രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക്; കീഴടക്കണം ഒന്നിച്ച്

covidprg
SHARE

കോവിഡ് 19 മഹാമാരി നിയന്ത്രിക്കാന്‍ രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക്. കേരളത്തിലെ പത്തു ജില്ലകള്‍ അടക്കം രാജ്യത്തെ 75 കോവിഡ് ബാധിത ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രം അനുവദിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.  ഇന്ന് രാത്രി മുതല്‍ റെയില്‍വേ സര്‍വീസുകള്‍ നിര്‍ത്തലാക്കും. രാജ്യത്താകെ മെട്രോസര്‍വീസുകളും ഉണ്ടാകില്ല.

രോഗം ബാധിച്ചവരുടെ എണ്ണം 370 കടക്കുകയും മരണം ഏഴായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് രാജ്യം കടക്കുന്നത്. സമൂഹവ്യാപനത്തിന്റെ സൂചനകള്‍ വന്നതോടെ കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് പൊതുഗതാഗതം നിയന്ത്രിക്കും. ഇതിന്റെ ഭാഗമായി അര്‍ധരാത്രി മുതല്‍ ഈ മാസം 31വരെ റെയില്‍വേ സര്‍വീസ് നടത്തില്ല. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ യാത്രപൂര്‍ത്തിയാക്കും. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും വിലക്കുണ്ട്. ഇതിന് പുറമേ രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും പുതുച്ചേരിയും സ്വന്തം നിലയ്‍ക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ നഗരപ്രദേശങ്ങളിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ബാങ്കിങ് മേഖലയിലും അവശ്യസര്‍വീസുകളും മാത്രമേ ഉണ്ടാവുകയുള്ളു. 

ദേശീയ പണിമുടക്കുകൾക്കും ഹർത്താലുകൾക്കും പിടി കൊടുക്കാത്ത രാജ്യ തലസ്ഥാനം അക്ഷരാർത്ഥത്തിൽ നിശ്ചലമാണ്. പ്രധാനമന്ത്രിയുടെ ജനതാ കർഫ്യു ആഹ്വാനം മനസിലേറ്റിയ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തയാറായില്ല. തിരക്കേറിയ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ രാവിലെ മുതൽ വിജനമായിരുന്നു. മഹാനഗരത്തിലെ വലിയ മാർക്കറ്റുകളൊന്നും തുറന്നില്ല.  ശ്രീനഗര്‍, ജമ്മു, ഡെറാഡൂണ്‍, ഷിംല, ചണ്ഡീഗഡ് തുടങ്ങി പ്രധാന നഗരങ്ങളും കോവിഡ് വൈറസ് ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളും നിശ്ചലമായി. കോവിഡ് 19 പ്രതിരോധനടപടികള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കുള്ള ആദരസൂചകമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പ്രകാരം അഞ്ചുമണിക്ക് ജനങ്ങള്‍ ബാല്‍കണികളില്‍ എത്തി കൈയടിച്ചു. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...