കേരളം കരഞ്ഞ നോവുപകൽ

avinashi
SHARE

പുലര്‍ച്ചെ 4.58 നാണ് പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് ആ വിളിയെത്തിയത്. കോയമ്പത്തൂരെവിടെയോ വണ്ടി തട്ടിയെന്ന് മാത്രമായിരുന്നു സംഭാഷണം. മറ്റൊന്നും വിളിച്ചയാള്‍ക്കും അറിയില്ല. അഞ്ചുമിനുട്ട് കഴിഞ്ഞപ്പോള്‍ രണ്ടാമതും മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. മനോരമ ന്യൂസിന്റെ അരൂരിലെ ക്യാമറാമാന്‍ സുരേഷ് വിശ്വത്തിന്റെ നമ്പറാണ്. കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഒരാള്‍ അറിയിച്ചതാ, ഒന്നന്വേഷിക്ക് എന്ന സുരേഷിന്റെ അറിയിപ്പ് കാര്യഗൗരവമുളളതാണെന്ന് എന്റെ മനസ് പറഞ്ഞു. അപകടത്തില്‍പ്പെട്ടത് കെഎസ്ആര്‍ടിസി ബസ് ആയതിനാല്‍ പാലക്കാട്ടെ വണ്ടിയായിരിക്കുമെന്ന വിശ്വാസത്തില്‍ പാലക്കാട് ഡിപ്പോയിലേക്ക് വിളിച്ചു. ഒന്നുമറിയില്ല...വണ്ടി അടിച്ചെന്ന് കേള്‍ക്കുന്നു. സാറുമ്മാര് അവിടേക്ക് പോകുന്നുണ്ട്..ഇത്രമാത്രമായിരുന്നു അവിടുന്ന് മറുപടി. മറ്റൊന്നും കെഎസ്ആര്‍ടിസിയിലുളളവര്‍ക്കും അറിയില്ല. ചാവടി മുതല്‍ കോയമ്പത്തൂര്‍ നഗരത്തിലെ ചില പൊലീസ് സ്റ്റേഷനുകളിലും അന്വേഷിച്ചെങ്കിലും അപകടത്തിന്റേതായ യാതൊരു വിവരവും ലഭിച്ചില്ല. ഒാരോ നിമിഷത്തിലും അന്വേഷണം തുടരുകയായിരുന്നു. അപ്പോഴേക്കും സമയം 5.30 പിന്നിട്ടു. പാലക്കാട് നിന്നും 95 കിലോമീറ്റര്‍ അകലെ അവിനാശി നഗരത്തോട് ചേര്‍ന്ന് ദേശീയപാതയിലായിരുന്നു അപകടമെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ മുഖേനയാണ് അറിഞ്ഞത്. അല്‍പം കൂടി സ്ഥിരീകരണം ലഭിച്ചു അപകടത്തില്‍പ്പെട്ടത് ബെംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസ് ആണെന്ന്. നിരവധിപേര്‍ മരിച്ചെന്ന് വിവരം ലഭിച്ചെങ്കിലും സ്ഥിരീകരണമില്ലാത്തതിനാല്‍ മരണത്തെ വാര്‍ത്തയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല.

ആറുമണിയുടെ ആദ്യവാര്‍ത്തയില്‍ തന്നെ മരണം ഏഴാണെന്ന് ഉറപ്പാക്കി കൊടുത്തു. പിന്നീട് മരണം കൂടുന്നതിന്റെ ലക്ഷണമായി സന്ദേശങ്ങള്‍ വന്നുകൊണ്ടേയിരുന്നു. ഇതിനിടെ അപകടസ്ഥലത്തേക്ക് പോകാനുളള തയ്യാറെടുപ്പായി. ക്യാമറമാന്‍ പി.ആര്‍.രാജേഷും ഞാനും രാവിലെ 6.20 ന് ഒാഫീസില്‍ നിന്നിറങ്ങി. കാറിലിരുന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ഒപ്പം വിശ്വാസ്യതയോടെ വാര്‍ത്ത നല്‍കുകയും നല്‍കുകയും ചെയ്തു. എത്രയും വേഗം അപകട സ്ഥലത്തേക്ക് എത്തിച്ചേരുവാന്‍ അതീവശ്രദ്ധയോടെ വാഹനം പാഞ്ഞുകൊണ്ടേയിരുന്നു. വാളയാര്‍ അതിര്‍ത്തിവരെയാണ് വേഗനിയന്ത്രണത്തിന്റെ ഭാഗമായി ക്യാമറകള്‍ ഉളളത്. തമിഴ്നാട് അതിര്‍ത്തി കടന്നാല്‍ വിശാലമായ ദേശീയപാതയാണ്. രാവിലെ തിരക്കൊന്നുമില്ലാതെ യാത്ര അതിവേഗത്തിലായി. അപ്പോഴേക്കും അപകട മരണം 13 പിന്നിട്ടിരുന്നു. ഇതിനിടെ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും ഫോണില്‍ വിളിക്കാന്‍ നോക്കിയെങ്കിലും ലഭിച്ചിരുന്നില്ല.. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഒാഫീസര്‍ ടി.എ.ഉബൈദിനോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. പക്ഷേ ഉബൈദും നിസഹായവസ്ഥയിലായിരുന്നു . ഇതിനിടെ ഗതാഗതമന്ത്രി എ.െക.ശശീന്ദ്രന്‍ അപകടം സ്ഥിരീകരിച്ച് മരണത്തെക്കുറിച്ച് ലഭിച്ച വിവരങ്ങള്‍ മനോരമന്യൂസിലൂടെ നല്‍കി. കൊച്ചിയില്‍ നിന്ന് ആശാജാവേദും കിട്ടുന്ന വിവരങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നു. 

ഞങ്ങള്‍ ടോള്‍പ്ളാസകള്‍ പിന്നിട്ട് അപകട സ്ഥലത്ത് എത്താന്‍ പിന്നെയും പതിനഞ്ചു കിലോമീറ്ററുണ്ടെന്ന് എല്‍ആന്‍ഡ്ടി ബൈപ്പാസിലെ ടോള്‍പ്ളാസ ജീവനക്കാരി പറഞ്ഞു. സമയം രാവിലെ 7.28. വാഹനം ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നു. ഇതിനിടെ ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരിച്ചെന്ന് സ്ഥിരീകരണമായി. പത്തുമിനുട്ടുകൊണ്ട് ഞാനും ക്യാമറമാന്‍ രാജേഷും അവിടെയെത്തി. അതായത് 7.38 ന് അപകട സ്ഥലത്തു നിന്ന് ദൃശ്യങ്ങളോടെ തല്‍സമയ റിപ്പോര്‍ട്ടിങ്. ദേശീയപാതയുടെ ഹൃദയത്തില്‍ തകര്‍ന്നുകിടക്കുന്ന വാഹനങ്ങള്‍. വലിയ ആള്‍ക്കൂട്ടം. പൊലീസും അഗ്നിശമമനസേനയും രക്ഷാപ്രവര്‍ത്തകരും. നിരവധി ആംബുലന്‍സുകള്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എല്ലാവരുടെയും പരക്കംപാച്ചിലിലും ആശങ്കപ്പെടുത്തുന്ന കാഴ്ചകളും. ബസിന്റെ മുന്‍വശം കാണാനില്ല. ഡ്രൈവര്‍ സീറ്റ് മുതല്‍ പിന്നിലേക്ക് യാത്രക്കാരുടെ ഇരിപ്പിടങ്ങളൊന്നുമില്ല. ചിന്നിച്ചിതറി കിടക്കുന്ന ശരീരഭാഗങ്ങള്‍. രക്തം തളംകെട്ടി നില്‍ക്കുന്നു. ബസിന്റെ പിന്‍വശത്തേക്ക് മറിഞ്ഞുകിടക്കുന്ന കണ്ടെയ്നര്‍ ലോറിയുടെ ഇരുമ്പുപാളിയില്‍ നിന്ന് ജീവനറ്റ ആരെയൊക്കെയോ പുറത്തെടുക്കുന്നു. ക്യാമറ അവിടേയ്ക്കൊന്നും പോകാതെ രാജേഷും ശ്രദ്ധിച്ചിരുന്നു. ലൈവിനിടെ ആദ്യം പലപ്പോഴും വാക്കുകള്‍ കിട്ടാതെ വന്നെങ്കിലും മനസിനെ പാകപ്പെടുത്തി വാര്‍ത്തകള്‍ നല്‍കിക്കൊണ്ടേയിരുന്നു. പതിനേഴുപേര്‍ മരിച്ചെന്ന് തിരുപ്പൂര്‍ കലക്ടര്‍ കെ.വിജയകാര്‍ത്തികേയന്‍ മനോരമ ന്യൂസിനോട് പറഞ്ഞതോടെ അല്‍പംകൂടി ആധികാരികമായി. പരുക്കേറ്റവരെല്ലാം വിവിധ ആശുപത്രികളിലാണെന്നും പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.. തല്‍സമയ റിപ്പോര്‍ട്ടിങ് തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടെ യാത്രക്കാരുടെ പേരുവിവരങ്ങളും ഫോണ്‍നമ്പറുമെല്ലാം ശേഖരിച്ച് വിവരങ്ങളെടുക്കാന്‍ ഡെസ്കില്‍ മനു സി.കുമാറും അനൂപും ഉള്‍പ്പെടുന്നവര്‍ ശ്രമിച്ചത് കാര്യങ്ങള്‍ക്ക് ഏറെ വ്യക്തതയുണ്ടാക്കി. 

ബസിലേക്ക് ഇടിച്ചുകയറിയ കണ്ടെയ്നര്‍ ലോറിയും എറണാകുളത്ത് നിന്നുളളതാണെന്ന് റജിസ്ട്രേഷന്‍ നമ്പര്‍ നോക്കിയപ്പോള്‍ മനസിലായി. പക്ഷേ ലോറി ഡ്രൈവറെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. സമയം ഒന്‍പതു പിന്നിടുമ്പോഴേക്കും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്ന് മാറ്റുന്ന പ്രവൃത്തികളും തുടങ്ങിയിരുന്നു. രണ്ടു ക്രെയിന്‍ എത്തിച്ച് ബസ് വലിച്ചു നീക്കി. പക്ഷേ ടൈല്‍സ് നിറച്ച കണ്ടെയ്നര്‍ ലോറി മാറ്റാന്‍ മണിക്കൂറുകളെടുത്തു. മരണം 20 ല്‍ നില്‍ക്കുമ്പോള്‍ തന്നെ 23 പേര്‍ മരിച്ചെന്ന് ആശുപത്രികളില്‍ നിന്ന് വിവരം ശേഖരിച്ച മലയാളിസംഘത്തിലെ ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ആധികാരികതയ്ക്ക് വേണ്ടി പിന്നെയും കാത്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അപകട സ്ഥലത്തെത്തിയപ്പോഴാണ് വ്യക്തതയുണ്ടായത്. 19 േപര്‍ മരിച്ചെന്നും പരുക്കേറ്റവര്‍ 23 പേരാണെന്നും എസ്പി വ്യക്തമാക്കി. 

തമിഴ്നാട് പൊലീസില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം മരിച്ചവരുടെ ചില പേരുകള്‍ ഇതിനിടെ വാര്‍ത്തയായിരുന്നു. അപകട സ്ഥലത്തു നിന്ന് ആശുപത്രികളിലേക്കാണ് ഞങ്ങള്‍ പിന്നീട് പോയത്. തിരുപ്പൂരിനടുത്ത് പൂണ്ടിയിലെ ആശുപത്രിയിലെത്തിയപ്പോള്‍ പരുക്കേറ്റ ആറുപേരെ കണ്ടു. പേരും നാടുമൊക്കെ ചോദിച്ചപ്പോഴാണ് മറ്റൊരു സത്യം തിരിച്ചറിഞ്ഞത്. നേരത്തെ പൊലീസ് നല്‍കിയ വിവരം പ്രകാരം മരിച്ചവരുടെ പട്ടികയിലുണ്ടായിരുന്ന എല്ലാവരും ജീവിച്ചിരിപ്പുണ്ട്. അതായത് പരുക്കേറ്റവരുടെയും മരിച്ചവരുടെയും പേരുകള്‍ മാറിപ്പോയതാണെന്ന് വ്യക്തം. അതോടെ അല്‍പം കൂടി വ്യക്തതവരുത്തിയശേഷമാണ് മരിച്ചവരുടെ പേരുകളെല്ലാം കൊടുത്തത്. ഇക്കാര്യത്തില്‍ തമിഴ്നാട് പൊലീസിനെ കുറ്റംപറയാനും സാധിക്കില്ല. എല്ലാവരുടെയും വിവരങ്ങളെടുക്കുക പൊലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി തന്നെയായിരുന്നു. പീന്നീട് തിരുപ്പൂരിലെ രേവതി ആശുപത്രിയിലേക്കാണ് പോയത്. മൂന്നുപേര്‍ ചികില്‍സയിലുണ്ടായിരുന്നു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്ന ഡോക്ടര്‍മാരുടെ വിശദീകരണം ആശ്വാസമായി. പരുക്കേറ്റവര്‍ മനോരമ ന്യൂസിലൂടെ അപകടത്തെക്കുറിച്ച് അറിവാവുന്ന വിവരങ്ങള്‍ പങ്കുവച്ചു. അല്‍ഭുതകരമായി രക്ഷപെട്ടതിന്റെ അനുഭവം പങ്കുവച്ചതിലൂടെ അവരുടെ വീട്ടുകാര്‍ക്കും ആശ്വാസമായി. മലയാളി സമാജം പ്രവര്‍ത്തകര്‍ എന്ത് സഹായത്തിനും ആശുപത്രികളിലുണ്ടായിരുന്നു. കേരളത്തിലുളളവരെ ആശ്വസിപ്പിക്കുന്ന സന്ദേശമായി അത്. പരുക്കേറ്റവരെ നേരില്‍ കണ്ടശേഷമാണ് പരുക്കേറ്റവരെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് നൂറുശതമാനം വിശ്വാസ്യതയോെട പറഞ്ഞത്. 

പിന്നീട് തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക്. മൃതദേഹങ്ങളെല്ലാം വിവിധ ആശുപത്രികളില്‍ നിന്ന് തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. പാലക്കാട് നിന്ന് ജില്ലാ പൊലീസ് മേധാവിയും കലക്ടറുമൊക്കെ കാര്യങ്ങള്‍ ഏകോപിപ്പിച്ചു. മന്ത്രി വിഎസ് സുനില്‍കുമാര്‍ പതിനൊന്നുമണിയോടെ എത്തി. എംപിമാരായ വികെ ശ്രീകണ്ഠനും രമ്യ ഹരിദാസും മന്ത്രിയ്ക്കൊപ്പം തോളോട് തോള്‍ േചര്‍ന്ന് എല്ലാത്തിനും ഒാടിനടന്നു. പാലക്കാട് നിന്നുളള റവന്യൂ െപാലീസ് ഉദ്യോഗസ്ഥരും കാര്യങ്ങള്‍ വേഗത്തിലാക്കി. പതിനൊന്നരയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് വെല്ലുവിളിയായി. എങ്കിലും മരിച്ച പത്തൊന്‍പതു പേരില്‍ ആദ്യഘട്ടത്തില്‍ പതിനൊന്നു പേരെ തിരിച്ചറിഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുവരെയും മരണപ്പട്ടികയില്‍ ജീവിച്ചിരുന്ന ചില പേരുകള്‍ മാറി വന്നിരുന്നു. എല്ലാത്തിനും അഞ്ചുമണിയോടെയാണ് വ്യക്തയുണ്ടായത്. മന്ത്രിമാരായ വി.എസ്. സുനില്‍കുമാറും, എ.കെ.ശശീന്ദ്രനും എംപിയും എംഎല്‍എമാരുമാണ് ഒാരോ മണിക്കൂറിലും മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവച്ചിരുന്നത്. 

ഇതിനിടെ കണ്ടെയ്‌നർ ലോറി ഡ്രൈവർ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഹേമരാജ് ഇൗറോഡ് പൊലീസില്‍ കീഴടങ്ങിയിരുന്നു. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്ന ഹേമരാജിന്റെ വാദം തെറ്റാണെന്ന് മോട്ടര്‍വാഹനവകുപ്പ് കണ്ടെത്തി.  ഡിവൈഡറിലൂടെ മൂന്നുറു മീറ്റര്‍ ദൂരത്തില്‍ ലോറി ഒാടിയതിന് ശേഷമാണ് ബസിലേക്ക് ഇടിച്ചുകയറിയത്. ഇതിന് തെളിവുണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെ തിരൂപ്പൂരില്‍ നിന്ന് അപകട സ്ഥലമായ അവിനാശിയിലേക്ക് എത്തുമ്പോഴും അവിടെ ആളൊഴിഞ്ഞിരുന്നില്ല. ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ എല്ലാവരും അക്ഷമരായി നില്‍ക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. രാത്രി ഏഴരയോടെ എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതുവരെ തിരുപ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് ആള്‍ക്കൂട്ടമായിരുന്നു. കേരളത്തിന് മാത്രമല്ല അവിനാശി, തിരൂപ്പൂ‍ര്‍ പട്ടണങ്ങള്‍ക്കും തീരാവേദനയായിരുന്നു ബസ് അപകടം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...