ആത്മഹത്യ മറച്ചുവെച്ച് ഹൃദയാഘാതമാക്കിയതെന്തിന്? ജോണിന്റെ കല്ലറ തുറന്നത് ദുരൂഹതകളിലേക്കോ?

crimestory
SHARE

ഒരു മരണവും  എഴുതിതള്ളാനാകാതെ വന്നിരിക്കുന്നു..ആ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ കെട്ടഴിയുന്നത് ചിലപ്പോള്‍ മാസങ്ങള്‍ക്ക് , വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കാം. കൂടത്തായി കൂട്ടക്കൊലക്കേസില്‍ വലിയ കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞത്  അനേകം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അടക്കംചെയ്ത മൃതദേഹം പോലും പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടത്തിലൂടെ തെളിവുകള്‍ ശേഖരിക്കാമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ തെളിയിച്ചതോടെ കൊല നടത്തി തെളിവുകള്‍ കുഴിച്ചുമൂടി രക്ഷപെടുന്നവര്‍ക്ക് വെല്ലുവിളിയാണ്. എത്രമൂടിയാലും സത്യം എന്നെങ്കിലും പുറത്തുവന്നിരിക്കും...അത് ആരുമുഖേനയാണെങ്കിലും...

കൂടത്തായി കൂട്ടക്കൊലക്കേസിന് ശേഷം അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത് അന്വേഷണവഴികളിലെ പതിവുസംഭവമായിരിക്കുന്നു. തിരുവനന്തപുരം പൊഴിയൂരില്‍ സെമിത്തേരിയില്‍ അടക്കം ചെയ്ത ജോണിന്‍റെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത് കഴിഞ്ഞ ആഴ്ചയാണ്.  മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സംശയങ്ങള്‍ ബലപ്പെട്ടതോടെ പൊലീസ് വിശദമായ അന്വേഷണത്തിലാണ് ..

ജോണ്‍ ..അമ്പത്തിരണ്ട് വയസ്... മല്‍സ്യത്തൊഴിലാളി... മാര്‍ച്ച് ആറിന് രാത്രിയാണ് ജോണിന്‍റെ മരണം..ആത്മഹത്യയോ ഹൃദയാഘാതമോ കൊലപാതകമോ.....സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഉത്തരംതേടുകയാണ് പൊലീസ്... 

ഇനി കാത്തിരിപ്പിന്‍റെ നാളുകളാണ് 

മാര്‍ച്ച് അഞ്ചിന് മകളുടെ കുട്ടിയുടെ 28 കെട്ടിന്‍റെ ചടങ്ങില്‍ സന്തോഷവാനായിട്ടാണ് ജോണ്‍ പങ്കെടുത്തത്..കുടംബത്തിനൊപ്പം..പിറ്റേന്ന് മാര്‍ച്ച് ആറിന് ജോണ്‍ മരിച്ചു.

ജോണിന് ഹൃദയാഘാതമുണ്ടായി എന്നും രാത്രിയില്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ഭാര്യയും മകനും ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു.  ഹൃദയാഘാതമുണ്ടായി തളര്‍ന്നുവീണ ജോണിനെ  അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി...എവിടെ ഡോക്ടറില്ലാത്തത്തിനാല്‍ പാറശാല ആശുപത്രിയിലേക്ക് യാത്രതിരിച്ചു...ഇതിനിടയില്‍ വാഹനത്തില്‍ വെച്ച് ജോണ്‍ മരിച്ചു...ഇതാണ് കൂടെയുണ്ടായിരുന്ന ഭാര്യയുടേയും മകന്‍റേയും മൊഴി..

പിന്നീട് പള്ളിയില്‍ ചടങ്ങുകള്‍ നടത്തി സംസ്കാരവും പൂര്‍ത്തിയാക്കി..മകന്‍റെ മരണത്തില്‍ അപ്പോഴേ ജോണിന്‍റെ പിതാവിനും കുടുംബത്തിനും സംശയമുണ്ടായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജോണിന്‍റെ മരണമെന്നാണ് ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചത്. പക്ഷേ  യാഥാര്‍ഥ്യം മറ്റൊന്നായിരുന്നു..മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിയാണ് ജോണ്‍ മരിച്ചതെന്ന് പിന്നീട് വീട്ടുകാര്‍ തിരുത്തി...പള്ളിയിലെ സംസ്കാരചടങ്ങുകള്‍ക്കുവേണ്ടിയാണ് ആത്മഹത്യ ഹൃദയാഘാതമാക്കി അവതരിപ്പിച്ചതെന്ന് വിശദീകരണത്തില്‍ തുടങ്ങിയതാണ് ബന്ധുക്കളുടെ  സംശയം.. പിന്നീട് മൃതദേഹം കാണിക്കുന്നതിലും അന്ത്യചുംബനം നല്‍കുന്നതിലും എല്ലാം ജോണിന്‍റെ വീട്ടുകാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് ആരോപണം...ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ജോണിന്‍റെ പിതാവും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയത്.. 

ജോണിനെ വീട്ടുകാര്‍ കൊലപ്പെടുത്തി  മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുകയാണെന്ന ഗുരുതര ആരോപണമാണ് ബന്ധുക്കളുടേത്.. ഭാര്യയുടേയും മക്കളുടേയും ഭാഗത്തുനിന്നുള്ള സംശയം നിറഞ്ഞ മറുപടികളില്‍ ഊന്നിയാണ് വീട്ടുകാരുടെ ആരോപണം...പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു...ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍,  ഫൊറൻസിക് സർജൻ ഡോ.ശശികലയുടെ നേതൃത്വത്തിൽ  മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്ത്   തെളിവുകള്‍  ശേഖരിച്ചു...ജോണിനെ വീണ്ടും സംസ്കരിച്ചു..

മൂന്നുമാസത്തിന് ശേഷമാണ് വീണ്ടും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്..ആവശ്യമായ  സംബിളുകള്‍ ലഭിച്ചുവെന്നാണ് പൊലീസ് വിശദീകരണം..ആത്മഹത്യയാണെന്ന് കണ്ടെത്തിയതോടെ ജോണിന്‍റെ വീട്ടിലും പൊലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തി...മാര്‍ച്ച് ആറിന് രാത്രി മുറിക്കുള്ളില്‍ കയറി ജോണ്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നെന്ന് മൊഴിയാണ് പൊലീസ് പരിശോധിക്കുന്നത്..പരിശോധന ഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കൂടി ലഭിച്ചാല്‍ ജോണിന്‍റെ മരണം ഉയര്‍ത്തുന്ന ദുരൂഹതകള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരമാകും..

ജോണിന്‍റെ മൃതദേഹം അടക്കിയ ശേഷം  ആരൊക്കെയേ അവിടെ വന്നുപോയെന്നും വീട്ടുകാര്‍ ആരോപിക്കുന്നു...ജോണിന്‍റെ വീട്ടുകാരുടെ മൊഴികള്‍ മാത്രമാണ് പൊലീസ് രേഖപ്പെടുത്തുന്നതെന്നും ഭാര്യയേയോ മക്കളേയോ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറാകുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു...സെമിത്തേരിയിലെ തിരിമറികള്‍ കൂടി അന്വേഷിക്കണമെന്നാണ് സഹോദരിയുടെ ആവശ്യം...

ജോണിന്‍റെ കുടുംബം ഉയര്‍ത്തിവിട്ട ആരോപണത്തിന്‍റെ നടുവിലാണ് ഭാര്യയും മക്കളും...പിതാവുമായി ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് മകന്‍റെ മൊഴി...എല്ലാം കെട്ടുകഥകളാണ്... ഒന്നും ചെയ്യാന്‍ കഴിയാത്തതിന്‍റെ ആത്മസംഘര്‍ഷത്തിലായിരുന്നു പിതാവെന്നും മകന്‍ വിശദീകരിക്കുന്നു... 

ജോണിന്‍റെ വീട്ടുകാര്‍ ഉന്നംവെയ്ക്കുന്നത് മകനെയാണ്... കുടുംബത്തെയാണ് ... .ആത്മഹത്യ ഒളിച്ചുവെച്ച് ഹൃദയാഘാതമാക്കിയ ഭാര്യയുടേയും വീട്ടുകാരുടേയും നിലപാടുകളാണ് സംശയത്തിന്‍റെ ആധാരം...ആ കഥ പറയുകയാണ് മകന്‍ രാജന്‍ ജോണ്‍ ...

ജോണിന്‍റെ മരണം ഒരു പക്ഷേ ആത്മഹത്യ ആയിരിക്കാം..പക്ഷേ ആത്മഹത്യ മറച്ചുവെച്ച് ഹൃദയാഘാതമെന്ന് വരുത്തി തീര്‍ക്കാനുള്ള ബന്ധുക്കളുടെ നീക്കമാണ് ജോണിന്‍റെ വീട്ടുകാരില്‍ സംശയം ജനിപ്പിച്ചത്..ആ നാടകത്തെക്കുറിച്ചാണ് പൊലീസും അന്വേഷിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത്...

മാര്‍ച്ച് ആറിന് രാത്രി പതിനൊന്നുമണിക്ക് ശേഷം ഹൃദയാഘാതം വന്നുവെന്നും ജോണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചെന്നുമാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്. പക്ഷേ  ഈ മൊഴികളെല്ലാം കള്ളമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.. അതോടെ ജോണിന്‍റെ ഭാര്യയുടേയും മകന്‍റേയും പെരുമാറ്റത്തില്‍ ബന്ധുക്കള്‍ സംശയം  പ്രകടിപ്പിച്ചു...പക്ഷേ ആത്മഹത്യയാണെന്ന് പറഞ്ഞ് പള്ളിയിലെ സംസ്കാരശ്രൂശ്രൂകള്‍ മുടങ്ങാതിരിക്കാനാണ് ഹൃദയാഘാതമെന്ന് പറഞ്ഞതെന്നാണ് മകന്‍റെ വിശദീകരണം..

സെമിത്തേരിയില്‍ സംസ്കാരചടങ്ങിന് ശേഷം ബന്ധുക്കളെത്തിയെന്നും കല്ലറയില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു... 

പോസ്റ്റുമോര്‍ട്ടത്തിലെ വിവരങ്ങള്‍ ലഭിക്കുന്നതോടെ ജോണിന്‍റെ മരണത്തിന്‍റെ ദുരൂഹത അവസാനിക്കുമെന്നാണ് പൊലീസ് നിഗമനം..ഇതിനിടയില്‍ തെളിവെടുപ്പും അന്വേഷണവും ചോദ്യം ചെയ്യലും പൊലീസ് നടത്തുന്നുണ്ട്...അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ജോണിന്‍റെ ബന്ധുക്കളുടെ ആവശ്യവും അധികൃതര്‍ക്ക് മുന്നിലുണ്ട് ..

കല്ലറ തുറന്ന് തെളിവ്  കണ്ടെത്തി കേസ് തെളിയിക്കുന്നത് സാധാരണമായി. പക്ഷേ തെളിവുകള്‍ കോര്‍ത്തിണക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ വിജയിപ്പിച്ചെടുക്കുന്നത് അന്വേഷണസംഘത്തിന് ശ്രമകരം തന്നെയാണ്. കൂടത്തായി കേസിലും കൊല്ലത്തെ ആദര്‍ശിന്‍റെ കൊലപാതകത്തിലും ജസ്റ്റിന്‍ ജോണിന്‍റെ മരണത്തിലുമെല്ലാം അന്വേഷണസംഘത്തിന്‍റെ മുന്നിലെ വെല്ലുവിളിയും ഇതുതന്നെയാണ്... ജോണിന്‍റെ കേസിലും ദുരൂഹത തെളിയിക്കാന്‍ കഴിഞ്ഞാന്‍ കല്ലറ തുറന്ന് കേസ് തെളിയിച്ച പട്ടികയിലേക്ക് ഒരെണ്ണം കൂടി... 

MORE IN COUNTER POINT
SHOW MORE
Loading...
Loading...