ഇനി വെടിയുണ്ട വിറ്റുതിന്നെന്ന ദുഷ്പേരും; പൊളിയുന്ന പൊലീസ് നുണകൾ

Still_Thondimuthal-DGP845
SHARE

സല്യൂട്ടടിക്കുമ്പോള്‍ ബൂട്ടിന്റ ചലനം പോലും അണുവിട തെറ്റെരുതെന്ന് വാശിപിടിക്കുന്ന ഉദ്യോഗസ്ഥനാണ് താങ്കള്‍.ദേശീയ അന്വേഷണ ഏജന്‍സിയിലും സി.ബി.ഐയിലുമെല്ലാം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തും കീര്‍ത്തിയുമുള്ളയാള്‍. ശാസ്ത്രീയ അന്വേഷണമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേഖലയെന്ന് ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍. രാജ്യാന്തര ഭീകരവാദിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയേപ്പോലും ചോദ്യം ചെയ്ത് കുടുക്കിയ മിടുക്കന്‍. പക്ഷെ ഇപ്പോള്‍ അഴിമതിയുടെ ചൂണ്ടുവിരല്‍ ഒന്നൊന്നായി നീളുമ്പോള്‍  പ്രതിക്കൂട്ടിലെ കുറ്റവാളിയേപ്പോലെ. മിണ്ടാതെ നില്‍ക്കുകയാണ് സാക്ഷാല്‍ ലോക്നാഥ് ബഹ്റ 

അപമര്യാദയായി പെരുമാറി, ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു എന്നൊക്കെ പറയാറുണ്ടെങ്കിലും കയ്യിട്ടുവാരിയെന്ന ആക്ഷേപം പൊലീസിതുവരെ   കേട്ടിട്ടില്ല. ആ പെരുമ കൂടിയാണ് സര്‍ താങ്കള്‍ കേരളപൊലീസിന് ചാര്‍ത്തിക്കൊടുത്തത്. ഫണ്ട് വകമാറ്റി അഡംബര വില്ല പണിതും സുരക്ഷസംവിധാനം സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റും കൈക്കൂലിക്കാരനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റ ലെവിലിലേക്ക് താങ്കള്‍ തരംതാണു.

സ്വന്തം തോക്ക് സൂക്ഷിക്കാന്‍ പറ്റാത്തവരാണോ കളവ് കണ്ടുപിടിക്കാനിറങ്ങിയതെന്ന് ഏതെങ്കിലും സാധാരണക്കാരന്‍ നാളെ നിങ്ങളുടെ മുഖത്ത് നോക്കി ചോദിച്ചാല്‍ മിണ്ടാതിരുന്ന് കേള്‍ക്കുകയേ നിവൃത്തിയുള്ളു സര്‍.

സ്വകാര്യ സ്ഥാപനങ്ങളില്‍ മോഷണം നടന്നാല്‍ പൊലീസ് ആസ്ഥാനത്തിരുന്ന് കള്ളനെ കയ്യോടെ പിടിക്കാനുള്ളതാണ് സിംസ് അഥവാ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം.പക്ഷെ കള്ളനെയാണ് കാവല്‍ ഏല്‍പിച്ചതെന്ന് അറിയാന്‍ സി.എ.ജി വരേണ്ടിവന്നു. 

സിംസിന്റെ മറവില്‍ ഗാലക്സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിക്ക് പൊലീസ് ആസ്ഥാനം തുറന്ന് കൊടുത്തിരിക്കുകയാണ് ഡി.ജി.പി.   അതീവ സുരക്ഷാമേഖലയായ പൊലീസ് ആസ്ഥാനത്തിനകത്ത് കമ്പനി മുതലാളിക്ക് സ്വന്തമായി ഒരു കെട്ടിടവും ജീവനക്കാരുമുണ്ട്. എവിടെയും വിലസാം. തൊപ്പിയും നക്ഷത്രവുമില്ലെന്ന് മാത്രം.അതും മുഖ്യമന്ത്രിയുടെ മൗനഅനുവാദത്തോടെ)

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തില്ലായിരുന്നു, നിയമസഭയില്‍ ഈ നുണ പറഞ്ഞില്ലായിരുന്നെങ്കില്‍. പൊലീസ് ആസ്ഥാനത്ത് ഗാലക്സോണ്‍ കമ്പനി  കണ്‍ട്രോണ്‍ റൂമും തുറന്ന് നാട്  നീളെ പദ്ധതി തുടങ്ങിക്കഴിഞ്ഞാണ് ഇത് കെല്‍ട്രോണിന്റെ പദ്ധതിയാണന്നും മറ്റൊരാള്‍ക്കും ഇതില്‍ പങ്കില്ലെന്നുമുള്ള പച്ചക്കള്ളം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. 

ഇതേ നുണ ആവര്‍ത്തിച്ച ഡി.ജി.പി സ്വന്തം കീഴുദ്യോഗസ്ഥരെയും പറഞ്ഞു പറ്റിച്ചു.  ഒന്നര വര്‍ഷത്തോളമായി മുഖ്യമന്ത്രിയും ഡി.ജി.പിയും നുണകളിലൂടെ മൂടിവച്ച സ്വകാര്യ പങ്കാളിത്തം ഒടുവില്‍ മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ അവര്‍ക്ക്  സമ്മതിക്കേണ്ടിവന്നു.

സ്വകാര്യ പങ്കാളിത്ത നുണ പൊളിഞ്ഞപ്പോള്‍ സര്‍ക്കാരിന് കാശുമുടക്കില്ലെന്നായിരുന്നു അടുത്ത ന്യായീകരണം. ഇല്ലായാരിക്കാം. പക്ഷെ സര്‍ക്കാരിന്റേയും പൊലീസിന്റേയും അധികാരത്തെ വിറ്റാണ് സ്വകാര്യകമ്പനി നേട്ടമുണ്ടാക്കുന്നത്. സിംസ് പദ്ധതിയില്‍ എത്ര സ്ഥാപനത്തില്‍ സി.സി.ടി.വി ക്യാമറകളും സെര്‍വറുകളും വയ്ക്കുന്നോ അതിന്റെ മുഴുവന്‍ കാശും കമ്പനിക്കാണ്. ഒന്നും രണ്ടുമല്ല ലക്ഷങ്ങളാണ് വരുമാനം. കമ്പിനിക്ക് ഒാര്‍ഡര്‍ പിടിക്കാനുള്ള  ഏജന്റുമാരാകട്ടെ  ജില്ലാ പൊലീസ് മേധാവി‌കളും 

കണ്‍ട്രോള്‍ റൂമിലെ 24 പൊലീസുകാരെ  നിയന്ത്രിക്കാനും ഗാലക്സോണ്‍ കമ്പനിക്ക് അധികാരമുണ്ട്. ഇവര്‍ രാപ്പകല്‍ ഇരുന്ന് നിരീക്ഷിക്കുന്നതിന്റ പ്രതിഫലമായി സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ഫീസിന്റെ പങ്കും ഈ സ്വകാര്യ കമ്പനിക്കാണ്. ചുരുക്കിപറഞ്ഞാല്‍ പൊലീസിനെപ്പോലും വിഴുങ്ങുന്ന കറക്കുകമ്പനി. 

കൈക്കൂലി വാങ്ങുന്നുവെന്ന ചീത്തപ്പേര് പണ്ടെയുണ്ട്. പക്ഷെ വെടിയുണ്ടയും തോക്കും വിറ്റുതിന്നെന്ന ദുഷ്പേര് കേരള പൊലീസിന് ആദ്യമായിട്ടാണ് സി.എ.ജി പറയുന്ന കണക്കുകളനുസരിച്ച്  25 റൈഫിളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളും കാണാനില്ലത്രേ.

തോക്ക് വെറും തോക്കല്ല, കാര്‍ഗില്‍ യുദ്ധത്തില്‍ സൈന്യം ഉപയോഗിച്ചിട്ടുള്ള ഇന്‍സാസ് റൈഫിള്‍ ഗണത്തിലുള്ളതാണ്. തോക്കുകളെല്ലാം  പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ നിന്ന് നന്ദാവനം എ.ആര്‍ ക്യാംപിലേക്ക് കൊണ്ടുപോയെന്നും റജിസ്റ്ററില്‍ എഴുതിയില്ലന്നുമാണ് ഇപ്പോഴത്തെ വാദം.

ലക്ഷങ്ങള്‍ വിലയുള്ള തോക്ക് പുറത്തൊരാള്‍ക്ക് കിട്ടിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഒാര്‍ത്തിട്ടാണോ ഏമാന്‍മാരുടെ ന്യായീകരണവിളമ്പലെന്നാണ് സംശയം. ഒന്നോര്‍ക്കുക 2011 മുതല്‍ തോക്ക് കാണാനില്ലന്ന് പറഞ്ഞും 2020 ആയിട്ടും തോക്കുകളുടെ  കണക്ക് ശരിയാകുന്നില്ലെന്ന് പറയുന്നതും ഒടുവില്‍ കയ്യോടെ പിടിച്ചപ്പോള്‍  കാണാതായതെല്ലാം ഇവിടുണ്ടെന്ന് പറയുന്നതുമെല്ലാം നിങ്ങളാണ്. 

ഡിജിപിക്കുപോലും ഇല്ലാത്ത ആത്മവിശ്വാസമാണ് ഉണ്ടയുടെ കാര്യത്തില്‍ കടകംപള്ളിക്ക്.  ഒരു കാര്യം ഉറപ്പാണ്. ഉണ്ട കാണാതെപോയ വഴി ആര്‍ക്കും അറിയില്ല. എഫ്.ഐ.ആറില്‍ പറയുന്നത് ഉണ്ട കാണാതായതില്‍ പൊലീസുകാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായെന്നാണ്. അതായത് ഉണ്ട വിറ്റ് കാശാക്കിയിട്ടുണ്ടാകാം. 

കാരണം 1998 മുതല്‍ വെടിയുണ്ടകള്‍ നഷ്ടമായി തുടങ്ങി 2019ല്‍ കേസെടുത്തു. പക്ഷെ ഒരാള്‍ പോലും പിടിക്കപ്പെട്ടില്ല. 22 വര്‍ഷത്തിനിടയ്ക്ക് പതിനാറായിരത്തിലേറെ ഉണ്ടകള്‍ കാണാതായതില്‍ കുറ്റക്കാര്‍ വെറും 11 സാധാപൊലീസുകാര്‍. ഡ്യൂട്ടിക്കിടെ ഭക്ഷണം കിട്ടാതെ വന്നപ്പോള്‍ പകരം ഇവര്‍ വെടിയുണ്ട കഴിച്ചെന്ന് കൂടി എഴുതിവച്ചാല്‍ എല്ലാം ശുഭമാകും .‌

സമയവും കാലവും നോക്കാതെ, വെയിലും മഴയും വകവയ്ക്കാതെ പണിയെടുക്കുന്നവരാണ് പൊലീസുകാര്‍. പകലന്തിയോളം പണിയെടുത്ത് പാതിരാത്രിക്ക് കയറിച്ചെന്ന് കുടുംബത്തോടൊപ്പം കഴിയാന്‍ ഒരുവീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. സ്വന്തം നാട്ടില്‍ നിന്ന് മാറി ജോലി ചെയ്യുന്ന 80 ശതമാനം പൊലീസുകാര്‍ക്കും അത് സാധിക്കുന്നില്ല. കാരണം ആവശ്യമുള്ളതിന്റെ പത്ത് ശതമാനം പോലും ക്വാര്‍ട്ടേഴ്സ് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയിട്ടില്ല. നീണ്ട കാത്തിരിപ്പിനൊടുവില്‍ സാധാരണ പൊലീസുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണിയാന്‍ അനുവദിച്ച പണമാണ് ഡി.ജി.പിയും കൂട്ടരും അടിച്ചുമാറ്റിയത്. ആ കാശിനാണ് ഈ കൊട്ടാരം പണിതുയര്‍ത്തത്. 

ഒന്നും രണ്ടുമല്ല നാലരക്കോടി രൂപയാണ് ഡി.ജി.പി വകമാറ്റിയത്. സ്വന്തമായി അടിച്ചുമാറ്റിയാല്‍ പരാതി ഉയരുമെന്നതുകൊണ്ടാകാം എ.ഡി.ജി.പിമാര്‍ക്കും വില്ല നിര്‍മിച്ച് കൊടുത്ത് വാ പൂട്ടിച്ചത്. നയാപ്പൈസ പാവപ്പെട്ട പൊലീസുകാര്‍ക്ക് കൊടുത്തില്ല. ഇതര സംസ്ഥാനക്കാരായ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരത്ത് വീടില്ലാത്തതുകൊണ്ടാണ് ഫണ്ട് വകമാറ്റി വില്ല പണിതതെന്നും സര്‍ക്കാര്‍ അനുമതിയുണ്ടെന്നും ന്യായീകരിക്കുന്ന ഡി.ജി.പി ഒരു കാര്യം ചെയ്യണം. പൊലീസ് ആസ്ഥാനത്തെ എ.സി മുറിയില്‍ നിന്നിറങ്ങി ഒന്നരക്കിലോമീറ്റര്‍ മാത്രം അകലെയുള്ള പാളയത്തെ ക്വാര്‍ട്ടേഴ്സിലെത്തണം. 

തന്റെ സേനയിലെ പൊലീസുകാര്‍ കഴിയുന്ന പൊട്ടിപ്പൊളിഞ്ഞ കുടുസുമുറികള്‍ കാണണം. എന്നിട്ട് ആലോചിക്കണം...അവരുടെ പോക്കറ്റില്‍ കയ്യിട്ടെടുത്തിട്ട് വേണമായിരുന്നോ ഈ വില്ല നിര്‍മ്മാണമെന്ന്. ഇതിനെയെല്ലാം ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും ഒരു കാര്യം ഒാര്‍ക്കണം. താങ്കള്‍ ഡി.ജി.പിയുടെ മാത്രം മുഖ്യമന്ത്രിയല്ല, സേനയുടെ മൊത്തം ക്ഷേമം താങ്കളുടെ ചുമതലയാണ്. 

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പൊലീസിനെ പോറ്റുന്നത് തട്ടിപ്പ് തടയാനാണ്. സാങ്കേതിക കാര്യങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കേണ്ടത് പൊതുമേഖല സ്ഥാപനമാണ് കെല്‍ട്രോണിന്റ ചുമതലയും . പക്ഷെ രണ്ടുപേരും കൂടി ചേര്‍ന്നതോടെ  ആരെയും വെല്ലുന്ന ആധുനിക തട്ടിപ്പാണ് അരങ്ങേറിയതെന്ന്  സി.എ.ജി തന്നെ പറയുന്നു 

തട്ടിപ്പിന്റ തിരക്കഥ ഇങ്ങനെ, ജനങ്ങള്‍ക്ക് സുരക്ഷയെന്ന പേരില്‍ പൊലീസ് പദ്ധതികള്‍ തയാറാക്കും. സാങ്കേതിക സഹായം നല്‍കുന്ന പങ്കാളിയെന്ന നിലയില്‍ കെല്‍ട്രോണിനെ കൂട്ടുപിടിക്കും . പിന്നെ രണ്ട് കൂട്ടര്‍ക്കും താല്‍പര്യമുള്ള  ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ കൊടുക്കും. ഇടപാടുകളെല്ലാം മൂവര്‍ക്കും സ്വീകാര്യമായ തുകയ്ക്കും.  കമ്മീഷനും ചേര്‍ത്ത് കച്ചവടം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാരിന് നഷ്ടം. ഉദ്യോഗസ്ഥര്‍ക്ക് നേട്ടം. ഈ പറഞ്ഞത് അതിശയോക്തിയല്ലെന്ന് കെല്‍ട്രോണിന്റെ ഒരു കത്ത് തെളിവായി കണ്ടെടുത്ത് സി.എ.ജി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വാഹനങ്ങളില്‍ ജി.പി.എസ് സിസ്റ്റം ഘടിപ്പിക്കാനുള്ള കരാര്‍ പൊലീസ് കെല്‍ട്രോണിന് കൊടുത്തു. അവരത് പാനാസോണിക് കമ്പനിയെ ഏല്‍പ്പിച്ചു. കരാര്‍ നിശ്ചയിക്കും മുന്‍പ് കെല്‍ട്രോണ്‍ പാനാസോണിക്കിനെഴുതിയ കത്ത് ഇങ്ങിനെയാണ്.  പുതിയ ടാബ് ലെറ്റിന്റെ പരിശോധനക്കായി ശ്രീ. ലോക്നാഥ് ബെഹ്റയെ അടുത്തദിവസം കാണും.

നിങ്ങള്‍ കോട്ട് ചെയ്യുന്ന തുക നികുതിയും ചേര്‍ത്ത് ഒരു ലക്ഷത്തില്‍ താഴെയാവണമെന്നാണ് ബെഹ്റ പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഞങ്ങളുടെ ലാഭശതമാനത്തെ ബാധിക്കാത്തവിധം നിങ്ങളുടെ വില നിശ്ചയിക്കുമല്ലോ....അതായാത് കരാറെടുക്കും മുന്‍പ് തന്നെ എല്ലാവരുടെയും ലാഭം നോക്കിയാണ് സാധനങ്ങളുടെ വിലനിശ്ചയിക്കുന്നതെന്ന് വ്യക്തം.

2013 മുതല്‍ 18 വരെയുള്ള കാലത്തിനിടെ  ഒന്നും രണ്ടും ഇടപാടല്ല, 13 കരാറുകളിലാണ് തട്ടിപ്പ് നടത്തിയത്. ഡിജിറ്റലൈസേഷനും മൊബൈല്‍ വിപ്ളവുമെന്നെല്ലാം പറഞ്ഞ് ഓരോ നാഴികക്കല്ല് പിന്നിട്ടെന്ന് പൊലീസ് അവകാശപ്പെടുമ്പോള്‍ ഉന്നതരുടെ പോക്കറ്റിലേക്ക് പോയത് കോടികളാണ്. തട്ടിപ്പ് നടത്തുമ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം പോലും ആരും നോക്കിയില്ല. കാരണം പൊലീസ് വാഹനത്തില്‍ വയ്ക്കാന്‍ വാങ്ങിയ 40 ടാബ് ലെറ്റുകള്‍ പോലും ഏമാന്‍മാര്‍ അടിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ നാണിപ്പിക്കുന്ന കണ്ടെത്തല്‍. 

പ്രതിഷേധ സമരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടും പൊലീസിലെ ക്രമക്കേടും. പക്ഷെ രമേശ് ചെന്നിത്തലയുെട പ്രതിപക്ഷം തണുത്തുറഞ്ഞ് പ്രസ്താവന നാടകത്തില്‍ കടമകഴിക്കുകയാണ്. 

അതിനപ്പുറത്തേക്ക് പോയാല്‍ ചിലപ്പോള്‍ ഡി.ജി.പിക്കൊപ്പം പ്രതിപക്ഷ നേതാവും പ്രതിക്കൂട്ടിലായേക്കും. കാരണം ക്രമക്കേട് കണ്ടെത്തിയതിലെ മൂന്ന് വര്‍ഷക്കാലം പൊലീസിനെ നയിച്ചത് രമേശ് ചെന്നിത്തലയാണ്. വെടിയുണ്ട കാണാതെ പോയത് ഈ കാലത്താണ്. തോക്കും കാണാനില്ലെന്ന് ഈ കാലത്ത് തിരിച്ചറിഞ്ഞിരുന്നു. പക്ഷെ അന്വേഷിക്കാന്‍ പോലും ചെന്നിത്തലയുടെ പൊലീസ് മെനക്കെട്ടില്ല. കെല്‍ട്രോണുമായി ചേര്‍ന്നുള്ള എല്ലാ അഴിമതിക്കച്ചവടവും ആ കാലത്തും നടന്നിരുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അഴിമതിയില്‍ പിണറായി സര്‍ക്കാരിന് പങ്കെന്ന് ആരോപിച്ചാല്‍ പകുതി അഴിമതിയുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി സര്‍ക്കാരും പങ്കിട്ടെടുക്കേണ്ടിവരും.

ക്രമക്കേടുകളെല്ലാം കണ്ടുപിടിച്ച സി.എ.ജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ഡി.ജി.പിയുടേയും കൂട്ടരുടേയും ശ്രമം. രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ നിയമപരമായി നേരിട്ടോളാമെന്ന മറുപടിയും. അങ്ങിനെ ന്യായീകരിച്ച് മുഖംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കുന്നത്  നല്ലത്. കയ്യോടെ പിടിക്കപ്പെട്ട പല കള്ളത്തരങ്ങളും ഇതിന് മുന്‍പ് നടത്തിയിരുന്നു, നടത്താന്‍ ശ്രമിച്ചിരുന്നു.

തലസ്ഥാനത്തുള്ള പൊലീസ് സ്റ്റേഷനാണിത്....ഇതിന്റെ ചുമരിലേക്കൊന്ന് സൂക്ഷിച്ച് നോക്കണം. കയ്യോടെ പിടിക്കപ്പെട്ട ഒരു പെയിന്റ് തട്ടിപ്പിന്റ കഥ തെളിഞ്ഞുവരുന്നത് കാണാം. ബെഹ്റ ഡി.ജി.പിയായപ്പോള്‍ കാലങ്ങളായി പല നിറങ്ങളിലുള്ള  സ്റ്റേഷനുകളുടെ മുഖച്ഛായ ഏകീകരിക്കാന്‍ തീരുമാനിച്ചു. എല്ലാ സ്റ്റേഷനിലും എത്രയും വേഗം പുതിയ പെയിന്റടിക്കണമെന്ന് ഉത്തരവിറക്കി. ഒരു ബ്രാന്‍ഡഡ് കമ്പനിയുടെ പെയിന്റെ മാത്രമേ വാങ്ങാവൂവെന്ന കട്ടായമ പറഞ്ഞു. പെയിന്റ് കമ്പനിയുട ബ്രാന്‍ഡ് അംബാസിഡറാണോ സംസ്ഥാനത്തിന്റ ഡി.ജി.പിയെന്നും കമ്മീഷനാണ് ഇടപാടെന്നും ചോദ്യങ്ങളുയര്‍ന്നു. മാധ്യമങ്ങള്‍ ഇടപെട്ടതോടെ ഉത്തരവ് തിരുത്തി ബഹ്റ തടിതപ്പി.

പെയിന്റില്‍ പിഴച്ച തന്ത്രം പിന്നെ പയറ്റിയത് യൂണിഫോമിലാണ്. കാക്കിക്കുപ്പായത്തിന് പകിട്ട്പോരെന്ന് തോന്നിയ മേധാവി ആ നിറത്തിന് കൂടുതല്‍ തിളക്കം വരുത്താന്‍  ശ്രമിച്ചു..പഴയതുപോലെ ഒരു ബ്രാന്‍‍ഡഡ് കമ്പനിയുടെ പേര് പറഞ്ഞ്,  അന്പത്തയ്യായിരം പൊലീസുകാരും അതുവാങ്ങണമെന്ന് ഉത്തരവിറക്കി. അവിടെയും തുണിക്കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ബ്രാന്‍ഡഡ് പോയിട്ട് കുട്ടികള്‍ക്ക് യൂണിഫോം വാങ്ങാന്‍ പാങ്ങില്ലാത്ത പാവം പൊലീസുകാര്‍ ഒളിഞ്ഞും തെളിഞ്ഞും പരാതി പറഞ്ഞതോടെ വാര്‍ത്തയായി. വിവാദമായി.. പതിവുപോലെ ഉത്തരവ് തിരുത്തി മേധാവി കളംവിട്ടു...പക്ഷെ ഇവിടെ ഇനി ഉത്തരവ് തിരുത്തി രക്ഷപെടാനാവില്ല...വര്‍ഷങ്ങള്‍ക്ക് നീണ്ട ഓഡിറ്റിങിനും വിലയിരുത്തലിനുമെല്ലാം ശേഷം തയാറാക്കിയ അന്തിമറിപ്പോര്‍ട്ടാണ്. നിയമസഭ സമിതിക്ക് മുന്നില്‍ ഉത്തരം പറഞ്ഞേപറ്റു..

മലയാളി ഈ കരച്ചില്‍ മറന്നിട്ടില്ല. കോട്ടയത്തെ കെവിന്റെ നീനുവാണിത്. ലോക്നാഥ് ബെഹ്റയുടെ പൊലീസ് ഈ കരച്ചില്‍ കാണാതെ പുച്ഛിച്ച് തള്ളിയപ്പോള്‍ നീനുവിന് നഷ്ടമായത് ഭര്‍ത്താവിനെയാണ്, ഒരു നിര്‍ധന കുടുംബത്തിന് ഇല്ലാതായത് അവരുടെ മകനെയാണ്. കെവിനെ തട്ടിക്കൊണ്ടുപോയെന്ന നീനുവിന്റെ പരാതിക്ക് പൊലീസ് ചെവികൊടുത്തിരുന്നെങ്കില്‍ പിറ്റേദിവസം കെവിന്‍ തെന്‍മലയിലെ പുഴയില്‍ കൊല്ലപ്പെട്ട് കിടക്കില്ലായിരുന്നു. 

കോട്ടയത്ത് പൊലീസിന്റെ വീഴ്ചയെങ്കില്‍ വരാപ്പുഴയിലും നെടുങ്കണ്ടത്തും കണ്ടത് പൊലീസ് കൊലയാളിയാകുന്നതാണ്. വരാപ്പുഴയില്‍ ശ്രീജിത്തിനെ വീട്ടില്‍ കയറിപിടിച്ച് ചവിട്ടിക്കൊന്നതില്‍ സി.ഐ മുതല്‍ മുതല്‍ പ്രതിക്കൂട്ടിലായപ്പോള്‍ എസ്.പിക്കും വില്ലന്റെ റോളായിരുന്നു. നെടുങ്കണ്ടത്ത് ഉദയകുമാറിനെ ലോക്കപ്പിലിട്ട് കൊന്നത് ചിട്ടിപ്പണത്തിന്റെ പങ്ക് തേടിയാണ്. തട്ടിപ്പുകാരുടെയും കൊലയാളിയുടെയും കുപ്പായം ഒരുമിച്ചാണ് പൊലീസ് ഇവിടെയണിഞ്ഞത്.

കേട്ടാലറയ്ക്കുന്ന തെറി ഉളുപ്പില്ലാതെ വിളിച്ച് പറയുന്ന കാക്കിക്കാരെയും ബെഹ്റയുടെ കാലത്ത് കേരളം കണ്ടു. വാളയാറിലെ കുഞ്ഞുങ്ങള്‍ കയറില്‍ തൂങ്ങിയാടിയപ്പോള്‍ പൊലീസ് ചിരിച്ചുകൊണ്ട് നോക്കിനിന്നു. ആ സഹോദരികള്‍ പീഡനത്തിനിരയായെന്ന് കേട്ടപ്പോഴും നീതിബോധം തെല്ലും കാക്കിക്കുള്ളില്‍ ഉണര്‍ന്നില്ല. കൊലയാളികള്‍ കോടതിയില്‍ നിന്ന് മോചനം നേടി സുഖജീവിതം നയിക്കുമ്പോഴും മലയാളികളെ പൊലീസ് കൈമലര്‍ത്തിക്കാട്ടി...ഇവിടെയെല്ലാം പൊലീസിനെ തിരുത്താന്‍ നടക്കുകയായിരുന്നു ലോക്നാഥ് ബെഹ്റ.

ആശാന് അക്ഷരം ഒന്ന് പിഴച്ചാല്‍ അമ്പത്തൊന്നും പിഴയ്ക്കും ശിഷ്യര്‍ക്ക്...എന്നൊരു ചൊല്ലുണ്ട്. ഇവിടെ ഇത്രയും നാളും പൊലീസുകാരെ തിരുത്താന്‍ നടന്ന പൊലീസ് മേധാവിക്ക് അടിമുടി പിഴച്ചിരുന്നു എന്നാണ് ഇപ്പോഴത്തെ ഓരോ തെളിവുകളും സാക്ഷ്യപ്പെടുത്തുന്നത്. പൊലീസില്‍ ചികിത്സ തുടങ്ങേണ്ടത് തലപ്പത്ത് നിന്ന് തന്നെയെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് ബെഹ്റയുടെ തുടക്കം മുതല്‍ ഇന്ന് വരെയുള്ള ഓരോ സംഭവങ്ങളും

വീഴ്ചകളും പൊലീസിന്റെ ക്രിമിനല്‍ വല്‍ക്കരണവും പ്രകടമായ നാളുകളായിരുന്നു ബെഹ്റയുടെ മൂന്നര വര്‍ഷക്കാലം. ക്രിമിനല്‍ പൊലീസുകാരെ പിരിച്ചുവിടുമെന്ന് പലതവണ ഡി.ജി.പി പറഞ്ഞെങ്കിലും ഒരു ചുക്കും ചെയ്തില്ല. വിവാദസമയത്ത് സസ്പെന്‍ഡ് ചെയ്തവരെയെല്ലാം വിവാദം ഒടുങ്ങിയ മുറയ്ക്ക് തിരിച്ചെടുത്തു. പൊലീസുകാരനെ തല്ലിയ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ കുറ്റപത്രം കൊടുക്കാന്‍ പോലും ബെഹ്റയുടെ പൊലീസിന് ത്രാണിയുണ്ടായിട്ടില്ല. പ്രഖ്യാപനങ്ങള്‍ക്ക് കീറച്ചാക്കിന്റെ വിലപോലുമില്ലായെന്ന് പലതവണ തെളിയിച്ചു.

മുഖ്യമന്ത്രിക്കസേരയിലിരുന്ന് പിണറായി വിജയന്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചതും ഏറ്റുപറഞ്ഞതും പൊലീസിനെ തിരുത്തുമെന്നാണ്. ശക്തനായ നേതാവെന്ന് അനുയായികള്‍ പുകഴ്ത്തുന്ന പിണറായി വിജയന് പോലും പക്ഷെ പൊലീസിന് നേര്‍വഴിക്കാക്കാന്‍ കഴിഞ്ഞില്ല. അതിന്റെ പ്രധാന കാരണം തിരുത്തുമെന്ന് പറയുമ്പോഴും മുഖ്യമന്ത്രി ഡി.ജി.പിയെ ന്യായീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ ഫണ്ട് കയ്യിട്ട് വാരിയെന്നും കോടികളുടെ കമ്മീഷന്‍ അടിച്ചുമാറ്റിയെന്നും സി.എ.ജി കണ്ടെത്തിയിട്ടും ആ ന്യായീകരണം തുടരാനാണ് മുഖ്യമന്ത്രിക്കും ഇഷ്ടം. 

അഴിമതിക്കെതിരെ നിലപാട് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന സി.പി.എമ്മും സ്വന്തം പൊലീസിനും മേധാവിക്കുമെതിരെ അഴിമതി റിപ്പോര്‍ട്ട് വന്നപ്പോള്‍ നിലപാട് മറന്നു. അതെല്ലാം രാഷ്ട്രീയ ആരോപണമായി എഴുതിതള്ളി...ആരോപണ വിധേയര്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച് സംരക്ഷണ കവചം ഒരുക്കി സമരപ്രസ്ഥാനം. അങ്ങിനെ പൊലീസും ബെഹ്റയും മിസ്റ്റര്‍ ക്ളീനാകുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...