ആദ്യ ചുവടിന് അന്‍പത്; ഏറ്റവും തിളക്കമാര്‍ന്ന ചാന്ദ്രസ്പർശം

neel
SHARE

മനുഷ്യന്‍റെ ഇച്ഛാശക്തി ബഹിരാകാശത്ത് ചരിത്രം കുറിച്ചിട്ട് അന്‍പതാണ്ടായിരിക്കുന്നു. നീല്‍ ആല്‍ഡിന്‍ ആംസ്ട്രോങ് എന്ന ഗഗനസഞ്ചാരി മനുഷ്യന്‍റെ കഥകളിലും കവിതകളിലും വിശ്വാസങ്ങളും നിറഞ്ഞു നിന്ന ചന്ദ്രന്‍ എന്ന ഖഗോളത്തില്‍ കാല്‍ചവിട്ടിയിറങ്ങിയതിന്‍റെ അന്‍പതാം വാര്‍ഷികമാണ്. 1969 ജൂലൈ 20 അമേരിക്കന്‍ സമയം രാത്രി 8.17 ന് ഭൂമിയില്‍ നിന്ന് മൂന്നുലക്ഷത്തി എണ്‍പത്തിനാലായിരത്തി നാനൂറ് കിലോമീറ്റര്‍ സഞ്ചരിച്ച് നീല്‍ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങി. ഇന്ത്യയില്‍ ജൂലൈ 21 പുലര്‍ച്ചെ 1.47 ആയിരുന്നു അപ്പോള്‍.   മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ചാന്ദ്രസ്പര്‍ശം എന്ന അധ്യായം കുറിക്കപ്പെടുകയായിരുന്നു അവിടെ. 

മ‌നുഷ്യന്‍റെ ഒരു ചെറിയ കാല്‍വയ്പ് മനുഷ്യരാശിക്കൊരു വലിയ കുതിച്ചാട്ടം. തിരിച്ചുവരുമെന്നോ ഫലം കാണുമെന്നോ അത്ര ഉറപ്പില്ലാത്ത ഒരു യാത്രയ്ക്കൊടുവിലെ വിജയഭേരിയായി ഈ വാക്കുകളെ കാണണം. അത്രമാത്രം അപരിചമായ വെല്ലുവിളികള്‍ക്കൊടുവിലാണ് തന്‍റെ കാല്‍ ചന്ദ്രന്‍ എന്ന ഖഗോളത്തിലേക്ക് പതിച്ചുകൊണ്ട് നീല്‍ ആംസ്ട്രോങ് ആവേശത്തോടെ ഈ വാക്കുകള്‍ വിളിച്ചുപറഞ്ഞത്.  ലോകമെമ്പാടും ടെലവിഷനില്‍ അത് കാണുകയും റേഡിയോയില്‍ ആ സ്വരം കേള്‍ക്കുകയും ചെയ്ത ഭൂമിയിലെ മനുഷ്യര്‍ ആഹ്ലാദത്തിന്‍റെ ചന്ദ്രനിലെത്തിയിരിക്കാം. പക്ഷേ 

തിരിച്ചടികളുടെയും നിരന്തര പരാജയങ്ങളുടെയും നിരാശയുടെ നിഴല്‍ക്കാലത്തിന്‍റെയും ഒടുവിലാണ് മനുഷ്യന്‍ അത് സാധിച്ചെടുത്തത്. ചാന്ദ്രദൗത്യത്തിന്‍റെ ആ ചരിത്രമറിഞ്ഞ ശേഷം നീല്‍ ആംസ്ട്രോങിന്‍റെ കാല്‍വയ്പിലേക്ക് മടങ്ങിവരാം.

മനുഷ്യനെ ചന്ദ്രനിലിറക്കുക എന്ന തിളക്കമാര്‍ന്ന മഹാദൗത്യം ഉരുത്തിരിഞ്ഞതിന് പിന്നില്‍ ശാസ്ത്രസത്യം തേടുന്ന യാത്രയാണെന്ന് പറഞ്ഞുകൂടാ. ചന്ദ്രനെ തൊടുക എന്നതിലേറെ ശീതയുദ്ധകാലത്തെ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള കിടമത്സരമാണ് ചാന്ദ്രയാത്രകളിലേക്ക് തിരിഞ്ഞത്. ശീതയുദ്ധം അന്‍പതുകളുടെ അവസാനത്തോടെ ബഹിരാകാശ ഗവേഷണയുദ്ധമായി മാറിയിരുന്നു.  ഈ യുദ്ധത്തില്‍ അമേരിക്കയെ പിന്തള്ളി ബഹുദൂരം മുന്നോട്ടു കുതിച്ച സോവിയറ്റ് യൂണിയന്‍ ആദ്യ കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചു. ഭൂഗുരുത്വത്തെ വേഗം കൊണ്ടു മറികടക്കാമെങ്കില്‍ ബഹിരാകാശ സഞ്ചാരം സാധ്യമാണെന്ന് ഐസക് ന്യൂട്ടണ്‍ പറഞ്ഞത് 1687 ലായിരുന്നു. ഇതിനും 270 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂമിയ്ക്കപ്പുറത്തേക്ക് മനുഷ്യനിര്‍മിത ഉപഗ്രഹം കുതിച്ചത്.  1957 ഒക്ടോബര്‍ 4 ന് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച  സ്പുട്നിക് 23 ഇഞ്ച് വ്യാസമുള്ള  തുടച്ച് മിനുക്കിയ ഒരു ലോഹഗോളമായിരുന്നു. മൂന്നാഴ്ച ഭൂമിയെ ഭ്രമണം ചെയ്ത് സ്പുട്നിക് നിശ്ചമായെങ്കിലും ബഹിരാകാശയുഗം അവിടെത്തുടങ്ങി.

ബഹിരാകാശത്ത് മനുഷ്യന്‍റെ അവസ്ഥയെന്താകും ? ഗുരുത്വാകര്‍ഷണ ബലം താങ്ങാന്‍ കഴിയുമോ ?അന്യഗ്രഹ ജീവികള്‍ മനുഷ്യനെ വകവരുത്തുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി തേടാന്‍ ആദ്യം ഗുരുത്വാകര്‍ഷണം മറികടക്കുമ്പോള്‍ ജീവജാലങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്നറിയണമായിരുന്നു. ഇതിനായി ലെയ്ക്ക എന്ന നായയെ സ്പുട്നിക് 2 ല്‍  1957 നവംബര്‍ 3 ന് സോവിയറ്റ് യൂണിയന്‍ ബഹിരാകാശത്തെത്തിച്ചു. ബഹിരാകാശ ഗവേഷണ രംഗത്തേക്ക്അമേരിക്ക പിച്ചവയ്ക്കും മുമ്പാണ് ഈ ചരിത്രനേട്ടങ്ങള്‍ സോവിയറ്റ് യൂണിയന്‍ സ്വന്തമാക്കിയത്.  ഇതിനും ഒരു വര്‍ഷം കഴിഞ്ഞാണ് അമേരിക്ക ബഹിരാകാശലക്ഷ്യങ്ങള്‍ക്കായി നാസയ്ക്ക് ചുമതല നല്‍കിയത്. സോവിയറ്റ് യൂണിയന്‍റെ ബഹിരാകാശ നേട്ടങ്ങളില്‍ നിരാശപൂണ്ടിരുന്ന അമേരിക്ക മുന്നോട്ടു കുതിക്കാന്‍ ഊര്‍ജം തിരഞ്ഞു. 

നാസ രൂപീകരിച്ച് ഒരാഴ്ച പിന്നിടും മുമ്പ് തന്നെ അവരുടെ മനുഷ്യബഹിരാകാശ ദൗത്യം പ്രഖ്യാപിച്ചു. ഇതിനായി പ്രൊജക്റ്റ് മെര്‍ക്കുറി എന്ന പദ്ധതിക്കും അമേരിക്ക രൂപം നല്‍കി. പക്ഷേ 1959 ല്‍ ചന്ദ്രന് മുകളിലൂടെ ലൂണ 1 എന്ന പേടകമയച്ചും ലൂണ 2 ചന്ദ്രനില്‍ ഇടിച്ചിറക്കിയും സോവിയറ്റ് യൂണിയന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് ബഹുദൂരം മുന്നിലെത്തി. അമേരിക്കയുടെ ആദ്യ മൂന്ന് മെര്‍ക്കുറി പദ്ധതികള്‍ കത്തിയമര്‍ന്നത് അവരെ പടുനിരാശയിലേക്ക് തള്ളിയിട്ടു.  1961 ഏപ്രില്‍ 12 ന് സോവിയറ്റ് യൂണിയന്‍റെ ബഹിരാകാശസഞ്ചാരി യൂറിഗഗാറിന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു മണിക്കൂര്‍ 48 മിനിറ്റ് ചെലവഴിച്ച് മടങ്ങിയെത്തി, അതിലൂടെ ബഹിരാകാശത്ത് മനുഷ്യന്‍റെ നേട്ടങ്ങളുടെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിച്ചു. ചരിത്രം നേട്ടം നഷ്ടമായെങ്കിലും ഒരുമാസത്തിനകം 1961 മെയ് 5ന് അലന്‍ഷെപ്പേര്‍ഡ് എന്ന ബഹിരാകാശ സഞ്ചാരിയെ അമേരിക്ക ഭ്രമണപഥത്തിലെത്തിച്ചു. പക്ഷേ 15 മിനിറ്റ് മാത്രം ബഹിരാകാശത്ത് ചെലവഴിച്ച് ഷെപ്പേഴ്ഡ് ഒരു അര്‍ധഭ്രമണം മാത്രമാണ്  നടത്തിയത്.

തിരിച്ച് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ഇറങ്ങിയ ഷെപ്പേര്‍ഡിനെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡിയുടെ സന്ദേശമുണ്ടായിരുന്നു. പക്ഷേ ബഹിരാകാശത്തെ ചരിത്രനേട്ടങ്ങള്‍ നഷ്ടമാകുന്നത് അമേരിക്കയുടെ അഭിമാനത്തിന് അല്ലെങ്കില്‍ ശീതയുദ്ധകാലത്തെ ദുരഭിമാനത്തിന് കളങ്കമേല്‍പിച്ചു. അതില്‍ നിന്നാണ് മനുഷ്യന്‍റെ ചാന്ദ്രസ്പര്‍ശം എന്ന ചരിത്രനേട്ടം പിറന്നത്.  

ശീതയുദ്ധം തിളച്ചുമറിഞ്ഞ കാലം. അമേരിക്ക ഒരു രംഗത്തും സോവിയറ്റ് യൂണിയന്‍റെ പിന്നിലാവാന്‍ പാടില്ല എന്ന്  ഉറച്ച് വിശ്വസിച്ച ജോണ്‍ എഫ് കെന്നഡി പ്രസിഡന്‍റിന്‍റെ കസേരയില്‍. അമേരിക്കയുടെ ചാന്ദ്രദൗത്യത്തിന് ഇതില്‍ പരമൊരു ഇന്ധനം ആവശ്യമായിരുന്നില്ല. അമേരിക്കയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഷെപ്പേര്‍ഡ് തിരിച്ചെത്തി 20 ദിവസത്തിന് ശേഷം 1961 മെയ് 25 ന് അമേരിക്കന്‍ പാര്‍ലമെ‍ന്‍റിനെ അടിയന്തരമായി അഭിസംബോധന ചെയ്ത് കെന്നഡി അമേരിക്കയുടെ ചാന്ദ്രദൗത്യം പ്രഖ്യാപിച്ചു. 

ഈ പതിറ്റാണ്ടിന് മുമ്പ് ചന്ദ്രനില്‍ ഒരു  മനുഷ്യനെ ഇറക്കി തിരിച്ചു കൊണ്ടുവരുക എന്ന ലക്ഷ്യം നിറവേറ്റുന്ന കാര്യത്തില്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണെന്നായിരുന്നു കെന്നഡിയുടെ പ്രഖ്യാപനം.

1962  ഫെബ്രുവരി 20 ന് ജോണ്‍ ഗ്ലെന്‍ ഭൂമിക്ക് മൂന്നു പൂര്‍ണഭ്രമണം പൂര്‍ത്തിയാക്കിയതോടെയാണ് അമേരിക്ക അവരുടെ ബഹിരാകാശ പദ്ധതിയുടെ ഒരു ഘട്ടം പൂര്‍ത്തിയാക്കിയത്.  ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയായിരുന്നു മെര്‍ക്കുറി ദൗത്യത്തിലെ പലരുടെയും യാത്ര. പക്ഷേ ഒരു പിടി മുന്നിലായിരുന്ന സോവിയറ്റ് യൂണിയന്‍റെ നേട്ടത്തില്‍ നിരാശ പൂണ്ട അമേരിക്കന്‍ ജനതയ്ക്കും ശാസ്ത്രഞ്ജര്‍ക്കും പ്രസിഡന്‍റ് കെന്നഡി വീണ്ടും ചാന്ദ്രദൗത്യം എന്ന അവരാഗ്രഹിച്ചിരുന്ന സ്വപ്നം ഊതിക്കാച്ചി നല്‍കി. 1962 ല്‍ ഹൂസ്റ്റണില്‍ റൈസ് സര്‍വകലാശാലയുടെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നാല്‍പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത കെന്നഡി വി ചൂസ് ടു ഗോടു ദ മൂണ്‍ എന്ന വിശ്വപ്രസിദ്ധമായ പ്രസംഗം നടത്തി. ചാന്ദ്രദൗത്യം ബുദ്ധിമുട്ടേറിയതിനാലാണ് അത് തിരഞ്ഞെടുത്തതെന്ന് പ്രഖ്യാപിച്ചു.

മെര്‍ക്കുറി പദ്ധതിക്ക് ശേഷം ജമിനി പദ്ധതി വന്നു. ഒരാള്‍ക്ക് പകരം രണ്ടു പേര്‍ക്ക് കയറാവുന്ന  പേടകവുമായി നാസ ആരംഭിച്ച ഈ പദ്ധതി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള അപ്പോളോയ്ക്ക് വഴികാട്ടിയായി. മനുഷ്യന് ചന്ദ്രനിലെത്തി തിരിച്ചെത്താന്‍  കുറഞ്ഞത് ഒരാഴ്ചെയെങ്കിലുമെടുക്കും. ഈ സമയമത്രയും ബഹിരാകാശത്ത് ജീവിക്കാനാകുമോ എന്ന പരീക്ഷണമായിരുന്നു ജമിനിയുടെ ആദ്യ പരീക്ഷണങ്ങളിലൊന്ന്. ചന്ദ്രനിലെത്തണമെങ്കില്‍ മാതൃപേടകത്തില്‍ നിന്ന് ഒരു ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുകയും തിരികെ കൂടിച്ചേരുകയും വേണം. അതിന് ശേഷം  ഭൂമിയിലെത്തണം. ബഹിരാകാശത്ത് വച്ച് ഈ വേര്‍പിരിയലും കൂടിച്ചേരലും പരീക്ഷിച്ചതും ജെമിനിയിലാണ്. മറ്റൊരു അത്ഭുതത്തിന് കൂടി ജെമിനി വേദിയായി മനുഷ്യന്‍ ബഹിരാകാശത്ത് നടക്കുക എന്ന സ്പേയ്സ് വോക്ക് പരീക്ഷിച്ചതും ജമിനി ദൗത്യത്തിലാണ്.

ജെമിനിയുടെ വിജയത്തിന് ശേഷമാണ് മനുഷ്യനെ ചന്ദ്രനിലിറക്കുക എന്ന ദൗത്യത്തോടെ അപ്പോളോ വരുന്നത്.  ഇതിന് മുമ്പ് 1966 ല്‍ സോവിയറ്റ് യൂണിയന്‍റെ ലൂണ 9 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുകയും ലൂണ 10 ചന്ദ്രനെ പൂര്‍ണഭ്രമണം ചെയ്യുകയും ചെയ്തിരുന്നു. ക്യൂബന്‍ മിസൈല്‍ മിസൈല്‍ പ്രതിസന്ധിക്ക് ശേഷമുള്ള വര്‍ഷങ്ങളായിരുന്നു.  ചന്ദ്രന് വേണ്ടിയുള്ള പോരാട്ടം രൂക്ഷമായ കാലഘട്ടം. ഇവിടേക്കാണ് അമേരിക്ക സാറ്റേണ്‍ ഫൈവ് എന്ന ആകാശഭീമന്‍ റോക്കറ്റില്‍ അപ്പോളോ ദൗത്യമാരംഭിച്ചത്. അത് വിജയത്തിലേക്കുള്ള ആദ്യ കുതിപ്പായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്തെ ജര്‍മന്‍ ബാലിസ്റ്റിക്് മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായ വെര്‍നെര്‍ വോന്‍ ബ്രൗണിനോടാണ് ചാന്ദ്രസ്പര്‍ശത്തിന് ലോകം ആദ്യം നന്ദിപറയേണ്ടത്. ജര്‍മനി യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍ അമേരിക്കയും സോവിയറ്റ് യൂണിയനും ഈ ബുദ്ധികേന്ദ്രത്തിനായി യൂറോപ്പ് മുഴുവന്‍ അരിച്ചു പെറുക്കി. സോവിയറ്റ് യൂണിയന്‍റെ കയ്യില്‍ പെടാതിരിക്കാന്‍ വോണ്‍ ബ്രൗണ്‍ അമേരിക്കയ്ക്ക് കീഴടങ്ങി. അമേരിക്കയുടെ ബഹിരാകാശ പദ്ധതിയുടെ തുടക്കത്തില്‍ അതിനെ നയിച്ചത് വോണ്‍ ബ്രൗണായിരുന്നു. വോണ്‍ബ്രൗണാണ് അപ്പോളോയുടെ കുതിപ്പിന് വഴിയൊരുക്കിയ സാറ്റേണ്‍ റോക്കറ്റുകളും കരുത്തുറ്റ റോക്കറ്റ് എന്‍ജിനായ എഫ് വണും നിര്‍മിച്ചത്. 

അമേരിക്കയും ശാസ്ത്രലോകവും നടുങ്ങിയ തിരിച്ചടിയോടെയാണ് ചന്ദ്രനെ കീഴടക്കാനുള്ള അപ്പോളോ പദ്ധതി തുടങ്ങിയത്. എ എസ് 204 എന്ന് ആദ്യ അപ്പോളോ പേടകം വിക്ഷേപണത്തിന് മൂന്നാഴ്ച മുമ്പ് 1967 ജനുവരി 27ന് പരീക്ഷണത്തിനിടയില്‍ കത്തി നശിച്ചു.  ഗസ് ഗ്രിസം,  എഡ് വൈറ്റ്, റോജര്‍ ചാഫീ എന്നീ ബഹിരാകാശ സഞ്ചാരികള്‍ വെന്തുമരിച്ചു.  ദുരന്തത്തിന് പിന്നാലെ അമേരിക്ക അപ്പോളോ രണ്ട് , മൂന്ന് എന്നിവ ഒഴിവാക്കി.  പത്തുമാസത്തിന് ശേഷം നവംബറില്‍ മനുഷ്യനില്ലാതെ അപ്പോളോ 4 പരീക്ഷിച്ചു. കമാന്‍ഡ് മൊഡ്യൂള്‍ 9 മണിക്കൂര്‍ ബഹിരാകാശത്ത് ചെലവഴിച്ച് ശാന്തസമുദ്രത്തില്‍ തിരിച്ചിറങ്ങി.  ചന്ദ്രനില്‍ ഇറങ്ങാനുള്ള ലൂണാര്‍ മൊഡ്യൂള്‍, മനുഷ്യന്‍ കയറാതെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു അപ്പോളോ 5.  ചന്ദ്രനില്‍ ഇറങ്ങുന്ന മൊഡ്യൂളും ചന്ദ്രനില്‍ നിന്ന് തിരിച്ച് കയറുന്ന മൊഡ്യൂളും ചന്ദ്രനിലെത്താതെ പരീക്ഷിക്കുക എന്നത്  അപ്പോളോ 5 ന്‍റെ ദൗത്യമായിരുന്നു.

അപ്പോളോ 6 ഭാഗിക പരാജയമായിരുന്നു. മൂന്നാമത്തെ ഘട്ടത്തില്‍  ജ്വലനം നടക്കാത്തതിനാല്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മുന്നോട്ടുകുതിക്കാനായില്ല. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള പാതയില്‍ കയറാന്‍ കഴിയാതെ പരീക്ഷണം അവസാനിച്ചു. പക്ഷേ പരാജയങ്ങള്‍ക്ക് തളര്‍ത്താന്‍ കഴിയുന്നതിലേറെ മുന്നോട്ടുപോയിരുന്നു നാസ അപ്പോള്‍.  അപ്പോളോ 1 എന്ന ദുരന്തത്തിന്‍റെ ഓര്‍മ്മ മാഞ്ഞിരുന്നില്ലെങ്കിലും 1968 ഒക്ടോബര്‍ 11 ന് മൂന്നു അസ്ട്രോനോട്ടുകളുമായി അപ്പോളോ 7 പറന്നുയര്‍ന്നു. വാള്‍ട്ടര്‍ എം ഷിറയായിരുന്നു കമാന്‍ഡര്‍.  ഷിറയടക്കം മൂന്നുപേര്‍ക്ക് പനി പിടിപെട്ടതിനാല്‍ നിയന്ത്രണ കേന്ദ്രത്തിന്‍റെ നിര്‍ദേശങ്ങള്‍ ഇവര്‍ പലപ്പോഴും അനുസരിക്കാതിരുന്നു എന്ന വിചിത്രസംഭവും ഈ ദൗത്യത്തിലുണ്ടായി. തിരഞ്ഞെടുത്ത ഭക്ഷണം ഇഷ്ടപ്പെടാതിരുന്നതിനടക്കം കലഹമുണ്ടായി. പക്ഷേ തല്‍സമയ ടെലിവിഷന്‍ സംപ്രേഷണമടക്കം പരീക്ഷിക്കപ്പെട്ടു. 40 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്ക് പ്രസിഡന്‍റിന്‍റെ വിശിഷ്ടസേവാ മെഡല്‍ ലഭിച്ചത് എന്നതായിരുന്നു അനുസരണക്കേടിന് നല്‍കേണ്ടി വന്ന വില.

ഇതിന് തുടര്‍ച്ചയായി വന്ന അപ്പോളോ 8 മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ  ഭ്രമണപഥത്തിലെത്തി. പത്തുതവണ വലം വച്ചു. ചന്ദ്രനെ ചുറ്റിനിന്ന  വിചിത്ര കഥകള്‍ക്കും തിരിച്ചുവരില്ലെന്ന ആശങ്കകള്‍ക്കുമിടയില്‍ അവര്‍ തിരിച്ചെത്തി. മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങാനുള്ള ലൂണാര്‍ മൊഡ്യൂള്‍ പരീക്ഷിക്കുകയായിരുന്നു അപ്പോളോ 9 ന്‍റെ ദൗത്യം. ആളില്ലാതെ അപ്പോളോ 5 ല്‍ പരീക്ഷിച്ച ലൂണാര്‍ മൊഡ്യൂള്‍ ബഹിരാകാശ സഞ്ചാരികളെ വച്ച് അപ്പോളോ 9 ല്‍ പരീക്ഷിച്ചു വിജയിച്ചു. 

ചന്ദ്രനിലിറങ്ങുക എന്നതൊഴിച്ച് ബാക്കിയെല്ലാ പരീക്ഷണങ്ങളും നടത്തി അപ്പോളോ 10. അപ്പോളോ 10ലെ സഞ്ചാരികളുടെ പേടകമായ ലൂണാര്‍ മൊഡ്യൂള്‍ ചന്ദ്രന്‍റെ പതിനഞ്ചര കിലോമീറ്റര്‍ അടുത്തുവരെയെത്തി. അത്രയുമടുത്തെത്തിയിട്ട് ചന്ദ്രനില്‍ ഇറങ്ങാതെ തിരിച്ചുവന്നു അപ്പോളോ 10. തോമസ് പി സ്റ്റാഫോര്‍ഡായിരുന്നു കമാന്‍ഡര്‍. 

ചന്ദ്രന്‍റെ തൊട്ടടുത്തെത്തിയാല്‍ അവിടെ ഇറങ്ങാന്‍ പേടകത്തിലുള്ളവര്‍ക്ക് തോന്നാനുള്ള സാധ്യത കണക്കിലെടുത്ത് കുറഞ്ഞ ഇന്ധനമാണ് ഇതില്‍ നിറച്ചത്. അപ്പോളെ 11 ന്‍റെ ഡ്രസ് റിഹേഴ്സല്‍ മാത്രമായിരുന്നു അപ്പോളെ 10 ന്‍റെ ജോലി. അപ്പോളോ 11 നായിരുന്നു ആ നിയോഗം. ചാന്ദ്രസ്പര്‍ശം എന്ന ചരിത്രത്തില്‍ ഇടംപിടിക്കാന്‍.

മനുഷ്യരാശി കാത്തിരുന്നു 1969 ജൂലൈ 16 എന്ന ദിവസത്തിനായി. മനുഷ്യന്‍റെ അന്നോളമുള്ള നേട്ടങ്ങള്‍ക്ക് മീതെ തിളക്കമാര്‍ന്ന മറ്റൊന്നുവരുന്നതിന്‍റെ ശുഭപ്രതീക്ഷയില്‍ . നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ബസ് ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവര്‍ക്കായിരുന്നു ആ ഭാഗ്യദൗത്യത്തിന്‍റെ ചുമതല. മനുഷ്യനെ ചന്ദ്രനിലിറക്കുമെന്ന് ജോണ്‍ എഫ് .കെന്നഡി അമേരിക്കന്‍ ജനതയോട് പറഞ്ഞ ദശാബ്ദം അവസാനിക്കാന്‍ ആറുമാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജൂലൈ 16 ന് രാവിലെ 9.32 ന് ഇന്ത്യന്‍ സമയം വൈകുന്നേരം 7.02 ന് അപ്പോളോ 11 ഫ്ളോറിഡയില്‍ നിന്നും പറന്നുയര്‍ന്നു.

സാറ്റേണ്‍ 5 എന്ന110 മീറ്റര്‍ ഉയരമുള്ള ആകാശഭീമന്‍ റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം. മൂന്നുഘട്ടങ്ങള്‍. എസ് വണ്‍ സി എന്ന ആദ്യഘട്ടത്തില്‍ 5 എഫ് 1 റോക്കറ്റ് എന്‍ജിനുകളാണ് ഉണ്ടായിരുന്നത്. ദ്രവ ഓക്സിജനും മണ്ണെണ്ണയുമായിരുന്നു ഇന്ധനം. എസ് 2  രണ്ടാം ഘട്ടത്തില്‍ നാല് ചെറിയ ജെ ടു റോക്കറ്റ് എന്‍ജിനുകള്‍. ദ്രവ ഹൈഡ്രജനുംദ്രവ ഓക്സിജനുമായിരുന്നു ഇന്ധനം. എസ് ഫോര്‍ ബി എന്ന മൂന്നാം ഘട്ടത്തില്‍ ഒരു ജെ ടു റോക്കറ്റ് എന്‍ജിനായിരുന്നു സാറ്റേണിന്‍റെ കരുത്ത്. ഏറ്റവും മുകളിലായിരുന്നു നീല്‍ ആംസ്ട്രോങും ബസ് ആല്‍ഡ്രിനും മൈക്കിള്‍ കോളിന്‍സും കയറിയ പേടകം. ഇതിനും മൂന്നുഭാഗങ്ങള്‍. 

ചന്ദ്രനില്‍ ഇറങ്ങാനുള്ള ഈഗിള്‍ എന്ന ലാന്‍ഡറുള്‍പ്പെടുന്ന  ലൂണാര്‍ മൊഡ്യൂള്‍, ലൂണാര്‍ മൊഡ്യൂള്‍ ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റുന്ന കൊളംബിയ എന്ന കമാന്‍ഡ് മൊഡ്യൂള്‍ ,  ഇതിന് ഇന്ധനം നല്‍കുന്ന സര്‍വീസ് മൊഡ്യൂള്‍ എന്നിവ ചേര്‍ന്നതായിരുന്നു ഇത്. കമാന്‍ഡ് മൊഡ്യൂളിലായിരുന്നു സഞ്ചാരികള്‍.  ഇതിന് മുകളില്‍ ലോഞ്ച് എസ്കേപ്പ് സിസ്റ്റവും ഘടിപ്പിച്ചിരുന്നു. വിക്ഷേപണത്തില്‍ എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ എക്സ്കേപ്പ് സിസ്റ്റം മൊഡ്യൂളിനെ റോക്കറ്റില്‍ നിന്ന് ഏറെ അകലെയെത്തിച്ച് സഞ്ചാരികളെ രക്ഷപെടുത്തും. 

67 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച ശേഷം ആദ്യം ഘട്ടം വേര്‍പെട്ടു. 175 കിലോമീറ്റര്‍ വരെ ഉയരത്തില്‍ എത്തിയ ശേഷം രണ്ടാം ഘട്ടവും അവസാനിച്ചു. മൂന്നാംഘട്ടത്തിന്‍റെ ജ്വലനത്തോടെ  190 കിലോമീറ്റര്‍ അകലെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തി ചാന്ദ്രയാത്രികര്‍. ഒന്നരഭ്രമണം പൂര്‍ത്തിയാക്കി ചാന്ദ്രയാത്രാപഥത്തിലേക്ക് കുതിച്ചു പേടകം. വിക്ഷേപണത്തിന് രണ്ടുമണിക്കൂറിന് ശേഷം ലൂണാര്‍ മൊഡ്യൂളിനെ പൊതിഞ്ഞിരിക്കുന്ന പാനലുകള്‍ മാറി. കമാന്‍ഡ് മൊഡ്യൂളും സര്‍വീസ് മൊഡ്യൂളും ഒന്നിക്കുന്ന പേടകം വേര്‍പെട്ട് 180 ഡിഗ്രി തിരിഞ്ഞ് എസ്ഫോര്‍ബിയിലുള്ള ലൂണാര്‍ മൊഡ്യൂളിനെ മുന്നില്‍ ഘടിപ്പിച്ചു.  അതോടെ സാറ്റേണ്‍ റോക്കറ്റിന്‍റെ മൂന്നാം ഘട്ടവും അവസാനിച്ചു. ചന്ദ്രന്‍റെ അടുത്തെത്തിയ അപ്പോളോ 11 പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലൂടെയായി ഭ്രമണം.  ജൂലൈ 20 ന് ചന്ദ്രന്‍റെ മറുഭാഗത്തുള്ളപ്പോള്‍ കമാന്‍ഡ് മൊഡ്യൂളില്‍ നിന്ന് നീല്‍ ആംസ്ട്രോങും ആല്‍ഡ്രിനും ഈഗിള്‍ എന്ന ലൂണാര്‍ മൊഡ്യൂളിലേക്ക് കയറി. പിന്നീട് ഇത് കൊളംബിയ എന്ന കമാന്‍ഡ് മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രനിലേക്ക് ഇറങ്ങാന്‍ തുടങ്ങി. ചന്ദ്രന്‍റെ ഉപരിതലത്തിന്‍റെ 1800 മീറ്റര്‍ ഉയരത്തിലുള്ളപ്പോള്‍ അവര്‍ മുന്നിലെ സ്ക്രീനില്‍ ഒരു തെറ്റായ സന്ദേശം കണ്ടു. ഇറങ്ങാന്‍ തീരുമാനിച്ച സ്ഥലത്തെ ഗര്‍ത്തമായിരുന്നു മറ്റൊരു വെല്ലുവിളി . നിശ്ചയിച്ചതിലും അകലെ ഒരിടത്ത് ഈഗിള്‍ ചന്ദ്രനില്‍ ഇറങ്ങി.

അപ്പോള്‍ ജൂലൈ 20 സമയം രാത്രി 8.17. ഇന്ത്യയില്‍ സമയം ജൂലൈ 21 പുലര്‍ച്ചെ 1.47 . ഈഗിളില്‍ നിന്നും താഴേക്ക് വിരിച്ച ഏണിപ്പടി ചന്ദ്രനില്‍ നിന്നും അല്പം ഉയര്‍ന്നാണ് നിന്നത്. അവസാനത്തെ പടിയില്‍ നിന്നും ചന്ദ്രന്‍റെ മണ്ണിലേക്ക് കാലെടുത്തുവച്ചു നീല്‍ ആംസ്ട്രോങ്.

പിന്നെ ചരിത്രത്തില്‍ ഇടംപിടിച്ച ആ വാക്കുകള്‍ ഉരുവിട്ടു. മനുഷ്യന് ഒരു ചെറിയ കാല്‍വയ്പ് , മാനവരാശിക്ക് ഒരു വമ്പന്‍ കുതിപ്പ്. തല്‍സമയം 33 രാജ്യങ്ങളിലെ രണ്ടരക്കോടിപ്പേര്‍ ആ കാഴ്ച കണ്ടു. ടെലവിഷന്‍ ഇല്ലാത്തയിടത്ത് ജനം റേഡിയോവില്‍ അത് കേട്ടു. ഒടുവില്‍ മനുഷ്യന്‍ അത് സാധിച്ചു. സ്ഥലം മാറിയതിനാല്‍ 25 സെക്കന്‍റ് കൂടി അവരുടെ എന്‍ജിന്‍ ജ്വലിച്ചിരുന്നുവെങ്കില്‍ ചാന്ദ്രസ്പര്‍ശം സാധ്യമാകുമായിരുന്നില്ല. tHATS ONE SMALL STEP FOR A MAN എന്നാണ് നീല്‍ ആംസ്ട്രോങ് പറഞ്ഞത്. അതിലെ എ മാന്‍ എന്ന പ്രയോഗം ആവേശത്തള്ളിച്ചയില്‍ ഉണ്ടായതാണ്. വ്യാകരണപ്പിശകിന്‍രെ പേരില്‍ ലോകം പിന്നീട് ആ വാചകത്തെപ്പിടിച്ച് തര്‍ക്കിച്ചു. 

ചന്ദ്രനില്‍ ഇറങ്ങിയ ആംസ്ട്രോങ് ആദ്യം ചെയ്തത് ഭൂമിയിലേക്ക് ദൃശ്യങ്ങള്‍ അയക്കാന്‍  ക്യാമറ സ്ഥാപിക്കുകയായിരുന്നു. നീല്‍ ആംസ്ട്രോങ് ഇറങ്ങി 19 മിനിറ്റ് കഴിഞ്ഞാണ് എഡ്വിന്‍ ആല്‍ഡ്രിന്‍ പുറത്തെത്തിയത്,. അവര്‍ ഇരുവരും ചേര്‍ന്ന് യാത്രാഫലകം അവിടെ പ്രകാശനം ചെയ്തു. നാല്‍പത് അടി ദൂരത്തിലുറപ്പിച്ച ക്യാമറ എല്ലാം ഒപ്പിയെടുത്തു. ക്യാമറമാന്‍ നീല്‍ ആംസ്ട്രോങ് ആയതിനാല്‍ ദൃശ്യങ്ങളിലും ചിത്രങ്ങളിലും ഏറെയും ഇടംപിടിച്ചത് എഡ്വിന്‍ ആല്‍ഡ്രിനാണ്. ചന്ദ്രനില്‍ പതിഞ്ഞ മനുഷ്യന്‍റെ കാല്‍പാട് എന്ന ചിത്രം പോലും എഡ്വിന്‍ആല്‍ഡ്രിന്‍റെ കാല്പാടാണ്. ചന്ദ്രനില്‍ നടത്തേണ്ടിയിരുന്നു പരീക്ഷണങ്ങള്‍ നടത്തി. അമേരിക്കന്‍ പതാക സ്ഥാപിച്ചു.  അമേരിക്കന്‍ പ്രസിഡന്‍റ് നിക്സണ്‍ അവരോട് ടെലിഫോണില്‍ സംസാരിച്ചു.

ചന്ദ്രന്‍റെ പ്രതലത്തില്‍ നിന്ന് 22 കിലോഗ്രാം മണ്ണും പാറയും അവര്‍ ശേഖരിച്ചു.എഡ്വിന്‍ ആല്‍ഡ്രിന്‍ രണ്ടുമണിക്കൂറിന് ശേഷവും നീല്‍ ആംസ്ട്രോങ് രണ്ടരമണിക്കൂറിന് ശേഷവും പേടകത്തില്‍ തിരിച്ചുകയറി.

ചന്ദ്രനില്‍ ഇറങ്ങാന്‍ തീരുമാനിക്കപ്പെട്ടത് നീല്‍ ആംസ്ട്രോങ് ആയിരുന്നെങ്കിലും ഏതെങ്കിലും ആംസ്ട്രോങിന് സാധിക്കാതെ വന്നിരുന്നെങ്കില്‍ ആല്‍ഡ്രിനായിരുന്നു ദൗത്യച്ചുമതല.അതേസമയം ചാന്ദ്രപേടകത്തിന്‍റെവാതില്‍ തുറന്ന് മാറിയത് എഡ്വിന്‍ആല്‍ഡ്രിന്‍ ഇരുന്ന വശത്തേക്കായിരുന്നു എന്നതിനാല്‍ ആല്‍ഡ്രിന് ആദ്യം ഇറങ്ങാനാവില്ല എന്നതും മറ്റൊരു വസ്തുതയായിരുന്നു.

അന്‍പത് വര്‍ഷത്തിന് ശേഷം അല്ലെങ്കില്‍ അപ്പോളോ 17 മിഷനിന് ശേഷം അമേരിക്ക ഒരിക്കല്‍ കൂടി ചന്ദ്രനിലിറങ്ങാന്‍ തയാറെടുക്കുകയാണ്. 2024 ല്‍ ചന്ദ്രനില്‍ ഒരു വനിതയെ ഇറക്കാനാണ് നാസയുടെ പുതിയ പദ്ധതി. ഗ്രീക്ക് ദേവനായ അപ്പോളോയുടെ സഹോദരന്‍ ആര്‍ട്ടെമിസിന്‍റെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്. ചന്ദ്രനില്‍ സ്ഥിരം പരീക്ഷണശാലയടക്കമുള്ള ഭാവിദൗത്യങ്ങളുടെ തുടക്കമാകും ഇതെന്ന് കരുതപ്പെടുന്നു. ഇന്ത്യയും ചാന്ദ്രയാന്‍ ദൗത്യത്തിലൂടെ ഈ ദൗത്യങ്ങളുടെ ഭാഗമാകുന്നുണ്ട്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...