അധ്യാപകദിനത്തില്‍ അധ്യാപികയുടെ കൊലപാതകം; 10 വർഷത്തിനിപ്പുറവും ഉത്തരമില്ലാത്ത ചോദ്യം

teacher-murder
SHARE

അധ്യാപനത്തിന്‍റെ മഹത്വം വിളിച്ചോതി മറ്റൊരു അധ്യാപകദിനം. സ്കൂള്‍ മുറ്റത്തും വരാന്തകളിലും കലപിലാ ആരവങ്ങള്‍ക്കിടയിലൂടെ ചൂരല്‍ വടിയുമായി നടക്കുന്ന ഒരു ടീച്ചര്‍ ഒാര്‍മകളിലെവിടേയോ ഉണ്ട്..പാഠപുസ്തകത്തിലെ അറിവിന്‍റെ കൂമ്പാരം കുഞ്ഞുതലച്ചോറുകളിലേക്ക് അന്നം വിളമ്പിക്കൊടുത്ത ടീച്ചര്‍ ..സ്കൂളില്‍ കു​ഞ്ഞുമനസില്‍ അമ്മയായി പുനര്‍ജനിക്കുന്ന സ്ത്രീ..അധ്യാപിക.... നേട്ടത്തിന്‍റെ കൊടുമുടിയിലും അറിവുപകര്‍ന്നു നല്‍കിയ ആ ടീച്ചറെ സ്നേഹത്തോടെ ഒാര്‍ത്തെടുക്കുന്ന ദിനം. അധ്യാപകദിനം.....

കണ്ണൂര്‍ സിറ്റി ഹൈസ്കൂളില്‍ പക്ഷേ അധ്യാപകദിനം ഒരു കറുത്തപൊട്ടായി കിടക്കാന്‍ തുടങ്ങിയിട്ട്  ഒരു പതിറ്റാണ്ട് കഴിഞ്ഞു....ഈ സ്കൂളിന്‍റെ ഒാരോ മുക്കിലും മൂലയ്ക്കും പരിചിതമായിരുന്ന അവരുടെ ഹേമജ ടീച്ചര്‍ കൊലചെയ്യപ്പെട്ട ദിനം. 

വളരെ വിരളമായേ ഈ അമ്മയുടെ മുഖത്ത് ഇപ്പോള്‍ ചിരി വരാറുള്ളൂ. വാര്‍ധക്യത്തില്‍ തന്നേയും ഭിന്നശേഷിക്കാരനായ സഹോദരനേയും നോക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ചതായിരുന്നു മകള്‍ ഹേമജ.  വിവാഹജീവിതം വേണ്ടെന്ന് വെച്ച് വീട്ടിലും സ്കൂളിലുമായി കഴിഞ്ഞ ഹേമജ. തന്‍റെ പൊന്നുമോളെ നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിക്കേണ്ടിയിരുന്നില്ല എന്ന് ഈ അമ്മ സങ്കടപ്പെടാത്ത ദിവസങ്ങളില്ല. തള്ളിവിട്ട ആ വിവാഹജീവിതം തന്‍റെ മകളെ ജീവിതത്തില്‍ നിന്ന് പറിച്ചെടുത്തു. 

വീടും സ്കൂളുമായി ഒതുങ്ങികഴിഞ്ഞ ഹേമജയുടെ ജീവിതത്തിലേക്ക് ഉണ്ണിക്കൃഷ്ണന്‍ വന്നതോടെ ആരംഭിച്ചതാണ് ഈ ജിവിതത്തിലെ ദുരിതം. അതോടെ വീട്ടിലും സ്കൂളിലും ഹേമജ തടങ്കലിലായി. പീഡനം ഏറ്റുവാങ്ങിയപ്പോഴും ആരോടും പറയാതെ ഹേമജ സഹിച്ചു..ഒറ്റക്കിരുന്ന് കരഞ്ഞു. പക്ഷേ ഉണ്ണിക്കൃഷ്ണന്‍റെ സ്വഭാവത്തില്‍ ഒരു മാറ്റത്തിനും ഹേമജയുടെ കണ്ണീര്‍ കാരണമായില്ല...പീഡനത്തിന് ഒാരോ കാരണങ്ങള്‍ അയാള്‍ കണ്ടെത്തി...പീഡനം അസഹനീയമാകുമ്പോള്‍ ചിലപ്പോഴും ഹേമജ വീട്ടില്‍ വന്നു നിന്നിരുന്നു...പ്രാകൃതസ്വഭാവത്തിന് അടിമയാണ് തന്‍റെ ഭര്‍ത്താവെന്ന് വീട്ടുകാരോട് പറയാന്‍ ഹേമജ ആദ്യം മടിച്ചു...

കണ്ണൂര്‍ സിറ്റി സ്കൂളിലെ അധ്യാപികയായിരുന്ന ഹേമജ ചെറുപ്പം മുതലേ പഠനത്തില്‍ മിടുക്കിയായിരുന്നു. പിഎസ് സി എഴുതി സ്കൂളില്‍ കയറി. കുട്ടികളുടെ ഇഷ്ടപ്പെട്ട  അധ്യാപികയായി മാറി. വീട്ടിലെ ദുഖം മറക്കാന്‍ കുട്ടികള്‍ക്കൊപ്പം മനസ് മറന്ന് ചെലവഴിച്ചു...അതോടെ സംശയത്തിന്‍റെ പേരിലായി അടുത്ത മര്‍ദനം..ഹേമജയെ സ്കൂളില്‍ കൊണ്ടുവിടുന്നതും തിരിച്ചുകൊണ്ടുവരുന്നതും ഉണ്ണിക്കൃഷ്ണന്‍ തന്നെ..രാത്രി കാലങ്ങളില്‍ പലപ്പോഴും ഹേമജയേയും കൂട്ടി ആശുപത്രയില്‍ പോക്ക് ഉണ്ണിക്കൃഷ്ണന് പതിവായി...അന്നും രാത്രിയില്‍ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് കൂടെ കൂട്ടിയതായിരുന്നു ഹേമജയെ..

സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനത്തില്‍ സമ്മാനങ്ങളും ആശംസകളുമായി തന്നെ കാത്തിരുന്ന തന്‍റെ കുട്ടികളുടെ അടുത്തേക്ക് പോകാന്‍ ഉണ്ണിക്കൃഷ്ണന്‍ അനുവദിച്ചില്ല...ആ ടീച്ചറുടെ ജീവിതം അവസാനിപ്പിക്കാന്‍ അയാള്‍ തിരഞ്ഞെടുത്ത ദിവസവും ആ ദിവസമായിരുന്നു..

ആ രാത്രി ഹേമജയക്കൊപ്പം ആശുപത്രിയിലേക്കെന്ന് ഇറങ്ങിയ ഉണ്ണിക്കൃഷ്ണന്‍ ഒമിനി വാനില്‍ പലസ്ഥലങ്ങളിലും സഞ്ചരിച്ചു...ഇടക്കെപ്പോഴോ ഹേമജ അറിയാതെ സുഹൃത്തും വാനില്‍ കയറി പിന്‍സീറ്റില്‍ ഇടംപിടിച്ചു...കൊലപ്പെടുത്താനുള്ള തീരുമാനമെടുത്ത് തന്നേയും കൊണ്ടുള്ള യാത്രയായിരുന്നെന്ന് ഹേമജ അറിഞ്ഞിരുന്നില്ല..മകള്‍ വരുന്നതും കാത്ത് അമ്മയും കാത്തിരുന്നു. പക്ഷേ ആ യാത്ര ടീച്ചറുടെ അവസാനയാത്രയായി...

ഹേമജ ടീച്ചറെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി ഒമിനി വാനില്‍ റോഡരികില്‍ ഉപേക്ഷിച്ച് അന്ന് മുങ്ങിയ ഉണ്ണിക്കൃഷ്ണന്‍ ഇതുവരെ പൊലീസ് പിടിയിലായിട്ടില്ല..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...