തിരഞ്ഞെടുപ്പു വിഭവങ്ങള്‍ നിരത്തി പാലാ ഓണം

palaspecial
SHARE

പലപല ഓണങ്ങളും കണ്ടിട്ടുള്ള മലയാളിക്ക് ഇക്കുറി പാലാ ഓണം കാണാനും ഭാഗ്യമുണ്ടായി. തിരഞ്ഞെടുപ്പു വിഭവങ്ങളാണ് ഈ പാലാ ഓണസദ്യയില്‍ വിളമ്പുന്നത്. ചവിട്ടിതാഴ്ത്തലും ഓണവും തമ്മില്‍ വലിയ ബന്ധമാണല്ലോ. അതുകൊണ്ടാണെന്നു തോന്നുന്നു ഓണക്കാലത്തുവന്ന ഉപതിരഞ്ഞെടുപ്പിലും വലിപ്പീരിന്‍റെ വലിയ കാഴ്ചകള്‍ കാണാനുണ്ട്. 

അത്തം മുതല്‍ പത്തുദിനം എന്നതാണ് ഓണത്തിന്‍റെ ഒരു കണക്കെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനും മുന്നേ പാലായില്‍ പൂക്കളമിടുന്നത് പലരും മനസില്‍ കണ്ടു കഴിഞ്ഞിരുന്നു. യുഡിഎഫിനായി പിജെ ജോസഫ് ഒരു പൂക്കളത്തിന്‍റെ മാതൃക വരച്ചു. ജോസ് കെ മാണി അത് മായ്ച്ച് വേറെ വരച്ചു. ഇതോടെ മാണി കോണ്‍ഗ്രസുകാരുടെ ഓണത്തല്ല്  ഓണത്തിന് വളരെ മുന്നേ തുടങ്ങുകയായി. ആരുടെ ഭാഗ്യം കൊണ്ടാണ് എന്നറിയില്ല. ഇപ്പോളും ആ തല്ലിന് കുറവ് വലുതായി വന്നിട്ടുമില്ല. കല്ലുംപിടിയും കഴിഞ്ഞപ്പോള്‍ രണ്ടിലയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. ജോസ് കെ മാണി വരച്ച പൂക്കളത്തിന് നടുവിലിരിക്കാന്‍ ഭാഗ്യം ലഭിച്ചത് ജോസ് ടോമിനാണ്. രണ്ടിലയില്ല. പകരം കിട്ടിയ ചിഹ്നത്തിലാകട്ടെ ശത്രുക്കള്‍ക്കു പറഞ്ഞുചിരിക്കാന്‍ പോന്ന വക ഏറെയുണ്ടുതാനും. 

പറഞ്ഞുവന്നത് ഓണക്കാലത്തെ പാലായെക്കുറിച്ചാണ്. കേരളീയരുടെ ദേശീയോല്‍സവത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് പൂക്കളമാണ്. പിന്നെ ഓണപ്പാട്ടും. പാട്ടില്ലാത്ത ഓണം കേരള കോണ്‍ഗ്രസില്ലാത്ത പാല പോലെ ശുഷ്കമാണ്. നിര്‍മാണം സംവിധാനം അഭിനയം എന്നീ സിനിമാ ജോലികളില്‍ അഗ്രഗണ്യനാണ് ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്ന സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. മാണിക്കെതിരായി മല്‍സരിക്കാന്‍ പേരിനോട് സാദൃശ്യമുള്ള ഒരാളെ പിന്തുണച്ച സിപിഎമ്മിന് ഇപ്പോള്‍ കാപ്പന്‍റെ ക്ലോക്കുതന്നെയാണ് ആശ്രയം. ആര്‍ക്കാണ് നല്ല സമയമെന്ന് ആ ക്ലോക്കില്‍ നോക്കിയാല്‍ അറിയാനാകില്ല. നല്ല നടനാണെന്ന് പല സിനിമകളിലൂടെയും മാണി സി കാപ്പന്‍ തെളിയിച്ചിട്ടുണ്ടെങ്കിലും ആ സിനിമയിലെല്ലാം കക്ഷിക്ക് രാഷ്ട്രീയക്കാരന്‍റെ വേഷങ്ങളാണ് ലഭിച്ചിരുന്നത്. അതുകൊണ്ട് അത് അഭിനയമായിരുന്നോ ജീവിതമായിരുന്നോ എന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അഭിനയം മാത്രം പോര എന്ന തിരിച്ചറിവില്‍ കാപ്പന്‍ അവസാനത്തെ അടവെടുത്തു. പാലായുടെ മണ്ണിലെ ഓണത്തുമ്പികളെപ്പോലും പുളകിതരാക്കുന്ന നല്ല കിടിലന്‍ പാട്ട്. എതിരാളികള്‍ക്ക് പാട്ടില്‍ അത്ര പിടിയില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു കാപ്പന്‍റെ കാച്ച്. പക്ഷേ പാട്ടെന്നുകേട്ടാല്‍ എല്ലാ ശത്രുതയും മറക്കുന്ന ആളാണ് പിജെ ജോസഫ്. ജോസ് ടോമിനായി ഒരു പാട്ടു പാടാന്‍ പിജെക്ക് തെല്ലും മടിയില്ല

ഓണക്കളിയാണ് ഇക്കാലത്തെ മറ്റൊരു പ്രധാന ഐറ്റം. കേരള കണ്‍ഗ്രസില്‍ കളിക്കാര്‍ ഏറെയുണ്ടെങ്കിലും മൈതാനത്തിറങ്ങി വിയര്‍ക്കുന്നത് അവരുടെ ശീലമല്ല. തിരഞ്ഞെടുപ്പുകാലത്തുമാത്രം രാഷ്ട്രീയക്കാരനായി രംഗത്തെത്തുന്ന മാണി സി കാപ്പന്‍ പക്ഷേ കളമറിഞ്ഞ് കളിക്കുന്നവനും തിരഞ്ഞെടുപ്പില്‍  പലതവണ ഉന്നം തെറ്റിയിട്ടുള്ളവനുമാണ്. അതുകൊണ്ടുതന്നെ ഇക്കുറി കുറിക്കുകൊള്ളുന്ന പ്രകടനം പുറത്തെടുക്കാനാണ് തീരുമാനം.

തുരുവോണ ദിവസം വയറ് വാടകക്കെടുക്കേണ്ട അവസ്ഥയിലായിരുന്നു സ്ഥാനാര്‍ഥികള്‍. വിളമ്പുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം കഴിക്കാതെ വയ്യ. കഴിച്ചില്ലെങ്കില്‍ അതുമതി പരിഭവമാകാന്‍. അതിന്‍റെ പേരില്‍ മറിച്ചുകുത്തുന്ന കാര്യം ആലോചിക്കുമ്പോള്‍ വയറു പൊട്ടിയാലും വേണ്ടില്ല വാരിവലിച്ചു കഴിക്കാം എന്നതാണ് നിലപാട്. വല്ലാത്ത പാടുതന്നെ.

കേരള കോണ്‍ഗ്രസില്‍ പടലപ്പിണക്കങ്ങള്‍ ഇല്ലാതിരിക്കുകയായിരുന്നുവെങ്കില്‍ സന്തോഷത്തോടെ സദ്യ ഉണ്ണേണ്ട മറ്റൊരാളുണ്ടായിരുന്നു. നിഷ ജോസ് മാണി. ജോസഫ് വേലവച്ചതോടെ മാണിസാറിന്‍റെ കുടുംബത്തില്‍ നിന്നുള്ള മറ്റുരുതരിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഇതിന്‍റെ വിഷമത്തില്‍ നിന്ന് വലതുപക്ഷം മുക്തരായെങ്കിലും ഇടതുപക്ഷത്തിന് അത് ഉള്‍ക്കൊള്ളാന്‍ ഇപ്പോളുമായിട്ടില്ല. പ്രത്യേകിച്ച് കോടിയേരിക്ക്. കരിങ്കോഴക്കല്‍ കുടുംബവാഴ്ചയെന്ന് പറയാന്‍ കാണാതെ പഠിച്ച പ്രസംഗം പാഴായതിന്‍റെ വിഷമം കോടിയേരിയുടെ വാക്കുകളിലുണ്ട്. ഒപ്പം ജോസഫിനോടുള്ള ജോസ് കെ മാണിയുടെ മനസിലെ കനലിനെ ഊതി കത്തിക്കുക എന്ന ചെറുതല്ലാത്ത ഒരു നിഷ്കളങ്ക ആഗ്രഹവും

ഓണത്തിനായാലും ക്രിസ്മസിനായാലും അച്ഛനെക്കുറിച്ചുള്ള ഓര്‍മകളാണ് ജോസ് കെ മാണിയില്‍ ഓടിയെത്തുക. വീട്ടിലുള്ളവര്‍ക്ക് എല്ലാം വീതം വച്ചു നല്‍കുമായിരുന്ന അച്ഛനെക്കുറിച്ചാണ് പറയാന്‍ ഏറെയും.

അപ്പോ ഇങ്ങനെയൊക്കെയായിരുന്നു പാലായിലെ ഓണം. വിഭവങ്ങളും രുചിയും കുറഞ്ഞുവെന്നു പരാതിയുള്ളവര്‍ക്കായി വരും ദിവസങ്ങളില്‍ വീണ്ടും വീണ്ടും വിളമ്പുന്നതായിരിക്കും. അതുകൊണ്ട് ആരും ഇല മടക്കേണ്ട.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...