മുഖാവരണമണിഞ്ഞ ലോകം; മുഖം മൂടിയ മനുഷ്യനെ പേടിക്കണോ?; മാസ്കിലെ രാഷട്രീയം

mask-programme
SHARE

തുരത്തിയോടിക്കാനാകാത്ത ഒരു വൈറസിനെതിരെ മനുഷ്യരാശി മുഴുവന്‍ ഒരു മാസ്കിനു പിന്നിലൊളിച്ചു നില്‍ക്കുന്നു. വംശ, വര്‍ണ ഭേദമില്ലാതെ, ദരിദ്രനോ സമ്പന്നനോ  എന്ന വ്യത്യാസമില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ ലോകം മുഴുവന്‍ മാസ്കിനുളളിലേക്ക് ചുരുങ്ങി ചെറുതായി. ചരിത്രത്തിലെ അഭൂതപൂര്‍വായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. 

മുഖം... എക്കാലവും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍‍ഡ് ചെയ്തത് സ്വന്തം മുഖമായിരുന്നു.  മിക്കപ്പോഴും ആ അളവുകോല്‍ കൊണ്ടാണ്  മനുഷ്യന്‍ മനുഷ്യനെ അളന്നത്. പക്ഷേ ഒരൊറ്റ വൈറസ് മതിയായിരുന്നു ആ മുഖം അപ്രസക്തമാക്കാന്‍ . ലോകമെങ്ങും. കാഴ്ച മാസ്കിന്‍റെ മറയിലൂടെയായി. സൗന്ദര്യവും സമ്പത്തും അധികാരവും ജീവന്‍ എന്ന ഒരൊറ്റ സാധ്യതയ്ക്ക്  മുന്നില്‍ അപ്രസക്തമായി. ലോക സമ്പദ്വ് വ്യവസ്ഥയെ തന്നെ നിയന്ത്രിച്ചിരുന്ന പല രാജ്യങ്ങളും മാസ്ക്കില്ലാതെ വലഞ്ഞു. ശതകോടികളുടെ ആയുധശേഖരമുള്ളവര്‍ക്കും വിലപിടിപ്പൊന്നുമില്ലാത്ത ഒരു ചെറിയ മുഖാവരണം അയല്‍ക്കാരോട് കടം വാങ്ങേണ്ടി വന്നു.  ഒരു നേരത്തെ ഭക്ഷണത്തിനെന്ന പോലെ പലയിടത്തും മാസ്കിനു വേണ്ടിയും ജനം ക്യൂ നിന്നു.  

മാസ്ക് വേണോ വേണ്ടയോ എന്നതില്‍ ഒരു തീരുമാനത്തിലെത്താന്‍ ലോകം കുറച്ചു സമയമെടുത്തു. നിലപാടുകളില്‍  ആരോഗ്യമില്ലാതിരുന്ന ലോകാരോഗ്യ സംഘടന മാസ്കിന്റെ കാര്യത്തില്‍ ഒരു തീരുമാനം മുറുക്കാന്‍ വൈകി. വൈറസ് വ്യാപനം തുടങ്ങി  ആറുമാസത്തിനുശേഷമാണ് മാസ്ക് മസ്റ്റാണ് എന്ന നിലപാടിലേക്ക് എത്തുന്നത്. 

മാസ്കിന്‍റെ വ്യാപനം കൂടിയ രാജ്യങ്ങളില്‍, മാസ്ക്കിന്റെ അനിവാര്യതയെക്കുറിച്ച്  നടത്തിയ പഠനങ്ങളില്‍ വൈരുദ്ധ്യാത്മകമായ  റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതെല്ലാം ലോകത്തെ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലാക്കി. ഒടുവില്‍ കോവിഡിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും എളുപ്പമുള്ള പ്രതിരോധം എന്ന നിലയില്‍ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. 

ലോക നേതാക്കളില്‍ പലരും അപ്പോഴും മാസ്കിനോട് മുഖം തിരിച്ചു നിന്നു. അവരെ അനുകൂലിക്കുന്നവരൊക്കെ അതേ നിലപാട് പിന്തുടര്‍ന്നു. സ്വന്തം മുഖത്ത് ധരിക്കേണ്ടത് എന്തെന്ന് മറ്റാരും തീരുമാനിക്കേണ്ടതില്ലെന്ന സ്വാതന്ത്യ പ്രഖ്യാപനങ്ങള്‍ ലോകത്തിന്‍റെ പല കോണുകളിലും ഉയര്‍ന്നു. കോവിഡ് വലിച്ചുകീറിയ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ മാസ്ക് എന്ന ഈ അല്‍പവസ്ത്രം  ഒരു രാഷ്ട്രീയ വിഷയമായി. 

നിങ്ങളുടെ രാഷ്ട്രീയം എന്‍റെ മുഖത്തെഴുതരുത്. മാസ്ക് വിരുദ്ധര്‍ ഒരുമിച്ച് പ്രഖ്യാപിച്ചു. അമേരിക്കയിലും ബ്രസീലിലും മാസ്ക്കിന്‍റെ മറ  നീക്കി രാഷ്ട്രീയം പുറത്തുവന്നു.  രണ്ടിടത്തും അതിനു വഴിയൊരുക്കിയത്  ഭരണാധികാരികള്‍ തന്നെയായിരുന്നു. അമേരിക്കയില്‍ ഇതൊരു രാഷ്ട്രീയവിഷയമാക്കിയത് പ്രസിഡന്‍റ് ട്രംപ് തന്നെയാണ്. ലോകത്തെ ഏറ്റവും ഉന്നതരുമായി ഇടപെടേണ്ട താന്‍ മാസ്ക് ഉപയോഗിക്കില്ലെന്ന് ട്രംപ്   പരസ്യമായി പ്രഖ്യാപിച്ചു.

പ്രസിഡന്‍റിന്‍റെ നിലപാട് വകവയ്ക്കാതെ പല സംസ്ഥാനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. കോവിഡില്‍ നട്ടം തിരിഞ്ഞുനില്‍ക്കുന്ന രാജ്യത്ത് മാസ്ക്കിന്‍റെ അനിവാര്യതയെച്ചൊല്ലി ജനം തെരുവിവിറങ്ങി. തിരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തില്‍  എതിര്‍പക്ഷം ഇതൊരു രാഷ്ട്രീയ അവസരമാക്കി.   വീടിനകത്തും പുറത്തും മാസ്ക് ധരിച്ച ചിത്രങ്ങളുമായി ഡെമോക്രാറ്റുകള്‍ രംഗത്തിറങ്ങി. അവരുടെ മാസ്ക് ബോധവല്‍ക്കരണക്ലാസുകളില്‍ മാസ്ക് വിരുദ്ധര്‍ പ്രതിഷേധവുമായെത്തി.  കോവി‍ഡ് കത്തിനില്‍ക്കുമ്പോള്‍  ഒക്‌ലഹോമയിലെ തുള്‍സയില്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ തിരഞ്ഞെടുപ്പ് റാലി മാസ്കിനെതിരെയുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു.  മാസ്ക് ധരിക്കാതെ പതിനായിരങ്ങള്‍ റാലിക്കെത്തി. 

എല്ലാറ്റിനും ഒടുവില്‍ മാസ്ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കുന്ന വേളയില്‍ ട്രംപണിഞ്ഞ  മാസ്ക്  സമൂഹമാധ്യമങ്ങള്‍ വല്ലാതെ വലിച്ചുകീറി. അടുത്ത മാസ്ക് വിരുദ്ധന്‍ ബ്രസീസില്‍ ആയിരുന്നു. പ്രസിഡന്‍റ് ജയ്ര്‍ ബോല്‍സൊനാരോ. പതിനായിരങ്ങള്‍ മരിച്ചുവീണ ബ്രസീലില്‍ കോവിഡിനെതിരെ  കളിക്കാന്‍   മാസ്ക് ആവശ്യമില്ലെന്ന് ബോള്‍സനാരോ പ്രഖ്യാപിച്ചു. ആ പോരാട്ടത്തില്‍ ബോല്‍സരനാരോയുടെ ടീം  ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കെ ഇരുട്ടടിയായി  കോടതി പെനല്‍റ്റി വിധിച്ചു. മാസ്ക് ധരിച്ചില്ലെങ്കില്‍ പ്രസിഡന്‍റ് ദിനം പ്രതി 400 ഡോളര്‍ പിഴയൊടുക്കണം.  സമാനമായ പ്രതിഷേധങ്ങള്‍ ലോകത്തിന്‍റെ പല കോണുകളിലും നിന്നുയര്‍ന്നു. 

മാസ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ അവസാനിച്ചിട്ടില്ല. സ്വാഭാവികമായ വായുസഞ്ചാരം തടസപ്പെടുത്തുന്ന ഒരു ആവരണം മുഖത്തിടുന്നത് എത്രത്തോളം ആരോഗ്യകരമാണ്  എന്നതില്‍ ഇനിയും അവസാനവാക്കെത്തിയിട്ടില്ല. പക്ഷേ ലോകമെങ്ങുമുള്ള ആരോഗ്യവിദഗ്ധരില്‍ ഭൂരിഭാഗവും രോഗവ്യാപനത്തോത് കുറയ്ക്കാന്‍ മാസ്ക് ഫലപ്രദമായ ഒരു മാര്‍ഗമായി തന്നെ ചൂണ്ടിക്കാട്ടുന്നു. 

എപ്പോള്‍ വേണമെങ്കിലും കയറിക്കൂടാവുന്ന ഒരു വൈറസിനിനെ പേടിച്ച് പുറത്തിറങ്ങാന്‍ മടിച്ച ജനം മാസ്ക് നല്‍കിയ സുരക്ഷിതത്വത്തിലാണ് ഒരു പരിധിവരെ ജീവിതത്തിന്‍റെ സ്വാഭാവികതയിലേക്ക് തിരിച്ചെത്തിയത്. ലോക് ഡൗണിനേക്കാള്‍ മെച്ചമാണല്ലോ മാസ്ക് അണിഞ്ഞാണെങ്കിലും പുറത്തിറങ്ങാന്‍ കഴിയുന്നത്. ഒരു സമൂഹത്തിലെ 80 ശതമാനത്തോളം ആളുകളെങ്കിലും മാസ്ക്  ധരിച്ചാല്‍ ആ സമൂഹത്തിലെ വ്യാപനത്തോതില്‍ കാര്യമായ കുറവുണ്ടാകുമെന്ന്  പഠനങ്ങള്‍ പറയുന്നു. ന്യൂയോര്‍ക്ക് തന്നെയാണ് ഉദാഹരണം. ഏപ്രിലിലാണ് അവിടെ മാസ്ക് നിര്‍ബന്ധമാക്കിയത്. അടുത്ത രണ്ടാഴ്ചത്തേക്ക് വ്യാപനത്തോതില്‍ 3 ശതമാനം കുറവ് വന്നെത്രെ. അതായത് അടുത്ത മൂന്നാഴ്ച 66,000 പേര്‍ക്ക് രോഗം ബാധിക്കുന്നത് തടയാനായി. നോര്‍ത്തേന്‍ ഇറ്റലിയില്‍ നിന്ന് പുറത്തുവന്നതും സമാനമായ കണക്കുകളാണ്. മാസ്കും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ഫലപ്രമാദമായി നടപ്പാക്കിയാല്‍ കോവിഡ് വ്യാപനത്തിന് കാര്യമായി തടയിടാനാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. എന്നിട്ടും സംശയങ്ങള്‍ അവസാനിക്കുന്നില്ല.  എന്‍ 95 മാസ്കുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നതൊക്കെ അസൗകര്യങ്ങള്‍ക്കിടയാക്കുന്നു. ഇത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതാണ് ഒരു വാദം 

എങ്ങോട്ട് തിരിഞ്ഞാലും മാസ്ക് ഉണ്ട്‍്. മാസ്ക് ധരിക്കുന്നവരില്‍ കുറവില്ല. പക്ഷേ ശരിയായി മാസ്ക് ധരിക്കുന്നവരുടെ എണ്ണം കുറവാണ്. പലരുടെയും മാസ്ക് മുഖത്തല്ല. എന്തിനാണ് മാസ്ക് ധരിക്കേണ്ടതെന്ന് ഇപ്പോഴുമറിയാത്ത പലരും  കഴുത്തിലും ചെവിയിലും കയ്യിലും മാസ്ക് തൂക്കിയിടും.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് 'വൃത്തികേടാകാതിരിക്കാൻ' താഴ്ത്തി വയ്ക്കുന്നവരുമുണ്ട്.  ഉപയോഗിച്ച മാസ്ക് റോഡരികിലും പൊതുസ്ഥലത്തും വലിച്ചെറിയുന്നവരുമേറെ 

മുഖം മൂടിയ മനുഷ്യനെ പേടിക്കണോ ? 

മുഖം മൂടി മാറ്റാന്‍ ഉത്തരവാദിത്വമുള്ള നിയമപാലകര്‍ ഇപ്പോള്‍ മുഖം മൂടാന്‍ ആളുകളെ നിര്‍ബന്ധിക്കുന്ന തിരക്കിലാണ്. മുഖം മറച്ച ഒരു സമൂഹം സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക ചെറുതൊന്നുമല്ല. നാടാകെ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ കൊണ്ട് പ്രയോജനമില്ലാത്ത സ്ഥിതി. ജനം മുഴുവന്‍ മുഖാവരണത്തിന്‍റെ മറയിലാകുന്നത് അതിജാഗ്രത അത്യന്താപേക്ഷിതമാക്കുന്നു. കോവിഡ‍് ഉയര്‍ത്തിയ അരക്ഷിതമായ ജീവിതസാഹചര്യങ്ങളില്‌ പ്രത്യേകിച്ചും.  സോഷ്യല്‍ മീഡിയയും ടെക്നോളജിയുമൊക്കെ ഇത്രയേറെ വളര്‍ന്ന സാഹചര്യത്തില്‍ അതൊന്നും ഒരു വെല്ലുവിളിയേ അല്ലെന്ന് നിയമപാലകര്‍ പറയുന്നു 

മാസ്കിനു പിന്നിലിരുന്ന്  ക്രിയേറ്റിവിറ്റിയുടെയും അതിജീവനത്തിന്‍റെയും പുത്തന്‍ സാധ്യതകള്‍ തേടുകയാണ് ലോകം.  കോവിഡിലും  ലോക് ഡൗണിലും തകര്‍ന്നുപോയ ബിസിനസുകള്‍ ഏറെയാണ്. എന്നാല്‍  കോവിഡ് അവസാനിക്കുമ്പോള്‍ തകരുന്ന ബിസിനസുകളെക്കുറിച്ച് ആശങ്കപ്പെടുകയാണിന്ന് ലോകം.   

കോവിഡില്‍ ഉലഞ്ഞുപോയ ഫാഷന്‍ േമഖല തിരിച്ചുവരുന്നത് കോവിഡിനെ തന്നെ ആയുധമാക്കിയാണ്. വലിയ കൂട്ടായ്മകള്‍ക്ക് വിലക്കുളള  ലോക് ഡൗണ്‍ കാലത്ത് വസ്ത്രം, അതിന്‍റെ ഫാഷന്‍ ഒക്കെ അപ്രസക്തമായിപ്പോയി. കോവിഡിന്‍റെ രണ്ടാം വ്യാപനം ഉണ്ടാകുമെന്നും അപ്പോഴും  മാസ്ക്കുകള്‍ ഇവിടെ തന്നെ നിലനില്‍ക്കുമെന്നും എന്ന വിപണി സാധ്യത മുന്നില്‍കണ്ടുള്ള മാറ്റമാണ് ഫാഷന്‍ മേഖലയുടേത്. വീര്‍പ്പുമുട്ടിച്ച മാസ്ക്കിനെ വീര്‍പ്പടക്കി നിന്ന് നോക്കും വിധമുള്ള മാറ്റം  

ഓരോ വസ്ത്രത്തിനും ചേരുന്ന മാസ്കുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. വിവാഹസാരിക്കൊപ്പം അതിന് പറ്റുന്ന മാസ്ക്കുകള്‍. ഓണത്തിന് മലയാളിക്കുടുക്കാന്‍ കസവ് മുണ്ടിനൊപ്പം കസവ് മാസ്ക്ക് എന്ന്  ട്വീറ്റ് ചെയ്തത് ശശി തരൂരായിരുന്നു. അങ്ങനെ അങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മനുഷ്യന്‍ കോവിഡിനെ തന്നെ അതിജീവനത്തിനുള്ള മാര്‍ഗമാക്കി മാറ്റി.  

കണ്ണുകളിലാണിപ്പോള്‍ വസന്തം വിരിയുന്നത്. നിരാശ പ്രതിഫലിക്കുന്നത്, പ്രതീക്ഷ സ്ഫുരിക്കുന്നത്.  മുഖമല്ല കണ്ണുകളാണ്  തിരിച്ചറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ മാസ്കിനെക്കുറിച്ച് കവിതകളങ്ങനെ ഒഴുകി പരക്കുകയാണ്. കരയാന്‍ മറിച്ചിരുന്ന മുഖം സാമൂഹ്യ അകലവും മാസ്കും വാക്കുകള്‍ക്കും പ്രകടനങ്ങള്‍ക്കും സാമൂഹിക ഇടപെടലില്‍‌ ചെറുതായി കടിഞ്ഞാണിട്ടതോടെ പലരും നിരാശയിലാണ്ട് പോയി. 

മാസ്കിനകത്തേക്ക് ലോകം വല്ലാതെ ചുരുങ്ങിപ്പോയതില്‍ വല്ലാതെ ആശങ്കപ്പെടുന്നവരേറെയാണ്.  പുറം ലോകത്തേക്ക് പറക്കാന്‍ കൊതിക്കുന്നവരെല്ലാവരും കോവിഡൊന്നടങ്ങാന്‍ കാത്തിരിക്കുന്നു. ഒരുദാഹരണം ചൂണ്ടിക്കാട്ടിയാല്‍ പ്രളയകാലത്ത് മലയാളിക്ക് അതിജീവനത്തിന്‍റെ ഒരു പ്രതീകമൊരുക്കിയത്  മാസ്കോളം പോന്ന ഒരു തുണിയില്‍ തീര്‍ത്ത ചേക്കുട്ടി പാവകളായിരുന്നു. പക്ഷേ  മാസ്ക്കില്‍  ഒരു പരീക്ഷണത്തിന് തോനുന്നില്ലെന്ന് ചേക്കുട്ടിയെ രാജ്യാന്തര ബ്രാന്‍ഡാക്കിയ ലക്ഷ്മി മേനോന്‍ പറയുന്നു . 

ഒരു ജനതയുടെ അച്ചടക്കശീലത്തിലാണ് സമൂഹത്തിന്‍റെ നിലനില്‍പ്പ് തന്നെ. എന്തിനേയും അതിജീവിക്കും എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ഈ കാലവും കടന്നുപോകുമെന്നും. അതുവരെ മുഖാവരണത്തിന്‍റെ സുരക്ഷിതമറയില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ സമയമായിട്ടില്ല.

എപ്പോള്‍ അവസാനിക്കുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ അറിയാത്ത ഒരു യുദ്ധമുഖത്താണ്  നമ്മള്‍. തിരിച്ചാക്രമിക്കാന്‍ ആയുധങ്ങള്‍ ഇല്ലാത്തിടത്തോളം ഉള്ള കവചങ്ങള്‍‌ ഉപയോഗിച്ച് പ്രതിരോധിക്കുക മാത്രമാണ് മാര്‍ഗം.  വിജയിച്ചില്ലെങ്കിലും തല്‍ക്കാലം തോല്‍ക്കാതിരിക്കാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...