ലോക്ഡൗണിൽ നിശ്ചലമായി മഹാനഗരങ്ങൾ

lockdown-metro-city
SHARE

ചൊവ്വാഴ്ച ഒറ്റ ദിവസം കൊണ്ട് മുംബൈയിൽ മാത്രം 59 പുതിയ കോവിഡ് കേസുകൾ. മഹാരാഷ്ട്രയിലാകെ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് 72 കോവിഡ് കേസുകള്‍. കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്ട്രയിലെ സ്വകാര്യ ലാബുകൾ നടത്തിയ കോവിഡ് പരിശോധനകളുടെ ഫലം പുറത്തുവന്നതോടെയാണു രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയില്‍ 227 പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ ഇതുവരെ 302 പേർക്കാണു കോവി‍ഡ് രോഗം ബാധിച്ചത്. 40 പേർക്കു രോഗം മാറിയപ്പോൾ 10 പേർ മരിച്ചു. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതൽ പേർക്കു രോഗബാധ സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. മുംബൈയിൽ ഇതുവരെ 151 പേർക്കു രോഗബാധയുണ്ടായി. അഹമ്മദ് നഗറിൽ രണ്ടു പേർക്കു രോഗം ബാധിച്ചു. പുണെ, താനെ, വസായി, വിരാർ, കല്യാൺ, ദോംബിവാലി എന്നിവിടങ്ങളിൽ രണ്ടു വീതം കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കേന്ദ്ര സർക്കാർ നിര്‍ദേശം അനുസരിച്ചു സ്വകാര്യ ലാബുകൾ പുറത്തുവിടുന്ന ആദ്യ പത്ത് പരിശോധനാ ഫലങ്ങൾ സർക്കാർ ലാബുകൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിനു ശേഷമാണു അന്തിമ ഫലത്തിന്റെ കാര്യത്തിൽ തീരുമാനമാകുക. ഇക്കാരണത്താൽ മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്നു ദിവസമായി പരിശോധന ഫലങ്ങൾ ശേഖരിച്ചുവരികയായിരുന്നു. ഈ ഫലങ്ങളെല്ലാം ചൊവ്വാഴ്ച പുറത്തുവിട്ടതാണു രോഗികളുടെ എണ്ണം ഒരു ദിവസംകൊണ്ടു വർധിച്ചുവെന്നു തോന്നിക്കാൻ കാരണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ഒരു ദിവസം 5,000നു മുകളിൽ സാംപിളുകൾ പരിശോധിക്കാനുള്ള ശേഷിയാണു മഹാരാഷ്ട്രയ്ക്കുള്ളതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ് പറഞ്ഞു. ഇതിൽ 13 സർക്കാർ ലബോറട്ടറികളിൽ 2,300 സാംപിളുകൾ ഒരു ദിവസം പരിശോധിക്കാം. എട്ട് സ്വകാര്യ ലാബുകളിലായി 2,800 സാംപിളുകളും പരിശോധിക്കാൻ സാധിക്കും. പരിശോധനയ്ക്കുള്ള ശേഷി മഹാരാഷ്ട്ര പൂർണമായും വിനിയോഗിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...