ലാലോളം, ലാലോത്സവം

mohanlal
SHARE

അഭിനേതാവ് അനുഭവിക്കുന്ന മാനസികാവസ്ഥ അനുവാചകനും അനുഭവിക്കുകയാണെങ്കില്‍ അവിടെ രസനിഷ്പത്തി സംഭവിക്കുന്നു എന്ന് പറഞ്ഞ​ത്  ഭരതമുനിയാണ്. ആ സത്യമാണ് മോഹന്‍ലാല്‍. അഭിനയം എന്ന കലയിലൂടെ കാലാതീതമായി നമുക്കൊപ്പം ജീവിക്കുന്ന അഭിനേതാവ്. നമ്മള്‍ നമ്മളെത്തന്നെ കാണുന്ന നടന്‍. അതുകൊണ്ടുതന്നെ ആയുസ്സുന്റെ പുസ്തകത്തില്‍ അറുപത് എന്നത് ഒരുസംഖ്യമാത്രമാകുന്നു മോഹന്‍ലാലിന്. ഒന്നാലോചിച്ചുനോക്കൂ.... നമ്മള്‍ സണ്ണിയായിട്ടുണ്ട്, സാഗര്‍ ഏലിയാസ് ജാക്കിയെന്ന ഡോണ്‍ ആയിട്ടുണ്ട്,എം.എ പാസായ ടി.പി. ബാലഗോപാലനായിട്ടുണ്ട്, കടലിനക്കരെ ജീവിതം സ്വപ്നകാണുന്ന ദാസനായിട്ടുണ്ട്. ഭരണകൂടത്തിനെതിരെ എഴുതുന്ന റഷീദായിട്ടുണ്ട്, പി.എസ്.സി ടെസ്റ്റ് എഴുതി ഫലം കാത്തിരിക്കുന്ന സേതുമാധവനായിട്ടുണ്ട്, , ആരെയും കൂസാത്ത ആടുതോമ ആയിട്ടുണ്ട്, നെരിപ്പോടുപോലെ നീറുന്ന കഥകളിക്കാരന്‍ കുഞ്ഞിക്കുട്ടനായിട്ടുണ്ട്, ജീവിതംതകര്‍ത്തവന്റെ ജീവനെടുക്കാന്‍ കാത്തിരിക്കുന്ന ബാലനായിട്ടുണ്ട്, ശാസ്ത്രീയസംഗീതത്തിന്റെ ചിട്ടപോലെ ജീവിക്കുന്ന കല്ലൂര്‍ ഗോപിനാഥനായിട്ടുണ്ട്, നിഷ്കളങ്കനായ മാണിക്യനായിട്ടുണ്ട്. രണ്ടുപെണ്‍മക്കളുടെ പിശുക്കനായ അച്ഛന്‍ ജോര്‍ജുകുട്ടിയായിട്ടുണ്ട്, മുണ്ടയ്ക്കല്‍ ശേഖരനെ വകഞ്ഞുമാറ്റിമുന്നേറുന്ന മംഗലശേരി നീലക്ണ്ഠനായിട്ടുണ്ട്. 

സത്യത്തില്‍ അതൊക്കെ നമ്മള്‍ തന്നെയായിരുന്നില്ലേ.....  മോഹല്‍ലാല്‍ ആയിരുന്നോ?

ഫ്രാന്‍സ് കാഫ്കയുടെ മെറ്റാമോര്‍ഫോസിസില്‍ സംഭവിക്കുന്നതുപോലെ നമുക്ക് രൂപാന്തരം സംഭവിക്കുകയാണ്. അല്ല സംഭവിപ്പിക്കുകയാണ്......അയാള്‍....മോഹന്‍ലാല്‍. കാലംഅത് നോക്കിനില്‍ക്കുന്നു....അറുപത് മാലകള്‍ചാര്‍ത്തി

കലാകാരനും കലാസ്വാദകനും തമ്മില്‍ താദാത്മ്യം പ്രാപിക്കുന്ന അപൂര്‍വത്തി‍ലപൂര്‍വമായ അനുഭവം സമ്മാനിച്ചുകൊണ്ട് , മോഹിപ്പിച്ചുകൊണ്ട്, അയാള്‍ സ്നേഹക്കാടായി നമുക്കുചുറ്റും പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്നു. പാട്ടുപാടിച്ചും നൃത്തം ചെയ്യിപ്പിച്ചും മുണ്ട് മാടിക്കുത്തിയുമൊക്കെ ലാലത്തരങ്ങള്‍ മലയാളിയിലേക്ക് പരകായ പ്രവേശം നടത്തിയപ്പോഴും മനുഷ്യന്‍റെ നിസ്സഹായത ഇത്രമേല്‍ സ്വാംശീകരിച്ച് സ്ക്രീനില്‍ അനുഭവിപ്പിച്ച  ലാല്‍ തന്നെയാണ് എക്കാലത്തേയും മലയാളിയുടെ പ്രതിനിധാനം. 

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ നായരും ഭാര്യ ശാന്തകുമാരിയും ഇളയമകന് മോഹന്‍ലാല്‍ എന്ന പേരിടുമ്പോള്‍ ആ കുട്ടി ലോകത്തെമുഴുവന്‍ മോഹിപ്പിക്കുവനായി മാറുമെന്ന് കരുതിക്കാണില്ല. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍സ്കൂളിലെ ആറാം ക്ലാസുകാരനെ അറുപതുകാരനായി അഭിനയിപ്പിച്ച സംവിധായകന്‍ രാജുവും അന്ന് കരുതിക്കാണില്ല അറുപതിലും പതിനാറുകാരനായി ആ കുട്ടിക്ക് അനായാസം മാറാന്‍ കഴിയുമെന്ന്. 

കോളജ് കാലത്ത് സ്വപ്നങ്ങള്‍ പങ്കിട്ട് തിരുവനന്തപുരത്ത് അലഞ്ഞുനടന്ന കാലമുണ്ടായിരുന്നു മോഹന്‍ലാലിന്. ആദ്യ ചിത്രം തിരനോട്ടം തിരശ്ശീലയ്ക്കുള്ളില്‍ തന്നെയായി. നടനാവാന്‍ തീരുമാനിച്ചുറപ്പിച്ച പ്രതിഭ കാത്തിരിപ്പിന്‍റെ ഋതുഭേദങ്ങളുടെ പ്യൂപ്പ തകര്‍ത്ത് പുറത്തെത്തുമെന്ന് പ്രകൃതിനിയമം. പുതുമുഖങ്ങളുടെ വരവറിയിച്ച മ‍ഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ 1980 ല്‍  മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് ചെരിഞ്ഞുനടന്നുവന്നു കയറിയിരുന്നു.

ഫാസിലിന്റെ കന്നിച്ചിത്രത്തിലെ നായകന്‍ ശങ്കറാനെക്കാള്‍ പ്രതിനായകന്‍ മോഹന്‍ലാലിനെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ബോധിച്ചത്. ആറുവര്‍ഷത്തിന് ശേഷം രാജാവിന്റെ മകനിലൂടെ താരപരിവേഷത്തിലേക്ക് ലാല്‍ പതിയെ നടന്നുനീങ്ങി.

അന്നേ തുടങ്ങി പ്രേക്ഷരുടെ ഇന്ദ്രിയങ്ങള്‍ കീഴടക്കുന്ന ആ പ്രതിഭാസം. സാഗര്‍ ഏലിയാസ് ജാക്കി അതേവര്‍ഷതന്നെ ടി.പി ബാലഗോപാലന്‍ എം.എ ആയി നമ്മുടെ മുന്നിലെത്തി

ആദ്യ സംസ്ഥാനപുരസ്കാരവും ബാലഗോപാലന്‍ ലാലിന് നേടിക്കൊടുത്തു. മോഹന്‍ലാലിന്റെ നക്ഷത്രശോഭയാര്‍ജിച്ചത് ഇതേ വര്‍ഷം തന്നെയാണ്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം, കരിയിലക്കാറ്റുപോലെ, വാര്‍ത്ത, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, താളവട്ടം, യുവജനോല്‍സവം, സുഖമോദേവി, തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്ത പ്രമേയങ്ങളും കഥാപാത്രങ്ങളുമായി മോഹിപ്പിച്ചു ആനടന്‍. ആ ത്രസിപ്പിക്കുന്ന ഭാവമാറ്റങ്ങള്‍ എം.ടി വാസുദേവന്‍ നായരുടെ പഞ്ചാഗ്നിയിലെ റഷീദിലേക്കെത്തിച്ചു. 

എണ്‍പതുകളുടെ അവസാനത്തോടെ താരത്തില്‍ നിന്ന് സൂപ്പര്‍താരപദവിലേയ്ക്കായി മോഹന്‍ലാലിന്റെ യാത്ര. ഇതിനിടെ മലയാള സിനിമയുടെ സൂപ്പര്‍ഹിറ്റ് കൂട്ടായ്മയായി കൂട്ടുകാരെത്തി, ലാലും പ്രിയദര്‍ശനും. തീയറ്ററുകള്‍ ഇളക്കിമറിച്ച ചിത്രം എന്ന  വിജയചിത്രത്തിലൂടെ  ബോക്സ് ഓഫീസിന്‍റെ പുതിയ ഉയരങ്ങള്‍ അവര്‍ അളന്നുതുടങ്ങി.

ആ വിജയയാത്ര റെക്കോഡുകള്‍ ഭേദിച്ച് തുടര്‍ന്നു. കിലുക്കത്തിന്റെ നാദം മനസ്സുകളില്‍ മാത്രമല്ല പണപ്പെട്ടിയിലും മുഴങ്ങി. കാലാപാനിയും തേന്‍മാവിന്‍ കൊമ്പത്തും മിഥുനവും മുതല്‍ ആ കൂട്ടുകാര്‍ ഒപ്പം നടന്നു മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം വരെ. 

എണ്‍പതുകളുടെ അവസാനപാദം തൊട്ട് തൊണ്ണൂറുകളുടെ ആദ്യപകുതിവരെയുള്ള കാലം മലയാള സിനിമയിലെ മാസ്റ്റേഴ്സിന്‍റെ കാലഘട്ടമാണ്. സത്യന്‍ അന്തിക്കാടില്‍ നിന്നും ജി. അരവിന്ദനിലേക്കും ഭരതനിലേക്ക് ലാല്‍ കൂടുവിട്ട് കൂടുമാറി. പത്മരാജനുമൊത്ത് അതുവരെയുള്ള മലയാളപൊതുബോധ നിര്‍മിതികളെ ഉടച്ചുവാര്‍ക്കുന്ന സിനിമകള്‍ പിറവിയെടുത്തു.  

എംടിയുടെ എഴുത്തിന്‍റെ തീച്ചൂളയ്ക്ക് ഭരതന്‍ ക്യാന്‍വാസൊരുക്കി ലാല്‍ ആ ഫ്രെയിമില്‍ ഉന്‍മാദത്തിരകള്‍ നിറച്ചു. ലളിതാഭിനയത്തിന്‍റെ താഴ്്വാരത്തില്‍ നിന്ന്  സൂക്ഷ്മാഭിനയത്തിന്‍റെ കൊടിമുടിക്കയറ്റം കണ്ട നേരങ്ങള്‍. 

ഹരിഹരന്‍, ആര്‍. സുകുമാരന്‍, ഐ.വി. ശശി, സിബി മലയില്‍, കമല്‍  തുടങ്ങി മിക്കവാറും എല്ലാ സംവിധാകരുമായും മികച്ച ചിത്രങ്ങളുമായി ലാല്‍ മലയാളമനസിലെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി. ലോഹിതദാസിന്‍റെ എഴുത്തിന്‍റെ കരുത്തില്‍ സിബി ലാലിനെ കൂടെക്കൂട്ടിയപ്പോള്‍ സംഭവിച്ചതൊക്കെയും മികച്ച സിനിമകളാണ്. ഒരേസമയം കലാമൂല്യത്തിലും വിപണി മൂല്യത്തിലും കോംപ്രമൈസുകളില്ലാത്ത സിനിമകള്‍. 89ല്‍ കിരീടമായിരുന്നു തുടക്കം. സേതുമാധവന്‍ മലയാളിയുടെ നെഞ്ചിലെ നെരിപ്പോടായി വിങ്ങി. സാഹചര്യങ്ങളോട് തോറ്റുപോയവന്‍റെ വിഹ്വലതകള്‍ ഓരോ മനുഷ്യന്‍റേതുമായി. മോഹന്‍ലാലില്‍ എല്ലാവരും അവരവരെ കണ്ടെത്തി. 

ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ ലാലിന്‍റെ ആദ്യകിരീടംധാരണവും അതാണ്.  പ്രത്യേക പരാമര്‍ശനത്തിലൂടെ. 1991 ല്‍ മോഹന്‍ലാലിന് രാജ്യത്തെ മികച്ചനടനായതും സിബി ലോഹി ടീം നല്‍കിയ ഭരതമാണ്. കല്ലൂര്‍ ഗോപിനാഥനെ കണ്ണീരോടെയല്ലാതെ ഇപ്പോഴും കണ്ടിരിക്കാനാകില്ല മലയാളിക്ക്. 

നിസ്സഹായതയുടെ പടുകുഴിയില്‍ നിന്ന് മീശയൊന്ന് പൊക്കിവക്കുന്നതിലൂടെ ലാല്‍ ഉയര്‍ത്തിപ്പിടിച്ചത് അതുവരെയുള്ള ഭാവമാറ്റത്തിന്‍റെ പരകോടിയിലേക്കാണ്. നടനില്‍ നിന്ന് മഹാനടനിലേക്കുള്ള വളര്‍ച്ച ഈ ഒരൊറ്റ സീന്‍ പറയും.

പിന്നീട് സംഭവിച്ചതിലേറെയും  ആഘോഷത്തിന്‍റെ ആണ്‍രൂപങ്ങളുടെ മേളപ്പെരുക്കമായിരുന്നു. ഭദ്രന്‍ കരുതിവച്ച ആടുതോമ അതാവരുന്നു.....സ്ഫടികം മോഹന്‍ലാന്‍ എന്ന നടന്റെ സ്ഫടികമനസുകൂടിയാണ് വ്യക്താക്കിയത്. അതൊരുകണ്ണാടിയാണ്, കഥാപാത്രങ്ങള്‍ വരികയേ വേണ്ടൂ.  സ്ഫടികത്തില്‍ അതുപോലെ അതതുപോലെ പ്രതിഫലിക്കും

ഇതിനിടയില്‍ അസ്സല്‍ പാട്ടുകാരനായെത്തി..... ചിത്രത്തില്‍ കണ്ട ലാല്‍ ഭരതത്തിലൂടെ ഹിസ് ഹൈസന് അബ്ദുല്ലയിലൂടെ കമലദളം വിരിയിച്ചു.

താനനുഭവിച്ചിട്ടില്ലാത്ത പരിസരവും വ്യക്തിത്വങ്ങളുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവാണ് ഒരാളെ നടനാക്കുന്നത്. അതില്‍ ലാല്‍ നൂറുശതമാനവും വിജയിച്ച ആളാണ്.

എം.ടിയുടെ രംഗം എന്ന ചിത്രത്തിലെ കഥകളിക്കാരന്‍ അപ്പുണ്ണി അങ്ങനെയൊന്നാണ്.  കാലാന്തരത്തില്‍ ഷാജി എന്‍. കരുണ്‍ കുഞ്ഞുക്കുട്ടനായി ലാലിനെ വിളിച്ചതും ഈ അതുല്യമെയ്്വഴക്കം കൊണ്ടാണ്. വാനപ്രസ്ഥം വീണ്ടും ദേശീയപുരസ്കാരം ലാലിന്് നേടിക്കൊടുത്തു.

കൃത്യമായി അടയാളപ്പെടുത്താന്‍ തക്കവിധം മുന്‍കൂറായി യാതൊന്നുമില്ലാത്ത ചില കഥാപാത്രങ്ങളുണ്ട്. അത് നടന്‍റെ ആത്്മാവിഷ്കാരം മാത്രമാണ്. അവനവന്‍റെ മനോധര്‍മം. അവിടെ ആ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കുകയെ നിവൃത്തിയുള്ളു. അതില്‍ പക്ഷേ മോഹന്‍ലാല്‍ മറ്റേതു നടനേക്കാളും ഒരുപടി മുന്നിലാണ്. ലാല്‍ ലാലായി തന്നെ അഭിനയിച്ചുകളയും. സദയത്തിലെ സത്യനാഥന്‍ അങ്ങനെയൊന്നാണ്. അവിടെ അഭിയനമല്ല, നടന്‍ തന്നെയാണ് കഥാപാത്രവും. 

ഇതിനിടയ്ക്ക് ലാലത്തരത്തിന്‍റെ കുസൃതിയിലും കണ്ണിറുക്കലിലും മീശപിരിക്കലിലും എത്രയെത്ര തവണ മലയാളി മനംനിറഞ്ഞ് ആര്‍ത്തുല്ലസിച്ചിരിക്കുന്നു..

സങ്കീര്‍ണ സ്വഭാവമുള്ള മനശാസ്ത്രവിദഗ്ധനെ ഏറ്റവും ലളിതമായും അസാധാരണ ടൈമിംങ്ങിലൂടെയും ലാല്‍ അനശ്വരമാക്കി. മണിച്ചിത്രത്താഴിന് സംഭവിച്ച എണ്ണമറ്റ മറുഭാഷാ വ്യാഖ്യാനങ്ങളിലെ ഡോ. സണ്ണിയെ കണ്ടവര്‍ക്ക് എളുപ്പം മനസിലാകും ലാലിന്‍റെ സണ്ണി എത്രമാത്രം മികച്ചതായിരുന്നു എന്ന്. 

അങ്ങനെ മലയാളി ആണുങ്ങള്‍ ലാലിലൂടെ അവനവനിലെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം സാധ്യമാക്കി. സ്ത്രീകള്‍ ലാലിനെ കാമുകനെ ആഗ്രഹിച്ചു.  പക്ഷേ ദശരഥത്തിലെ ഒരൊറ്റ ഡയലോഗിലൂടെ ലാല്‍ സകലമാന അമ്മമാരുടെയും ദത്തുപുത്രനായി. 

ഇന്ത്യന്‍ കാല്‍പനിക പുരുഷഭാവങ്ങള്‍ക്ക് രണ്ട് ഭേദങ്ങളുണ്ട്, അത് മര്യാദപുരുഷോത്തമനായ രാമനും ലീലാവിലാസനായ കൃഷ്ണനുമാണ്. കലയിലും കഥാപാത്രരൂപീകരണത്തിലും ഇത് പ്രകടവുമാണ്. തമിഴില്‍ താരാരാധനയുടെ കാര്യത്തില്‍ ഈ ദ്വന്തം പ്രകടമാണ്. രജീനീകാന്തും കമല്‍ ഹാസന്‍റേയും രൂപത്തില്‍. അതേപോലെയാണ് മലയാളത്തില്‍ മമ്മൂട്ടിയും ലാലും. 

കാല്‍പനിക നായനാവാന്‍ തന്നിലെ സ്വതസിദ്ധമായ നാണത്തെയും കുസൃതിയേയും സൗന്ദര്യാരാധകനേയും കൂട്ടുപിടിക്കുന്നു. സ്നേഹവാല്‍സല്യനിധിയാവാന്‍ ലാല്‍ തന്നിലെ നിരന്തര സ്നേഹാന്വേഷകനെ ഉപയോഗപ്പെടുത്തുന്നു. ആണത്ത ആഘോഷങ്ങളില്‍ ലാല്‍ അതിനെ പൂര്‍ത്തീകരിക്കുന്നത് ജീവിതത്തെ ഉല്‍സവമായി കാണാന്‍ ആഗ്രഹിക്കുന്ന മനസിനെ തൃപ്തിപ്പെടുത്താനാണ്. 

സമൂഹത്തിന്‍റെ പുരുഷസങ്കല്‍പത്തിന്‍റെ ആള്‍രൂപമല്ല ലാലിന്, അതുപോലെ സൗന്ദര്യത്തിന്‍റേയും ആകാരത്തിന്‍റേയും കാര്യത്തിലും. ഇതൊന്നുമല്ലാത്തതാണല്ലോ ഭൂരിപക്ഷം ജനങ്ങളും. താരാരാധനയിലും സ്വീകാര്യതയിലും ലാല്‍ വിജയിക്കുന്നത് അവിടെയാണ്. ലാല്‍ ഒരു സാധാരണ മനുഷ്യനെയാണ് പ്രതിനിധാനം ചെയ്തത്. പരിമിതികളില്‍ നിന്ന് പരകോടിയിലേക്ക് പരകായപ്രവേശ നടത്താന്‍ ശ്രമിക്കുന്ന ഏതൊരാളുടേയും മനസ് തന്നെയാണ് ലാലിനുമുള്ളത്. പക്ഷേ ആ പരകായ പ്രവേശം ലാലിന് അസാധാരണ മികവിലൂടെ സാധ്യമാകുന്നു എന്നിടത്താണ് മോഹന്‍ ലാല്‍ എല്ലാവരേയും മോഹിപ്പിച്ചത്.

ബോളിവുഡിലേക്ക് രാംഗോപാല്‍ വര്‍മ വിളിച്ചതും അതുകൊണ്ടാണ്. കമ്പനി ഹിന്ദി സിനിമക്കാര്‍ക്കും പുതിയ അനുഭവമായിരുന്നു. 

കരിയറിന്‍റെ നാലാം പതിറ്റാണ്ടിലാണ് ലാല്‍ തമിഴിലും കന്നടയിലുമൊക്കെ സജീവമായത്. ദൃശ്യവും പുലിമുരുകനും ഒപ്പവും ഒടിയനും പുതിയകാലത്തെ ലാല്‍വിസ്മയങ്ങളാണ്. എംടിയുടെ രണ്ടാംമൂഴം വലിയ കാത്തിരിപ്പായി തുടരുന്നു. പാതിവഴിയില്‍ നിലച്ച ടി. പദ്മനാഭന്‍റെ കടലിന്‍റെ ആവിഷ്കാരം ഷാജി എന്‍ കരുണ്‍ പൊടിതട്ടിയെടുക്കുമോ എന്ന് കാത്തിരിക്കാം. 

അറുപത് ഒരു നടനെ സംബന്ധിച്ച് പ്രായമേയല്ല. പാ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ കുട്ടിയായി അഭിനയിച്ചതുപോലെ ലാലിനെ ഒന്നു കാണമെന്ന് കെ.പി.എ.സി. ലളിത ആഗ്രഹിക്കുന്നതുപോലെ ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്കൊക്കെ ഒരുപാടൊരുപാട് ആഗ്രങ്ങള്‍ ഇനിയും ബാക്കിയാണ്. ആ ആഗ്രഹങ്ങള്‍ക്കൊക്കയും തീര്‍പ്പ് കല്‍പിക്കാന്‍ ലാലിനുമാകട്ടെ എന്ന് പ്രാര്‍ഥിക്കാം....പ്രിയ ലാല്‍ താങ്കളെ ഒരുപാട് ഇഷ്ടമാണ് എല്ലാവര്‍ക്കും

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...