കൊട്ടിക്കലാശം കഴിഞ്ഞു; ഇനി തിരഞ്ഞെടുപ്പുകാലത്തെ തിരഞ്ഞെടുത്ത ട്രോളുകള്‍

SHARE
trollneww

തിരഞ്ഞെടുപ്പുകാലത്തിനെ നാക്കിന് ലൈസന്‍സില്ലാത്ത കാലം എന്നുകൂടി വിവക്ഷിക്കാം. ഉപതിരഞ്ഞെടുപ്പിലും അത് അങ്ങനെതന്നെയാണ്. ഇക്കുറി തമ്മില്‍ ചെളിവാരിയെറിയാന്‍ ഒരുമാസത്തെ വിശാലമായ സമയം കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്ക് കൈവന്നിരുന്നു. വേദികളില്‍ നിന്ന് വേദികളിലെത്തി കത്തിക്കയറാന്‍ കിട്ടിയ ആ അവസരം ആരും മിസാക്കിയില്ല. ഈ ഒരുമാസത്തില്‍ പിറന്ന വൈവിധ്യ ഡയലോഗുകളുടെ സംഗ്രഹമാണ് ഉപതിരഞ്ഞെടുത്ത ട്രോള്‍.

തിരഞ്ഞെടുപ്പു സമയത്ത് സ്ഥാനാര്‍ഥിക്ക് അല്ലെങ്കില്‍ അവരുടെ പാര്‍ട്ടിക്ക് പ്രചാരണത്തിനായുള്ള പരസ്യങ്ങള്‍ തയ്യാറാക്കുന്നതിനാണ് ഏറ്റവും പണച്ചിലവ് വരുന്നത്. പോസ്റ്ററടിക്കണം പാട്ടുണ്ടാക്കണം അനൗണ്‍സ്മെന്‍റ്, ചുവരെഴുത്ത് അങ്ങനെ നീളുന്നു സാമ്പത്തിക ചിലവുകള്‍. ഇതല്ലാതെയും പ്രചാരണത്തിന് വഴിയുണ്ട്. പക്ഷേ എതിരാളികള്‍ കനിയണം എന്നുമാത്രം. ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് ആലത്തൂരിലെ രമ്യ ഹരിദാസിനായിരുന്നു ചിലവുചുരുക്കലിന്  ഭാഗ്യം കിട്ടിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ നാക്ക് ചെറുതല്ലാത്ത പബ്ലിസിറ്റി രമ്യക്ക് നല്‍കി. ഈ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനു തന്നെയാണ് ഈ നറുക്ക്. അരൂരിലെ ഷാനിമോള്‍ ഉസ്മാന്.  പ്രതിസ്ഥാനത്ത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം.  മന്ത്രിമാര്‍ക്കിടയിലെ കവിയും കവികള്‍ക്കിടയിലെ മന്ത്രിയുമായ ജി സുധാകരന്‍. ഷാനിമോളെ സുധാകരന്‍ പൂതന എന്നു വിളിച്ചുവത്രേ. സംഗതി പുരാണത്തിലേതിനേക്കാള്‍ വിവാദമായി. 

ഇതൊന്നും കേട്ടിട്ട് ചരിത്രവും വര്‍ത്തമാനവും മനസിലാകാത്തവര്‍ക്കായി അരൂരുലെ കോണ്‍ഗ്രസുകാര്‍ പറഞ്ഞുതരും ആരാണ് പൂതന എന്ന്

ദ്വാപരയുഗവും ത്രേതായുഗവും തമ്മില്‍ കൂട്ടുപിണഞ്ഞ് ആകെ അലുക്കുലുത്തായതിനാല്‍ പൂതനാ മോക്ഷം പൂര്‍ത്തിയാകുകയാണ്. പക്ഷേ ഭക്തിമഞ്ചരി അവസാനിക്കുന്നില്ല. ഇനി ശബരിമലക്കാണ്. അടിയന്തിരാവസ്ഥയും വിഭാഗീയതയും ലാവ്‍ലിനും കഴിഞ്ഞാല്‍ കേരളത്തിലെ സിപിഎം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ശബരിമല എന്നുതോന്നുന്നു. മറിച്ച് ചിന്തിച്ചാല്‍ ഭൗതികവാദിയായ കമ്യൂണിസ്റ്റില്‍ വിശ്വാസത്തിന്‍റെ വിത്തുപാകാന്‍ ശബരിമലയും അയ്യപ്പനും കാരണക്കാരായി. മാര്‍ക്സിസവും ലെനിനിസവും തമ്മിലുള്ള അന്തര്‍ധാര സജീവമല്ലെന്നാണ് ഇടതുപാളയത്തില്‍നിന്നുള്ള ഡയലോഗുകള്‍ വ്യക്തമാക്കുന്നത്. ശബരിമലയുമായോ വിശ്വാസികളുമായോ പാര്‍ട്ടിക്ക് യാതോരു അകല്‍ച്ചയുമില്ലെന്ന് വീടുവീടാന്തരം കയറി പാര്‍ട്ടി സെക്രട്ടറി കോടിയേരി പറഞ്ഞുനോക്കി. ആരും വിശ്വസിച്ചില്ല. മകന്‍ ബിനോയ് കോടിയേരി കെട്ടും മുറുക്കി മലകയറിയിട്ടും നാട്ടുകാര്‍ സംശയത്തോടെ നോക്കുന്നതിലാണ് കോടിയേരിക്കും പാര്‍ട്ടിക്കും വിഷമം. ഇനി പൂമൂടല്‍ തന്നെ ശരണം

എന്‍എസ്എസ് കൂടെ ഇല്ലാത്തതിന്‍റെ ക്ഷീണം വട്ടിയൂര്‍ക്കാവില്‍ ലേശമുണ്ടെങ്കിലും അരൂരില്‍ അതെല്ലാം മറന്ന് ഉഷാറാകാനുള്ള ഫുള്‍ജാര്‍ സോഡയുമായി വെള്ളാപ്പള്ളി നടേശന്‍ റ‍ഡിയാണ്. ഷാനിമോള്‍ ഉസ്മാന്‍ അത്ര പോരെ എന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യം പറഞ്ഞ വെള്ളാപ്പള്ളി പിന്നീട് അത് തിരുത്തിയിരുന്നു. ഇക്കുറി എന്‍എസ്എസും സിപിഎമ്മും പോട്ടി പോട്ടി മൂഡിലായതോടെ ആ നനഞ്ഞിടം ചെറിതായൊന്ന് കുഴിക്കുകയാണ് കണിച്ചികുളങ്ങരയിലെ നടേശേട്ടന്‍. മഞ്ഞ ചെങ്കൊടിയാണ് ഈ ഉപതിര‍ഞ്ഞെടുപ്പിലെ താരം. 

ഉപദേശങ്ങള്‍ കേട്ടു മടുത്തതിനാല്‍ ഒരു ഇടവേള എടുക്കുകയാണ്. വന്നിട്ട് തലച്ചോറിന്‍റെ അനാട്ടമി ക്ലാസ്

കെ സുധാകരന്‍ ഒരു ലൈസന്‍സില്ലാത്ത തോക്കാണ്. എപ്പോളാണ് ആ തോക്ക് ട്രിഗര്‍ വലിക്കുകയെന്ന് പറയാന്‍ കഴിയില്ല. പിണറായിയെപ്പോലെയോ ജയരാജന്മാരെപ്പോലെയോ പ്രബലരായവരുമായി കൊമ്പു കോര്‍ക്കുകയാണ് ഇഷ്ടന്‍റെ ഇഷ്ട വിനോദം. ഇവരെ ആരെയും കിട്ടിയില്ലെങ്കില്‍ വീട്ടുമുറ്റത്തെ തേക്കുമരം ഒന്ന് കുത്തിമറിക്കാനെങ്കിലും സുധാകരന്‍ ശ്രമിക്കും. ഒന്നുമില്ല. ശീലമായിപ്പോയി. വിചാരിച്ച എതിരാളികളൊന്നും കളത്തില്‍ വരാത്തതിനാല്‍ മൂഡോഫായ സുധാകരന്‍ പഴയ സിഹം വിഎസ് അച്യുതാനന്ദന്‍റെ മെക്കിട്ടുകേറി. ജി സുധാകരന് പകരമായി കണ്ണൂരില്‍ നിന്ന് കെ സുധാകരനെ കോണ്‍ഗ്രസ് വിളിച്ചുവരുത്തിയതാകാനും വഴിയുണ്ട്

കെടി ജലീലിനെതിരായ യുഡിഎഫ് വേട്ട തുടരുകയാണ്. എംജി സര്‍ലകലാശാലയിലെ മാര്‍ക്ക് ദാനമാണ് പുതിയ വിഷയം. ബന്ധുനിയമനത്തിന്‍റെ ക്ഷീണം മാറുന്നതിനു മുമ്പാണ് പുതിയ കലാപരിപാടി അരങ്ങേറുന്നത്. തിരഞ്ഞെടുപ്പു സമയമായതിനാല്‍ വിഭവത്തിന് എരിവും പുളിയും അല്‍പ്പം കൂടുകയും ചെയ്തു.

പണ്ടേ ദാനദര്‍മിയാണ് കെടി ജലീല്‍ എന്നത് സിപിഎം തിരിച്ചറിഞ്ഞ പരമ സത്യമായതിനാനും ഇല്ലാത്തവന് കൊടുക്കുക എന്നത് കമ്യൂണിസമായതിനാലും തട്ടുകേടുണ്ടാകില്ലെന്നുറപ്പാണ്. എന്നിട്ടും കെഎസ്‍യു സമരത്തിലാണ്. വൈസ് ചാന്‍സിലറെ തടയാനെത്തിയ കെഎസ്‍യുക്കാരെ അറസ്റ്റുചെയ്ത പൊലീസ് പിടിച്ച പുലിവാലാണ് ഇനി. ജലീല്‍പോലും ഇത്രയും വലിയ പുലിവാല് പിടിച്ചിട്ടുണ്ടാകില്ല

അപ്പോ പരസ്യ പ്രചാരണം കഴിഞ്ഞ സ്ഥിത്ക്ക് നമ്മളും ഈ ഉപതിരഞ്ഞെടുത്ത ട്രോളുകള്‍ പൂട്ടിക്കെട്ടുകയാണ്. ആരാണ് ശരിക്കും ട്രോള്‍ ആവുകയെന്ന് വോട്ടെടുപ്പിന് ശേഷമറിയാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...