കത്തുന്ന പ്രതിഷേധം; ആളുന്ന ഇന്ത്യ

cab34
SHARE

ഒരു നിയമത്തിന്റെ പേരിൽ പ്രതിഷേധം രാജ്യമെമ്പാടും ആളിക്കത്തുകയാണ്. പൗരത്വഭേദഗതി ബിൽ നടപ്പാക്കുന്നതിനെതിരെ രാജ്യത്തെ ജനത ഒന്നാകെ തെരുവിലിറങ്ങുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. ഡല്‍ഹി ഗേറ്റില്‍ പ്രതിഷേധക്കാരെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാരെ കൂട്ടത്തോടെ തറയിലിട്ട് ചുറ്റുംനിന്ന് ക്രൂരമായി മര്‍ദിക്കുന്നത് ചിത്രീകരിച്ചതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രകോപനം. ഗുരുതരപരുക്കേറ്റ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക ഡല്‍ഹി ജുമാമസ്ജിദില്‍നിന്ന് തുടങ്ങിയ പ്രതിഷേധാര്‍ച്ച് സമാധാനപരമായി വൈകിട്ട് ആറുമണിവരെ ഡല്‍ഹി ഗേറ്റില്‍ തുടര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധത്തിലെ ഭൂരിഭാഗംപേരും പരിഞ്ഞുപോയശേഷം പെട്ടെന്ന് ആക്രമം പൊട്ടിപ്പുറപ്പെട്ടു. പൊലീസിനുനേരെ കല്ലേറുണ്ടായി. ഒരു വാഹനം അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു

പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും ഡല്‍ഹി ജുമാമസ്ജിദില്‍ അഭയംതേടി. ആസാദിന് സംരക്ഷണം ഒരുക്കി പ്രതിഷേധക്കാര്‍ പള്ളിയില്‍ തടിച്ചുകൂടി. ആസാദിനെ അറസ്റ്റുചെയ്യാന്‍ പൊലീസും എത്തിയിട്ടുണ്ട്. എന്നാല്‍ ആസാദിനെ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഏഴിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. 15 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു. അലിഗഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്തില്‍ പൊലീസ് ജീപ്പ് ആക്രമിച്ച സംഭവത്തില്‍ മൂവായിരം പേര്‍ക്കെതിരെ കേസെടുത്തു. 

ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ ഇന്ന് മാത്രം ആറ് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. പൊലീസ് വെടിവയ്പ്പിലല്ല ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിങ് അറിയിച്ചു.കനത്ത സുരക്ഷവലയത്തിലുള്ള ഉത്തര്‍പ്രദേശ് അക്ഷരാര്‍ഥത്തില്‍ ഇന്ന് സംഘര്‍ഷഭൂമിയായി . ബുലന്ദ്ശഹര്‍, മീറട്ട്, ഗോരഖ്പൂര്‍, ഹാപൂര്‍, ഗാസിയബാദ്, മുസഫര്‍നഗര്‍ എന്നിവിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധിയിടങ്ങളില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ബുലന്ദ്ശഹറില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളുടെ പേരില്‍ 350 പേരെയാണ് യുപിയില്‍ അറസ്റ്റ് ചെയ്തത്. ലക്നൗവില്‍ 150 പേര്‍ അറസ്റ്റിലായി. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപമുണ്ടാക്കിയതിനും സമാജ്‍വാദി പാര്‍ട്ടി എം.പി ഷഫിഖുര്‍ റഹ്‍മാനെതിരെയും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച പ്രാര്‍ഥനയ്ക്കുശേഷം സംഘര്‍മുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അലിഗഡ് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര ഭൂഷണ്‍ സിങ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 10 കമ്പനി സായുധ സേനയെയും നാല് കമ്പനി ദ്രുതകര്‍മ സേനയെയും വിന്യസിച്ചിട്ടുണ്ട്. അസമില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് വിച്ഛേദിച്ച മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു. ബിഹാറില്‍ ആര്‍ജെഡി നാളെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...