'മാറേണ്ടത് തലയോ മുറയോ?'; പാർവതിക്കും രമ്യക്കും അഭിലാഷിനും അദീലക്കും പറയാനുള്ളത്

Conclave-website
SHARE

'മാറേണ്ടത് തലയോ മുറയോ?' മനോരമ ന്യൂസ് കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പില്‍ ഈ വിഷയത്തില്‍‌ സംസാരിക്കാനെത്തിയത് സിനിമാതാരം പാർവതി, ആലത്തൂർ എംപി രമ്യ ഹരിദാസ്, നാവികന്‍ അഭിലാഷ് ടോമി, ആലപ്പുഴ ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല എന്നിവർ. 

''പറയേണ്ടത് തക്ക സമയത്ത് പറയണം എന്നു തന്നെയാണ്  വിശ്വസിക്കുന്നത്. പേഴ്സണല്‍ സ്പേസിലുള്ള വിശകലനങ്ങള്‍ എപ്പോഴും അനിവാര്യമാണ്. 19 വയസ് വരെ എനിക്ക് മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു. സഹോദരനുമായി ആരോഗ്യപരമായ ചര്‍ച്ചകള്‍ നടന്നിരുന്നു, അച്ഛനുമായി സംവദിച്ചിരുന്നു, പുസ്തകങ്ങള്‍ വായിച്ചിരുന്നു. പക്ഷേ, ഈ പ്രിവിലേജ് ഇല്ലാത്ത ഒരുപാട് ആളുകളുണ്ട്. 

ടിക്ടോക്, ഫെയ്സ്ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ നല്‍കുന്നത് പെട്ടെന്നുണ്ടാകുന്ന ഒരു സന്തോഷം മാത്രമാണ്. സമൂഹമാധ്യമങ്ങളില്‍ പാലിക്കേണ്ട അച്ചടക്കം പഠിക്കേണ്ടതുണ്ട്. എന്റെ അച്ഛന്റെ കാര്യം തന്നെ പറയാം. വാട്സ്ആപ്പില്‍‌ വരുന്ന ഫോര്‍വേര്‍ഡ് മെസേജുകള്‍ അദ്ദേഹം അയക്കാറുണ്ട്. അതൊക്കെ ഏതെങ്കിലും വിധത്തിലുള്ള അജണ്ടയുടെ ഭാഗമാണെന്ന് അച്ഛനോട് പറയാറുണ്ട്. അത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ട്. 

എന്റെ കരിയറിന്റെ ആദ്യ വര്‍ഷങ്ങളെക്കുറിച്ച് ഇപ്പോഴും ആരും സംസാരിക്കാറില്ല. ബാംഗ്ലൂര്‍ ഡേയ്സ് മുതലാണ് പറയുക, ബാംഗ്ലൂര്‍ ഡേയ്സിലെ സെറ, ബാംഗ്ലൂര്‍ ഡേയ്സിലെ ഹെയര്‍‌ കട്ട് അങ്ങനെ പലതും. വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ മൂലം സിനിമകള്‍ ഇല്ലാതിരുന്ന വര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും പലര്‍‌ക്കും അറിയില്ല.  ലൈക്ക്സും കമന്റ്സും ഒന്നും ഇല്ലാതെയണ് ഞാനെന്റെ ജോലിയുടെ അടിത്തറ പാകിയത്. ഇടക്കാലത്ത്  ഞാനെന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നോക്കുന്ന ആളോട് പറഞ്ഞു, കുറച്ചുകാലത്തേക്ക് ഇതു വേണ്ടെന്ന്. അങ്ങനെ അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തു. അതായിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം'', പാര്‍‌വതി പറഞ്ഞു. 

താനെപ്പോഴും യൂത്തിനൊപ്പമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് പറഞ്ഞു. മൊബൈല്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്നവരാണ് എന്ന ആക്ഷേപം പുതുതലമുറ എപ്പോഴും കേള്‍‌ക്കാറുണ്ട്. പക്ഷേ, അതു മാത്രമല്ല, എല്ലാ വിഷയങ്ങളിലും വ്യക്തിപരമായ അഭിപ്രായങ്ങളുള്ളവരാണവര്‍‌. രണ്ടാം സ്വാതന്ത്ര്യസമരം നയിക്കാന്‍ പോലും കഴിവുള്ളവരാണ് പുതുതലമുറയെന്ന് ഞാന്‍‌ പറയും. 

എന്റെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ എനിക്കു തന്ന സ്പേസ് ഉണ്ട്. അത്തരത്തിലൊരു സ്പേസ് ആണ് പുതുതലമുറക്ക് വളരാനാവശ്യം. സോഷ്യല്‍‌  മീഡിയ ഒരു പരിധി വരെ അതിനുള്ള അവസരം  സൃഷ്ടിക്കുന്നുണ്ട്. വരാനിരിക്കുന്ന കാര്യങ്ങളെ നേരിടുക എന്നതാണ് പുതുതലമുറ നേരിടുന്ന വെല്ലുവിളിയെന്നും രമ്യ ഹരിദാസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ നല്ല ആയുധം തന്നെയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അഭിലാഷ് ടോമി പറഞ്ഞു. എന്റെ കപ്പ‍ല്‍ യാത്രകളുടെ വിഡിയോകള്‍ക്ക് ആയിരക്കണക്കിന് ഹിറ്റ്സുകള്‍‌ കിട്ടാറുണ്ട്. അതെക്കുറിച്ച് ആളുകള്‍‌ സംസാരിക്കാറുണ്ട്. ഇതില്ലാത്ത ലോകത്ത് ഒരുപക്ഷേ അതിജീവനം സാധിക്കില്ല, പക്ഷേ ആവശ്യത്തിന് ഉപയോഗിക്കണമെന്നും അഭിലാഷ് ടോമി പറഞ്ഞു. 

സ്വതന്ത്രചിന്തയാണ് പുതുതലമുറയുടെ അടയാളമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു. മറ്റൊരു അഭിലാഷോ പാര്‍വതിയോ രമ്യയോ ആകാന്‍ ആര്‍ക്കും സാധിക്കില്ല, അവരുടെ കര്‍മമാണ് അവരെ വ്യത്യസ്തരാക്കുന്നത്. കാര്യം നടക്കണം, സീന്‍ ഉണ്ടാകരുത് എന്ന ചിന്തയാണ് പുതുതലമുറക്കെന്നും അവർ പറഞ്ഞു.

സ്ത്രീകള്‍ക്കും തലച്ചോറുണ്ട് എന്ന കാര്യവും മനസിലാക്കണം. നാല്‍പതു വയസു കഴിഞ്ഞാല്‍‌ സ്ത്രീകളെ നിലയ്ക്ക് നിര്‍ത്താം എന്ന ചിന്ത ചിലര്‍ക്കുണ്ട്. എന്നാല്‍ നിങ്ങള്‍ പഠിച്ച അതേ പുസ്തങ്ങള്‍ തന്നെയാണ്, തിയറികള്‍ തന്നെയാണ് ഞങ്ങളും പഠിച്ചത്.

കലക്ടറൊക്കെയായില്ലേ, വിവാദങ്ങള്‍ക്കൊന്നും പോകരുതെന്ന് വീട്ടില്‍‌ നിന്നും ഉപദേശിച്ചു. പക്ഷേ, എനിക്ക് ചോദ്യങ്ങളുണ്ട്, ഇനിയും ചോദിച്ചുകൊണ്ടേയിരിക്കും എന്നു പറഞ്ഞുകൊണ്ട് കലക്ടര്‍ അദീല നിര്‍ത്തിയത് കയ്യടികളോടെ.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...