കൂട്ടക്കുഴിമാടങ്ങളുടെ ബ്രസീല്‍; മരണത്തിന്‍റെ ചുവപ്പുകാര്‍ഡ്; കയ്യുംകെട്ടി സര്‍ക്കാര്‍

covid-goal
SHARE

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കോവി‍ഡ് യുദ്ധമുഖം  മാറ്റിക്കഴിഞ്ഞു. ആദ്യപ്രഹരമേറ്റത് ബ്രസീലിനാണ്. ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ വിറങ്ങലിക്കുമ്പോഴും ദിവസവും ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും നിശബ്ദമായിരുന്ന ഭരണകൂടം ഒരു ജനതയുടെ ജീവന്‍ വച്ചാണ് പന്താടിയത്. 

മാറക്കാന. മറക്കാൻ കഴിയാത്ത മനോഹര മുഹൂർത്തങ്ങൾ ബ്രസീലിനു സമ്മാനിച്ചയിടം. റിയോ ഡി ജനീറയിലെ ഇൗ ചരിത്ര സ്റ്റേഡിയത്തിൽ ബ്രസീൽ ഇറങ്ങുമ്പോഴെല്ലാം നാട് നെഞ്ചിടിപ്പോടെ കാത്തിരുന്നിട്ടുണ്ട്. ഇന്ന് മറക്കാന മറ്റൊരു അങ്കത്തട്ടാണ്. കോവിടിനെതിരെയാണ് പോരാട്ടം. പുതുക്കിപ്പണിത സ്റ്റേഡിയം ഇന്ന് 400 കിടക്കകൾ ഉള്ള ആശുപത്രിയാണ്. റിയോ ഡി ജനീറയിലെയും സാവോ പോളോ യിലെയും ആശുപത്രികൾ കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞപ്പൊഴാണ് സ്റ്റേഡിയത്തിന്റെ വിശാലമായ കാർ പാർക്കിംഗ് ഏരിയയിൽ കോവിഡ് ചികിത്സ ആരംഭിച്ചത്. ഇവിടെ മാത്രമല്ല സാവോ പോളോ മുനിസിപ്പൽ സ്റ്റേഡിയം ഉൾപ്പെടെ രാജ്യത്തെ പ്രധാന കളിയിടങ്ങൾ എല്ലാം ആരവങ്ങളടക്കി ആശുപത്രികളുടെ നിശബ്ദതയിലേക്ക് കളിയുടെ ഗതി മാറ്റിക്കഴിഞ്ഞു. ഫുട്ബാൾ ലഹരി പടർത്തിയിരുന്ന തെരുവുകളിലും മൈതാനങ്ങളിലും എല്ലാം കോവിഡ് ചുവപ്പ് കാർഡ് ഉയർത്തിക്കൊണ്ടിരിക്കുന്നു. 

ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. 13 മില്യൺ ജനങ്ങളും താമസിക്കുന്നത് ഫവേലാസ് എന്ന് വിളിപ്പേരുള്ള ചേരികളിലാണ്. ആകെ ജനസംഖ്യയുടെ 6 ശതമാനം വരുമിത്. ഇതില്‍ ഭൂരിഭാഗവും സാവോ പോളോയിലും റിയോയിലുമാണ്. അതുകൊണ്ടുതന്നെ കോവിഡ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ചതും ഈ നഗരങ്ങളിലാണ്.  സമ്പന്നരുടെ കേന്ദ്രമായ ആഡംബര ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് താഴെ  അങ്ങേയറ്റം അസ്ഥിരമായ ജീവിതം, അനാരോഗ്യകരമായ സാഹചര്യം. ഇവിടെയാണ് കൊവിഡ് ആദ്യ ഗോൾ വീഴ്ത്തിയത്. മാർച്ച് 25 നാണ് ഇവിടെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. സമ്പർക്ക പട്ടിക തയറാക്കൽ അസാധ്യം. പിന്നീടുള്ള ഓരോ ദിവസവും കൊവിഡ് ദാക്ഷിണ്യമില്ലാതെ ബ്രസീലിന്റെ ഗോൾ വല കുലുക്കി കൊണ്ടിരുന്നു. 2014 ലോകകപ്പിൽ ജർമനിയുടെ ഗോൾ മഴയ്ക്ക് മുന്നിൽ നിരായുധരായി നീന്ന സ്വന്തം ടീമിനെ പോലെ, പ്രതിരോധിക്കാൻ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ ബ്രസീൽ കോവിടിനു മുന്നിൽ പകച്ച് നിന്നു. ചേരികളിൽ കോവിഡ് ആരെയൊക്കെ മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നോ, അവർ ആരൊക്കെയായി സമ്പർക്കം പുലർത്തിയെന്നോ കണ്ടെത്താൻ ഒരു മാർഗ്ഗവുമില്ല.ഓരൊ ദിവസവും പ്രിയപ്പെട്ടവരിൽ ഒരാൾ മരിച്ചു വീഴുന്നത് കണ്ടു നിൽക്കേണ്ട ദുരവസ്ഥ. അവിടേക്ക് ആരോഗ്യപ്രവർത്തകർ എത്തിയില്ല. സന്നദ്ധ പ്രവർത്തകർ എത്തിക്കുന്ന ഭക്ഷണ പൊതികൾ കിട്ടും. മരണ ഭീതിയിൽ വിറങ്ങലിച്ച ആ ചേരികളിൽ നിന്നാണ് ബ്രസീലിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം പകുതി തുടങ്ങുന്നത്. ലോകം മുഴുവൻ കീഴടക്കിയ മഹാമാരിക്ക് മുന്നിൽ ബ്രസീലിനു മുൻകരുതൽ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?.അവിടെയാണ് അമ്പെ പരാജയമായി പോയ ഒരു ഭരണകൂടത്തിന്റെ വീഴ്ചകൾ പ്രസക്തമാകുന്നത്. 

ലാറ്റിന്‍ അമേരിക്കയിലെ ട്രംപ് എന്നാണ് ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ർ ബോൾസോനാരോ അറിയപ്പെടുന്നത്. മരിച്ചുവീഴുന്ന സ്വന്തം ജനതയെക്കാള്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയിലാണ് തീവ്രവലതുപക്ഷക്കാരനായ അദ്ദേഹത്തിന്‍റെ ആശങ്കയത്രയും.  കോവിഡിനെതിരെയുള്ള പൊരാട്ടത്തിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ ബ്രസീല്‍  തോറ്റു പിന്‍മാറേണ്ടിവന്നതിന്‍റെ പ്രധാന കാരണം രാജ്യത്തിന്‍റെ ആരോഗ്യസംവിധാനവും കെട്ടുറപ്പും  തകര്‍ത്ത് ബോള്‍സോനാരോ ഉതിര്‍ത്ത സെല്‍ഫ് ഗോളുകളായിരുന്നു.   

കോവിഡെന്ന ‘അപകടകാരിയല്ലാത്ത ഈ ചെറിയ പനി’ നേരിടാൻ കായികക്ഷമതയുള്ള തന്റെ ശരീരം തയാറാണെന്നു മാസങ്ങൾക്കു മുൻപ് നൽകിയ സ്വന്തം പ്രസ്താവന ജെയർ ബോൾസോനാരോ ഇതുവരെ തിരുത്തിയിട്ടില്ല. രോഗം പടരാതിരിക്കാന്‍ സാമൂഹിക വിലക്കേര്‍പ്പെടുത്തുന്നതിന് പകരം സമ്പദ്ഘടന തകരാതെ നോക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നു പരസ്യമായി പ്രഖ്യാപിച്ചു. സ്വന്തം ജനതയുടെ ജീവനേക്കാൾ പ്രധാനമാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെന്ന നിലപാട് ജനങ്ങൾക്ക് മുന്നിൽ ബൊൾസൊനാരയുടെ വിശ്വാസ്യത തകർത്തു. വീട്ടിൽ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണമെന്നും ലോക്ഡൗൺ ബ്രസീൽ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കുമെന്നും കോവിഡ് വന്നാൽ സംഭവിക്കാൻ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോൾ നിസാരമായിരിക്കുമെന്നും ബോൾസൊനാരോ അറുത്തു മുറിച്ചു. ജനത്തെതെറ്റിദ്ധരിപ്പിക്കുന്ന ബോൾസൊെനാരോയുടെ ഇത്തരം പ്രസംഗങ്ങൾ  ട്വിറ്റർ നീക്കം  ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവെന്ന് ഈ രാജ്യാന്തര മാധ്യമങ്ങൾ ബോള്‍സേനാരോയെ വിശേഷിപ്പിച്ചു.  

ചേരികളില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധസംഘങ്ങളുടെ ഏറ്റവും കഠിനമാ.യ ദൗത്യങ്ങളിലൊന്ന്  പ്രസിഡന്‍റിന്‍റെ ഇത്തരം തെറ്റായ പ്രസ്താവനകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തിരുത്തുകയെന്നതാണ്. ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് ശ്രമമൊന്നും ഉണ്ടാകാത്തതിനാല്‍ കോവിഡിനെതിരെ ജനങ്ങള്‍ സ്വന്തം ഗ്രൂപ്പുകള്‍ തന്നെ രൂപപ്പെടുത്തി പ്രതിരോധശ്രമങ്ങള്‍ നടത്തുകയാണ്.

‌രാജ്യത്ത് നിര്‍ത്തിവച്ചിരിക്കുന്ന ഫുട്ബോള്‍ മല്‍സരങ്ങള്‍ പുനരാരംഭിക്കണമെന്നായിരുന്നു ബോള്‍സോനാരോയുടെ അടുത്ത സെല്‍ഫ് ഗോള്‍. ഫുട്ബോള്‍ താരങ്ങള്‍ക്ക് വേണ്ട ശാരിരിക ക്ഷമതയുള്ളതിനാല്‍ അവരെ കോവിഡ് ബാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ കണ്ട് പിടുത്തം. ചുരുങ്ങിയ പക്ഷം  രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളൊക്കെ കോവിഡ് ചികില്‍സയ്ക്ക് വിട്ടുകൊടുത്തിരിക്കയാണ് എന്നെങ്കിലും അദ്ദേഹത്തിന് ചിന്തിക്കാമായിരുന്നു. 

ബ്രസീലിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി പ്രസിഡൻറ് ജെയർ ബോൾസോനാരോ ആണെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ലാൻസെറ്റ് വിശേഷിപ്പിച്ചത്. രാജ്യം വലിയ വിപത്തിലേക്ക് പോകുമ്പോൾ കൂസലില്ലാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങി വിമർശകരെ വെല്ലുവിളിച്ചു. ആയിരങ്ങൾ അണിനിരന്ന റാലിയിൽ പങ്കെടുത്തു. കുട്ടികളെയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. പ്രസിഡന്‍റിനെ അനുകരിച്ച് ജനങ്ങളും കൂട്ടത്തോടെ തെരുവിലിറങ്ങി. 

പ്രസിഡന്റിന്റെ വസതിയിൽ 1000 പേരെ വിളിച്ചു വരുത്തി ബാർബി ക്യൂ പാർട്ടി സംഘടിപ്പിക്കും എന്നായിരുന്നു അടുത്ത പ്രഖ്യാപനം. തൊട്ടുപിന്നാലെ  പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ഒട്ടാവിയോ റീഗോ, ദേശീയ സുരക്ഷാ മന്ത്രി തുടങ്ങിയവരുള്‍പ്പെടെ  20 ഉന്നത ഉദ്യോഗസ്ഥരും രോഗ ബാധിതർ ആയി.ആരോഗ്യമന്ത്രി ലൂയിസ് ഹെൻറിക് മന്‍ഡേറ്റയും നീതിന്യായ വകുപ്പു മന്ത്രി സെർജിയോ മോറോയും പ്രസിഡന്റിന്റെ നിലപാടുകൾക്ക് എതിരായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും മാധ്യമങ്ങളോട് ചടുലമായ വേഗത്തോടെ ശാസ്ത്രീയമായി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരനായ ആരോഗ്യമന്ത്രി മൻഡേറ്റ വളരെപ്പെട്ടെന്ന് പ്രസിഡിന്റിനെക്കാൾ സ്വീകാര്യനായി മാറി. സാമൂഹ്യ അകലം പാലിക്കാൻ ജനങ്ങളെ ബോധവത്കരിക്കണമെന്നും ലോക് ഡൗണിന് നടപടി വേണമെന്നും മന്‍ഡേറ്റ  ജനങ്ങളെ ബോധവല്‍ക്കരിച്ചു.

 പ്രസിഡന്‍റിന്‍റെ വാക്കുകള്‍ തള്ളി രാജ്യത്തെ 21 കോടിയിലധികം വരുന്ന ജനത്തിൽ ഭൂരിഭാഗവും വീട്ടിലിരുന്നു. ബോൾസോനാരോയുടെ രോഷം അണപൊട്ടി. അമേരിക്കയിൽ ലോക്ഡൗൺ നടപടികൾ അവസാനിപ്പിക്കണമെന്ന പ്രചാരണങ്ങൾക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ചുക്കാൻ പിടിച്ചപ്പോൾ അരയുംതലയും മുറുക്കി സംസ്ഥാനത്തെ ഗവർണർമാർ രംഗത്തിറങ്ങിയ സമാന സാഹചര്യമാണ് ബ്രസീലിലും.ബ്രസീലിലെ 27 ൽ 24 ഗവർണർമാർ പ്രസിഡന്റിനെ അനുസരിക്കില്ലെന്നു പരസ്യനിലപാട് എടുത്തു. ഇത് വിലയ രാഷ്ട്രീയ പ്രതിസന്ധിയായി.  ഗവര്‍ണര്‍മാര്‍ ആരോഗ്യമന്ത്രിയുടെ പ്രസ്താവന അനുസരിച്ചു. സ്വന്തം സര്‍ക്കാരിലെ മന്ത്രിയുടെ ജനപ്രീതി കണ്ട ബോൾസോനാരോ മന്‍ഡേറ്റയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ബ്രസീല്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സാവോ പോളോയില്‍ ഗവര്‍ണര്‍ ലോക് ഡൗണ്‍ നടപടിയുമായി മുന്നോട്ട് പോയി. അവശ്യ സർവീസുകൾ ഒഴിച്ചു യാതൊന്നും സാവോ പോളോയിൽ പ്രവർത്തിച്ചില്ല. ലോക്ഡൗൺ നീട്ടുകയും ചെയ്തു. സാവോ പോളോയിലെ മരണനിരക്കില്‍ തനിക്കു സംശയമുണ്ടെന്നും ഗവര്‍ണര്‍മാര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി തെറ്റായ കണക്കുകളാണു പുറത്തു വിടുന്നതെന്നും ജോ ഡോറിയയ്ക്കെതിരെ ബോൾസോനാരോ ആഞ്ഞടിച്ചു. റിയോ ഡി ജനീറോ ഗവർണർ വിൽസൺ വിറ്റ്സെൽ ഒരുപടി കൂടി കടന്ന്  ബോൾസോനാരോയുടെ ജനദ്രോഹ നടപടികളെ ഹേഗിലെ രാജ്യാന്തര കോടതിയിൽ ചോദ്യം ചെയ്യുമെന്നു പ്രഖ്യാപിച്ചു..സ്ഥിതി ഗുരുതരമായ റിയോ ഡി ജനീറയില്‍ സാമൂഹ്യവ്യാപനം അപകടകരമായ അവസ്ഥയിലെത്തി. 

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതോടെ മാഫിയ സംഘങ്ങള്‍ക്ക് ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നു. പുറത്തിറങ്ങുന്നവർ പാഠം പഠിക്കുമെന്ന മുന്നറിയിപ്പുകളുമായി അവർ നോട്ടീസിറക്കി. റിയോ ഡി ജനീറയിലെയും മറ്റ് നാല് പ്രധാന നഗരങ്ങളിലെയും മെഡിക്കൽ ഓഫീസർമാർ അവരുടെ ആശുപത്രി സംവിധാനങ്ങൾ തകർച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പ്  നൽകിക്കഴിഞ്ഞു. കൂടുതൽ രോഗികളെ പ്രവേശിക്കാൻ കഴിയാത്ത വിധം ആശുപത്രികൾ നിറഞ്ഞു. 

 മെന്‍ഡേറ്റയ്ക്ക് പകരം സ്ഥാനമേറ്റ ആരോഗ്യമന്ത്രി നെൽസൺ ടീച്ചും ഒരു മാസം തികച്ചില്ല. ടീചിന്റെ രാജി രാജ്യത്ത് വലിയ ജനരോഷത്തിന് വഴിവെച്ചു..  ശാസ്ത്രലോകത്തിന്റെ അന്തിമ അംഗീകാരം ലഭിക്കാത്ത മലേറിയമരുന്ന് കൊറോണരോഗികളിൽ ഉപയോഗിക്കണമെന്ന ബൊൽസനാരോയുടെ പിടിവാശിയാണ് ടീച്ചിന്റെ രാജിയിലെത്തിച്ചത്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയേകാന്‍ പാത്രങ്ങള്‍ കൊട്ടണമെന്ന് ഇന്ത്യയില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തെങ്കില്‍ ബ്രസിലീല്‍ ജനം പാത്രങ്ങളുമായി തെരുവിലിറങ്ങിയത് പ്രസിഡന്‍റിനെതിരെ പ്രതിഷേധിക്കാനായിരുന്നു. ബോള്‍സോലാരോ ഔട്ട് ഒൗട്ട് വിളികള്‍ തുടരുകയാണ്.  

ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍ ഏറെയുള്ള രാജ്യത്ത്, ഒരു രോഗിയെ കണ്ടെത്തിയാല്‍ ഒരു നിമിഷം പോലും വൈകാതെ നടപടിയെടുക്കേണ്ടതിന്‍റെ ആവശ്യകത ബ്രസീല്‍ ഭരണകൂടത്തിന് ഇതുവരെ മനസിലായിട്ടില്ല. കോവിഡില്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ് ജനസംഖ്യയില്‍ പകുതിയും. പട്ടിണിയും ദാരിദ്രവും മുന്‍നിരയില്‍ കളിക്കുമ്പോള്‍  ഒരുമനസോടെ ഒപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ  ആത്മവീര്യം നഷ്ടപ്പെട്ട ഒരു ടീമായി ബ്രസീല്‍ മാറിക്കഴിഞ്ഞു. 

ദിവസം മരിക്കുന്നവരുടെ കണക്ക് ആയിരവും കടന്ന് ഉയരുമ്പോഴും ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ബ്രസീലിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. കോവി‍ഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷമെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഇത് പത്തുലക്ഷം കടന്നിരിക്കാനാണ് സാധ്യതയെന്ന് പല പഠനങ്ങളും പറയുന്നു. ദിവസം തോറുമുള്ള പരിശോധനകളുടെ എണ്ണം വളരെ കുറവായതിനാല്‍ സര്‍ക്കാരിന്‍റെ കണക്ക് യാഥാര്‍ഥ്യത്തിന്‍റെ പകുതി പോലുമില്ലെന്നാണ് വാദം. ഐസലേഷന് പറ്റിയ സംവിധാനങ്ങളില്ല. ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരില്ല. അവര്‍ക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങളില്ല. കോവിഡ്് രോഗി മരിച്ചോയെന്നുള്ള സ്ഥിരീകരണം ബന്ധുക്കള്‍ക്ക് കിട്ടാന്‍  രണ്ടാഴ്ചയെടുക്കും.ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞതോടെ പുതിയ രോഗികള്‍ക്ക് പ്രവേശനം നല്‍കുന്നില്ല.  മതിയായ ശമ്പളം പോലും കിട്ടാത്തതിനാല്‍ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരുവിഭാഗം നിസഹകരണത്തിലാണ്.   മരണസംഖ്യ സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകള്‍ യാഥാര്‍ഥ്യത്തിലും വളരെ താഴെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പട്ടിണിയിലായിപ്പോയ ജനങ്ങള്‍ക്കായി ക്രിയാത്മകമായ ഒരു സാമ്പത്തിക പാക്കേജ് പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  ഫെബ്രുവരിയിലാണ് ലാറ്റിനമേരിക്കയിലെ ആദ്യ കോവിഡ് കേസ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ലോകം മുഴുവന്‍ വൈറസിനെ നേരിടാന്‍ സര്‍വസന്നാഹനങ്ങളും പുറത്തെടുത്തപ്പോള്‍  അന്ന് തൊട്ടിന്നുവരെ ബ്രസീല്‍ ഭരണകൂടം എന്ത് ചെയ്തു എന്നതാണ് ചോദ്യം. ആശുപത്രികളില്‍ ഐസിയുകളും വെന്‍റിലേറ്ററുകളുമില്ലാത്ത അവസ്ഥ.   ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ കുഴിമാടമൊരുങ്ങുന്നുണ്ട് സാവോപോളോയില്‍.  മരണസംഖ്യ കുത്തനെ ഉയർന്നതോടെ ശ്‍‍മശാനങ്ങള്‍ നിറഞ്ഞു കവിഞ്ഞു.  ഇത് പൂര്‍ണമായും നിറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതി, ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപമുള്ള സെമിത്തേരിയില്‍ ശവപ്പെട്ടികള്‍ കൂട്ടമായി കുഴിച്ചു മൂടുന്ന ചിത്രങ്ങൾ വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആമസോണ്‍ വനത്തിലും കുഴിമാടങ്ങള്‍ ഉയരുകയാണ്.  

കോവിഡിന്റെ മറവില്‍ ബ്രസീലില്‍ മറ്റൊരു കൊള്ള കൂടി നടക്കുന്നുണ്ട്. അത് ആമസോണിലാണ്. ആമസോണ് കത്തിയെരിയുമ്പോള്‍ നിഷ്ക്രിയമായിരുന്നബ്രസീല്‍ ഭരണകൂടത്തിനെതിരെ ഇങ്ങ് കേരളത്തില്‍  വരെ പ്രതിഷേധമുയര്‍ന്നിരുന്നു. അതെന്തായാലും ലോകത്തിന്‍റെ പല ഭാഗത്തും നടന്ന അത്തരം ചെറുതും വലുതുമായ സമരങ്ങളാണ് ആമസോണില്‍ ഒരു പരിധിവിട്ട് കടന്നുകയറുന്നതില്‍ നിന്ന് ബ്രസീല്‍ ഭരണകൂടത്തെ പിന്തിരിപ്പിച്ചത്. എന്നാല്‍ കോവി‍ഡിന്‍റെ മറവില്‍ ഇന്ന് അതിവേഗം വെളുക്കുകയാണ് ആമസോണ്‍.

ആമസോണ്‍ സംരക്ഷണത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സെസികോ കൊല്ലപ്പെടുന്നത് ഏപ്രില്‍ രണ്ടിനാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ആമസോണില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ പരിസ്ഥിതി പ്രവര്‍ത്തകന്‍. ആമസോണിലെ പ്രത്യേക ട്രെബല്‍ വിഭാഗങ്ങളില്‍പെട്ട ഇവരെല്ലാം ആമസോണ്‍ സംരക്ഷണത്തിന് കയ്യും മെയ്യും മറന്ന് നിന്നവരാണ്. ആമസോണിലെ ട്രൈബല്‍ മേഖലയില്‍ കോവി‍ഡ് തീപോലെ പടരുകയാണ്.വനം കാക്കാന്‍ ആളില്ല. ആ പുകമറയിലാണ‌ിപ്പോള്‍ വനം കൊള്ള വീണ്ടും സജീവമായത്. മരങ്ങള്‍ മുറിച്ച് കടത്തലും വെട്ടിത്തെളിച്ചും തീയിട്ടും കൃഷിയിറക്കലും സജീവം. എല്ലാത്തിനും ഒത്താശ നല്‍കുന്നത് ഭരണകൂടവും.  കൊളംബിയക്കും പെറുവിനും ബ്രസീലിനും ഇടയിലുള്ള ആമസോണ്‍ മേഖലയിലില്‍ സംരക്ഷിത ട്രൈബല്‍ മേഖലയില്‍ പോലും കോവിഡ്  വ്യാപകമാകുന്നുവെന്ന്  പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.  305 ട്രൈബല്‍ വിഭാഗങ്ങള്‍ ഇവിടുണ്ട്.ഇതില്‍ 40 വിഭാഗങ്ങളിലും കോവിഡ് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.ഒറ്റപ്പെട്ട് കഴിയുന്ന ഈ പ്രദേശത്തൊന്നും കാര്യക്ഷമമായ പരിശോധന പോലും നടക്കുന്നില്ല.പല ട്രെബല്‍ വിഭാഗങ്ങളിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിലും പുറത്തുനിന്നുള്ള വൈറസ് ബാധയെ അതിജീവിക്കാനുള്ള ശേഷിയില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. സ്വന്തം കമ്യൂണിറ്റിയെ സംരക്ഷിക്കാന്‍ പല ട്രൈബുകളും കര്‍ശനമായ സ്വയം സംരക്ഷണ നടപടികള്‍ നടപ്പാക്കുന്നു.  ആമസോൺ വനസംബന്ധിയായ നിയമനിർമാണങ്ങളും നയരൂപീകരണങ്ങളും ബോള്‍സൊനാരോ കൃഷിമന്ത്രാലയത്തിനു വിട്ടു.

അഗ്രിബിസിനസ്സ് ലോബിക്ക് വലിയ സ്വാധീനമുള്ള മന്ത്രാലയമാണ് കൃഷിമന്ത്രാലയം. പുതിയ ഗോത്രവർഗ റിസർവ്വുകൾ സൃഷ്ടിക്കാനുള്ള അധികാരവും പുതിയൊരു മന്ത്രാലയത്തിന് കൈമാറി.

ഈ നീക്കത്തിനെതിരെ ഗോത്രവർഗ നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. പുതിയ റിസർവ്വുകൾ സൃഷ്ടിക്കുന്നത് അഗ്രിബിസിനസ്സ് ലോബിക്കു വേണ്ടിയാണെന്ന് ഇവർ ആരോപിക്കുന്നു. നിലവിൽ ഇത്തരം കേന്ദ്രങ്ങളിൽ ചെറിയ തോതിലുള്ള കൃഷികളാണ് നടക്കുന്നത്. എന്നാൽ, പുതിയ റിസർവ്വുകൾ വരുന്നതോടെ കാർഷികഭീമന്മാർക്ക് കാട്ടിൽ സ്വതന്ത്രമായി ഇടപെടാനുള്ള വഴിയൊരുങ്ങും. ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാകും ഫലമെന്നും നേതാക്കൾ പറയുന്നു. വനനശീകരണം കൂടുതൽ ശക്തമാകുകയും ചെയ്യും.

ആമസോണ്‍ വ്യവസായത്തിനായി പരുവപ്പെടുത്തണമെന്നും ആദിവാസി സമൂഹത്തെ പരീഷ്കൃതരാക്കണമെന്നും നിരന്തരം വാദിക്കുന്ന പ്രസിഡന്‍റ് തന്നെയാണ് യഥാര്‍ഥത്തില്‍ ഇവിടെ കോവിഡിനേക്കാള്‍ വലിയ വില്ലന്‍. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...