കൊലയിൽ ലക്ഷ്യം എന്ത്?; ആലീസ് കൊലപാതകത്തിൽ തുമ്പ് കിട്ടാതെ പൊലിസ്

Crime-Story_28-06
SHARE

നിയമവാഴ്ച ഉറപ്പാക്കാനാണ് പൊലീസ് സംവിധാനം. ഒരാളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം...എല്ലാനിയമങ്ങളും ലംഘിച്ച് കുറ്റകൃത്യം നടത്തുന്നവരെ പിടികൂടി ശിക്ഷിച്ചില്ലെങ്കില്‍ കുറ്റവാളികള്‍ കൂടിക്കൊണ്ടേയിരിക്കും. ലോക്കല്‍ പൊലീസോ ക്രൈംബ്രാഞ്ചോ സിബിഐയോ ആരുമാകട്ടെ..കേസ് തെളിയിച്ച് ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് അന്വേഷണഏജന്‍സികള്‍. അല്ലെങ്കില്‍ ജനം നിയമം കൈയ്യിലെടുത്താലും കുറ്റപ്പെടുത്താന്‍ കഴിയാതെ വരും അധികൃതര്‍ക്ക് ... 

ആലീസ്....  ഇരിങ്ങാലക്കുട പട്ടണത്തിനു സമീപം ഈസ്റ്റ് കോമ്പാറയില്‍  അധികം ദൂരത്തല്ലാത്ത വീട്ടില്‍ താമസം... മൂന്നുമക്കളേയും വിവാഹം കഴിച്ചയച്ചു.. ഏകമകന്‍ കുടുംബസമേതം വിദേശത്ത് താമസമാക്കി.. ഇരിങ്ങാലക്കുട ചന്തയിലെ ഇറച്ചിക്കട ഉടമയായിരുന്ന ഭര്‍ത്താവ് പോള്‍സന്‍റെ മരണത്തോടെ ആലീസ് വീട്ടില്‍ തനിച്ചായി..അയല്‍വീട്ടിലെ സ്ത്രീ രാത്രി കൂട്ടുകിടക്കാനെത്തും.. ദിവസവും രാവിലെ പള്ളിയില്‍ പോക്ക് നിര്‍ബന്ധമുള്ള ആലീസ് അയല്‍വാസികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

അന്നും പതിവുപോലെ സന്ധ്യക്ക് കൂട്ടുകിടക്കാനുള്ള സ്്ത്രീ എത്തി..വിളിച്ചിട്ടും വാതില്‍ തുറക്കുന്നില്ല...വീടിന്‍റെ അകത്തുനിന്ന് യാതൊരുനക്കവും കേള്‍ക്കാതായതോടെ ആ സ്ത്രീ വീടിന് പുറകുവശത്തെത്തി... പുറകുവശത്തെ വാതില്‍ പുറത്തുനിന്ന്  കുറ്റിയിട്ടതായി കണ്ടതോടെ സംശയം ബലപ്പെട്ടു..പതിയെ വീടുതുറന്ന് അകത്തുകയറിയ അയല്‍വാസിയായ രമണി കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന ആലിസിനെ....നിലവിളിച്ച് അയല്‍വാസികളെ വിളിച്ചുവരുത്തി...  പിന്നാലെ പൊലീസുമെത്തി. 

കൊലയാളി ആരാണെന്നറിയാന്‍ ഇരിങ്ങാലക്കുട പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കി. രക്ഷയില്ല. പൊലീസ് നായയും ഫൊറന്‍സിക് വിദഗ്ധരും വീടും പരിസരങ്ങളും അരിച്ചുപെറുക്കി. ആകെ കിട്ടിയത് ഒരു ന്യൂസ് പേപ്പറിന്റെ കഷണം. ആയുധം പൊതിഞ്ഞു കൊണ്ടുവന്ന ന്യൂസ് പേപ്പറാണിതെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടര്‍ന്നു...  േപപ്പര്‍ കഷണവുമായി പൊലീസ്  തുമ്പുതേടി   ഒരുപാട് അലഞ്ഞു. പക്ഷേ, കൊലക്കേസിനെ സഹായിക്കാന്‍ പാകത്തിലൊന്നും ആ കടലാസിനു പുറകെ പോയിട്ട് കിട്ടിയില്ല.  

ആഭരണപ്രിയയായിരുന്നു ആലീസ്. കൈകളില്‍ സ്വര്‍ണ വളകള്‍ ഏഴെണ്ണമുണ്ടായിരുന്നു. കഴുത്തിലാണെങ്കില്‍ സ്വര്‍ണമാല വേറെ. പിന്നെ കമ്മലും. വീട്ടിലെ അലമാരയിലുമുണ്ട് സ്വര്‍ണവും പണവും. ആലീസിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശൈലിയാണ് ആദ്യം പൊലീസ് നിരീക്ഷിച്ചത്. ഇറച്ചിവെട്ടുകാരുടെ അറവു പോലെയുണ്ട്. ഇരിങ്ങാലക്കുട ചന്തയിലെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ പലതവണ ചോദ്യം ചെയ്തു. പക്ഷേ, കൊലയാളിയെ മാത്രം കണ്ടെത്താനായില്ല. ആലീസ് പള്ളിയില്‍ കുര്‍ബാന കണ്ടു മടങ്ങി എത്തിയത് രാവിലെ എട്ടു മണിക്കു ശേഷമാണ്. കൊല നടന്നത് രാവിലെ പത്തു മണിക്കും പന്ത്രണ്ടു മണിക്കും മധ്യേ. ആലീസിന്റെ വീട്ടിലേക്ക് ഈ സമയത്ത് ആരും വന്നതായി അയല്‍വാസികള്‍ കണ്ടിട്ടില്ല. അതിനു കാരണമുണ്ട്. തൊട്ടടുത്ത വീടുകളില്‍ ആ സമയത്തൊന്നും ആളില്ലായിരുന്നു. 

പത്തു ലക്ഷം ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് ഘട്ടംഘട്ടമായി നമ്പറുകള്‍ കുറച്ചു കൊണ്ടുവന്നു. സംശയം തോന്നിയ 2500 ഫോണ്‍ നമ്പറുകളുടെ ഉടമകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. രക്ഷയില്ല. പുറമെ നിന്നൊരാള്‍ വന്ന് കൊലപാതകം നടത്താനുള്ള സാധ്യതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍  വിലയിരുത്തി. വീടിന്റെ പരിസരങ്ങളിലുള്ള ഒട്ടേറെ പേരെ ചോദ്യംചെയ്തു. അവരില്‍ നിന്നൊന്നും കൊലയാളിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആലീസിന്റെ വീടിരിക്കുന്ന സ്ഥലത്തെ മൊബൈല്‍ ടവറില്‍ സാന്നിദ്ധ്യമുള്ളവരുടെ കോളുകള്‍ പരിശോധിച്ചു. ആരെങ്കിലും സംഭവ ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലംവിട്ടിരുന്നോയെന്നും പരിശോധിച്ചു. അതിലൊന്നും കൊലയാളിയെ കാണാമറയത്തു നിന്ന് പുറത്തു കൊണ്ടുവരാനുള്ള സൂചനകള്‍ ഇല്ലായിരുന്നു.

കൊലയാളിയുടെ ലക്ഷ്യം ആഭരണങ്ങളാണെന്ന്  പൊലീസിന് ഉറപ്പിക്കാന്‍ കഴിയുന്നില്ല. കാരണം മൃതദേഹത്തില്‍ മാലയും കമ്മലും നഷ്ടപ്പെടാതെ ഉണ്ടായിരുന്നു. അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും എടുക്കാന്‍ കൊലയാളി ശ്രമിക്കാത്തത് ദുരൂഹത വര്‍ധിച്ചു.  ആലിസിന്‍റെ കയ്യിലെ വള മാത്രമേ  നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കൊലയുടെ ലക്ഷ്യത്തെപ്പറ്റിയാണ് സംശയം നിലനില്‍ക്കുന്നത്.  സാഹചര്യത്തെളിവുകളും മൊഴികളും  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റേയും അടിസ്ഥാനത്തില്‍ പലതരത്തില്‍ പൊലീസ് അന്വേഷണം നടത്തി. എങ്കിലും കുറ്റവാളിയിലേക്ക് മാത്രം എത്തിയില്ല.. കൊലപ്പെടുത്തിയ ശേഷം ആലിസിന്‍റെ കയ്യില്‍ നിന്ന് വള ഊരുന്നതിനിടെ മറ്റാരെങ്കിലും വരുന്നതുകണ്ട് കൊലയാളി രക്ഷപെട്ടതാണോ എന്ന  നിഗമനത്തിലും പൊലീസ് എത്തി.  കൊല്ലപ്പെട്ട സമയം അനുസരിച്ചാണെങ്കില്‍ അയല്‍വാസി ഈ സമയം കാറുമായി പുറത്തുപോയിരുന്നു. കാറിന്‍റെ ശബ്ദമോ ഹോണടിയോ കേട്ട് കൊലയാളി രക്ഷപെടാനുള്ള സാധ്യതയാണ് ഒടുവില്‍ അവശേഷിക്കുന്നത്. 

വീടിന്‍റെ പരിസരങ്ങളില്‍ എല്ലാം അരിച്ചുപെറുക്കിയ പൊലീസിന് കാര്യമായി ഒന്നും ലഭിച്ചില്ല.  അയല്‍പക്കങ്ങളിലെ പൊന്തക്കാടുകള്‍ വെട്ടിത്തെളിച്ചു. വീട്ടുകിണര്‍ വറ്റിച്ചു. പക്ഷേ, കത്തി മാത്രം കിട്ടിയില്ല. മുറിവിന്റെ സ്വഭാവം വച്ച് അറവുശാലയിലെ ജീവനക്കാരാകാമെന്നും സംശയിച്ചു. ഇക്കൂട്ടത്തില്‍പ്പെട്ട ഒട്ടേറെ പേരേയും ചോദ്യംചെയ്തു. സംഭവ ദിവസം വീടിനു സമീപത്തായി കണ്ടെന്നു പറയുന്ന കര്‍ട്ടണ്‍ പണിക്കാരും സംശയിക്കപ്പെട്ടു. ഇവരെ, ചോദ്യംചെയ്തെങ്കിലും വഴിത്തിരിവുണ്ടായില്ല. 

സാമ്പത്തികമായി ഭേദപ്പെട്ട കുടുംബമായിരുന്നു  ആലിസിന്‍റേത് . സാമ്പത്തികമായി നീക്കിയിരിപ്പും ബാങ്കിലുണ്ടായിരുന്നു. സ്വത്തുക്കള്‍ ഏകമകന്‍റെ പേരില്‍ ആലീസ് എഴുതിവച്ചിരുന്നു..... ആ രീതിയിലും അന്വേഷണം നീണ്ടു...  സാമ്പത്തിക ഇടപാടുകള്‍ എന്തെങ്കിലും കൊലപാതകത്തിനു കാരണമായിട്ടുണ്ടോയെന്ന്   അന്വേഷിച്ചെങ്കിലും അവിടേയും തുമ്പൊന്നും ലഭിച്ചില്ല. ആലിസന്‍റെ ബന്ധുക്കളെ പൊലീസ് നിരന്തരമായി  ചോദ്യം ചെയ്ത സംശയനിവാരണം വരുത്തിക്കൊണ്ടിരുന്നു... 

ആലിസ് കൊല്ലപ്പെട്ടിട്ട് ഏഴുമാസം പൂര്‍ത്തിയായി..പൊലീസ് അന്വേഷണം പലവഴിക്കും നടക്കുന്നുണ്ട്..നഗരമധ്യത്തില്‍ പട്ടാപ്പകല്‍  വീട്ടില്‍ കയറി ഒരു വീട്ടമ്മയെ കൊലപ്പെടുത്തിയിട്ട് കൊലയാളിയെ പിടിക്കാന്‍ ഇതുവരെ കഴിയാത്തത് പൊലീസിന് നാണക്കേടായി... പ്രമാദമായ , തെളിവുകള്‍ ഒന്നുപോലും അവശേഷിപ്പിക്കാതെ  പ്രതികള്‍ നടത്തിയ വലിയ കൊലപാതകങ്ങള്‍ പോലും തെളിയിച്ച കേരള പൊലീസിന് ആലിസിന്‍റെ ഘാതകരെ കണ്ടെത്താന്‍ കഴിയില്ലേ  എന്ന് നാട്ടുകാര്‍ ആശ്ചര്യപ്പെടുന്നു...   

കഴുത്തറത്ത് നടത്തിയ കൊലപാതകം ആദ്യം വിരല്‍ചൂണ്ടിയത് ഇതരസംസ്ഥാനക്കാരായ കവര്‍ച്ചക്കാരിലേക്കാണ്..പക്ഷേ സ്വര്‍ണാഭരണങ്ങള്‍ അവശേഷിപ്പിച്ച് കൊലയാളി മടങ്ങിയത് ആ സാധ്യത തള്ളിക്കളയുന്നു..വീടിന്‍റെ അടുക്കളയും പ്രധാനവാതിലും ഏകദേശം വീടിന്‍റെ മുന്‍വശത്ത് തന്നെയാണ്. അതായത്  വീടിന്‍റെ പൂമുഖത്തൊരാള്‍ വന്നാല്‍ ഒരേസമയം രണ്ടിടത്തും കാണാം. ആലീസിന്റെ ഫോണ്‍ കിടന്നിരുന്നത് അടുക്കളയിലാണ്. മൃതദേഹം അകത്തെ ഹാളിലും. പകല്‍ സമയത്ത് സാധാരണ അടുക്കള വശത്തെ വാതില്‍ ചാരിയിടുകയാണ് പതിവ്. വീടിനെക്കുറിച്ച് അറിയാവുന്ന ആലീസ് തനിച്ചാണെന്ന് ബോധ്യമുള്ള ഒരാളാകാം കൊലയാളിയെന്ന നിഗമനത്തിലാണ് പൊലീസ്.  കൊലയാളി മാത്രം കാണാമറയത്തു തുടര്‍ന്നു. ആശങ്കയില്‍ നാട്ടുകാരും.... നേരംഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍ പോലും പേടി... പകല്‍സമയത്തു പോലും ഭയന്നു ജീവിക്കേണ്ട അവസ്ഥ. കൊലയാളിയെ മറനീക്കി പുറത്തുകൊണ്ടുവന്നാല്‍ മാത്രമേ നാടിന്റെ ആശങ്ക മാറൂ. 

കൊലപാതകം നടന്ന വീട്ടില്‍ ഇപ്പോഴാരും താമസമില്ല. പ്രത്യേക പൊലീസ് സംഘം ഈ വീട്് തന്നെ ഓഫിസാക്കി മാറ്റി. സംശയമുള്ളവരെ ഓരോ ദിവസവും വിളിപ്പിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും അന്വേഷണം തുടരുകയാണ്. കൊലയാളി എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിച്ചിരിക്കാമെന്ന പൊലീസിന്റെ പതിവ് കണക്കുകൂട്ടല്‍ ഇവിടെയുമുണ്ട്. ആ പ്രതീക്ഷയില്‍തന്നെയാണ് അന്വേഷണം. കൊലയാളിയെന്ന് ഉറച്ച സംശയമുള്ള ചിലരുടെ പട്ടിക പൊലീസ് തയാറാക്കി. എട്ടു പേരുണ്ട് അതില്‍. ഓരോരുത്തരേയും സൂക്ഷ്്മമായി പിന്‍തുടര്‍ന്നാണ് അന്വേഷണം. 

തെളിവ് അവശേഷിപ്പിക്കാതെ കുറ്റകൃത്യംനടത്തുക എന്നതാണ് മികച്ച കുറ്റവാളിയുടെ രീതി...എന്നാല്‍ തെളിവാകുമെന്ന് കുറ്റവാളി പോലും കരുതാത്ത  തുമ്പുകള്‍ കണ്ടെത്തി കൊലയാളിയിലേക്ക് എത്തുന്നതാണ് മികച്ച കുറ്റാന്വേഷകന്‍ ...കേരളത്തിലെ പലകേസുകളിലും അന്വേഷണഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കുടുക്കിയിട്ടുണ്ട്. ആലീസ് കൊലക്കേസിലും , സമയമെടുത്താണെങ്കിലും കൊലയാളിയെ ഉടന്‍ പിടികൂടുമെന്ന പ്രതീക്ഷയാണ് മലയാളിക്ക് ...ഇരിഞ്ഞാലക്കുട ദേശവാസികള്‍ക്ക് ..എങ്കിലേ ഇനിയും കൊല നടത്തുന്നവര്‍ക്ക് ഇത് മുന്നറിയിപ്പാകൂ...  

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...