത് എതിരാളികള്‍ കേള്‍ക്കാന്‍ വേണ്ടിയാണ്. ഇന്ത്യ സൈനികശേഷിയും കരുത്തും കൂട്ടുന്നത് മനുഷ്യനന്മ ലക്ഷ്യം വച്ചാണെന്ന് നിലപാടും പ്രധാനമനത്രി വ്യക്തമാക്കി. സമാധാനത്തിന് കരുത്താണ് ആവശ്യം. ദുര്‍ബലര്‍ സമാധാനത്തെ കുറിച്ച് ചിന്തിക്കില്ല.  ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ചൈനക്കുള്ള വ്യക്തമായ മറുപടി. അത്തരം ശക്തികള്‍ മണ്ണടിയും. അതാണ് ലോകത്തിന്റെ അനുഭവം'

മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി ചൈന വൈകിട്ടോടെ രംഗത്തെത്തി. രാജ്യത്തിന്‍റെ ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവരോ കടന്നുകയറ്റക്കാരോ അല്ല തങ്ങളെന്നാണ് പ്രതികരണം. അയല്‍ രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ സൗഹാര്‍ദപരമായി പരിഹരിച്ച ചരിത്രമാണ് ചൈനക്കുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആരോപണം ഊതിവീര്‍പ്പിച്ചതും കെട്ടിച്ചമച്ചതുമാണെന്നും ചൈന നിലപാടെടുത്തു. അതിര്‍ത്തിയില്‍ സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന സ്ഥലങ്ങളിലുള്‍പ്പെടെ മോദിയെത്തി. മുന്‍നിര പോസ്റ്റുകള്‍ സന്ദര്‍ശിച്ച മോദി അടുത്തതായി ഗല്‍വാനില്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ സൈനികരെ സന്ദര്‍ശിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം ചൈനയെ കുപിതരാക്കുമെന്നതില്‍ സംശയമില്ല. പ്രകോപനങ്ങള്‍ പാടില്ല എന്നാണ് ചൈനീസ് വിദേശകാര്യ വക്താവിന്‍റെ ആദ്യ പ്രതികരണം. സംഘര്‍ഷമൊഴിവാക്കാന്‍ സൈനിക തലത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതും ചൈന ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഇന്ത്യന്‍ സേനക്കു നേരെ നടന്ന ആക്രമണത്തെ അപലപിക്കാനോ എത്ര ചൈനീസ് ഭടന്മാര്‍ മരിച്ചെന്ന് വെളിപ്പെടുത്താനോ ചൈന ഇതുവരെയും തയാറായിട്ടില്ല.

തുടരെത്തുടരെ ഉറപ്പുകള്‍ ലംഘിക്കുന്ന ചൈനയുടെ ഇത്തരം ഡയലോഗുകള്‍ക്ക് ഇന്ത്യ ചെവി കൊടുക്കുന്നില്ല. അല്ലെങ്കില്‍ ഇതിനുമപ്പുറം പ്രതീക്ഷിച്ചാകണം കേന്ദ്രത്തിന്‍റെ നീക്കം. ആരെയും നേരിടാന്‍ സജ്ജമെന്ന വ്യക്തമായ മുന്നറിയിപ്പ് അതിര്‍ത്തിയില്‍ ചെന്നു നിന്നു പറയുക എന്നതിന് കൃത്യമായ തീരുമാനത്തിന്‍റെ പിന്‍ബലമുണ്ട്. മിന്നല്‍ സന്ദര്‍ശനവും പെട്ടെന്നെടുത്ത തീരുമാനമാകാന്‍ തരമില്ല

ഇതിനിടയിലും അതിര്‍ത്തി സംഘര്‍ഷം ഉയര്‍ത്തി പ്രധാനമന്ത്രിക്കെതിരെ കോണ്ഗ്രസ് ആഞ്ഞടിച്ചു.  ലഡാക്കിലെ പ്രദേശവാസികള്‍  ഭൂമി ചൈന കയ്യേറിയെന്നാണ് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രധാനമന്ത്രി പറയുന്നത് രാജ്യത്തിന്‍റെ ഭൂമി ആരും കയ്യേറിയിയിട്ടില്ല എന്നാണ്. ഇതില്‍ ആരാണ്  കള്ളംപറയുന്നതെന്ന് രാഹുല്‍ ഗാന്ധി ആരാഞ്ഞു. ലഡാക്കിലെ ജനങ്ങളുടെ പ്രതികരണങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. യഥാര്‍ഥത്തില്‍ ചൈനക്കുള്ള താക്കീതിനൊപ്പം പ്രതിപക്ഷത്തിന്‍റെ വായടക്കുക എന്നൊരു രാഷ്ട്രീയ ഉദ്ദേശം കൂടി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുണ്ട്. അതിര്‍ത്തിയില്‍ നിന്നു മടങ്ങിയ പ്രധാനമന്ത്രി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ യോഗം വിളിച്ചു. 

പ്രധാനമന്ത്രിയുടെ ലഡാക് സന്ദര്‍ശനം ഇന്ത്യാ ചൈന  സൈനിക നയതന്ത്ര ചര്‍ച്ചകളെ എങ്ങനെ ബാധിക്കുമെന്നതാണ് ഇനി അറിയേണ്ടത്. മോദിയുടെ ലഡാക് സന്ദര്‍ശനത്തെ ബിജെപി ആഘോഷമാക്കിയിരിക്കുകയാണ്. സൈനികരുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്ന നടപടിയെന്നാണ് ആഭ്യന്ത്രമന്ത്രി അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പ്രദേശവാസികളുടെ കൂടുതല്‍ വീഡിയോകളുമായി  കോണ്‍ഗ്രസും ആരോപണത്തിന്‍റെ മൂര്‍ച്ച കൂട്ടുന്നുണ്ട്. സന്ദര്‍ശനത്തിന്‍റെ രാഷ്ട്രീയം എന്തുതന്നെയായാലും ചൈനക്കുള്ള താക്കീതായി ഇതിനെ വ്യാഖ്യാനിക്കാനാണ് ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ശക്തിപ്രകടനമെന്ന് ഈ സന്ദര്‍ശനത്തെ  രാജ്യം വിശേഷിപ്പിക്കുന്നു. ലോകരാജ്യങ്ങള്‍ അഭിപ്രായം അധികം പറഞ്ഞിട്ടില്ല. കാരണം പ്രധാനമന്ത്രി സന്ദര്‍ശിച്ചത് സ്വന്തം രാജ്യത്തിന്‍റെ അതിര്‍ത്തിയാണ്. കാവലിന് ആളുണ്ടെന്ന് ഉറക്കെ പറഞ്ഞ ശേഷമാണ് നരേന്ദ്രമോദി മടങ്ങിയത്. ബാക്കി വരുന്നിടത്തുവച്ചു കാണാം എന്ന ഉറച്ച നിലപാടോടെ

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...