മര്യാദ ലംഘിച്ച് പോരിനിറങ്ങി; തീതുപ്പുന്ന ചൈനീസ് വ്യാളി

china-29
SHARE

ചൈനീസ് ദേശീയവികാരം ആളിക്കത്തിച്ച ബ്ലോക് ബസ്റ്റര്‍ സിനിമ വൂള്‍ഫ് വാരിയേഴ്സിലെ രംഗമാണ് ഈ കണ്ടത്. ആയിരംകാതങ്ങള്‍ കടന്നു ചെന്നും ചൈനയുടെ ശത്രുക്കള്‍ക്ക് മറുപടി നല്‍കും എന്ന സന്ദേശം നല്‍കുന്ന സിനിമ. ചൈനീസ് താല്‍പര്യം സംരക്ഷണത്തിന് ഏതറ്റംവരെയും പോകുന്ന ഈ കഥാപാത്രങ്ങള്‍ സാങ്കല്‍പികമല്ല,  ലോകത്തെയാകെ വെല്ലുവിളിച്ച് നമുക്കു ചുറ്റുമുണ്ട്, ഗാല്‍വാനില്‍ മാത്രമല്ല ദക്ഷിണ ചൈനക്കടല്‍ മുതല്‍ ഹോങ്കോങ് വരെ തീതുപ്പുന്ന ചൈനീസ് വ്യാളിയെയും തെളിച്ച്. 

ലോകമാകെ ഒരു മഹാമാരിയോട് പോരാടുമ്പോളാണ് ചൈന നമ്മളോട് പോരിനു വന്നത്. തങ്ങള്‍ തന്നെ തുറന്നു വിട്ട കൊറോണഭൂതം മനുഷ്യരാശിക്ക് വെല്ലുവിളിയാകുമ്പോള്‍ സകലമര്യാദകളും ലംഘിച്ച ഈ നടപടിക്ക് ചൈനയെന്ന രാജ്യം എങ്ങനെ തുനിഞ്ഞിറങ്ങി?. അതറിയണമെങ്കില്‍  ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത  ചൈനയെന്ന ശത്രുരാഷ്ട്രത്തെയും അതിന്‍റെ ഭരണകൂടത്തെയും അറിയണം. ഷി എന്ന ചോദ്യം ചെയ്യപ്പെടാത്ത സഖാവിനെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും. 

1949 ഒക്ടോബർ 1.   യുദ്ധങ്ങളും വിപ്ലവങ്ങളും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളുമെല്ലാം കണ്ട ഏഷ്യയില്‍ ഒരു പുതുയുഗംകൂടി പിറന്നു.  ചൈനയിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാവോ സെദുങ്  പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രഖ്യാപനം നടത്തി. ആധുനിക ചൈനയുടെ പിതാവായി അറിയപ്പെടുന്ന മാവോ  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടേയും രാജ്യത്തിന്റെയും പ്രധാന സ്ഥാനങ്ങൾ വഹിച്ച് വർഷങ്ങളോളം ഭരണനിയന്ത്രണം കൈയ്യിലേന്തി. സോഷ്യലിസ്‌റ്റ് പ്രത്യയശാസ്‌ത്രത്തിനു  തനതായ മുഖം നൽകിയ മഹാനായ നേതാവായി വിശേഷിപ്പിക്കപ്പെടുന്ന   മാവോയ്ക്ക് പക്ഷേ ലക്ഷക്കണക്കിനു ജനങ്ങളെ ഉന്മൂലനം ചെയ്്യുകയും രാജ്യത്തുനിന്ന് ജനാധിപത്യത്തെ അകറ്റി നിര്‍ത്തുകയും ചെയ്ത മറ്റൊരുമുഖം കൂടി ചരിത്രം അടയാളപ്പെടുത്തുന്നു. 2018 ആയപ്പോളേക്കും ഷി ചിങ് പിങ്ങെന്ന നേതാവിന് കീഴില്‍ കമ്യൂണിസത്തിൽനിന്ന് ഏകാധിപത്യത്തിലേക്കുള്ള ചൈനയുടെ പൂര്‍ണ   പരിണാമം ലോകം കണ്ടു.. 

ബെയ്‌ജിങ്ങിലെ'ജനങ്ങളുടെ ഗ്രേറ്റ് ഹാളിൽ'  2017 ഒക്ടോബര്‍ 18ന് ചേര്‍ന്ന ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ 19–ാം ദേശീയ കോൺഗ്രസ് ആധുനിക ചൈനയില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടു. മാവോയ്ക്ക് ശേഷം അനിഷേധ്യനായൊരു നേതാവിന്‍റെ ഉദയം അന്ന് ലോകം കണ്ടു. ഷി ചിങ് പിങ്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ഷി ഴോങ്സുന്റെ മകന്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും അവസാനവാക്കായി. 1962ലെ സാംസ്കാരിക വിപ്ലവകാല ജീവിതം നല്‍കിയ അനുഭവപാഠം ജീവിതതി‍ പകര്‍ത്തിയ ഷി  ചിങ് പിങിന്‍റെ വളര്‍ച്ച പടിപടിയായിരുന്നു.   ഹുബെയ് പ്രവിശ്യയിലെ ലോക്കൽ സെക്രട്ടറിയായി തുടങ്ങി ഷാങ്ഹായിലെ പാർട്ടി നേതാവും ഒടുവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ചൈനീസ് പ്രസിഡന്‍റും  വരെ ഓരോ നീക്കവും കരുതലോടെ. HOLD xi ഷി ചിങ് പിങ്ങിന്‍റെ പേരും പ്രത്യയശാസ്ത്രവും ഉൾപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാൻ  പത്തൊമ്പതാം  പാർട്ടി കോൺഗ്രസ് അനുമതി നല്‍കി. മാവോ സെദുങ്ങിനും ഡെങ് സിയാവോ പിങ്ങിനും ശേഷം പാർട്ടി ഭരണഘടനയിൽ പേരു പരാമർശിക്കപ്പെട്ട മൂന്നാമത്തെ നേതാവായി ഷി. ഏക പാർട്ടിയിൽനിന്ന് ഏക നേതാവിലേക്ക് മാറുന്ന ചൈനയെയാണ് പിന്നീട് കണ്ടത്.  ആജീവനാന്തം അധികാരത്തിൽ തുടരാൻ ഷി ചിൻപിങ്ങിന്  അനുമതി നൽകുന്ന ഭരണഘടനാ ഭേദഗതി പാർലമെന്റ് വൻഭൂരിപക്ഷത്തോടെ അംഗീകരിച്ചതോടെ ഏകാധിപത്യത്തിലേക്കുള്ള ചൈനയുടെ പ്രയാണം പൂര്‍ണമായി. HOLD മാവോയുടെ കാലത്തെ അധികാര ദുർവിനിയോഗവും സാംസ്കാരിക വിപ്ലവം ഉൾപ്പെടെയുള്ള ഏകാധിപത്യ നടപടികളും  ടിയാനന്‍മെന്‍ കൂട്ടക്കൊലയും   ജനം  മറന്നു. 1949 മുതൽ ഏകപാർട്ടി ഭരണത്തിനു കീഴിൽ മാധ്യമ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു കഴിയുന്ന ജനത ഷി ചിങ് പിങ്ങെന്ന ചക്രവര്‍ത്തിയുടെ ഭരണത്തെ കാര്യമായ ചെറുത്തുനില്‍പൊന്നുമില്ലാതെ സ്വീകരിച്ചു. പാർട്ടി ജനറൽ സെക്രട്ടറിയും സർവസൈന്യാധിപനും പ്രസിഡന്റും ഷി ചിങ് പിങ്. ആധുനിക ചൈനയുടെ മൂന്നാം അധ്യായത്തെയാണ് ഷി ചിങ് പിങ് നയിക്കുന്നത് എന്നാണ്   കമ്യൂണിസ്റ്റ് പാർട്ടി കാണക്കാക്കുന്നത്.  ഷി ഭരണകാലത്തെ   ലക്ഷ്യം രണ്ടാണ്–രാജ്യത്തിനുള്ളിൽ കൂടുതൽ അച്ചടക്കം,  അതിലെല്ലാമുപരി ലോകത്ത് കരുത്തുറ്റ സാന്നിധ്യം. ലോകത്തെ വന്‍ശക്തിയായി, അമേരിക്കയെ മറികടക്കുന്ന ചൈന. അതാണ് ഷി ചിങ് പിങ്ങിന്‍റെ മഹത്തായ ചൈന എന്ന സ്വപ്നം. 

സ്വപ്നത്തിലേക്കുള്ള ഷി യുടെ യാത്രയില്‍  മുഖ്യ പങ്കാളിയാണ്  പീപ്പിൾസ് ലിബറേഷൻ ആർമി. ആണിതറച്ച ഇരുമ്പു ദണ്ഡും ബേസ്ബോൾ ബാറ്റുമൊക്കയായി ഇന്ത്യന്‍ സൈന്യത്തിന് നേരെ പ്രാകൃത ആക്രമണം നടത്തിയ ചൈനപ്പട്ടാളം.രാജ്യത്തിന്‍റെ സൈന്യമെന്നതിനെക്കാള്‍ പാര്‍ട്ടിയുടെ സേന എന്നാണ് പിഎല്‍എ യെ കണക്കാക്കേണ്ടത്. കൂറ് പൂര്‍ണമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ്. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ്  മുഖ്യദൗത്യം. അത് സ്വന്തം ജനതയെത്തന്നെ കൊന്നൊടുക്കിയിട്ടാണെങ്കിലും.

പീപ്പിൾസ് ലിബറേഷൻ ആർമി. ലോകത്തിലേറ്റവും വലിയ ഈ പട്ടാളമാണ് ചെനയുടെ മുഖ്യകരുത്ത്.  ബെയ്ജിങ് ആസ്ഥാനമായ സെൻട്രൽ മിലട്ടറി കമ്മീഷൻ (സിഎംസി) ആണ് ചൈനയുടെ  പിഎല്‍എയെ നിയന്ത്രിക്കുന്നത്. പ്രസിഡന്റ് ഷി ചിൻപിങ് തന്നെയാണ് സിഎംസിയുടെ,അധ്യക്ഷനും. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡില്‍  സൈനിക വേഷത്തിലെത്തിയ പ്രസിഡന്റ് ഷി പറഞ്ഞു, ആക്രമിക്കുന്ന എല്ലാ ശത്രുക്കളെയും' ഉൻമൂലനം ചെയ്യാനുള്ള കരുത്തു ചൈനീസ് പട്ടാളത്തിനുണ്ട്. പാര്‍ട്ടിയോട് സമ്പൂര്‍ണ വിധേയത്വം പുലര്‍ത്തണം പട്ടാളമെന്ന് ഷിയ്്ക്ക് നിര്‍ബന്ധമുണ്ട്. സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള ഏക സിവിലിയനും ഷി ചിങ് പിങ് തന്നെ . കാര്യമായ ആയുധശേഷിയോ പരിശീലനമോ ഇല്ലാത്ത പട്ടാളെത്ത ആഭ്യന്തര വിയോജിപ്പുകള്‍ അടിച്ചമര്‍ത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗിച്ചിട്ടുള്ളത്. 1979ല്‍ വിയറ്റ്നാമിനോട് തോറ്റ യുദ്ധമാണ് ഒടുവില്‍ ബാഹ്യശത്രുവുമായി ഏറ്റുമുട്ടിയത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങഴ്‍ അരച്ചുകലക്കി പഠിപ്പിക്കുന്ന പരിശീലനം. പൗരന്‍മാര്‍ക്ക് നിര്‍ബന്ധിത സൈനികസേവനം. സൈന്യത്തില്‍ നിന്ന് കാലാവധി തീരും മുമ്പ് ചാടിപ്പോവാന്‍ ശ്രമിച്ചാല്‍ കൊടിയപീഡനം. പക്ഷേ രാജ്യത്തെ ലോകനേതൃപദവിയിലേക്ക് നയിക്കാന്‍ ഇതൊന്നും പോരെന്ന് ഷി ചിങ് പിങ് തിരിച്ചറിഞ്ഞു.‌ എണ്ണത്തില്‍ വലുതാണെങ്കിലും യുദ്ധ ശേഷിയിലും പ്രഹരശക്തിയിലും സൈന്യം മറ്റ് പല ലോകരാജ്യങ്ങളെക്കാള്‍ പിന്നിലാണെന്ന തിരിച്ചറിവില്‍ ഷി   അതിവേഗ സൈനിക നവീകരണത്തിന് തുടക്കമിട്ടു.  കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും 180 കോടി ഡോളറാണ് പ്രതിരോധ ബജറ്റിനായി  മാറ്റിവച്ചിരിക്കുന്നത്. അമേരിക്കന്‍ സൈനികശേഷിയെക്കാള്‍ ബഹുദൂരം പിന്നിലാണെങ്കിലും ചൈനീസ് നാവിക സേനയുടെ കരുത്ത് അമേരിക്കയോട് കിടപിടിക്കുന്നതാവുന്നതായി നിരീക്ഷകര്‍ പറയുന്നു. യുദ്ധക്കപ്പലുകളുടെ എണ്ണത്തില്‍  അമേരിക്കയെ കടത്തിവെട്ടി ചൈന. 2018 ല്‍ ചൈനയുടെ അതിർത്തി രക്ഷാസേനയെ പൂർണമായും സൈനിക നേതൃത്വത്തിനു കീഴിലാക്കി പ്രസിഡന്റ് . ഇന്ത്യയുടേത് ഉൾപ്പെടെയുള്ള അതിർത്തി മേഖലയിൽ വിന്യസിച്ചിരുന്ന സേനകൾ മുമ്പ് പ്രവിശ്യാ കൗൺസിലിന്റെ കീഴിലായിരുന്നു. അതിര്ത്തിയിലെ  സൈനികനീക്കം ഉൾപ്പെടെ നടപടികൾ ദ്രുതഗതിയിലാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. 

ലോകശക്തിയാവാനുള്ള പ്രയാണഃത്തില്‍    രാജ്യാന്തര നയമറിയാന്‍    കാതോര്‍ത്തിരുന്ന ലോകത്തോട് പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ചിങ് പറഞ്ഞു, രാജ്യത്തിന്റെ താൽപര്യങ്ങൾക്കു ദോഷമാകാതെ അയൽരാജ്യങ്ങളുമായുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ചൈന തയാറാണ്. പക്ഷെ വാക്കൊന്ന് പ്രവൃത്തി  മറ്റൊന്ന് എന്ന് ആവര്‍ത്തിച്ച് െതളിയിച്ചു ഷി. ആകെയുള്ള 14 രാജ്യങ്ങളില്‍ ഏതാണ്ട് എല്ലാവരുമായും പലതരത്തില്‍ ഏറ്റുമുട്ടി. അത് അയല്‍രാജ്യങ്ങളോട് മാത്രമല്ല, ലോകത്ത് ചൈന വഴക്കുണ്ടാക്കാത്ത രാജ്യങ്ങള്‍ കുറവാണ്.    

അയൽരാജ്യങ്ങളുമായി സൗഹൃദവും പങ്കാളിത്തവും എന്ന നയമാണു ചൈനയുടേത്. തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചു ഭീകരത ഉൾപ്പെടെയുള്ള ഭീഷണികൾ ഒന്നിച്ചു നേരിടാനാണു നാം ശ്രമിക്കുന്നത് – പാർട്ടി കോൺഗ്രസ് ഉദ്ഘാടനപ്രസംഗത്തിൽ  ഷി ചിൻപിങ് ഷി പറഞ്ഞു . ദോക് ലായിൽ ഇന്ത്യയുമായും ദക്ഷിണ ചൈനാ കടലിൽ ജപ്പാനുമായുമുള്ള സംഘർഷം ശക്തമായിരിക്കുമ്പോളായിരുന്നു ഷിയുടെ വാക്കുകള്‍.  ഒരു മുന്നറിയിപ്പുമില്ലാതെ ആയിരത്തിലധികം   ചൈനീസ് സൈനികര്‍ റോഡ് നിര്‍മാണത്തിനെന്ന പേരില്‍ ഇരച്ചെത്തിയതോടെയാണ് ദോക്ലയില്‍ ഇന്ത്യന്‍ സൈനികരുമായി സംഘര്‍ഷമുണ്ടായത്. ഇരുരാജ്യങ്ങളിലെയും മുന്നൂറോളം പട്ടാളക്കാർ മാസങ്ങളോവം മുഖാമുഖം നിന്നു..

ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ചിങ് പിങ്ങുമായി നടത്തിയ ചര്‍ച്ചകളടക്കം തുടര്‍ച്ചയായ നയതന്ത്ര നീക്കങ്ങള്‍ക്കൊടുവില്‍ ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചു. പക്ഷേ വിശ്വസിക്കാന്‍ കൊള്ളാത്ത അയല്‍ക്കാരാണ് തങ്ങളെന്ന് ചൈന ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരുന്നു. അരുണാചൽപ്രദേശിൽ ഇന്ത്യൻ അതിർത്തിക്കുള്ളിൽ അതിക്രമിച്ചു കയറി റോഡ് നിർമിക്കാന്‍ ശ്രമിച്ചത്, ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പിൽ പ്രവേശിക്കാൻ ഇന്ത്യ  നടത്തിയ ശ്രമം തടയൽ, കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കൽ എന്നിങ്ങനെ ഇന്ത്യയെ എപ്പോളും അസ്വസ്ഥതപ്പെടുത്തനാണ് ബെയ്ജിങ് ശ്രമിച്ചത്.  ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള  ഇന്ത്യയുടെ നീക്കത്തെ നാലുതവണയാണ് ചൈന അട്ടിമറിച്ചത്. പാക് അധീന കശ്മീരിലൂടെ കടന്നു പോകുന്ന ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയോട് ന്യൂഡല്‍ഹി പ്രകടിപ്പിച്ച അസംതൃപ്തി ബെയ്ജിങ് കാര്യമായി എടുത്തതേയില്ല.  . ചിങ് പിങ് സര്‍വാധികാരിയായതിന് ശേഷമുള്ള ഓരോ വര്‍ഷവും ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടല്‍ ചൈന നടത്താറുണ്ട് . 2014ല്‍ പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കാനെത്തിയ  ഷി ചിങ് പിങ്ങ് മോദിയുമായി കൈകോര്‍ത്ത് സബര്‍മതീ തീരത്തുകൂടി നടക്കുമ്പോള്‍ ലഡാക്കിലെ ചുമാർ മേഖലയിൽ അദേഹത്തിന്‍റെ പട്ടാളം സ കലമര്യാദകളും കാറ്റില്‍ പറത്തിയുള്ള   കടന്നുകയറ്റം നടത്തുകയായിരുന്നു.  ഈ  പ്രകോപനങ്ങളില്‍    ഒടുവിലത്തേതാണ് ഗാല്‍വാനിലെ കടന്നുകയറ്റവും അതിക്രമവും.  

2013 ൽ  ഷി ചിൻപിങ് പ്രഖ്യാപിച്ച അദ്ദേഹത്തിന്‍റെ സ്വപ്നപദ്ധതി,  വൺ ബെൽറ്റ്, വൺ റോഡിന്‍റെ ലക്ഷ്യം തന്നെ ഇന്ത്യയെ  ലക്ഷ്യം ഇന്ത്യയെ വരിഞ്ഞുമുറുക്കലാണ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ചൈനയുടെ മധ്യ–പടിഞ്ഞാറൻ പ്രവിശ്യകളുമായി വാണിജ്യ– വ്യാവസായികബന്ധം ശക്തമാക്കാനാണ് ഒബിഒആർ പദ്ധതിയെന്ന് ചൈന പറയും . പക്ഷേ   ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി നമ്മെ സമ്മര്‍ദത്തിലാക്കുക എന്നതാണ് മുഖ്യലക്ഷ്യം. ശ്രീലങ്ക, മാലദ്വീപ് , നേപ്പാള്‍ തുടങ്ങി കുഞ്ഞന്‍ അയല്‍രാജ്യങ്ങളെയെല്ലാം ഇന്ത്യയില്‍ നിന്നകറ്റാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ബെയ്ജിങ്. വന്‍ നിക്ഷേപം നടത്തിയാണ് ചെറുരാജ്യങ്ങളെ ചൈന വരുതിയിലാക്കുന്നത്. 

ഇന്ത്യയുമായി മാത്രമാണോ ചൈനയ്ക്ക് പ്രശ്നങ്ങളുള്ളത് ? അല്ലേയല്ല, ദക്ഷിണ ചൈനക്കടലിലെ ചൈനീസ് അഭ്യാസങ്ങള്‍ ഒന്ന് നോക്കിയാല്‍ കരകാണാക്കടലിന്‍റയും അധിപനാകാനുള്ള ചൈനീസ് വ്യാളിയുടെ നീക്കം വ്യക്തമാകും. അമേരിക്ക, ഓസ്ട്രേലിയ, കാനഡ ചൈന ഉരസാത്ത വന്‍ശക്തി രാജ്യങ്ങളും കുറവാണ്.

ദക്ഷിണ ചൈനാ കടൽ ആരുടേതാണെന്ന തർക്കം മാവോ സെദൂങ്ങിന്‍റെ കാലം മുതല്‍ സജീവമാണ്. ദക്ഷിണ ചൈനാക്കടലിലുള്ള അവകാശത്തിനു രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പറയുന്നത്. 1948ൽ കടലിന്‍റെ  ഭൂപടത്തിൽ   ഒൻപതു വരകളിട്ട്  ചൈന അടയാളപ്പെടുത്തിയ മേഖലകളെല്ലാം അവരുടേതാണെന്നാണ് വാദം. ഇവിടങ്ങളില്‍ മറ്റാര്‍ക്കും പ്രവേശനമില്ല.   ഇത് സ്ഥാപിക്കാന്‍ പല അവസരങ്ങളിലും ചൈന വാഗ്‌ബലവും ചിലപ്പോൾ ആയുധബലവും ഉപയോഗിച്ചിട്ടുണ്ട് .   ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, തയ്വാൻ, ബ്രൂണയ് തുടങ്ങിയ രാജ്യങ്ങളും മേഖലയില്‍  അവകാശവാദമുന്നയിക്കുന്നു. വൻ എണ്ണനിക്ഷേപമുള്ള മേഖലയിൽ സമ്പൂർണാധിപത്യമാണു ചൈനയുടെ ലക്ഷ്യം. ലോകത്തെ ചരക്കു ഗതാഗതത്തിന്റെ നല്ലപങ്കും ഈ വഴിക്കാണ്.  പാനമ കനാലിലൂടെയുള്ള ചരക്കു ഗതാഗതത്തിന്റെ മൂന്നിരട്ടി, സൂയസ് കനാലിലൂടെയുള്ളതിന്റെ അഞ്ചിരട്ടി. ഇന്ത്യ ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾക്കൊന്നും അവഗണിക്കാനാവാത്ത അതിപ്രധാന സമുദ്ര മേഖലയാണിത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഖനിയായ ദക്ഷിണ ചൈനക്കടലിനു മേൽ നിയന്ത്രണം സ്‌ഥാപിക്കാനാണ്  ചൈന വിയറ്റ്‌നാമിനെ ആക്രമിച്ചത്. കടലിലെ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരായ ആസിയാന്‍ കൂട്ടായ്മയുടെ വികാരം ഇന്ത്യയും ഏറ്റെടുത്തു. 2015 ല്‍ വൈറ്റ്  ഹൗസിന് മുന്നില്‍ നിന്ന് ഷി ചിങ് പിങ് പറ‍്ഞു. ദക്ഷിണ ചൈനക്കടലില്‍ സൈനിക വിന്യാസം ഞങ്ങളുടെ ലക്ഷ്യമല്ല. പക്ഷേ തൊട്ടുത്ത ദിവസം മുതല്‍ തര്‍ക്കത്തിലുള്ള പലദ്വീപുകളും തങ്ങളുടേതാണെന്ന് ചൈന  പ്രഖ്യാപിച്ചു. 

 ലോക രാജ്യങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ കടലില്‍  അത്യാധുനിക കപ്പൽവേധ മിസൈലുകൾ ചൈന വിന്യസിച്ചു. ഇതോടെ ചെറുരാജ്യങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്ക രംഗപ്രവേശം ചെയ്തു. പക്ഷേ അയല്‍ രാജ്യങ്ങളുടെ   കടുത്ത എതിർപ്പ്‌ അവഗണിച്ച് ദക്ഷിണ ചൈനാ കടലിൽ ചൈനീസ് പട്ടാളം കൃത്രിമദ്വീപും വിമാനത്താവളവും ഉണ്ടാക്കി.   തങ്ങളുടെ മൽസ്യബന്ധന അധികാരങ്ങളിൽ ചൈന കൈകടത്തുന്നതിനെതിരെ ഫിലിപ്പീൻസ് നൽകിയ കേസില്‍ തർക്കമേഖലയിൽ ചൈനയ്ക്ക് അവകാശമൊന്നുമില്ലെന്നു യുഎൻ കോടതി 2016ല്‍ വിധിച്ചു.  എന്നാല്‍ ഈ വിധി കുപ്പത്തൊട്ടിയില്‍ തള്ളുന്നുവെന്നായിരുന്നു ബെയ്ജിങ്ങിന്‍റെ മറുപടി.. 

ചൈനയെ വളഞ്ഞിട്ടാക്രമിക്കാനല്ല,   ഇന്ത്യ–പസഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികൾക്കും കടന്നുകയറ്റത്തിനും      എതിരായാണ്  ഇന്ത്യ–യുഎസ്–ജപ്പാൻ–ഓസ്ട്രേലിയ സഖ്യരൂപീകരണമുണ്ടായത്.  കോവിഡ് കാലത്ത് ദക്ഷിണ ചൈനക്കടല്‍ വീണ്ടും സംഘര്‍ഷ മേഖലയായി. തര്‍ക്ക മേഖലയില്‍ വിയറ്റ്നാമിന്‍റെ മല്‍സ്യബന്ധന ബോട്ട് ചൈനീസ് കോസ്റ്റ് ഗൗര്‍ഡ് മുക്കിയത് വന്‍വിവാദമായി. ഇന്തോനീഷ്യന്‍ മേഖലയില്‍ ചൈനീസ് ഫിഷിങ് ട്രോളറുകള്‍  പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ വിരട്ടിയോടിച്ചു. ഇതിനെതിരെ   അമേരിക്കന്‍ പടക്കപ്പലുകള്‍ കടന്നു ചെന്ന് പോര്‍വിളി മുഴക്കിയത് മഹാമാരിക്കിടയില്‍ മറ്റൊരു ആശങ്കയായി.

 ഷി  അധികാരത്തിലെത്തിയതുമുതൽ വ്യത്യസ്ത അഭിപ്രായങ്ങളോടു ചൈന കാട്ടുന്ന തികഞ്ഞ അസഹിഷ്ണുതയിലും അവിടെ നിലനിൽക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും രാജ്യാന്തര സമൂഹത്തിനുള്ള ഉത്കണ്ഠ ഗൗരവമുള്ളതുതന്നെയാണ്.  ഹോങ്കോങ്ങിലും തയ്വാനിലും ഉയിഗുര്‍ മുസ്ലീങ്ങളോട് ചെയ്ത ക്രൂരതയിലുമെല്ലാം ഈ അസഹിഷ്ണുത സകലസീമയും ലംഘിക്കുന്നത് ലോകം കണ്ടു. 

കോവിഡിനെ ഭയന്ന് ലോകം സാമൂഹ്യ അകലവും സമ്പര്‍ക്ക നിയന്ത്രണവും ജീവിതത്തിന്‍റെ ഭാഗമാക്കിയപ്പോളും ഹോങ്കോങ്ങിലെ ചെറുപ്പക്കാര്‍ ഇങ്ങനെ തെരുവിലിറങ്ങാന്‍ കാരണം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധസമീപനങ്ങളാണ്. ബ്രിട്ടന്റെ കീഴിലായിരുന്ന ഹോങ്കോങ് 1997ലാണ് ഒരു രാജ്യം, രണ്ട് ഭരണവ്യവസ്ഥ എന്ന സംവിധാനത്തിൽ ചൈനയുടെ കീഴിൽ അർധ സ്വയംഭരണ പ്രദേശമായി മാറിയത്. എന്നാല്‍ ജനാധിപത്യമോഹികളായ ഹോങ്കോങ്ങിനെ ചെറുപ്പക്കാര്‍ക്ക് കമ്യൂണിസ്റ്റ് ചൈനയുടെ നയങ്ങള്‍ ദഹിക്കാതായിട്ട് കാലം കുറെയായി. കേസുകളിൽ പ്രതിചേർക്കപ്പെടുന്ന ഹോങ്കോങ് പൗരൻമാരെ വിചാരണ ചെയ്യാൻ ചൈനയിലേക്കു കൊണ്ടുപോകാനുള്ള കുറ്റവാളി കൈമാറ്റ ബിൽ 2019 മുഴുവന്‍ ഹോങ്കോങ്ങിനെ കലാപഭൂമിയാക്കി. കോവിഡ്കാലത്ത് വീണ്ടും ഹോങ്കോങ്ങിനെ പ്രകോപിപ്പിച്ചു ബെയ്ജിങ്. ഹോങ്കോങ്ങിൽ ചൈനയുടെ നിയന്ത്രണം ശക്തമാക്കുന്ന സുരക്ഷാനിയമമാണ് കോവിഡ് വ്യാപനത്തിന്‍റെ ആശങ്കയ്ക്കിടയിലും പ്രക്ഷോഭകാരികളെ തെരുവിലിറക്കിയത്.  കാലങ്ങളായി കമ്യൂണിസ്റ്റ് പാര്‍‌ട്ടിയുടെ വിശ്വസ്ഥരായ ഹോങ്കോങ് ഭരണാധികാരികളെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവന്നത്. 

തയ്്‌വാനാണ് ചൈനയുടെ നിരന്തര ഉപദ്രവമേറ്റുവാങ്ങുന്ന മറ്റൊരു രാജ്യം. തങ്ങളുടെ അവിഭാജ്യഘടകമാണു തയ്‌വാൻ എന്നതാണു ചൈനയുടെ നയം. കഴിഞ്ഞ 4 വർഷമായി സ്വതന്ത്ര രാജ്യമെന്ന നിലയിലുള്ള തയ്‌വാന്റെ പ്രവർത്തനങ്ങൾ തടയാൻ ചൈന കടുത്ത സാമ്പത്തിക, സൈനിക സമ്മർദങ്ങളാണു ചെലുത്തുന്നത്.  ചൈനയുടെ മേധാവിത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത സായ് ഇങ് വെൻ വൻഭൂരിപക്ഷത്തോടെ വീണ്ടും തയ്‌വാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ ഷി സര്‍ക്കാര്‍ തയാറായില്ല. വിഘനവാദികളെ അടിച്ചമര്‍ത്തും എന്നായിരുന്നു പ്രസിഡന്‍റ് വെന്നിനുള്ള മുന്നറിയിപ്പ്.

ഇനി തുടക്കത്തില്‍ സൂചിപ്പിച്ച വൂള്‍ഫ് വാരിയേഴ്സ് അഥവാ ചെന്നായ്പോരാളികളിലേക്ക് വരാം. ലോകത്തെല്ലായിടത്തും ചൈനീസ് മര്‍ക്കടമുഷ്ടിയുടെ നടത്തിപ്പുകാരാണ് ഇവര്‍. മറ്റാരുമല്ല ചൈനീസ് നയതന്ത്ര പ്രതിനിധികളാണ് ഈ വുള്‍ഫ് വാരിയേഴ്സ് . ചൈനീസ് താല്‍പര്യസംരക്ഷണകാര്യത്തില്‍ ഒരു സാമാന്യ മര്യാദയും പുലര്‍ത്താത്ത ഇവരാണ് ഷി ചിങ് പിന്നിന്‍റെ മുന്നണിപ്പോരാളികള്‍. 

വിദേശശത്രുക്കളെ  ചൈനീസ് പട്ടാളം  പാഠം പഠിപ്പിക്കുന്നതാണ് 2015 ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം വുള്‍ഫ് വാരിയറിന്‍റെ പ്രമേയം. 2017 ല്‍ ചിത്രത്തിന്‍റ രണ്ടാം പതിപ്പും പുറത്തിറങ്ങി. ആയിരം മൈലുകള്‍ക്കപ്പുറവും ചൈനീസ് ശത്രുക്കളെ പാഠംപഠിപ്പിക്കാനിറങ്ങുന്ന കഥാനായകന്‍റെ റോള്‍ ജീവിത്തില്‍ പകര്‍ത്തുകയാണ് ബെയ്ജിങ് വിവിധ രാജ്യങ്ങളിലേക്കയച്ച നയതന്ത്ര പ്രതിനിധികള്‍.  ആക്രമണോല്‍സുകതയാണ് ചൈനീസ് നയതന്ത്രത്തിന്‍റെ പുതിയ മുഖം. ചൈനീസ് വിദേശകാര്യവക്താവ് ലിജിയന്‍ ജാവോയാണ് ചെന്നായ് പോരാളികളില്‍ മുഖ്യന്‍. പാക്കിസ്ഥാനില്‍ അംബാസിഡറായിരിക്കെ അന്നത്തെ യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസുമായി നടത്തിയ പരസ്യവാക്പോരാണ് ജാവോയെ ശ്രദ്ധേയനാക്കിയത്. ഉയിഗുര്‍ മുസ്ലീങ്ങള്‍ക്ക് മേല്‍ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച റൈസിനോട് സ്വന്തം രാജ്യത്തെ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ ആദ്യമുറപ്പിക്കൂ എന്നായിരുന്നു ലിജിയന്‍ ജാവോയുടെ മറുപടി. ഈ പരസ്യ ഏറ്റുമുട്ടല്‍ പിന്നീട് സകലനയതന്ത്രമര്യാദകളും ലംഘിച്ചു.  

 യുകെ, ഫ്രാന്‍സ് , തുടങ്ങി വിവിധ രാജ്യങ്ങളിലെ ചൈനീസ് അംബാസഡര്‍മാരുടെയും വാക്കുകള്‍ക്ക് വെല്ലുവിളിയുടെ സ്വഭാവമുണ്ട്. പ ക്ഷേ ഇതിനിടയിലും അമേരിക്കയുമായി ധാരണയുണ്ടാക്കാന്‍ ഷി ചിങ് പിങ് ശ്രമിച്ചു എന്നത് മറ്റൊരു പരസ്യമായ രഹസ്യം. പരസ്പരസഹായികളായി അമേരിക്കയും ചൈനയും നിലകൊള്ളുന്ന ജി 2 എന്ന ആശയത്തെ പക്ഷേ ബറാക് ഒബാമ പുച്ഛിച്ചുതള്ളി. എന്നാല്‍ കൊറോണയുടെ പേരില്‍ ചൈനയെ ചീത്തവിളിക്കുന്ന  ഡോണള്‍ഡ് ട്രംപ് പക്ഷെ തന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിന് ചൈനയുടെ സഹായം തേടിയിരിക്കുകയാണെന്നും ആരോപണമുണ്ട്.  വിമര്‍ശനങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണ് ചൈനീസ്   നയം. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയില്‍ അന്വേഷണം വേണമെന്ന്  ആവശ്യപ്പെട്ടതിന്  ഇറക്കുമതി നിരോധനത്തിലൂടെയാണ് ഓസ്ട്രേലിയക്ക്  ബെയ്ജിങ് മറുപടി നല്‍കിയത്. ചൈനീസ് കമ്പനി വാവെയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സാമ്പത്തിക തട്ടിപ്പിന് കാനഡ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ രണ്ട് കനേഡിയന്‍ പൗരന്‍മാരെ ചാരവൃത്തിക്കുറ്റം ചുമത്തി ചൈന തടവിലാക്കി.SOT TRUDO

സ്വയം പ്രതിരോധത്തിനാണ് ഇത്തരം നിലപാടെന്നാണ്  വിദേശകാര്യമന്ത്രി വാങ് യിയുടെ ന്യായം.  എന്തുകൊണ്ട് ചൈനയ്ക്ക് സ്വയം പ്രതിരോധത്തിന് അസാധാരണമാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നു എന്നതാണ് ചോദ്യം.  ഉത്തരം ഒന്നേയുള്ളൂ. കൊറോണയെന്ന കൊലയാളി വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ പരാജയം തങ്ങള്‍ക്ക് ചാര്‍ത്തിത്തന്ന കുറ്റവാളിമുഖം മറ്റാരെക്കാള്‍ നന്നായി ബെയ്ജിങ്ങിന് അറിയാം. അതിലുപരി  എത്ര മറച്ചുവച്ചാലും സ്വന്തം രാജ്യത്ത് ഉടലെടുത്തരിക്കുന്ന ഷി വിരുദ്ധവികാരത്തിന്‍റെ വ്യാപ്തിയും അവര്‍ക്ക് ബോധ്യമുണ്ട്. ഭരണകൂടം പരാജയം മണത്താല്‍ അവസാന ആയുധമാണ്  ദേശീയത. സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രമാണ് ചെന്നായ് പോരാളികളെയും പട്ടാളത്തെയുമുപയോഗിച്ച് ഇപ്പോള്‍ നടപ്പാക്കിവരുന്നത്.   

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...