'സഖാവ് പൂക്കുന്നിടത്ത് മാത്രമല്ല വസന്തം'; കൊടി കുത്തിയ കലാലയം

sfi-trivandrum-uni-college
SHARE

ഇന്നലെ വരെ എസ്.എഫ്.ഐക്കായി മുദ്രാവാക്യം വിളിച്ചവരാണ് ഇന്ന് അവര്‍ക്കെതിരെ വിളിക്കുന്നത്. ഈ മുദ്രാവാക്യങ്ങള്‍ ഒറ്റദിവസം കൊണ്ട് ഉയര്‍ന്നതുമല്ല.. സഹിച്ചുമടുത്ത ഒരു വിദ്യാര്‍ഥി സമൂഹത്തിന്റ സ്വാഭാവിക പ്രതിഷേധമാണിത്. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും  വെറും വെളളക്കൊടിയില്‍ മാത്രം അവശേഷിച്ചപ്പോള്‍ തെരുവിലിറങ്ങാതെ ഇവര്‍ക്ക് നിവൃത്തിയില്ലായിരുന്നു. 

ക്യാംപസില്‍ കണ്ടും കേട്ടും കൊണ്ടും മടുത്ത അനീതിക്കെതിരെ, അക്രമങ്ങള്‍ക്കെതിരെ,ഏകാധിപത്യത്തിനെതിരെ, എസ്.എഫ്.ഐയുടെ  പേരില്‍ നടക്കുന്ന ഫാസിസത്തിനെതിരെ ഉയര്‍ന്ന സ്വഭാവിക വിപ്ലവം. 

മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന കലാലയം എന്ന ബഹുമതി. ആരും കൊതിക്കുന്ന ക്യാംപസും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും. പക്ഷെ പുറത്ത് ഇതൊന്നുമല്ല യൂണിവേഴ്സിറ്റി കോളജിനുള്ള പരിവേഷം.

എസ്.എഫ്ഐ അല്ലാതെ ഒരു വിദ്യാര്‍ഥിപ്രസ്ഥാനത്തിന് പോലും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ക്യാംപസില്‍ നടക്കുന്നത് നേതാക്കളുടെ ഗുണ്ടായിസം. അതിന്റ ഏറ്റവും പുതിയ തെളിവായിരുന്നു  കലാലയമുറ്റത്ത് ഒരു വിദ്യാര്‍ഥി  കുത്തേറ്റ് വീണ സംഭവം.

അഖില്‍ ചന്ദ്രന്‍, മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥി, എസ്.എഫ്.ഐക്കാരന്‍. മൂന്ന് വര്‍ഷത്തോളം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐക്കായി മുദ്രാവാക്യം വിളിച്ചവന്‍, കൊടികെട്ടാനും നേതാക്കളെ സഹായിക്കാനും ഓടിനടന്നവന്‍...പക്ഷെ ഒടുവില്‍ അഖിലിന്റെ സ്വന്തം നേതാക്കള്‍, ചേട്ടാ എന്ന് വിളിച്ച് വിശ്വസിച്ചിരുന്ന സഹപാഠികള്‍ തന്നെ അവന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കി. 

വെള്ളിയാഴ്ചയായിരുന്നു കലാലയരംഗത്തിന് തന്നെ നാണക്കേടുണ്ടാക്കിയ ദിനം. പൊലീസിന്റെ കണ്ടെത്തല്‍ പ്രകാരം അഖിലിനെയും കൂട്ടുകാരെയും വകവരുത്താന്‍ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നിശ്ചയിച്ചുറപ്പിച്ച ദിവസം. അതിനായി ഒരു സംഘര്‍ഷം സൃഷ്ടിക്കേണ്ടത് അവരുടെ ലക്ഷ്യമായിരുന്നു. അതിനുള്ള ഒരുക്കങ്ങള്‍ രാവിലെ മുതല്‍ തുടങ്ങി.

എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നേതാക്കളായ നസീമിന്റെയും ശിവരഞ്ചിത്തിന്റെയും നേതൃത്വത്തില്‍ മുപ്പതോളം പേര്‍ കന്റീനിലും ഇടിമുറിയെന്ന് അറിയുന്ന യൂണിയന്‍ ഓഫീസിലും തയാറായി നിന്നു. കോളജില്‍ പഠിക്കാത്ത ഹൈദര്‍, ഹരീഷ് എന്നീ എസ്.എഫ്.ഐ നേതാക്കളെ പുറമേ നിന്ന് വിളിച്ചുവരുത്തി. പിന്നെ എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥപോലെ നടന്നു 

ഇടനെഞ്ചില്‍ കുത്തേറ്റ് വീണ അഖിലിനെ ആശൂപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിക്കാതെ കൊലവിളി മുഴക്കി തീവ്രവാദസ്വഭാവവും കാണിച്ചു നേതാക്കളായ പ്രതികള്‍.

പൊലീസെത്തി ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് ശസ്ത്രക്രീയയിലൂടെയെങ്കിലും അഖിലിന്റെ ജീവന്‍ രക്ഷിക്കാനായത്. ഈ ക്രൂരതയാണ് ഇന്നലെ വരെ എസ്.എഫ്.ഐക്കായി കൊടിപിടിച്ചവരെയും ന്യായീകരിച്ചവരെയും തെരുവിലറങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്.

സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എവിടെയെന്ന് ഉറക്കെ വിളിച്ചുചോദിച്ച അവര്‍ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. എതിര്‍ശബ്ദം ഉയര്‍ത്തിയവരെ മാധ്യമങ്ങളുടെ മുന്നിലിട്ട് അടിച്ചമര്‍ത്താനായിരുന്നു പ്രതികളായ നേതാക്കള്‍ക്ക് താല്‍പര്യം. 

ഇതൊന്നും അറിയാത്ത ഒരാള്‍ അപ്പോഴും ആ ക്യാംപസിനുള്ളിലുണ്ടായിരുന്നു. സ്വന്തം വിദ്യാര്‍ഥി നെഞ്ചത്ത് കുത്തേറ്റ് ജീവന് വേണ്ടി പിടഞ്ഞത്  അറിഞ്ഞില്ലെന്ന് ഒരു ഉളിപ്പും ഇല്ലാതെ പറഞ്ഞു പ്രിന്‍സിപ്പല്‍. പ്രതികളായ എസ്.എഫ്.ഐക്കാരെ മാധ്യമങ്ങളില്‍ നിന്ന് രക്ഷിക്കാനായിരുന്നു ഈ വ്യഗ്രത. ക്യാംപസില്‍ നടക്കുന്ന എന്ത് കൊള്ളരുതായ്മകള്‍ക്കും കുട പിടിക്കുന്നത് ആരെന്ന് അറിയാന്‍ ഈ പ്രതികരണം മാത്രം കേട്ടാല്‍ മതിയാകും 

ഇനി പൊലീസിന്റെ ഊഴം

കൂട്ടുകാരനെ കുത്തി വീഴ്ത്തിയവര്‍ ക്യാംപസിനുള്ളിലുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും  ഒന്ന് കയറിനോക്കാന്‍ പോലും തയാറായില്ല പൊലീസ്. പ്രതിഷേധിച്ചവരെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ വീണ്ടും മര്‍ദിക്കുമ്പോള്‍  ക്യാംപസില്‍ കയറാന്‍ അനുവാദമില്ലെന്ന് പറഞ്ഞ് കോളജ് കവാടത്തില്‍ കൈയും കെട്ടി നോക്കിനിന്നു നമ്മുടെ പൊലീസ്. 

പ്രിന്‍സിപ്പലിനെപ്പോലെ എസ്.എഫ്.െഎയുടെ ഗുണ്ടായിസത്തിന് മുന്നില്‍  വെറും നോക്കുകുത്തികളായി പൊലീസും. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല..ക്യാംപസില്‍ കയറിയിട്ട് തിരിച്ചിറങ്ങുമ്പോള്‍ ജീവനും ജോലിയുമുണ്ടാകുമോയെന്ന് അവര്‍ക്കും ഭയമുണ്ടാകും

‌അന്ന് മാത്രമല്ല, പ്രതികളെ പിടിക്കുന്നതിലും അന്വേഷണത്തിലും പൊലീസ് വെറും നോക്കുകുത്തികളായിരുന്നു.  പ്രതികള്‍ കീഴടങ്ങുന്നതിനായി സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും  കനിവ് കാത്തിരിക്കുകയായിരുന്നു ദിവസങ്ങളോളും. ഒടുവില്‍ പിടിച്ചതാകട്ടെ പാര്‍ട്ടി തിരക്കഥപ്രകാരമുള്ള നാടകത്തിലൂടെയും.

അഖിലിനെ കുത്തി വീഴ്ത്തിയിട്ട് ‌ പ്രതികള്‍ നേരേ പോയത് നഗരമധ്യത്തിലെ സ്റ്റുഡന്റ്സ് സെന്ററിലേക്ക്...ആറ് മണിക്കൂറോളം അവിടെ കഴിഞ്ഞു. പൊലീസ് എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു. പിന്നീടുള്ള രണ്ട് ദിവസവും പ്രതികള്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും ചില സുഹൃത്തുക്കളുടെ വീട്ടിലും വന്നുപോയി..ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. 

ജീവനില്‍ ഭീഷണിയുണ്ടായിട്ടും ചില വിദ്യാര്‍ഥികള്‍ പൊലീസിനെ ഇക്കാര്യം വിളിച്ച് അറിയിച്ചു. പക്ഷെ അവിടെ കയറാന്‍ പൊലീസ് തയാറായില്ല. പരിശോധനക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ അനുമതി തേടിയപ്പോള്‍ ആലോചിച്ചിട്ട് പറയാമെന്ന മറുപടിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിലക്കി.

എല്ലാവരുടെയും മനസില്‍ ഏതാനും മാസം മുന്‍പ് ഡി.വൈ.എഫ്.ഐക്കാരനായ പ്രതിക്ക് വേണ്ടി സി.പി.എം ജില്ല കമ്മിറ്റി ഓഫീസില്‍ കയറിയ എസ്.പി ചൈത്ര തേരേസ ജോണിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയായിരുന്നു.

ഒടുവില്‍ പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. തൊട്ടുപിന്നാലെ മൂന്ന് പ്രതികള്‍  പ്രത്യക്ഷപ്പെട്ടു. അതും നഗരമധ്യത്തിലെ റയില്‍വേ സ്റ്റേഷനില്‍ നിന്ന്.

പിന്നെ ഇതുവരെയും കയാറാതിരുന്ന യൂണിവേഴ്സിറ്റി ഹോസ്റ്റലിലും സ്റ്റുഡന്റസ് സെന്ററിലും വന്‍ സന്നാഹത്തോടെയുള്ള പൊലീസിന്റ പരിശോധന നാടകം. വെറും കയ്യോടെയുള്ള മടക്കം. ഇതിന് പിന്നാലെ മൂന്ന് ദിവസം ഒളിവിലായിരുന്ന മുഖ്യപ്രതികള്‍ പൊലീസിന്റെ മുന്നിലേക്കെത്തി.

പുലര്‍ച്ചെ രണ്ടിന് നഗരത്തിലെ റോഡിലൂടെ ഓട്ടോയില്‍ പോകുമ്പോള്‍ പിടിച്ചെന്ന് പൊലീസ് ഭാഷ്യം. പാര്‍ട്ടി തിരക്കഥ പ്രകാരം കീഴടങ്ങിയതല്ലെന്ന് എസ്.എഫ്.െഎക്കാര്‍ പോലും വിശ്വസിക്കില്ല. ഒരു കാര്യം ഉറപ്പ്. ഒളിവിലെന്നും കണ്ടെത്താനാവുന്നില്ലെന്നും  പറഞ്ഞ കേരള പൊലീസിന്റ കണ്‍മുന്നില്‍ തന്നെയാണ്  പ്രതികള്‍ മൂന്നുദിവസം കഴിഞ്ഞത്. 

പ്രതികളെ അറസ്റ്റ് ചെയ്ത് മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിച്ച  എസ്.എഫ്.ഐയ്ക്കും  സി.പി.എമ്മിനും കിട്ടിയ വലിയ തിരിച്ചടിയായിരുന്നു മുഖ്യ പ്രതിയുടെ വീട്ടില്‍ നിന്ന്  കണ്ടെടുത്ത ഉത്തരക്കടലാസ്.

സര്‍വകലാശാലയില്‍ സൂക്ഷിക്കേണ്ട ഉത്തരക്കടലാസുകള്‍  മാത്രമല്ല, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീല്‍ വരെ കിട്ടി ഇവിടെ നിന്ന്.  യൂണിവേഴ്സിറ്റി കോളജില്‍  കാലങ്ങളായി ആരോപിക്കപ്പെടുന്ന പരീക്ഷക്രമക്കേടുകള്‍ ശരിവയ്ക്കുന്നതായിരുന്നു ഈ തെളിവുകള്‍. 

കുത്തുകേസിലെ പ്രതികളായ ശിവരഞ്ചിത്തും  പി.എസ്.സിയുടെ പൊലീസ് റാങ്ക് പട്ടികയില്‍ ഒന്നാമനും നസീം 28മനുമാണ്. ക്രിമിനലുകള്‍ പട്ടികയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയത് സി.പി.എം സ്വാധീനത്താലെന്ന  ആക്ഷേപത്തിന് ശക്തിപകരുന്നതായി വ്യാജസീലിന്റെയും ഉത്തരക്കടലാസിന്റെയും കണ്ടെത്തല്‍.

പി.എസ്.സിയില്‍ നിന്ന് സ്പോര്‍സ് ക്വാട്ടയില്‍ നേടിയ  അധിക മാര്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണെന്നും സംശയം ബലപ്പെട്ടതോടെ സര്‍ക്കാരും സി.പി.എമ്മും കൂടുതല്‍ പ്രതിരോധത്തിലായി. പ്രതികളെ സംഘടനയില്‍ പുറത്താക്കി ,അന്വേഷണം പ്രഖ്യാപിച്ചു. അങ്ങനെ പെട്ടന്നൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി പോലും പ്രതികരിച്ചു, വിവാദങ്ങള്‍ തണുപ്പിക്കാന്‍ 

യൂണിവേഴ്സിറ്റി കോളജിന്റെ ചരിത്രം തിരഞ്ഞാല്‍ ഇതുപോലെ ഹൃദയം നിറയ്ക്കുന്ന ഒട്ടേറെ സൗഹൃദ കാഴ്ചകള്‍ കാണാനാവും. വെറും കോളജ് എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന ഒരു സര്‍വകലാശാല തന്നെയായിരുന്നു യൂണിവേഴ്സിറ്റി കോളജ്.

ഒ.എന്‍.വി കുറുപ്പും വിഷ്ണുനാരായണന്‍ നമ്പൂതിരി, ബി. ഹൃദയകുമാരിയും നരേന്ദ്രപ്രസാദും തുടങ്ങി പ്രഗത്ഭര്‍ പകര്‍ന്ന് നല്‍കിയ വഴികളിലൂടെ ഉന്നതിയിലേക്ക് നടന്ന് കയറിയ ഒട്ടേറെപ്പേരുണ്ട് ഈ കോളജിന്റെ മക്കളായി.  

കാലം മാറി, ഇന്ന് എസ്.എഫ്.െഎയുടെ ഇരുമ്പ് മറയ്ക്കുള്ളിലാണ് യൂണിവേഴ്സിറ്റി കോളജ്. ക്രിമിനലുകളെ വാര്‍ത്തെടുക്കുന്ന കലാപശാലയായി ഇവിടം മാറിക്കഴി‍ഞ്ഞു. സര്‍വകലാശാലയ്ക്കും അധ്യാപകര്‍ക്കും മുകളില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എസ്.എഫ്.െഎ. മറ്റു കലാലയങ്ങളില്‍ ഫാസിസ്റ്റ് വിരുദ്ധ കൊടിയുമായി മുന്നേറുന്ന എസ്.എഫ്.ഐ ഈ കോളജില്‍ എത്തിയാല്‍ ഫാസിസ്റ്റ് ശക്തിയായി മാറും. 

ഒരു ക്യാംപസായാല്‍ എല്ലാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാല്‍ എസ്.എഫ്.െഎയ്ക്കല്ലാത്ത ഒരാള്‍ക്കും പോലും മുദ്രവാക്യം വിളിക്കാനുള്ള സ്വാതന്ത്യ്രം യൂണിവേഴ്സിറ്റി കോളജില്‍ ഇല്ല . യൂണിറ്റ് രൂപീകരിക്കാനുള്ള  മറ്റ് സംഘടനകളുടെ ശ്രമങ്ങളെ  എല്ലാക്കാലത്തും  കൈക്കരുത്തുകൊണ്ട് ഇല്ലാതാക്കിയ എസ്.എഫ്.െഎയുടെ താലിബാനിസമാണിന്ന് ക്യാംപസില്‍. 

എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ കൈകാര്യം ചെയ്യാന്‍  നേതാക്കള്‍ ഉപയോഗിച്ചിരുന്ന ഇടിമുറി എസ്.എഫ്.െഎക്കാര്‍ക്ക് പോലും പേടി സ്വപ്നം.വര്‍ഷങ്ങള്‍ക്കുശേഷം ക്യാംപസിനുള്ളില്‍ കയറാന്‍ കഴിഞ്ഞ മാധ്യമങ്ങള്‍ കണ്ടതും ഞെട്ടിക്കുന്ന കാഴ്ചകള്‍ 

കോളജ് യൂണിയന്‍ ഒാഫീസിനോട് ചേര്‍ന്ന് നിറയെ രക്തസാക്ഷികളുടെ ചിത്രങ്ങള്‍ പതിച്ച ഇരുട്ടുമുറികള്‍. മഹാരാജാസില്‍ കുത്തേറ്റ് പൊലിഞ്ഞ അഭിമന്യൂവും ആ കൂട്ടത്തിലുണ്ട്. ആ ചിത്രവും സാക്ഷിയാണ് വിദ്യാര്‍ഥികള്‍ ഈ മുറിയില്‍ നേരിട്ട ക്രൂരതകള്‍ക്ക്. ഇടിമുറി സമ്മാനിച്ച മുറിപ്പാടുകള്‍ പലരുടേയും ശരീരത്തിലും മനസിലും ഇപ്പോഴമുണ്ട്. ഏറെയും എസ്.എഫ്.െഎക്കാര്‍ തന്നെ.

അമ്പാടി വെറുമൊരു പ്രവര്‍ത്തകനായിരുന്നില്ല, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, തലസ്ഥാനത്തെ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്ന വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറി. എന്നിട്ടും ഇടിമുറിയില്‍ പലതവണ കയറ്റി അവര്‍.

ഉമൈറിന്റെ ദേഹത്ത് എസ്.എഫ്.ഐക്കാരുടെ കൈത്തഴമ്പ്  ഇപ്പോഴും കല്ലിച്ച് കിടക്കുന്നുണ്ട്. നേതാക്കളുടെ തെറ്റുകള്‍ക്കെതിരെ പ്രതികരിച്ചതായിരുന്നു ഉമൈറിനെതിരായ കുറ്റവും.  എസ്.എഫ്.െഎയ്ക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉമൈര്‍ ദിവസങ്ങളോളം നിരാഹാരം കിടന്നത് പോലും അവര്‍ ഒാര്‍ത്തില്ല. 

ആ ധാര്‍ഷ്ട്യത്തിന് പിന്നില്‍ തലകുനിക്കാതെ ഉമൈര്‍ വീണ്ടും പ്രതികരിച്ചതിന്റെ വൈരാഗ്യം കൂടിയാണ് അഖിലിന്റെ ഇടനെഞ്ചില്‍ ആഴ്ന്നിറങ്ങിയ കഠാര. അഖിലിനെ കുത്തിയ വീഴ്ത്തിയ സംഘര്‍ഷം തുടങ്ങിയത് ഉമൈറിന്റെ ചെകിട്ടത്തുള്ള അടിയോടെയാണ്. 

നിഖിലയ്ക്ക് ഇത് രണ്ടാം ജന്‍മമാണ്. ശാസ്ത്രജ്ഞയാകണമെന്ന സ്വപ്നവുമായായിരുന്നു കോളജിന്റെ പടവുകള്‍ കടന്നെത്തിയത്. പക്ഷെ നേരിടേണ്ടിവന്നതാകട്ടെ എസ്.എഫ്.ഐയുടെ പീഡനവും. പലതും സഹിച്ചു.

പക്ഷെ പഠിക്കാന്‍ പോലും സമ്മതിക്കില്ലെന്നായതോടെ ജീവിതം സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അന്നെഴുതിയ  ആത്മഹത്യാകുറിപ്പാണ് എസ്.എഫ്.െഎയുടെ കാട്ടാളത്തത്തിനെതിരായി അടുത്തകാലത്ത് ഉയര്‍ന്ന ആദ്യകുറ്റപത്രം 

സ്ത്രീസമത്വത്തിനായും സദാചാര ഗുണ്ടായിസത്തിനെതിരായും  സമൂഹമാധ്യമങ്ങളില്‍ വാതോരാതെ എഴുതുന്ന കുട്ടിസഖാക്കളുടെ മൂടുപടം വലിച്ചുകീറുന്നതായിരുന്നു നിഖില പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിയ ഒാരോ കാര്യങ്ങളും. രണ്ടു മാസം മുമ്പ് നിഖിലയെ നിര്‍ദാക്ഷിണ്യം തള്ളിപ്പറഞ്ഞവര്‍ നിഖില ഉയര്‍ത്തിയ അതേ ആക്ഷേപങ്ങള്‍ ശരിവച്ച് ഇന്ന് തെരുവിലിറങ്ങുന്നത് ചരിത്രത്തിന്റെ മറ്റൊരു കൗതുകക്കാഴ്ച കൂടിയാണ്. 

ചാപ്പ കുത്തി അടിമയാക്കുന്ന പ്രാകൃത രീതികളുടെ ചരിത്രവുമുണ്ട് ഇവിടത്തെ കലാപകാരികള്‍ക്ക്. കെ.എസ്.യു നേതാവിന്റ പുറത്താണ് തിണ്ണമിടുക്കിന്റെ വമ്പുകൊണ്ട് എസ്.എഫ്.ഐ നേതാക്കള്‍ സംഘടനയുടെ പേര് കോമ്പസുകൊണ്ട് കോറിയിട്ടത്. തൂവെള്ളക്കൊടിയില്‍ ചുവന്ന നിറത്തിലെഴുതിയ സ്വാതന്ത്ര്യം എന്ന വാക്കിന് യൂണിവേഴ്സിറ്റി കോളജില്‍ എതിര്‍ക്കുന്നവന്റെ ചോര എന്നാണ് അര്‍ത്ഥമെന്ന് ഇതെല്ലാം വിളിച്ച് പറയുന്നു.

അക്രമം മാത്രമല്ല,  നേതാക്കള്‍ വിചാരിച്ചാല്‍ എന്തും നടക്കും യൂണിവേഴ്സിറ്റി കോളജില്‍ . എത്ര വര്‍ഷം വേണമെങ്കിലും തുടര്‍ച്ചയായി പഠിക്കാം. പരീക്ഷ എഴുതാതെ ജയിക്കാം. കയ്യൂക്കും ഗൂണ്ടായിസവുമാണ് ആയുധം. അതിന്റെ തെളിവുകളും ഈ വിവാദത്തോടെ പുറത്ത് വന്നു.

ക്ലാസില്‍ കയറുകയോ പഠിക്കുകയോ വേണ്ട. നേതാക്കള്‍ക്ക് വേണ്ടി പരീക്ഷ എഴുതാന്‍ ആളുണ്ടിവിടെ. പേടി കാരണം എന്തുകൊള്ളരുതായ്മകള്‍ക്കും അധ്യാപകരും കൂട്ടുനില്‍ക്കും.  ഈ മുന്‍ പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ നാണിപ്പിക്കും കേരളത്തിലെ കോളജ് വിദ്യാഭ്യാസ സമ്പ്രദായത്തെ ആകെ.

യൂണിവേഴ്സിറ്റി കോളജ് ഒരു  റിപ്പബ്ളിക്കായി മാറുന്നത് കോളജ് ഗേറ്റിനുള്ളില്‍ മാത്രമല്ല,  പുറത്തിറങ്ങിയാല്‍ പൊലീസിനെപ്പോലും കൈക്കരുത്തുകൊണ്ടാണ് നേരിടുന്നത്. ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത പൊലീസുകാരെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു. 

ആ പ്രതികളെ നാല് മാസത്തോളം സി.പി.എം സംരക്ഷിച്ചു. ഇത്തരത്തിലെ രാഷ്ട്രീയ സംരക്ഷണമാണ് യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികളുടെ കുപ്പായമണിയുന്ന ഗുണ്ടകള്‍ക്കുള്ള വെള്ളവും വളവുമെന്ന് ഒരിക്കല്‍ ക്യാംപസില്‍ കയറിയ മുന്‍ ഡി.ജി.പിയുടെ അനുഭവം വിളിച്ചുപറയും..

ഒരു കോളജിനെ, അവിടുള്ള സംവിധാനങ്ങളെ എത്രമാത്രം വികൃതമാക്കി, അടിച്ചമര്‍ത്തിയാണ് എസ്.എഫ്.ഐ എന്ന പ്രസ്ഥാനം യൂണിവേഴ്സിറ്റി കോളജില്‍ അഴി‍ഞ്ഞാടിയെന്ന് വ്യക്തമാകാന്‍ ഇതുമതി. ഒറ്റ സംഭവത്തിന്റെ പേരില്‍ എസ്.എഫ്.ഐയുടെ  ശവദാഹത്തിന് ശ്രമിക്കുന്നൂവെന്ന് പറയുന്നവര്‍ ഇതെല്ലാം കാണണം. സ്വയം ചോദിക്കണം ഇതാണോ എസ്.എഫ്.ഐ..ഇതാണോ ജനാധിപത്യ വിദ്യാര്‍ഥി പ്രസ്ഥാനം.

എസ്.എഫ്.െഎയ്ക്ക് സ്വയം തിരുത്തലിനുള്ള സമയമാണിത്. സഖാവ് പൂക്കുന്നിടത്ത് മാത്രമാണ് വസന്തമെന്ന് ഇനിയെങ്കിലും കരുതാതിരിക്കുക. സ്വന്തം കൊടിയില്‍ എഴുതിവച്ചിരിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എല്ലാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടെന്ന് തിരിച്ചറിയണം. 

കലാലയങ്ങളെ നേരിന്റെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആകാശത്തേക്ക് മുഷ്ടിചുരുട്ടുന്ന സഹയാത്രികരെ പോലും അടിച്ചവശരാക്കുന്നത് എന്ത് രാഷ്ട്രീയപ്രമാണങ്ങളുടെ  അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കാന്‍ ആര്‍ക്കു കഴിയും.  വിവാദങ്ങളില്‍പെട്ട് ഉഴലുന്നതിനിടെ ഇടത് നേതാക്കള്‍ തന്നെ പറഞ്ഞ് വയ്ക്കുന്നുണ്ട് എങ്ങിനെയാണ് മാറേണ്ടതെന്ന്.

കണ്ണില്‍പൊടിയിടാനും വിവാദത്തില്‍ നിന്ന് രക്ഷപെടാനുമുള്ള മാര്‍ഗം മാത്രമാകരുത് ഈ ശുദ്ധികലശം. യൂണിവേഴ്സിറ്റി കോളജിന്റ പടിയിറങ്ങുമ്പോള്‍ എന്റെ കലാലയമെന്ന് ഏതൊരു വിദ്യാര്‍ഥിക്കും അഭിമാനത്തോടെ  പറയാന്‍ കഴിയണം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...