ആ റൊട്ടിബാങ്ക് പിറന്ന കഥ; പ്രചോദനം പകർന്ന് വരുൺ

04
SHARE

സ്വന്തം അനുഭവങ്ങളിലൂന്നി, പരിഹാരം കണ്ടെത്തിയ മനുഷ്യരെക്കുറിച്ചാണ് മനോരമ ന്യൂസ് കോൺക്ലേവില്‍ വരുണ്‍ ഗാന്ധി സംസാരിച്ചത്. വിഷയം 'പുതിയ ഇന്ത്യയിലെ ഗ്രാമങ്ങള്‍'.

2010 കാലഘട്ടത്തിലാണ് വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ആറേഴ് ആളുകള്‍ സഹായത്തിനായി വീട്ടിലുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരായിരുന്നു അവരെന്ന് മനസ്സിലായി. പഠിക്കാന്‍ താത്പര്യമുണ്ടോ എന്നവരോട് ചോദിച്ചു. മനസ്സില്ലാ മനസ്സോടെ അവര്‍ സമ്മതിച്ചു. സ്വന്തം പേരുപോലും എഴുതാന്‍ അറിയാതിരുന്ന അവരില്‍ നാലുപേര്‍ പ്ലസ് ടു പരീക്ഷ പാസ്സായി. 

പിന്നാലെ വീട്ടുജോലിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ താത്പര്യമുള്ളവരോട് എനിക്ക് മെയില്‍ അയക്കാന്‍ ആവശ്യപ്പെട്ടു. ചിലരെങ്കിലും കരുതി, ഇതൊരു തമാശയായിരിക്കുമെന്ന്. പതിയെപ്പതിയെ നിരവധി പേര്‍ മുന്നോട്ടുവന്നു. പിന്നീട് അധ്യാപകര്‍ക്കായുള്ള തിരച്ചിലായിരുന്നു. സൗജന്യമായി പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ മുന്നോട്ടുവരണമെന്ന് പറഞ്ഞു. 2400 പേര്‍ മുന്നോട്ടുവന്നു.അതില്‍ 200 പേരെ തിരഞ്ഞെടുത്തു. വലിയൊരു മാറ്റമായിരുന്നു അത്. 

വിശക്കുന്നവര്‍ക്ക് ‘റൊട്ടി ബാങ്ക്’

ഒരിക്കല്‍ സുല്‍ത്താന്‍പൂര്‍ മണ്ഡലം സന്ദര്‍ശിക്കുകയാണ്. പാലങ്ങള്‍ വേണോ സ്കൂളുകള്‍ നിര്‍മിക്കണോ എന്നാലോചിക്കുകയാണ് ഞാന്‍. പക്ഷേ അവിടുത്തെ ആളുകള്‍ എന്നോട് സംസാരിച്ചത് വിശപ്പിനെക്കുറിച്ചാണ്. 'എനിക്ക് വിശക്കുന്നു എന്നവര്‍ എന്നോട് പറഞ്ഞു. വിശപ്പിനൊരു പരിഹാരം വേണമെന്ന് ആലോചിച്ചു. റൊട്ടി ബാങ്ക് തുടങ്ങുന്നത് അങ്ങനെയാണ്. 

ആദ്യം കുറച്ച് പഴയ കാറുകള്‍ സംഘടിപ്പിച്ചു. പതിനെട്ടോളം ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങി. ഓരോ ആളുകളും ഓരോ റൊട്ടി വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിലും പിന്നീട് എല്ലാവരും സഹകരിച്ചു. ഇന്ന് ഒരുദിവസം 20,000 ആളുകളുടെ വയറുനിറക്കുന്നുണ്ട് റൊട്ടി ബാങ്ക്. പ്രതിദിനം 70,000 റൊട്ടികളാണ് ലഭിക്കുന്നത്. എല്ലാവരും അവനവനാല്‍ കഴിയുന്നത് ചെയ്യാന്‍ തുടങ്ങിയാല്‍ പരിഹാരമായി. 

ബാബര്‍ അലിയുടെ പരിഹാരം

മുര്‍ഷിദാബാദില്‍ സ്കൂളുകളൊന്നുമില്ലാത്തിടത്തുനിന്നാണ് ബാബര്‍ അലി വരുന്നത്. ആ ഗ്രാമത്തില്‍ നിന്ന് ആകെ സ്കൂളില്‍ പോകുന്നത് ബാബര്‍ മാത്രമാണ്. ഓരോ ദിവസവും പഠിക്കുന്ന കാര്യങ്ങള്‍ തിരികെ ഗ്രാമത്തിലെത്തി അവിടെയുള്ളവരെ പഠിപ്പിക്കാന്‍ ബാബര്‍ തീരുമാനിച്ചു. പതിയെപ്പതിയെ ബാബറെന്ന ചെറുബാലന്‍ ആ ഗ്രാമത്തിലെ വിദ്യാഭ്യാസമില്ലാത്ത നിരവധി പേരുടെ അധ്യാപകനായി. സ്വയം കണ്ടെത്തിയ ഈ വലിയ മാതൃകയെ സിഎന്‍എന്‍ പുരസ്കാരം നല്‍കി ആദരിച്ചു. അവാര്‍ഡിനൊപ്പം ലഭിച്ച പണം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ബാബറിന് ഒരു സംശയവുമുണ്ടായിരുന്നില്ല. 'ഈ പണം വിദ്യാഭ്യാസത്തില്‍ നിന്ന് ലഭിച്ചതാണ്, ഇത് വിദ്യാഭ്യാസത്തിനുള്ളതാണ് '- പതിമൂന്നുകാരന്റെ വാക്കുകള്‍ വലിയ പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. സൗജന്യമായി പഠിപ്പിക്കുന്ന പഠിക്കുന്ന സ്കൂളുണ്ട് ഇന്ന് ബാബറിന്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള ആര്‍ക്കൊക്കെയോ എന്തൊക്കെയോ ചെയ്യാന്‍‌ സാധിക്കുന്നുണ്ടെങ്കില്‍ നമുക്കെന്തുകൊണ്ട് സാധിക്കുന്നില്ല. ഗ്രാമീണ ഇന്ത്യയെ മാറ്റി നിര്‍ത്തിയല്ല മാറ്റങ്ങളെക്കുറിച്ചും പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കേണ്ടത്. സംരക്ഷിക്കപ്പെടേണ്ടത് എന്ന ഉറച്ച ബോധ്യത്തോടെ വേണം ഗ്രാമങ്ങളെക്കുറിച്ച് സംസാരിക്കാന്‍.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...