അഞ്ജുവിന്റെ ആത്മഹത്യയുടെ കാരണമെന്ത്? ഉത്തരവാദി ആര്?

nadukkam-08062020
SHARE

കോവിഡ് കാലത്തിലൂടെ കടന്ന് പോകുകയാണ് ലോകം. കോവിഡിന്റെ ഗ്രാഫ് ഉയർന്നപ്പോൾ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് താന്നു. എന്നാൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ കുറ്റകൃത്യങ്ങളും പെരുകി. ലോക്ഡൗൺ കാലത്ത് കേരളം ഞെട്ടിയ കൊലപാതകമാണ് ഉത്രയുടേത്. കോട്ടയത്തെയും കഴക്കൂട്ടത്തെയും പൈശാചിക കുറ്റകൃത്യങ്ങൾ കണ്ട് ഞെട്ടി. കുറ്റകൃത്യങ്ങൾക്ക് പിന്നാലെ ഇന്ന് കേരളത്തെ ഞെട്ടിച്ചിരിക്കുന്നത് ഒരു ആത്മഹത്യയാണ്. പരീക്ഷ എഴുതാൻ പോയ പെൺകുട്ടിയുടെ മൃതദേഹം  കണ്ടെത്തി.

പരീക്ഷ എഴുതാനായി േചർപ്പുങ്കലിൽ എത്തിയശേഷം കാണാതായ കാഞ്ഞിപ്പള്ളി പൊടിമറ്റം പൂവത്തോട് ഷാജി-സജിത ദമ്പതികളുടെ മകൾ അഞ്ജു പി.ഷാജി (20) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചേർപ്പുങ്കൽ പാലത്തിൽനിന്നു വെള്ളത്തിൽ വീണെന്നു കരുതുന്ന അഞ്ജുവിന്റെ മൃതദേഹം ചെമ്പിളാവ് ഭാഗത്തുനിന്നു കണ്ടെത്തി.

കഴിഞ്ഞ ശനിയാഴ്ചയാണു കാ‍ഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് വിദ്യാർഥിയായ അഞ്ജു ആറാം സെമസ്റ്റർ ബികോം പരീക്ഷ എഴുതുന്നതിനായി ചേർപ്പുങ്കൽ ബിബിഎം കോളജിൽ എത്തിയത്. പരീക്ഷയ്ക്കിടെ അഞ്ജുവിനെ കോപ്പിയടിച്ച് പിടിച്ചെന്നും നേരത്തെ പരീക്ഷാ ഹാൾ വിട്ടെന്നുമാണു കോളജ് അധികൃതർ പറയുന്നത്. കോപ്പി അടിക്കാൻ കൊണ്ടുവന്ന പേപ്പർ കണ്ടെടുത്തതായും ചേർപ്പുങ്കൽ ബിവിഎം കോളജ് പ്രിൻസിപ്പൽ ഫാ.ജോസഫ് ഞാറക്കാട്ടിൽ പറഞ്ഞു. ഇക്കാര്യം രേഖാമൂലം ഇന്ന് സർവകലാശാലയിൽ റിപ്പോർട്ടു ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചിരുന്നു.

എന്നാൽ ഈ ആരോപണം അഞ്ജുവിന്റെ അച്ഛൻ ഷാജി നിഷേധിച്ചു. നന്നായി പഠിക്കുന്ന അഞ്ജു കോപ്പി അടിക്കില്ലെന്ന് അച്ഛൻ പറഞ്ഞു. കോപ്പിയടിച്ചതിന്റെ തെളിവു ചോദിച്ചിട്ട് കോളജ് അധികൃതർ തന്നില്ല. കോളജിലെ സിസിടിവി പരിശോധിച്ചതിൽ പ്രിൻസിപ്പൽ അഞ്ജുവിന്റെ അടുത്ത് എത്തുന്നതും േപപ്പർ വാങ്ങിപ്പോകുന്നതും കാണുന്നുണ്ട്. തുടർന്ന് മുക്കാൽമണിക്കൂറോളം ക്ലാസിൽ ഇരുന്ന ശേഷമാണ് അഞ്ജു പുറത്തേക്ക് പോകുന്നതെന്നും സിസിടിവിയിൽ കണ്ടതായി അച്ഛൻ ഷാജി പറഞ്ഞു. മാനസിക പീഡനത്തെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷൻ അംഗം ഇ.എം. രാധയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...