ജാതിവെറിയും ജനാധിപത്യവും; അമേരിക്കയിലും ഇന്ത്യയിലും

jathi
SHARE

ജനാധിപത്യം എന്ന ഭരണസംവിധാനത്തിന്റെ അടിസ്ഥാനശിലയാണ് തുല്യത. നിറമോ മതമോ ജാതിയോ ലിംഗമോ ഭാഷയോ സംസ്കാരമോ തുല്യതയ്ക്ക് തടസമാവരുത്. മനുഷ്യൻ എന്ന ഒറ്റ വംശം അതാവണം ജനാധിപത്യത്തിന്റെ ആണിക്കല്ല്. ജനാധിപത്യ രാഷ്ട്രങ്ങളുടെ ചരിത്രം ഈ തുല്യതയ്ക്കായുള്ള പോരാട്ടത്തിന്റെതു കൂടിയാണ്. അതിലേറ്റവും മുഖ്യം തൊലിയുടെ നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരായ പോരാട്ടമാണ്.

ഒരുപക്ഷേ വിവേചനങ്ങളിൽ ഏറ്റവും ഹീനമായതും കറുപ്പിനോടുള്ള വെറുപ്പാണ്. ലോകത്തിലേറ്റവും കരുത്തുറ്റ ജനാധിപത്യവും ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും പക്ഷേ രണ്ടു തരത്തിലാണ് ഈ നീചമായ വിവേചനത്തോട് പ്രതികരിച്ചിട്ടുള്ളത്. ജാതി വെറിയും ജനാധിപത്യവും....

കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ അമേരിക്കയില്‍ സകലനിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തി ജനം തെരുവില്‍ പ്രതിഷേധിക്കുന്നു. തുല്യതയ്ക്കുള്ള അവകാശത്തിനായി. നാലു നൂറ്റാണ്ടിനിപ്പുറവും വെള്ളക്കാരന്‍റെ മനസില്‍ നിന്ന് പോയിട്ടില്ലാത്ത വര്‍ണവെറിക്കെതിരെ. കറുത്തവനെ മൃഗതുല്യനായി കണക്കാക്കുന്ന നീചമായ സാമൂഹ്യവ്യവസ്ഥിതിക്കെതിരെ. മഹാമാരിയെക്കാള്‍ വലുതാണ് മനുഷ്യാവകാശങ്ങളെന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ പോരാട്ടം.

എനിക്ക് ശ്വാസം മുട്ടുന്നു. തീന്‍മേശയില്‍ വയ്ക്കാനുള്ള മൃഗത്തെയെന്നതുപോലെ കാല്‍മുട്ടുകൊണ്ട് തന്‍റെ കഴുത്തു ‍ഞെരിക്കുന്ന വെളുത്ത പൊലീസുകാരനോട് ജോര്‍ജ് ഫ്ലോയിഡെന്ന കറുത്ത മനുഷ്യന്‍ കരഞ്ഞു പറഞ്ഞു. കറുത്തവന്‍ മൃഗതുല്യനെന്ന് കേട്ടുവളര്‍ന്ന ഡെറക് ഷോവന്‍ ആ കരച്ചില്‍ ആസ്വദിച്ചു. എട്ടുമിനിറ്റും 46 സെക്കന്‍ന്‍ഡും അയാള്‍ തന്‍റെ കാല്‍മുട്ട് ഫ്ലോയിഡിന്‍റെ കഴുത്തില്‍ ഞെരിച്ചമര്‍ത്തി. ആ ശരീരം ചലനമറ്റു എന്ന് ഉറപ്പാക്കും വരെ. എന്തായിരുന്നു ഫ്ലോയിഡിന്‍റെ കുറ്റം. 20 ഡോളറിന്‍റെ വ്യാജനോട്ട് കൈവശം വച്ചു എന്ന ആരോപണം. 

ഫ്ലോയ്ഡ് കൊല്ലപ്പെടുന്ന ദിവസം അമേരിക്കയില്‍ 16, 46, 495 ആയിരുന്നു കോവിഡ് രോഗികളുടെ എണ്ണം.  മരണസംഖ്യ 97, 794ഉം. പക്ഷേ ഹീനമായ കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലോകത്തിലേറ്റവും കരുത്തുറ്റ ജനാധിപത്യം മഹാമാരിയെ മറന്നു. വര്‍ണഭേദമില്ലാതെ ജനം തെരുവിലിറങ്ങി. ഫ്ലോയ്ഡ് കൊല്ലപ്പെട്ട മിനിയാപലസ് നഗരത്തിലായിരുന്നു തുടക്കം.

കാര്യങ്ങള്‍ വഷളായതോടെ ഡെറക് ഷോവനടക്കം നാലു പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു മിനിയപ്പലിസ് പൊലീസ് മേധാവി. പക്ഷേ ഇതുകൊണ്ടൊന്നും ജനരോഷം അടക്കാനായില്ല. മിനിയാപ്പലിസില്‍ വീണ തീപ്പൊരി നിമിഷനേരം കൊണ്ട് അമേരിക്കയിലെ എല്ലാ പ്രധാനനഗരങ്ങളിലും ആളിപ്പടര്‍ന്നു. ഏറെക്കാലമായി അടക്കിവച്ചിരുന്ന വേദനയും അമര്‍ഷവും ഉഗ്രശക്തിയില്‍ പുറത്തു ചാടി. പിന്നെ കണ്ടത് മഹാമാരി തകര്‍ത്തെറിഞ്ഞ വന്‍നഗരങ്ങള്‍ പലതും അരാജകത്വത്തിന്‍റെ പിടിയിലമരുന്നതായിരുന്നു. ലോസാഞ്ചലസ്, കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഡെട്രോയിറ്റ്, ഫിലഡെല്‍ഫിയ, ഷിക്കാഗോ, വാഷിങ്ടണ്‍.. പ്രക്ഷോഭം നിയന്ത്രണാതീതമായി ആളിപ്പടര്‍ന്നു. മാധ്യമസ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു.അമ്പരന്നുപോയ സംസ്ഥാനഭരണകൂടങ്ങള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചും നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയും പ്രക്ഷോഭകാരികളെ നേരിട്ടു. തീവ്ര ഇടതുപക്ഷ പ്രസ്ഥാനമായ ആന്‍റിഫ പ്രക്ഷോഭം ഏറ്റെടുത്തതോടെ അമേരിക്കന്‍ തെരുവുകളില്‍ അരാജകത്വം അഴിഞ്ഞാടി. കടകള്‍ കൊള്ളയടിക്കപ്പെട്ടു, വീടുകള്‍ ആക്രമിക്കപ്പെട്ടു. ജോര്‍ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ ഡോറക് ഷോവനെ ഇതിനോടകം കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ ജനരോഷം അടങ്ങിില്ല.

വര്‍ണവെറിയന്‍മാരെ പിന്തുണയ്ക്കുന്നതില്‍ ഒരു മടിയും കാട്ടാത്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ രംഗപ്രവേശം എരിതീയില്‍ എണ്ണയൊഴിച്ചു. പ്രക്ഷോഭകരെ കൊള്ളക്കാരെന്ന് വിളിച്ച പ്രസിഡന്‍റ് കൊള്ള നടത്തുന്നവരെ  തോക്കുകൊണഅട് നേരിടുമെന്ന്  ഭീഷണിമുഴക്കി. ഇതോടെ പ്രക്ഷോഭം വാഷിങ്ടണില്‍, വൈറ്റ്ഹൗസിന് തൊട്ടടുത്തെത്തി. കെട്ടിടങ്ങള്‍ക്ക് തീയിട്ടു.  കല്ലും കുപ്പിയും വടികളുമായി ജനക്കൂട്ടം വൈറ്റ്ഹൗസിന് നേരെ പാഞ്ഞടുത്തോടെ പ്രസിഡന്‍റിനെ സീക്രട്ട് സര്‍വീസ് സുരക്ഷാ ബങ്കറിലേക്കു മാറ്റി.  സാധാരണ  ഭീകരാക്രമണസമയെത്തെടുക്കുന്ന മുന്‍കരുതല്‍. ആന്‍റിഫയെ ആഭ്യന്തരഭീകരസംഘടനയെന്ന് വിശേഷിപ്പിച്ച ട്രംപ് പട്ടാളത്തെയിറക്കുമെന്ന് പറഞ്ഞത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഡെമോക്രാറ്റ് ഗവര്‍ണര്‍മാരും പ്രസിഡന്‍റും തമ്മിലുള്ള വാക്പോര് ഭരണതലത്തില്‍ ഏകോപനത്തിനുള്ള വഴിയടച്ചു. 

രാജ്യം കത്തിയെരിഞ്ഞതിന്‍റെ ആറാം ദിനം മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞ പ്രസിഡന്‍റ് പിന്നെ നടത്തിയത് നാടകീയ നീക്കമായിരുന്നു. പുറത്ത് തന്‍റെ നേരെ ആക്രോശവുമായി നില്‍ക്കുന്ന ജനത്തെ സൈനികപൊലീസിനെയടക്കം ഉപയോഗിച്ച് നിഷ്ക്കരുണം അടിച്ചമര്‍ത്തിയ ശേഷം പ്രക്ഷോഭത്തിനിടെ തീ പടര്‍ന്ന സെന്‍റ് ജോണ്‍സ് ദേവാലയത്തിലേക്ക് പ്രസിഡന്‍റ്  നടന്നു പോയി. ബൈബിളും ഉയര്‍ത്തപ്പിടിച്ച് പള്ളിക്കുമുന്നില്‍ പോസ് ചെയ്ത പ്രസിഡന്‍റിനെ പക്ഷേ വാഷിങ്ടണ്‍ എപിസ്കോപല്‍ ബിഷപ് കണക്കിനു ശാസിച്ചു. അവകാശപോരാട്ടത്തെ നേരിടാന്‍ പട്ടാളത്തെ ഇറക്കുമെന്ന് പറയുന്ന പ്രസി‍ഡന്‍റ് ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥവുമായി അനുവാദം കൂടാതെ ദേവാലയത്തില്‍ പ്രവേശിച്ചത് ശരിയായില്ലെന്ന് തുറന്നടിച്ചു ബിഷപ് മരിയാന്‍ എഡ്ഗര്‍.

‍ബൈബിള്‍ വായിച്ചു തന്നെ പ്രസിഡന്‍റിന് മറുപടി നല്‍കി ഡെമോക്രാറ്റ് നേതാവ് സ്പീക്കര്‍ നാന്‍സി പെലോസി. രാഷ്ട്രീയ പോരാട്ടവും ജനകീയപ്രക്ഷോഭവും മുറുകിയതോടെ  ഡെറക് ഷോവനൊപ്പമുണ്ടായിരുന്ന മറ്റ് നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി സര്‍ക്കാര്‍.  പട്ടാളത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രസിഡന്‍റ് ട്രംപിന് നിലപാടില്‍ നിന്ന് പിന്നോക്കം പോകേണ്ടി വന്നു. ബൈബിള്‍ ഉദ്ധരിച്ച് സ്പീക്കര്‍ നാന്‍സിപെലോസി പറ‍ഞ്ഞതുപോലെ എല്ലാറ്റിനും ഒരു സമയമുണ്ട്. സ്നേഹിക്കാനും ദ്വേഷിക്കാനും യുദ്ധത്തിനും സമാധാനത്തിനും ഒരു കാലമുണ്ട്. പക്ഷേ വര്‍ണവെറിയില്‍ നിന്ന് മോചനം നേടുന്ന ഒരു കാലം അമേരിക്കയ്ക്ക് എന്നുണ്ടാകും എന്നതാണ് രാഷ്ട്രീയ നേതൃത്വം  സ്വയം ചോദിക്കേണ്ട ചോദ്യം.

1619 ല്‍ ആഫ്രിക്കയില്‍ നിന്ന് വിലയ്ക്കു വാങ്ങികൊണ്ടു വന്ന അടിമ ഒരു പക്ഷേ തന്‍റെ യജമാനനോട് കേണു പറ‍ഞ്ഞ അതേ വാക്കുകളാവും 2020ല്‍ ജോര്‍ജ് ഫ്ലോയ്ഡ് തന്‍റെ കഴുത്തുഞരിച്ച വെള്ളക്കാരന്‍ പൊലീസിനോട് പറഞ്ഞത്. കറുത്തവന്‍റെ സംസ്കാരവും ഭാഷയും സംഗീതവും എല്ലാം നശിപ്പിച്ച് അവനെ മനുഷ്യകുലത്തിന്‍റെ കണ്ണിയില്‍ നിന്ന് അറുത്തിമാറ്റിയ വെള്ളക്കാരന്‍റെ സംസ്കാരശൂന്യത നാലു നൂറ്റാണ്ടിനിപ്പുറവും ആ രാജ്യത്തെ വിട്ടു പോയിട്ടില്ല.  അടിമത്തം അവസാനിപ്പിച്ചിട്ടും ഭരണഘടന തുല്യനീതി ഉറപ്പാക്കിയിട്ടും വെളുത്തവന്‍റെ ഉള്ളിലെ കറുത്ത മനസ് ഇല്ലാതാക്കാന്‍ ഒരു ഭരണഘടനാ ഭേദഗതിയക്കും ആയിട്ടില്ല.  അഹ്്മദ് ആര്‍ബെറി വെള്ളക്കാരന്‍റെ വെടിയേറ്റും ജോര്‍ജ് ഫ്ലോയ്ഡ് വെളുത്തവന്‍റെ കാല്‍മുട്ടിനടിയിലും പിടഞ്ഞുമരിക്കുന്നതിന്‍റെ കാരണവും ഇതേ സാമൂഹ്യവ്യവസ്ഥിതിയാണ്. 1967ലെ വംശീയ കലാപം അന്വേഷിച്ച കെര്‍ണര്‍ കമ്മിഷന്‍ തന്‍റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതി. നമ്മുടെ രാജ്യം രണ്ട് സമൂഹങ്ങളായിക്കൊണ്ടിരിക്കുകയാണ്. ഒന്ന് കറുത്തതും മറ്റത് വെളുത്തതും. വ്യത്യസ്തവും തുല്യമല്ലാത്തതുമായ രണ്ട് സമൂഹങ്ങള്‍. കമ്മിഷന്‍ അന്ന് ചൂണ്ടിക്കാട്ടിയ സാമൂഹ്യസാമ്പത്തിക അസമത്വം അര നൂറ്റാണ്ടിനിപ്പുറവും അതേനിലയില്‍ തുടരുന്നു എന്നതും ഇപ്പോളത്തെ കലാപത്തിന് പിന്നിലുണ്ട്. കോവിഡ് മഹാമാരിയുടെ ഇരകളില്‍ ബഹുഭൂരിപക്ഷവും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരോ ഏഷ്യന്‍ വംശജരോ ആണെന്നത് ഏറ്റവും ഉടുവിലെ ഉദാഹണമാണ്. ജനസംഖ്യയുടെ 13 ശതമാനം മാത്രമുള്ള കറുത്തവര്‍ഗക്കാര്‍ മഹാമാരിയില്‍ മരിച്ചുവീഴുന്നത് കൊറോണ വൈറസ് നിറം നോക്കി ആളെക്കൊല്ലുന്നതുമൂലമല്ല മറിച്ച് ശരിയായ ആരോഗ്യ പരിരരക്ഷയ്ക്കുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനാലാണ്. കൊവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടത്തിന്‍റെയും പ്രധാനഇരകള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ തന്നെ. ഉന്നതകുലജാതരുടെ വെള്ളക്കോളര്‍ ജോലികളല്ല തോട്ടിപ്പണി മുതല്‍ വീട്ടുജോലി വരെ ചെയ്ത് ജീവിച്ചിരുന്ന അവര്‍ക്കാണ് ആദ്യം തൊഴില്‍ നഷ്ടമായത്. തൊഴിലവസരത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നിലും പിരിച്ചുവിടലിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്നിലുമാണ് കറുത്തവര്‍ഗക്കാര്‍. ഈ അവകാശ നിഷേധങ്ങളിലുള്ള അമര്‍ഷവും കൂടിയാണ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് ആളിക്കത്തിയത്. ഷാര്‍ലറ്റ് വിലിലെ നിയോനാസികളെ പിന്തുണച്ച ട്രംപ് ഭരണകാലത്തും പക്ഷേ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങി പോരാടാന്‍ ഈ ജനതയ്ക്ക് മടിയില്ലെന്ന് മാത്രം. നിങ്ങള്‍ നീചനാണ് എന്ന് ലോകത്തിലേറ്റവും കരുത്തുറ്റ അധികാരക്കസേരയിലിരിക്കുന്നയാളോട് വിളിച്ചുപറയാന്‍ അവര്‍ക്ക് ഭയമില്ല. അതിലേറെ കാണേണ്ടത് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സഹപൗരന്‍മാരുടെ കൈകോര്‍ത്ത് പ്രതിഷേധത്തിനിറങ്ങുന്ന അമേരിക്കക്കാരന്‍റെ പൗരബോധമാണ്. സാമൂഹ്യ മാറ്റത്തിനായി ശബ്ദമുയര്‍ത്താന്‍ മടിക്കാത്ത ഒു വിഭാഗം  മത, സാംസ്ക്കാരിക നേതാക്കളും അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ കരുത്ത് വ്യക്തമാക്കുന്നു.ഭരണകൂടത്തിന്‍റെയോ ഫാസിസ്റ്റുകളുടെയോ അപ്രീതി ജോര്‍ജ് ക്ലൂണിയെയും ഓഫ്ര വിന്‍ഫ്രിയെയും പ്പോലുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ   നിശബ്ദരാക്കിയില്ല.  ഭരണകൂടത്തിന്‍റെ പ്രചരാവേലക്കാരായി അനീതിയ്ക്ക് കൂട്ടുനില്‍ക്കാന്‍ മാധ്യമങ്ങളും തയാറായില്ല.  വര്‍ണവെറി ചര്‍ച്ച ചെയ്യുമ്പോള്‍ വികാരാധീനരായ മാധ്യമപ്രവര്‍ത്തകരെയും അമേരിക്ക കണ്ടു.  പട്ടാളെത്ത ഇറക്കി കലാപം അടിച്ചമര്‍ത്തുമെന്ന് സര്‍വ സൈന്യാധിപന്‍ ആക്രോശിക്കുമ്പോള്‍  പ്രസിഡന്‍റിനോടല്ല ഭരണഘടനയോടാവണം കൂറെന്ന് ഓര്‍മിപ്പിച്ച് സേനാംഗങ്ങള്‍ക്ക് കത്തെഴുതുന്ന സൈനിക മേധാവിയും അമേരിക്കന്‍ ജനാധിപത്യത്തി കരുത്താണ്.

അരാജകത്വം അഴിഞ്ഞാടി, കൊള്ളയും തീവയ്പ്പും നടന്നു. അപ്പോഴും വര്‍ണവിവേചനമെന്ന അനീതിക്കെതിരെ പോരാടാനും അത് ലോകശ്രദ്ധയില്‍ കൊണ്ടുവരാനും അമേരിക്കന്‍ ജനതയ്ക്കായി. ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യം. 

ഇന്ത്യ എങ്ങനെയാണ് വംശീയതയെ സമീപിക്കുന്നത്?

അമേരിക്ക വീമ്പുപറയുന്ന മൂന്നൂറുവർഷത്തെ ജനാധിപത്യപാരമ്പര്യമൊന്നും ഇന്ത്യ അവകാശപ്പെടുന്നില്ല. യവനത്തിൽ നിന്ന് മധ്യവയസിലേക്ക് കാലൂന്നതേയുള്ളു എഴുപത് വയസ് പിന്നിട്ട നമ്മുടെ ജനാധിപത്യം. പക്ഷേ വംശവെറിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ തന്റെ രാഷ്ട്രീയ ഗുരുവിനെയും ആശയ സമരരീതിയെയും കണ്ടെത്തിയത് ഈ മണ്ണിലാണ്. ഗാന്ധിജിയിലാണ്. ബാപ്പുവിന്റെ അഹിംസയിലാണ്. ആ വലിയ പാരമ്പര്യം പേറുന്ന വലിയ രാജ്യം. എന്താണ് കറുപ്പിനോട് ഇന്ത്യൻ സമൂഹത്തിന്റെ മനോഭാവം.

മതവും ജാതിയും നിറവും ഭാഷയുമെല്ലാം ചിന്നിച്ചിതറിയ കോവിഡ് കാലത്താണ് ജോർജ് ഫ്ളോയിഡിന്റെ രക്തസാക്ഷിത്വം. അതിനെതിരെ അമേരിക്കയിൽ ഉയർന്നിട്ടുള്ള ജനകീയ പ്രക്ഷോഭത്തിനോട് ഇന്ത്യൻ ജനതയും ഐക്യപ്പെടുന്നതാണ് കാണാൻ കഴിയുന്നത്. ബ്ളാക് ലൈഫ്സ് മാറ്റർ, ഐ കാന്റ് ബ്രീത്ത് തുടങ്ങിയ ഹാഷ്ടാഗുകള്‍ ഇന്ത്യയിലും ട്രെൻഡിങ് ആയി. പക്ഷേ അതില്‍ എത്രമാത്രം ആത്മാർഥതയുണ്ട്. ഈഐക്യപെടൽ മുതലക്കണ്ണീരാണെന്ന് ആരോപണമുയരുന്നതിന്റെ കാരണമെന്തായിരിക്കും. . അമേരിക്കയിലെ വംശവെറിക്കെതിരെ നമ്മൾ ശബ്ദം ഉയർത്തുമ്പോൾ ഈ നാട്ടിലെ വംശീയതയോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്ന് ചിന്തിക്കണം. അമേരിക്കയിൽ നിന്ന് ഒട്ടും ഭിന്നമല്ല കറുപ്പ് അഥവാ കറുപ്പിനെ പ്രതിനിധാനം ചെയ്യുന്ന കീഴാള ജനതയോടുള്ള നമ്മുടെ മനോഭാവമെന്ന് തെളിയിക്കാൻ ഒരുപാട് കറുത്ത അധ്യായങ്ങൾ നമ്മൾ തന്നെ എഴുതിച്ചേർത്തിട്ടുണ്ട്. നിറത്തിന്റെ പേരിലുള്ള വംശീയത സ്വാതന്ത്ര്യത്തിന് മുന്‍പേ അനുഭവിച്ച നാടാണ് നമ്മുടെതും.  സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വംശീയത മറ്റൊരളവില്‍ കാണാന്‍ കഴിയും. അമേരിക്കയിലെ വംശീയവെറിയുടെ പതിപ്പ് അതേ രൂപത്തിലും ഭാവത്തിലും ഇന്ത്യയില്‍ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. ജാതി, മതം, വര്‍ഗം, ലിംഗം തുടങ്ങിയ വിവേചനങ്ങളാണ് ഇന്ത്യയില്‍ അതിന്റെ ഭാവം. ദലിതരോട്, ആദിവാസികളോട്, പിന്നാക്കവിഭാഗങ്ങളോട്, മതന്യൂനപക്ഷങ്ങളോട്, കുടിയേറ്റ തൊഴിലാളികളോട്, ദക്ഷിണേന്ത്യന്‍വാസികളോട്, വടക്കുകിഴക്കന്‍ മേഖലയിലുള്ളവരോട് അങ്ങനെ നീണ്ടുപോകും ഈ മണ്ണില്‍ വിവേചനങ്ങള്‍ക്ക് ഇരയാകുന്നവരുടെ പട്ടിക.

കോവിഡ് കാലത്ത് രാജ്യത്ത് വംശീയ അതിക്രമങ്ങള്‍ക്ക് ഇരയായവരാണ് നമ്മുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. വൈറസ് വാഹകരാണെന്ന പേരില്‍ പലയിടത്തും സ്വന്തം പൗരന്മാര്‍ക്ക് നേരെ വംശീയ അതിക്രമങ്ങളുണ്ടായി. ഗുരുഗ്രാമില്‍ മണിപ്പൂരില്‍ നിന്നുള്ള ചോങ് ഹോ മിസാവോ എന്ന 20കാരിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത് രണ്ടാഴ്ച മുന്‍പാണ്. കൊറോണ എന്ന് വിളിച്ചുകൊണ്ടായിരുന്നു യുവതിക്ക് നേരായ ആക്രമണം. സംഭവത്തില്‍ കേസെടുക്കുന്നതിന് പകരം ഒതുക്കിതീര്‍ക്കാനായിരുന്നു പൊലീസിന് തിടുക്കം.

ജോർജ് ഫ്ളോയിഡിന് നീതിക്കായി തെരുവില്‍ പ്രക്ഷോഭം നയിക്കുന്നവരിൽ നല്ലശതമാനവും വെളുത്തതൊലിയുള്ള മനുഷ്യരാണ്. ഫ്ളോയിഡിന് ലഭിച്ച ആ പിന്തുണ ഭരണകൂടത്തിന്റെ ഇരയായി സ്വന്തം ജീവനെടുത്ത രോഹിത് വേമുലയ്‌ക്ക് ലഭിക്കാതെ പോയത് ഇന്ത്യന്‍ പൊതു സമൂഹത്തില്‍ ഇപ്പോളും ഉറങ്ങിക്കിടക്കുന്ന ജാതിവെറിയുടെ ബാക്കിപത്രമാണ്. ദലിത് പിന്നാക്ക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിലും പീഡനങ്ങളിലും ഇന്ത്യ പുലര്‍ത്തുന്ന നിസംഗത നമ്മുടെ ജനാധിപത്യത്തിന്‍റെ ദൗര്‍ബല്യം കൂടിയാണ് വെളിവാക്കുന്നത്.

ഇന്ത്യയില്‍ ജാതിയുടെ പേരില്‍ അരികവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ സവര്‍ണവിഭാഗങ്ങളുടെ ബഹുജന പങ്കാളിത്തമുണ്ടായിട്ടില്ലെന്ന് നിസംശയം പറയാനാകും. ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും വേട്ടയാടലും ഇപ്പോഴും തുടരുന്നു. പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി ആ ജനവിഭാഗം തന്നെ പോരാടണമെന്ന ചിന്ത നമ്മുടെ മനസിന്റെ അടിത്തട്ടില്‍ പതിഞ്ഞുകിടക്കുന്നതാണ്. അമേരിക്കയിലെ വംശവെറിക്കെതിരെ ഫേസ്ബുക്കിലും ട്വിറ്ററിലും ഐക്യപ്പെടുന്ന നമ്മുടെ ബഹുഭൂരിപക്ഷം ജനത വിവേചനം നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് രോഹിത് വേമുലമാര്‍ക്ക് വേണ്ടി ഒന്ന് ഉറക്കെ ശബ്ദിക്കാൻ രണ്ടുതവണ ആലോചികുന്നക്വരാണ്. ഇന്ത്യയില്‍ ഒരു ദലിതന്‍ അതിക്രമത്തിനിരയായാല്‍, ദലിത്  യുവതി ബലാല്‍സംഗത്തിനിരയായാല്‍, നാം സൗകര്യപൂര്‍വം കണ്ടില്ലെന്ന് നടിക്കും. കോവിഡ് കാലത്ത് വഴിയോരത്തും റെയില്‍വെ സ്റ്റേഷനിലും റെയില്‍പ്പാളത്തിലും മരിച്ചു വീണ കുടിയേറ്റ തൊഴിലാളിയോട് മുഖം തിരിച്ച ഇന്ത്യയും ഉച്ചനീചത്വങ്ങളുടെ മറ്റൊരു മുഖം തന്നെയാണ് പ്രകടമാക്കിയത്. 

2006ൽ മഹാരാഷ്ട്രയിലെ ഖൈലാര്‍ഞ്ഞിയില്‍ നാലംഗ ദലിത് കുടുംബത്തെ  സ്ത്രീകളെ  ബലാല്‍സംഗം ചെയ്ത്   കൂട്ടകൊല ചെയ്ത സംഭവത്തിലെ പ്രതിഷേധം ആ സമൂഹത്തില്‍ മാത്രമായി ഒതുങ്ങി. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് വേമുലയുടെ ആത്മഹത്യയ്‍ക്കെതിരായ പ്രതിഷേധം സർവകലാശാലകളിലും വിദ്യാർഥി യുവജന സമൂഹത്തിലും മാത്രമായി. ജാതിവെറിയുടെ ഇരയായ ഡോ. പായൽ തഡ്വിയുടെ ആത്മഹത്യയിലും രാജസ്ഥാനില്‍ പീഡനത്തിനിരയായ ഡെൽട്ട മേഘ്വാളിന്റെ കൊലപാതകത്തിലും ജോര്‍ജ് ഫ്ളോയിഡിനുള്ള ഐക്യപെടല്‍ ഉണ്ടായില്ല. ഗുജറാത്തിലെ ഉനയിൽ നാലു ദലിത് യുവാക്കളെ നഗ്നരാക്കി പൊലീസ് നോക്കിനിൽക്കെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ഇന്ത്യൻ പ്രതിഷേധം ഫേസ്ബുക്കിലും ട്വിറ്ററിലും വിരിഞ്ഞ അക്ഷരങ്ങളിലും കറുത്ത ബാഡ്ജുകളിലും ഒതുങ്ങിപ്പോയി. 2018ൽ പട്ടികജാതി, പട്ടികവർഗ നിയമത്തിൽ സുപ്രീംകോടതി വെള്ളംചേർത്ത് മയപ്പെടുത്തിയപ്പോൾ പ്രതിഷേധിക്കേണ്ട ഉത്തരവാദിത്തം ദലിത് സംഘടനങ്ങളുടെ മാത്രം ബാധ്യതയായി. പ്രതിഷേധസമരങ്ങളിൽ പന്ത്രണ്ടുപേർ കൊല്ലപ്പെട്ടപ്പോള്‍ ഇന്ന് മുറിപ്പെട്ട മനസുകള്‍ വേദനിച്ചുകണ്ടില്ല. 

 2014ലെ നിദോ താനിയയുടെ കൊലപാതകം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ഒന്നായിരുന്നു . 20കാരനായ താനിയയെ ലാജ്‍പഥ് നഗറില്‍ വച്ച് വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് തര്‍ക്കത്തിനൊടുവിലാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധത്തിനാൊടുവില്‍ അവരുടെ പ്രയാസങ്ങള്‍ പഠി  ക്കാന്‍ കേന്ദ്രം ബെസ്ബാറുവ കമ്മിറ്റിയെ വച്ചു. ആ ശുപാര്‍ശകള്‍ ഇന്നും ഫയലില്‍ ഉറങ്ങുന്നു.

2013ല്‍ നൈജീരിയന്‍ പൗരനായ ഓബോഡോ സൈമണെ ഗോവയില്‍ കുത്തിക്കൊന്നത് വലിയ വാര്‍ത്തയായി. ആഫ്രിക്കന്‍ വംശജര്‍  പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ നൈജീരിയന്‍പൗരന്മാര്‍ ക്യാന്‍സറിനെപ്പോലെയാണെന്നായിരുന്നു ബി.ജെ.പി മന്ത്രി ദയാനന്ദ് മന്‍ഡ്രേക്കറിന്റെ പ്രസ്താവന . രാജ്യത്തിനാകെ അപമാനമാകേണ്ട പ്രസ്താവനയോട് പക്ഷെ നാം നിസംഗത പുലര്‍ത്തി.

മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർക്ക് പത്തുശതമാനം സംവരണം നൽകാനുള്ള ബിൽ മോദി സർക്കാർ കൊണ്ടുവന്നപ്പോൾ, ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമായിട്ടും ഒരു മുന്നാക്ക നേതാവും അതിനെ എതിർത്ത് കണ്ടില്ല. സംവരണം അട്ടിമറിക്കപ്പെടുന്ന ഘട്ടങ്ങളിലൊക്കെ സമരം ചെയ്യേണ്ട ബാധ്യത പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു ഇന്ത്യയില്‍. സവർണജനതയുടെ ഈ മനോഭാവത്തിന്റെ ഉത്തരം ലളിതമായി ഭരണഘടനാ ശില്പിയായ ഡോ.ബി.ആർ. അംബേദ്കർ, ദി അൺടച്ചബിൾസ് എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്. – ഒരു വ്യക്തി അല്ലെങ്കിൽ അയാൾ ഉൾപ്പെടുന്ന വർഗം അയാളുടെ ചിന്തകളെ ആന്തരമായി പരിമിതപ്പെടുത്തുന്നു. അതായത് തന്റെ വർഗസ്ഥാനത്തിന് ഉപരിയായി അയാൾക്ക് ഒരു ആശയമാത്രജീവിയാവാൻ കഴിയില്ല. അഥവാ ആയാൾ തന്നെ ആ ആശയങ്ങൾ വർഗ്ഗപരം ആയിരിക്കും.

വിവേചനവും അടിച്ചമര്‍ത്തലുകളും ഏതു തരത്തിലുള്ളതുമാകട്ടെ അതിനോട് പ്രതികരിക്കുന്ന ജനതയാണ് ജനാധിപത്യത്തിന്‍റെ കരുത്ത്. പ്രതികരണങ്ങളില്‍ സ്വാര്‍ഥതയും അവസരവാദവും പുലര്‍‌ത്തുന്നവരെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് എളുപ്പമാണ്.  ജാതി വെറിയോ, ലിംഗനീതി നിഷേധമോ, എന്തുമാവട്ടെ,  ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത എന്തിനെയും ഉച്ചത്തില്‍ ചോദ്യം ചെയ്യാന്‍ ജനാധിപത്യത്തിലെ ശരിയായ അധികാരികളായ ജനം തയാറായാലേ ജനാധിപത്യമെന്ന അത്യന്തം സങ്കീര്‍ണമായ ഭരണവ്യവസ്ഥിതിക്ക് നിലനില്‍പ്പുള്ളൂ.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...