കോവിഡിനെതിരെ പോരാടിയ ലോകോത്തര പെണ്ണുങ്ങൾ

special-programme-12-06-2020
SHARE

നിറഞ്ഞ ചിരിയോടെ മാത്രം ലോകം കണ്ടിട്ടുള്ള ഈ മുഖം ലോകത്തെ ആദ്യകോവിഡ് മുക്ത രാജ്യത്തിന്റെ പ്രധാനമന്ത്രിയുടേതാണ്. കോവിഡിനെ ഫലപ്രദമായി നേരിട്ട പല രാജ്യങ്ങളുടെയും അമരത്ത് സ്ത്രീകളാണ് എന്നത് ഒരു പക്ഷേ യാദൃശ്ചികമാകാം. പക്ഷേ ഡോണള്‍ഡ് ട്രംപും ബോറിസ് ജോണ്‍സനും വ്ളാഡ്മിര്‍ പുടിനും പരാജയപ്പെട്ടിടത്താണ് അവരുടെ വിജയങ്ങള്‍ എന്നുകൂടി കാണുമ്പോഴാണ് ആ യാദൃശ്ചികത പരിഗണിക്കപ്പെടേണ്ട ഒന്നായി മാറുന്നത്. ഒരു നേതാവ് എങ്ങനെയായിരിക്കണം  എന്ന  പരമ്പരാഗത സങ്കല്‍പ്പങ്ങളെ മുഴുവന്‍ ഉടച്ചുവാര്‍ത്തവരാണ് ഇവരെല്ലാം 

രാജ്യത്ത് എത്ര കോവിഡ് കേസുകളുണ്ട്? അതില്‍ എത്ര ആരോഗ്യപ്രവര്‍ത്തകരുണ്ട്? എത്രപേര്‍ ഐസലേഷനില്‍ കഴിയുന്നു? ഏതൊക്കെ മേഖലകളില്‍ ശ്രദ്ധവേണം? ഏത് ചോദ്യത്തിനും കൃത്യമായ മറുപടിയുണ്ട് ജസീന്തയുടെ പക്കല്‍. അത്രത്തോളം അവര്‍ സ്വന്തം രാജ്യത്തെ ഉള്ളംകയ്യില്‍ സൂക്ഷിക്കുന്നു. കോവിഡ് കാലത്ത് ലോകം കണ്ട ഏറ്റവും പോസിറ്റീവ് ആയ കാഴ്ചയായിരുന്നു അവരുടെ വാര്‍ത്താസമ്മേളനങ്ങള്‍ 

ജെസീന്തയെപ്പോലെ സൗമ്യഭാവമൊന്നുമില്ല ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്. മുഖത്ത് ഒരു ചിരി കാണാന്‍ തന്നെ പാട്. ഈ കാര്‍ക്കശ്യത്തിന് മുന്നിലാണ് ജര്‍മനിയില്‍ കോവിഡ് മുട്ടുമടക്കിയത്. രാജ്യത്ത് കോവിഡ് യുദ്ധകാഹളം മുഴക്കും മുന്‍പുതന്നെ  സര്‍വസജ്ജമായിരിക്കാനുള്ള ദീര്‍ഘവീക്ഷണമുണ്ടായിരുന്നു യൂറോപ്പിലെ ഏറ്റവും ശക്തയായ വനിതാ നേതാവിനിന്. 

ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡിന് ഉടമയാണ്. രണ്ടുവര്‍ഷം മുന്‍പ് 34ാം വയസിലാണ് സന ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും സുന്ദരമായ, ഏറ്റവും സമ്പന്നമായ രാജ്യമാണെങ്കിലും സനയുടെ ജീവിതപാത അത്ര മനോഹരമായിരുന്നില്ല. ഭരണപരിചയം കുറവാണെങ്കിലും ഈ  പ്രതിസന്ധിഘട്ടത്തില്‍ ഫിന്‍ലന്‍ഡ് സനയുടെ കൈകളില്‍ സുരക്ഷിതമായിരുന്നു. 

കോവിഡ് പ്രതിരോധത്തിന്‍റെ കേരള മോഡല്‍ ലോകത്തിന് മുന്നില്‍ ചര്‍ച്ചയാകാന്‍ പല കാരണങ്ങളുണ്ടെങ്കിലും പ്രധാന ഘടകം  കെ.കെ.ശൈലജ എന്ന ആരോഗ്യമന്ത്രിയാണ്. അംഗല മെര്‍ക്കലും ജസീന്ത ആര്‍ഡനും പോലുള്ള ലോകനേതാക്കള്‍ക്കൊപ്പം ഇന്ത്യ എന്ന വലിയ രാജ്യത്തിലെ കേരളമെന്ന ചെറിയ സംസ്ഥാനത്തെ ഒരു ആരോഗ്യമന്ത്രിയെ ലോകം കസേരയിട്ട്  ഇരുത്തുവെങ്കില്‍ അതിലേറെ അഭിമാനിക്കാന്‍ മറ്റൊന്നും വേണ്ട നമുക്ക്. ബിബിസി അടക്കമുള്ള മിക്ക രാജ്യാന്തര മാധ്യമങ്ങളും   കോവിഡ് പ്രതിരോധത്തില്‍ കേരളം കാട്ടിയ കയ്യടക്കം പ്രത്യേകം ചര്‍ച്ചചെയ്തു.

ലോകത്ത് പുരുഷന്‍മാര്‍ ഭരിക്കുന്ന രാജ്യങ്ങളിലെല്ലാം കോവിഡ് പ്രതിരോധം താറുമാറായി എന്നല്ല ഉദ്ദേശിച്ചത്. വികസിത രാജ്യങ്ങളും ശക്തരായ ഭരണാധികാരികളും പതറിപ്പോയ  അസാധാരണ സാഹചര്യങ്ങളില്‍‌  താരതമ്യേന ഭരണപരിചയം കുറഞ്ഞ സ്ത്രീകള്‍ ആസാമാന്യ പക്വതയോടെ വിജയിച്ചു എന്നാണ്. വളര്‍ച്ചയ്ക്കും സ്ഥാനലബ്ദിക്കും പുരുഷന്‍മാരേക്കാള്‍ കഠിനമായ വഴികള്‍ അവര്‍ താണ്ടേണ്ടി വരുമെന്നതുകൊണ്ട് ആ വിജയത്തിന് തിളക്കേമേറും എന്ന് മാത്രം 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...