രാജ്യവും ദേശീയതയും മനുഷ്യത്വത്തേക്കാൾ വലുതോ?

845x440 06
SHARE

പുതിയ ദേശീയത ഭയമുളവാക്കുന്നുവെന്ന് തൃണമൂൽ എം പി മെഹുവാ മൊയ്ത്ര. അങ്ങേയറ്റം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് പുതിയ ദേശീയത. അത് ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും ന്യായത്തെയും തകിടം മറിച്ചു കളയുന്നുവെന്നും അവർ മനോരമ ന്യൂസ് കോൺക്ലേവിൽ പറഞ്ഞു. 

രണ്ട് തത്വങ്ങളിലാണ് ഇന്ത്യയിലെ പുതിയ ദേശീയത നിലനിൽക്കുന്നത്. ഒന്ന് നമ്മളെ ചുറ്റി നിൽക്കുന്ന ദേശഭക്തിയെ വിശ്വസിക്കാൻ ശ്രമിക്കുക. എന്നതാണ്. രാജ്യം മറ്റുള്ള എല്ലാറ്റിനെക്കാളും മഹത്തരമാണ് എന്നാണ് ആ ആശയം പറയുന്നത്. പക്ഷേ നീതിയെക്കാൾ, സത്യത്തെക്കാൾ, വാസ്തവത്തെക്കാൾ, മനുഷ്യത്വത്തെക്കാൾ വലിയതാണ് രാജ്യമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തോട് സ്നേഹ ബഹുമാനങ്ങൾ ഉണ്ടെങ്കിലും സത്യമായതെന്തോ അതിനോട് മാത്രമേ താൻ ആരാധന പുലർത്താറുള്ളൂവെന്നും അവർ പറഞ്ഞു.

മതത്തിന്റെ പേരിൽ ചിലതൊക്കെ ദേശീയതയായി അടിച്ചേൽപ്പിക്കുമ്പോൾ നീതിയെയും ന്യായത്തെയുമാണ് ഇല്ലാതെയാക്കുന്നത്. അത് ദേശഭക്തിയാണ് എന്ന് കരുതുന്നില്ല. അധികാരത്തിൽ ഇരിക്കുന്ന സര്‍ക്കാരിനെയും നയങ്ങളെയും ചോദ്യം ചെയ്യാതിരിക്കുന്നത് കൊണ്ട് ആരും ദേശഭക്തരാകുന്നില്ല. അത് ഭരണഘടനയെ ഒറ്റിക്കൊടുക്കുന്നവരായി മാത്രമാണ് മാറ്റുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഭൂരിപക്ഷത്തിന് വേണ്ടതെന്തോ അതാണ് ദേശീയത എന്ന് ധരിക്കരുത്. അത് ഭൂരിപക്ഷത്തിന്റെ ഭരണം മാത്രമാണ്, രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യമല്ല.

രണ്ടാമത്തേത് ജനാധിപത്യമാണ്. ജനാധിപത്യമെന്നാൽ തിരഞ്ഞെടുപ്പുകൾ മാത്രമാണോ? തിരഞ്ഞെടുപ്പുകളുടേതും കൂടിയാണെന്ന് പറയുന്നതാവും ശരി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 കോടിയിലേറെ ജനങ്ങളുടെ വോട്ട് കിട്ടിയാണ് ഈ സർക്കാർ അധികാരത്തിലേറിയത്.   രണ്ടാം ലോക യുദ്ധകാലത്തേക്ക് പോയാൽ , അന്നത്തെ ഫാസിസ്റ്റ് സർക്കാരുകളും തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. ജൂതൻമാരെ രണ്ടാംകിട പൗരൻമാരായി കണക്കാക്കുന്ന സർക്കാർ തീരുമാനം അന്നാട്ടിലെ ജനങ്ങളുടെ അഭിപ്രായമാണെന്ന് പറയുന്നതിൽ വസ്തുതാപരമായ തെറ്റുണ്ട്. സ്വന്തം ചെയ്തികൾക്ക് മറപിടിക്കാൻ ജനങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണെന്ന വാദം അന്നും ഉയർത്തിയിരുന്നുവെന്നും മെഹുവാ മൊയ്ത്ര പറഞ്ഞു. 

രണ്ടാം ലോകയുദ്ധത്തിന് ശേഷം ലോകത്തെങ്ങും ജനാധിപത്യമല്ല, ലിബറൽ ജനാധിപത്യമാണ് പ്രചാരം നേടിയത്. തിരഞ്ഞെടുപ്പിലൂടെ കാണുന്നത് മാത്രമല്ല ലിബറൽ ജനാധിപത്യം എന്ന് പറയുന്നത്. ന്യൂനപക്ഷങ്ങളെ കൂടി പരിഗണിക്കുന്നതാണ് ലിബറൽ ജനാധിപത്യം. 80 ശതമാനം ജനങ്ങൾ ഹിന്ദുക്കൾ ആയതുകൊണ്ടും 20 കോടിയിലേറെ വോട്ട് കിട്ടി അധികാരത്തിലേറിയത് കൊണ്ട് 70 ലക്ഷം ജനങ്ങൾ ഉള്ളൊരു സംസ്ഥാനത്തിൽ, അതിൽ തന്നെ 96 ശതമനവും ന്യൂനപക്ഷമായവരെ അടിച്ചമർത്താമെന്ന് വിചാരിക്കുന്നത് മൗഢ്യമാണെന്നും അവർ തുറന്നടിച്ചു. 

ആൾവാറിലും രാജസ്ഥാനിലും നിരപരാധികളെ തല്ലിക്കൊന്ന ആൾക്കൂട്ടത്തിന് പൂമാലയിട്ട് സ്വീകരിക്കാൻ മന്ത്രിമാരുണ്ടായത് ജാലിയൻ വാലാബാഗ് കാലത്ത് ജനറൽ ഡയറിന് ലഭിച്ച സ്വീകാര്യതയെ ഓർമ്മിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. ദേശീയതയുടെ പേരിലാണ് ഇതെല്ലാം നടക്കുന്നത്. തെറ്റിദ്ധരിക്കപ്പെട്ട വാക്കായി ദേശീയത മാറിയെന്നും അവർ കൂട്ടിച്ചേർത്തു. മെഹുവയെ കൂടാതെ ബിജെപി ദേശീയ സെക്രട്ടറി മുരളീധർ റാവു, സിപിഎം പി ബി അംഗം മുഹമ്മദ് സലീം എന്നിവരും പുതിയ ഇന്ത്യൻ ദേശീയതയെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...