ഇറാന്‍റെ ഹൃദയം തകര്‍ത്ത് ഗള്‍ഫ്; സംഘര്‍ഷ ചരിത്രം; യുദ്ധമുനയില്‍ ഗള്‍ഫ്

iran-america
SHARE

ഇറാന്‍ അമേരിക്ക പോര്‍വിളി പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇറാനിലെ ജനകീയനായ സൈനികതലവന്‍ ഖാസിം സുലൈമാനിയുടെ വധമാണ് യുദ്ധകാഹളം മുഴങ്ങാന്‍ കാരണമായത്. ഗള്‍ഫ് മേഖലെയാകെ ബാധിച്ചേക്കുന്ന സാഹചര്യം ഇന്ത്യയും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. മേഖലയില്‍ വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്നു അമേരിക്ക. വിഡിയോ കാണാം.

ഇറാന്‍ വിപ്ലവകാലം മുതല്‍ 2015 വരെ ഏറിയും കുറഞ്ഞുമിരുന്ന അമേരിക്കന്‍ സംഘര്‍ഷ,സമവായ ചരിത്രം ആദ്യമൊന്ന് നോക്കാം. 1957ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം അമേരിക്ക ഇറാണ് ആണവ റിയാക്ടര്‍ നല്‍കി.  സമാധാനപരമായ ആണവ പദ്ധതികൾക്കുള്ള കരാറായിരുന്നു ഇത്. 1979ലെ   ഇസ്‍‌ലാമിക വിപ്ലവം കാര്യങ്ങളുടെ ഗതിമാറ്റി. യുഎസ് പിന്തുണയുള്ള ഷാ ഭരണകൂടം അട്ടിമറിക്കപ്പെട്ടതോടെ യുഎസ് ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. 84 ആയപ്പോഴേക്കും ബന്ധം തീര്‍ത്തും വഷളായി.  ഇറാൻ ഭീകരത വളർത്തുന്ന രാജ്യമാണെന്നു യുഎസിന്റെ പ്രഖ്യാപനം. 1988 ല്‍ ഇറാന്റെ യാത്രാവിമാനം യുഎസ് അബദ്ധത്തിൽ വെടിവച്ചിട്ടതില്‍ 290 പേര്‍ കൊല്ലപ്പെട്ടു. ഏറിയും കുറഞ്ഞും സംഘര്‍ഷം തുടരുന്നതിനിടെ 2002 ല്‍ ഇറാൻ, ഇറാഖ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ തിന്മയുടെ അച്ചുതണ്ടായി യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ്  പ്രഖ്യാപിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കുവേണ്ടിയെന്നു പറഞ്ഞ് ഇറാൻ നടത്തുന്ന ആണവപ്രവർത്തനം, വിശേഷിച്ച് യുറേനിയം സമ്പുഷ്ടീകരണം ബോംബ് നിർമാണ ലക്ഷ്യത്തോടെയാണെന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ആരോപിച്ചു. 

ആണവപ്രവർത്തനം നിർത്തണമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി പല തവണ ഇറാനോട് ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന്  2010 ചില മേഖലകളിൽ ഇറാന് ഉപരോധം ഏർപ്പെടുത്തുന്നതായി യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയം പാസായി. അമേരിക്കയും 28 അംഗ യൂറോപ്യൻ യൂണിയനും സ്വന്തം നിലയിലും ഉപരോധം ഏർപ്പെടുത്തി. പാശ്ചാത്യരാജ്യങ്ങളിലെ ബാങ്കുകളിൽ ഇറാനുണ്ടായിരുന്ന ആസ്തികൾ മരവിപ്പിക്കപ്പെട്ടു. . ഇതുകാരണം ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങൾക്കും ഇറാനുമായി വ്യാപാര ഇടപാടുകൾ നടത്താൻ പ്രയാസം നേരിട്ടു. അമേരിക്കയും 28 അംഗ യൂറോപ്യൻ യൂണിയനും സ്വന്തം നിലയിലും ഉപരോധം ഏർപ്പെടുത്തുകയുണ്ടായി. ണ്ണകയറ്റുമതിയിൽ മുൻനിരയിലുണ്ടായിരുന്ന ഇറാന് ഇതുകാരണം എണ്ണ കയറ്റുമതിചെയ്യാൻ തടസ്സം നേരിട്ടു. അത്യാധുനിക സാങ്കേതികവിദ്യകൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നു വ്യവസായ വികസനവും വൈവിധ്യവൽക്കരണവും അസാധ്യമായി. ഇതി‌ന്റെയെല്ലാം ഫലമായി ഇറാനിലെ എട്ടു കോടിയോളം ജനങ്ങൾ ദുരിതത്തിലായി.  അമേരിക്കയില്‍ ബറാക് ഒബാമ സര്‍ക്കാര്‍ അധികാരത്തിലേറിയ 2012ല്‍ കാര്യങ്ങള്‍ മാറിത്തുടങ്ങി. 

ഇറാനും യുഎസും തമ്മിൽ രഹസ്യ ചർച്ചകൾ നടന്നു. 2013 യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയും തമ്മിൽ ഫോണിൽ സംസാരിച്ചു. ബന്ധം ഊഷ്മളമാവുന്നതിന് ഇതു വഴിതെളിച്ചു. ആണവ പദ്ധതികൾ കുറയ്ക്കാൻ ഇറാൻ സമ്മതിച്ചു. ഇതോടെ ആണവകരാറിനുള്ള ചര്‍ച്ചകള്‍ സജീവമായി. വിയന്നയിൽ ഏഴുരാഷ്ട്രങ്ങളുടെ (ഇറാൻ, യുഎസ്, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, ജർമനി) വിദേശകാര്യമന്ത്രിമാർ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവില്‍ 2015 ജൂലൈയില്‍    ആണവക്കരാര്‍ പിറന്നു. കരാർ പ്രകാരം ഇറാന്റെ ആണവപദ്ധതികൾ രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) യുടെ കർശന നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനും വിധേയമായി. യുഎൻ നിരീക്ഷകർക്ക് ഇറാനിലെ സൈനികകേന്ദ്രങ്ങൾ പരിശോധിക്കാനും അനുമതിനല്‍കി ഇറാനെതിരെയുള്ള ആയുധ ഉപരോധം അഞ്ചുവർഷം കൂടിയും മിസൈൽ സാങ്കേതിക വിദ്യ വാങ്ങുന്നതിനുള്ള നിരോധനം എട്ടുവർഷം തുടരുമെന്നും കരാര്‍ പറഞ്ഞു. കരാർ ലംഘിച്ചാൽ 65 ദിവസത്തിനകം ഉപരോധം ഏർപ്പെടുത്താനും വ്യവസ്ഥയുണ്ട്.  പക്ഷേ ഇതില്‍ അസംതൃപ്തരായ ചിലര്‍ ചുറ്റുമുണ്ടായിരുന്നു. സൗദി അറേബ്യയും ഇസ്രയേലും. ഇറാനെ വിശ്വസിക്കാന്‍ കഴിയില്ല എന്ന നിലപാടിലായിരുന്നു സൗദി. സല്‍മാന്‍ രാജാവ് നേരിട്ട് പ്രസിഡന്‍റ് ഒബാമയെക്കണ്ട് അതൃപ്തി അറിയിക്കുകയും ചെയ്തു. യമന്‍ ആഭ്യന്തരയുദ്ധത്തില്‍ സര്‍ക്കാര്‍ പക്ഷത്ത് നിലയുറപ്പിച്ച സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയ്‌ക്ക് ഇറാന്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഹൂതി വിമതര്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നതായി സൗദി ആരോപിച്ചു. 

സനായ്ക്കു കിഴക്കുള്ള മറിബിലെ ആയുധശാലയ്ക്കുനേരെ വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ 60 ഗൾഫ് സൈനികർ കൊല്ലപ്പെട്ടത് സ്ഥിതിഗതികള്‍ വഷളാക്കി. സൗദി പിന്തുണയുള്ള യെമനിലെ അബ്ദുറബ് മൻസൂർ ഹാദി ഭരണകൂടം ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. സിറിയന്‍ ആഭ്യന്തരയുദ്ധമായിരുന്നു മറ്റൊരു പോരാട്ടവേദി.  അസദ് ഭരണകൂടത്തിനു പിന്തുണയുമായി കരയുദ്ധത്തിനു നൂറുകണക്കിന് ഇറാൻ സൈനികര്‍  സിറിയയിലെത്തി.  ലബനനിലെ ഹിസ്ബുല്ലയുടെയും ഇറാഖിലെ ഷിയാ പോരാളികളുടെയും പിന്തുണയുണ്ടായിരുന്നു ഇറാനാ‍ നീക്കത്തിന്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട കാസിം സുലൈമാനി.  ഇറാനും ബഹ്റൈനുമായുള്ള ബന്്ധവും ഇതിനിടെ വഷളായി. ബഹ്റൈനിൽ സംഘർഷം സൃഷ്ടിക്കാനും തീവ്രവാദം വളർത്താനും ഇറാൻ ശ്രമിക്കുന്നതായായിരുന്നു ബഹ്റൈന്റെ ആരോപണം. ഇതെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ  ഇറാനെതിരായ അമേരിക്കയുടേതടക്കമുള്ള  രാജ്യാന്തര ഉപരോധങ്ങള്‍ നീക്കി. ഒരു പതിറ്റാണ്ടിലേറെ നീണ്ട നിർജീവ‌ാവസ്ഥയ്ക്കുശേഷം ഇന്ത്യ–ഇറാൻ ബന്ധവും ഉൗഷ്മളമായി. ഇറാ‌ന്റെ തെക്കുകിഴക്ക് ഒമാൻ കടലിടുക്കി‌ന്റെ തീരത്തെ ചാബഹാറിൽ വൻ തുറമുഖം നിർമിക്കാനും പ്രവർത്തിപ്പിക്കാനുമുള്ളതടക്കം നിരവധി കരാറുകളില്‍ ഒപ്പുവച്ചു. പക്ഷേ ഇറാൻ ഭീകരപ്രവർത്തനം പ്രോൽസാഹിപ്പിക്കുകയാണെന്ന ആരോപണവുമായി 11 അറബ് രാജ്യങ്ങൾ രംഗത്തെത്തി. 

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് സംഘർഷവും അസ്ഥിരതയും വളർത്തുകയാണെന്നും യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, സുഡാൻ, മൊറോക്കോ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യെമൻ എന്നീ രാജ്യങ്ങൾ യുഎൻ പൊതുസഭയ്ക്കു നൽകിയ കത്തിൽ‌ ആരോപിച്ചു. യെമനിലെ ഹൂതി വിമതർ, ലെബനനിലെ ഹിസ്ബുല്ല വിഭാഗം തുടങ്ങി വിവിധ രാജ്യങ്ങളിലെ തീവ്രവാദികളെ ഇറാൻ സഹായിക്കുന്നതായായിരുന്നു ആരോപണം. ഇതോടെ ആണവക്കരാറിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി 10 വർഷത്തേക്ക് ഇറാനെതിരെ സാമ്പത്തിക ഉപരോധം നീട്ടാൻ യുഎസ് നിയമനിർമാണം കോൺഗ്രസ് നടത്തി.

ആങ്കര്‍: വാഷിങ്ടണിലെ ഭരണമാറ്റത്തോടെയാണ് ഇറാനെതിരായ പുതിയ നീക്കത്തിന് തുടക്കമാവുന്നത്. ഇറാന്‍ ആണവകരാര്‍ അമേരിക്ക ഒപ്പുവച്ച ഏറ്റവും വിനാശകരമായ ഒന്നെന്ന് വിശേഷിപ്പിച്ച ഡോണള്‍ട് ട്രംപാണ് 2016ല്‍ അമേരിക്കന്‍ രാഷ്ട്രത്തലവനായത്. ഇറാനുമായുള്ള ആണവക്കരാർ റദ്ദാക്കുമെന്നു തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനിടെ തന്നെ ട്രംപ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിൽ വൻ സംഘർഷസാധ്യത തട്ടിമാറ്റുകയും രാജ്യാന്തരതലത്തിൽ നാഴികക്കല്ലാവുകയും ചെയ്ത 2015ലെ ചരിത്രപ്രധാനമായ ഇറാൻ ആണവക്കരാറിൽനിന്നു പിന്മാറാനുള്ള തീരുമാനത്തിന് ട്രംപ് സര്‍ക്കാര്‍ അധിക സമയമെടുത്തില്ല. 

പശ്ചിമേഷ്യയിൽ ഭീകരതയെ പോറ്റിവളർത്തുന്നത് ഇറാനാണെന്നും യുഎസിന്റെ സഖ്യകക്ഷികളായ സുന്നി രാഷ്ട്രങ്ങളുമായി അവർ സംഘർഷം സൃഷ്ടിക്കുകയാണെന്നുമായിരുന്നു ട്രംപ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.  സ് പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശയാത്രയ്ക്കു ഡോണൾഡ് ട്രംപ് തിരഞ്ഞെടുത്തത് സൗദി അറേബ്യയാണ് എന്നതു തന്നെ മധ്യപൂര്‍വദേശത്തെ അദ്ദേഹത്തിന്‍റെ താല്‍പര്യം വെളിപ്പെടുത്തുന്നതായിരുന്നു. 

മധ്യപൗരസ്ത്യ മേഖലയിലെ അസ്ഥിരതയ്ക്കു കാരണം ഇറാനാണെന്ന് അറബ്– ഇസ്ലാമിക്– യുഎസ് ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് തുറന്നടിച്ചു. ഭീകരവാദികൾക്ക് ഇറാൻ ആയുധവും പണവുമെത്തിക്കുന്നു. പരിശീലനവും നൽകുന്നു. ഇറാനെ ഒറ്റപ്പെടുത്താൻ ലോകരാജ്യങ്ങൾ ഒരുമിച്ചുനിൽക്കണമെന്ന് പ്രസിഡന്‍റ് ട്രംപ് ആവശ്യപ്പെട്ടു.  ഇറാന്റെ സഹായത്തോടെയാണു സിറിയയിൽ ബഷാർ അൽ അസദ് സർക്കാർ ക്രൂരത അഴിച്ചുവിടുന്നതെന്ന കുറ്റപ്പെടുത്തലും അദ്ദേഹം നടത്തിയത് സൗദി അറേബ്യയെയും മേഖലയിലെ മറ്റ് ഇറാന്‍ വിരോധികളെയും സന്തോഷിപ്പിച്ചു.  റഷ്യ, ഇറാൻ, സിറിയ, ഇസ്‌‍ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്നിവയാണു യുഎസ് നേരിടുന്ന ഭീഷണിയെന്നു ആദ്യമെ പരസ്യമായി പറഞ്ഞ മൈക്ക് പൊംപെയോ വിദേശകാര്യ സെക്രട്ടറിയായത് ഇറാന്‍വിരുദ്ധ നീക്കത്തിന് ആക്കം കൂട്ടി.  'ഇറാനെ പിടിച്ചുനിർത്താൻ, ഇറാനിൽ ബോംബിടുക' എന്ന് പറഞ്ഞ ജോണ്‍ ബോള്‍ട്ടന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി. 

2018 മെയില്‍  ഇറാൻ ആണവക്കരാറിൽനിന്നു പിന്മാറാനുള്ള തീരുമാനം  പ്രസിഡന്റ്  ട്രംപ് പ്രഖ്യാപിച്ചു. ഉപരോധങ്ങള്‍ പുനസ്ഥാപിച്ചു.രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയര്‍ന്നു.  പക്ഷേ  അവധാനതയോടെയായിരുന്നു ടെഹ്റാന്‍റെ മറുപടി. യുഎസ് ഇല്ലെങ്കിലും കരാറുമായി മുന്നോട്ടുപോകുമെന്നായിരുന്നു  പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പ്രതികരണം. കരാറിൽ ഉൾപ്പെട്ട മറ്റു രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കും. യുഎസ് പിന്മാറിയാലും കരാറുമായി മുന്നോട്ടു പോകുമെന്ന് അവരുടെ സഖ്യരാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസും ജർമനിയും പ്രഖ്യാപിച്ചു. ചൈനയും റഷ്യയും ഇതെ നിലപാടെടുത്തു. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരി്ക്ക രംഗത്തെത്തി.  എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഈ ആവശ്യത്തിന് പൂര്‍ണമായി വഴങ്ങാന്‍ തയാറായില്ല.

യുഎസ് പിന്‍മാറ്റം അപമാനകരമായിരുന്നു ഇറാന്. മാത്രമല്ല ഇറാനെ സാമ്പത്തികമായി തകര്‍ക്കാന്‍ ഉപരോധങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കം ട്രംപ് സര്‍ക്കാര്‍ ശക്തമാക്കുകയും ചെയ്തു. 

മധ്യപൂര്‍വദേശത്തുനിന്ന് സൈനികരെ പിന്‍വലിക്കുമെന്നത് നിലപാടായി പറഞ്ഞിട്ടുള്ള ഡോണള്‍ട് ട്രംപ് 2019ന്‍റെ തുടക്കത്തില്‍ ഒരു കാര്യം വ്യക്തമാക്കി . ഇറാഖിൽ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിർത്തുന്നത്   ഇറാനെ നിരീക്ഷിക്കാനാണ്. യുഎസിന്റെ നേതൃത്വത്തിൽ 60 രാജ്യങ്ങൾ പങ്കെടുക്കുന്ന ഇറാൻ വിരുദ്ധ ഉച്ചകോടി പോളണ്ടില്‍ നടന്നു. സൗദി അറേബ്യയുടെ പിന്തുണയോടെ ഇറാന്‍റെ എണ്ണവിപണി തകര്‍ക്കാനുള്ള നീക്കം വാഷിങ്ടണ്‍ ശക്തമാക്കി.  ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധം വരുമെന്നാണ് ഭീഷണിയെത്തി.യുഎസ് ഉപരോധത്തിൽ നിന്നു മറ്റു വൻശക്തികൾ സംരക്ഷണം നൽകിയില്ലെങ്കിൽ ആണവപദ്ധതി പുനരാരംഭിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നൽകി. പക്ഷേ അമേരിക്ക ഭീഷണിയുടെ സ്വരം കടുപ്പിച്ചു. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അപ്രതീക്ഷിതമായി ഇറാഖ് സന്ദർശിക്കുകയും ഗൾഫ് മേഖലയിൽ യുഎസ് വിമാന വാഹിനികൾ അണിനിരക്കുകയും ചെയ്തു.  യുഎസിന്റെ അടുത്ത നീക്കം ചുരുൾനിവർന്നത് ഏപ്രിലിൽ ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെയാണ്. യുഎസ് പിന്തുണയോടെ ഗോലാൻ കുന്നുകൾ ഇസ്രയേലിനോടു ചേർത്തു. ഇറാൻ റവല്യൂഷനറി ഗാർഡ് കോറിനെ (ഐആർജിസി) ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചു. തകരുന്ന സമ്പദ്വ്യവസ്ഥ മോശം സമ്പദ്ഘടന ഇറാനെ ഭരണമാറ്റത്തിനു നിർബന്ധിക്കുമെന്ന യുഎസ് കണക്കുകൂട്ടൽ പക്ഷെ തെറ്റി.സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ ജൂണില്‍ ഹോർമുസ് കടലിടുക്കിനു മുകളിൽ യുഎസ് നാവികസേനയുടെ ആളില്ലാ വിമാനം (ഡ്രോൺ) ഇറാൻ മിസൈൽ അയച്ചു തകർത്തു. 

രാജ്യാന്തര വ്യോമമേഖലയിലായിരിക്കെയാണു വിമാനം വീഴ്ത്തിയതെന്നാണ് യുഎസ് സൈന്യത്തിന്റെ വാദം. ഡ്രോൺ വീഴ്ത്തിയതിലൂടെ ഇറാൻ 'ഭീമാബദ്ധം' കാട്ടിയെന്നു ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെ യുഎസ് പോർവിമാനങ്ങൾ പറന്നുയർന്നു, പടക്കപ്പലുകൾ അണിനിരന്നു, പക്ഷെ അവസാന നിമിഷം ആക്രമണ തീരുമാനത്തില്‍ നിന്ന് യുഎസ് പിന്‍മാറി.ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വിദേശകാര്യമന്ത്രി ജവാദ് ഷെരീഫും ഉൾപ്പെടെയുള്ള ഉന്നതരെ രാജ്യാന്തര ധനഇടപാടുകൾ നടത്തുന്നതിൽ നിന്നു വിലക്കുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പുവച്ചു.  

ഗള്‍ഫ് മേഖലയിലുടനീളം സംഘര്‍ഷങ്ങളുടെ തുടര്‍ക്കഥയായിരുന്നു പിന്നീട്. സൗദിയിലെ എണ്ണ പ്ലാന്റുകൾക്കു നേരെ ഹൂതികൾ നടത്തിയ ആക്രമണമായിരുന്നു ഇതില്‍ പ്രധാനം. ഇറാനാണ് സഹായിക്കുന്നതെന്ന് ആരോപിച്ച അമേരിക്ക , യുദ്ധസന്നദ്ധത പ്രഖ്യാപിച്ചു. മേഖലയിലുള്ള യുഎസ് സൈനികത്താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും തങ്ങൾ പൂർണയുദ്ധത്തിനു സജ്ജരാണെന്നും ഇറാനും മുന്നറിയിപ്പു നൽകി. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആരോപണമുയർന്നു. 

ഹോർമുസ് കടലിടുക്കിൽ ഫുജൈറയ്ക്കു സമീപം 4 എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായി. സൗദിയിലെ ഷുഖൈഖ് ജലശുദ്ധീകരണശാലയ്ക്കു  ഹൂതികള്‍ ആക്രമിച്ചു. 

ജൂലൈയില്‍: സിറിയയിലേക്ക് എണ്ണക്കടത്ത് ആരോപിച്ച് ഇറാന്റെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുക്കുകയും പകരം ബ്രിട്ടിഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുക്കുകയും ചെയ്തതും പശ്ചിമേഷ്യയെ സംഘർഷത്തിന്റെ മുൾമുനയിലാക്കി.. ഓഗസ്റ്റ് ല്‍ സൗദി അറേബ്യയിലെ ഷെയ്ബ പ്രകൃതിവാതക പ്ലാന്റിനു നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഓഗസ്റ്റില്‍  സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെ ഹൂത്തി മിസൈൽ ആക്രമണം.  സെപ്റ്റംബറില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്.  ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റ് അബ്ഖൈഖും സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടം ഖുറൈസും ആക്രമിക്കപ്പെട്ടു. സൗദി അറേബ്യയുടെ പ്രതിദിന ഉത്പാദനത്തിൽ 57 ലക്ഷം ബാരൽ കുറച്ചതോടെ 

ലോകത്തെ മൊത്തം എണ്ണ ഉത്പാദനത്തിൽ 5% കുറവ് സംഭവിച്ചു.  ഗൾഫ് മേഖലയിലേക്കു കൂടുതൽ സൈന്യത്തെ അയയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച യുഎസ്. ഇറാനെതിരെ കൂടുതൽ കർശന ഉപരോധങ്ങളും ഏര്‍പ്പെടുത്തി.  ഡിസംബറില്‍ ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍  ഒരു അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടത് എരിതീയില്‍ എണ്ണയൊഴിക്കുന്നതായി. ഇറാനാണ് പിന്നിലെന്ന് ആരോപിച്ച അമേരിക്ക ഇറാന്‍ പിന്തുണയുള്ള സംഘങ്ങളെ ആക്രമിച്ചു. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...