നോവിന്റെ പെരുനാൾ കാലം; കണ്ണീർ പ്രാർത്ഥനകളുടെയും

ramzan
SHARE

എല്ലാ പ്രവാസികൾക്കും റമസാൻ ആശംസകൾ. പ്രവാസികളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പെരുന്നാൾ കടന്നു പോകുന്നത്. മഹാമാരിയുടെ കാലത്ത്, ഒരുമിച്ചുചേരലിൻറേയും പങ്കുവയ്ക്കലിൻറേയും ഓർമകൾ ഉള്ളിലൊതുക്കി പ്രവാസികൾ പെരുന്നാൾ ആഘോഷിക്കുകയാണ്, ആചരിക്കുകയാണ്. ദുരിതകാലത്ത് കരുണപകരണമേയെന്ന പ്രാർഥനകളാണ് നോമ്പുദിനങ്ങളിൽ ഉയർന്നുകേട്ടത്. ഒറ്റപ്പെടലിൻറെ സങ്കടത്തിൽ കഴിയുന്നവരടക്കം എല്ലാവർക്കും നല്ല നാളുകളുണ്ടാകട്ടെയെന്ന ആശംസയോടെ പ്രവാസലോകത്തെ റമസാൻ പെരുന്നാളിൻറെ പ്രത്യേക പരിപാടി ഇങ്ങനെ ഒരു പെരുന്നാളിലേക്ക് സ്വാഗതം.

മക്കയിൽ ലൈലത്തുൾ ഖദർ ഉൾപ്പെടുന്ന റമസാൻറെ അവനാന പത്തിലെ പോയവർഷത്തെ കാഴ്ചയാണിത്. ഒരു മഹാമാരി ഈ കാഴ്ചകളെ ഈ വർഷം മറച്ചുപിടിച്ചു. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി മക്കയും മദീനയുമടങ്ങിയ വിശുദ്ധ നഗരങ്ങളിൽ നിയന്ത്രണം തുടരുകയാണ്. ലോകമുസ്ലിംങ്ങൾ ജനസാഗരമാകുന്ന വിശുദ്ധ ദിനങ്ങളിൽ ഉള്ളുപൊള്ളുന്ന പ്രാർഥനയോടെ ഇമാമും ഹറം ജീവനക്കാരും മാത്രമാണ് പള്ളികളിൽ.

പങ്കുവയ്ക്കലിൻറെ ഇഫ്താർ വിരുന്നുകളില്ല. സൌഹാർദ്ദത്തിൻറെ ആലിംഗനങ്ങളില്ല, ഒരുമിച്ചുചേരുന്ന പെരുന്നാൾ നമസ്കാരങ്ങളില്ല. ജനലക്ഷങ്ങളുടെ പ്രാർഥനകൾ ഇരുഹറമുകളിലേക്കും ഭൂഖണ്ഡങ്ങൾ കടന്നെത്തുന്നുണ്ടെന്ന വിശ്വാസം. ആ വിശ്വാസത്തോടെ ഉള്ളുപൊള്ളുന്ന പ്രാർഥനയാണ് ലോകത്തിലെ ഏറ്റവും വലിയ തീർഥാടനകേന്ദ്രത്തിൽ ഉയർന്നു കേൾക്കുന്നത്...

പുണ്യപെരുന്നാൾ കാലത്ത് മദീനയിൽ പ്രാർഥനയ്ക്കു നേതൃത്വം വഹിച്ച ഇമാം ഷെയ്ഖ് സാലാ അൽ ബുദൈറിൻറെ പ്രാർഥനയിൽ ഉയർന്നു കേട്ടത് മഹാമാരിയിൽ നിന്നുള്ള മോചനമായിരുന്നു. മക്കയിലേയും മദീനയിലേയും നിയന്ത്രണങ്ങൾ പിൻതുടർന്ന് ഗൾഫിലെ ആറ് രാജ്യങ്ങളിലും കൂട്ടനമസ്കാരത്തിന് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിലാദ്യമായി റമസാൻ പ്രാർഥനയ്ക്ക് ഒത്തുചേരാനാകാത്തതിൻറെ വിങ്ങലിലാണ് പ്രവാസികൾ. 

അതിരാവിലെ പള്ളികളിലും മൈതാനങ്ങളിലും ഒരുക്കിയ പ്രാർഥനാവേദികൾക്കു പകരം ഇത്തവണ താമസയിടങ്ങളിലിരുന്നാണ് പ്രവാസികളുടെ നമസ്കാരകർമങ്ങൾ. ഒരുമയുടെ സന്ദേശം പ്രഘോഷിക്കുന്ന റമസാൻ കാലത്ത് ഒറ്റപ്പെട്ട് ജീവിക്കുന്നവരെ ഏറെ സങ്കടപ്പെടുത്തുന്നുണ്ട് ഈ കാഴ്ചകൾ. നാൽപ്പത്തഞ്ച് വർഷമായി പ്രവാസലോകത്തുള്ള നാദാപുരം സ്വദേശി അബ്ദുല്ല വലിയാണ്ടി ആദ്യമായാണ് നോമ്പുകാലത്ത് പള്ളിയിൽ പോകാനാകാതെ വരുന്നക്. ആ സങ്കടം വാക്കുകളിൽ വ്യക്തമാണ്.

പക്ഷേ, എല്ലാ പ്രാർഥനകളും ഉയരുന്നത് കരുണ ആഗ്രഹിച്ചാണ്. മഹാമാരിയുടെ ദുരിതത്തിൽ നിന്ന് ലോകത്തെ കരകയറ്റാൻ കരുണതോന്നണമേയെന്ന പ്രാർഥന....

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...