അഞ്ച് വർഷത്തെ ധനനയത്തിന്റെ ചൂണ്ടുവിരൽ; മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്

budget-2019
SHARE

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വരുന്ന അഞ്ചാം തീയതി അവതരിപ്പിക്കും. കൃത്യമായ ഭൂരിപക്ഷത്തില്‍ രണ്ടാമതും അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്‍റെ വരുന്ന അഞ്ച് വര്‍ഷത്തെ ധനനയത്തിന്‍റെ ചൂണ്ടുവിരലാണ് ഈ ബജറ്റ്. സാമ്പത്തിക പരിഷ്കരണത്തിന്‌റെ രണ്ടാം ഘട്ടമാണ് നിര്‍മല സീതാരാമനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവില്‍ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട വക്താക്കളിലൊരാളായിരുന്നു നിര്‍മല സീതാരാമന്‍. വിഷയം കൃത്യമായി പഠിക്കാനുളള കഴിവ്, കുറിക്കുകൊളളുന്ന വാക്കുകള്‍, ദേശീയ തലത്തില്‍ അവര്‍ ശ്രദ്ധിക്കപ്പെട്ടത് അങ്ങനെയാണ്. ആദ്യ മോദി സര്‍ക്കാരില്‍ വാണിജ്യമന്ത്രിയായാണ് നിര്‍മല സീതാരാമന്‍ എത്തുന്നത്. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി മടങ്ങിയപ്പോള്‍ ആ പദവിയിലേക്ക് എല്ലാവരെയും അമ്പരിപ്പിച്ച് നിര്‍മല എത്തി.  പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ അവരെ കാത്തിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. ഒരേ സമയം ചൈന അതിര്‍ത്തിയില്‍ സൃഷ്ടിച്ച സംഘര്‍ഷവും പാകിസ്ഥാന്‍ തീവ്രവാദികളും ഉയര്‍ത്തിയിരുന്ന പ്രതിസന്ധിയുമായിരുന്നു പ്രതിരോധമന്ത്രിയെന്ന നിലയ്ക്ക് അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. 

ദോക്‌ലാം നേരിട്ട് സന്ദര്‍ശിച്ച് ചൈനീസ് ഉദ്യോഗസ്ഥരുമായി രമ്യമായി സംസാരിച്ച് തര്‍ക്കത്തിന് അയവ് വരുത്താനും പാകിസ്ഥാനുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കാനും നിര്‍മലയ്ക്ക് സാധിച്ചു. ധനമന്ത്രി സ്ഥാനത്ത് എത്തുമ്പോഴും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. സെന്‍ട്രന്‍ സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ അവര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന ഒട്ടേറെ പ്രതിസന്ധികളുണ്ട്. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ നിലവിലെ സ്ഥിതി അത്ര മെച്ചമല്ല എന്നുള്ളത് തന്നെയാണ് വരുന്ന കേന്ദ്ര ബജറ്റില്‍ നിര്‍മലയ്ക്ക് മുന്നിലുളള വെല്ലുവിളി

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രണ്ട് പേര്‍ ധനവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. അരുണ്‍ ജെയ്റ്റിലിയും പിയൂഷ് ഗോയലും. . നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം ഇവരുടെ പിടിപ്പുകേടാണെന്ന് വരെ വിമര്‍ശനങ്ങളുണ്ടായി. ജിഎസ്ടിയിലും നോട്ട് നിരോധനത്തിലുമെല്ലാം പരാതികള്‍ പല ഘട്ടങ്ങളിലുമുയര്‍ന്നു. ജിഎസ്ടി ഘടനയെ പലപ്പോഴായി ന്യായീകരിച്ചിട്ടുണ്ടെങ്കിലും നികുതി ഘടന ലളിതമാക്കുമെന്ന് പിന്നീട് സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു. പിഴവുകള്‍ പരിഹരിക്കുക, പുതിയ മുന്നേററങ്ങള്‍ക്ക് തുടക്കം കുറിക്കുക ഇതായിരിക്കും നിര്‍മല സീതാരാമന്‍റെ ആദ്യ ബജറ്റിന്‍റെ കാതല്‍ MARTIN PATRICK}}

രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്ക് ത്വരിതപ്പെടുത്തലും ധനക്കമ്മി പരിഹരിക്കലും ജിഎസ്ടിയിലെ അപാകതകള്‍ ഇല്ലാതാക്കലും  ആണ് പുതിയ ധനമന്ത്രിയുടെ മുന്നിലുളള പ്രധാന്നപ്പെട്ട വെല്ലുവിളികള്‍. കഴിഞ്ഞ തിരഞെടുപ്പില്‍ ബിജെപിയ്ക്ക് ഏറെ വിമര്‍ശനമേല്‍ക്കേണ്ടി വന്നതും ഇക്കാര്യങ്ങളിലായിരുന്നു

കഴിഞ്ഞ പാര്‍ലമന്‍റ് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഏറ്റവും കൂടുതല്‍ പഴി കേട്ടത് സങ്കീര്‍ണമായ ജിഎസ്ടി സ്ലാബുകള്‍, ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക്, കുറഞ്ഞ സാമ്പത്തിക വളര്‍ച്ച എന്നിവയുടെ പേരിലാണ്. ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പുതിയ ബജറ്റില്‍ നിര്‍ദ്ദേശങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനം.ആശങ്കാജനകമാംവിധം താഴേക്കാണ്. കഴിഞ്ഞ മൂന്ന് പാദങ്ങള്‍ക്കിടെ ജിഡിപി 8 ശതമാനത്തില്‍ നിന്നും 7 ലേക്കും അത് പിന്നീട് 6.6 ശതമാനത്തിലേക്കും കുത്തനെ താഴ്ന്നു ഇത് 6 - 6.3 ശതമാനത്തിലേക്ക് വീണ്ടും ഇടിയുമെന്നാണ് വിലയിരുത്തല്‍. 

ഉപഭോക്താക്കളുടെ ഡിമാന്‍റും പൊതുചിലവും താഴുന്നതും സ്വകാര്യ നിക്ഷേപങ്ങള്‍ കുറയുന്നതുമാണ് രാജ്യത്തിന്‍റെ വളര്‍ച്ചയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. ആളുകളുടെ ഉപഭോഗത്തിലുണ്ടായ കുറവ് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലെ കുറവ് സൂചിപ്പിക്കുന്നതാണ്. വാഹനങ്ങളുടെ വില്‍പന, റെയില്‍ ചരക്ക് കടത്ത്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പനയിലെ ഇടിവ്, ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തിലെ കുറവ് എന്നിവയെല്ലാം രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയുടെ സമീപ ഭാവി എന്തായിരിക്കുമെന്ന് സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്. യാത്രാവാഹന വില്‍പന കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണഃ്

പൊതു ഉപഭോഗ നിരക്കിലുണ്ടായ ഈ കുറവ് പരിഹരിക്കുകയും രാജ്യത്തെ വിപണിയില്‍ പുതിയ ഡിമാന്‍റ് സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ ബജറ്റില്‍ ധനമന്ത്രിയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. സര്‍ക്കാരിന്‍റെ പൊതുചെലവ് കൂട്ടി നികു‍തി ഇളവ് നല്‍കി വിപണിയിലെ ഡിമാന്‍റ് കൂട്ടുക എന്നതാണ് ധനമന്ത്രിക്ക് മുന്നിലുളള പോംവഴി. സാമ്പത്തിക മാന്ദ്യ കാലയളവിലെ അതേ സമീപനം സ്വീകരിക്കേണ്ട സാഹചര്യമാണ് ധനമന്ത്രിക്ക് മുന്നിലുളളതെന്ന് ചുരുക്കം. ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികളും വളര്‍ച്ചാ നിരക്കിലെ കുറവും കാരണം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ വളര്ച്ച ത്വരിതപ്പെടുത്തുക എന്നത് ധനമന്ത്രിയെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമായിരിക്കും. 

സര്‍ക്കാരിന്‍റെ പൊതുചെലവ് കൂട്ടുന്നതും അത്ര എളുപ്പമല്ല. നിലവില്‍ രാജ്യത്തിന്‍റെ ധനക്കമ്മി ജിഡിപിയുടെ 3.4ശതമാനമായിട്ടുണ്ട്. കൂടാതെ പല സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം പ്രതീക്ഷിച്ച നിലവാരത്തിലുയര്‍ന്നിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ കണ്ണുംപൂട്ടി പണം ചെലവഴിച്ചാല്‍ ധനക്കമ്മി വീണ്ടും ഉയരാനും പണപ്പെരുപ്പ നിരക്ക് ഉയരാനും ഇടയാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് പരമാവധി ധനസമാഹരണമായിരിക്കും ധനമന്ത്രി ബജറ്റില്‍ നിര്‍ദേശിക്കുക. നികുതി ഇതര വരുമാനം കൂട്ടാനും ധനമന്ത്രിശ്രമിക്കും.

ജിഎസ്ടി നടപ്പാക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്ന് ജിഎസ്ടിയിലെ അശാസ്ത്രീയമായ നികുതി ഘടന സംബന്ധിച്ചായിരുന്നു. ഗബ്ബര്‍ സിംഗ് ടാക്സ് എന്ന് രാഹുല്‍ ഗാന്ധിയടക്കമുളളവര്‍ കളിയാക്കുകയും ചെയ്തു.ചെറുകിട�ഇടത്തരം വ്യാപാരമേഖലയെ ജിഎസ്ടിയിലെ ഈ സങ്കീര്‍ണത വലിയതോതില്‍ ബാധിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ജിഎസ്ടി നികുതി ഘടന ലളിതമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ബജറ്റില്‍ ഈ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.. നിരവധി നികുതി സ്ലാബുകള്‍, ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുളള ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ബജറ്റില്‍ പരമാര്‍ശിക്കപ്പെടുമെന്നാണ് പ്രതീക്ഷ.  

കുത്തനെ വര്‍ധിക്കുന്ന തൊഴിലില്ലായ്മ നിരക്കാണ് ധനമന്ത്രിക്ക് മുന്നിലുളള മറ്റൊരു വെല്ലുവിളി. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നോട്ട് നിരോധനം ആണ് ഈ ദുരവസ്ഥക്ക് കാരണമെന്നാണ് പ്രധാന ആക്ഷേപം. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും അത് വഴി വ്യവസായ, സേവന മേഖലയിലുണ്ടായ പ്രതിസന്ധിയും തൊഴിലില്ലായ്മ ഗുരുതരമാക്കി.  

കിട്ടാക്കടം കാരണം പ്രതിസന്ധിയിലായ പൊതുമേഖല ബാങ്കുകളുടെ  തകര്‍ച്ചയും പരിഹരിക്കേണ്ടതുണ്ട്. ബാങ്കിംഗ് മേഖലയിലെ ആകെ ആസ്തിമൂല്യത്തിന്‍റെ നാലില്‍ മൂന്നും പൊതുമേഖലാ ബാങ്കുകളാണ് കൈകാര്യം ചെയ്യുന്നത്. പൊതുമേഖലാ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത് രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്കാകെ ഗുണം ചെയ്യും. കിട്ടാക്കടത്തിലെ വര്‍ധന കാരണം വായ്പകള്‍ നല്‍കുന്നതിന് പോലും പൊതുമേഖലാ ബാങ്കുകള്‍ ബുദ്ധിമുട്ടുകയാണ്. കൂടുതല്‍ മൂലധന സഹായം നല്‍‌കിയാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് അയവുവരികയുളളൂ. ധനമന്ത്രി ബജറ്റില്‍ ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നുളളത് ഉറ്റുനോക്കുകയാണ് ബാങ്കിംഗ് മേഖല. പണലഭ്യതയിലെ കുറവ് കാരണം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്.  ഇതിനൊരു പരിഹാരവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്കിന്‍റെ പക്കലുളള വലിയ കരുതല്‍ ധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു കണ്ണുണ്ട്. ഇതിന്‍റെ വിനിയോഗം സംബന്ധിച്ച് ബിമല്‍‌ ജലാന്‍ സമിതി ഈ മാസം റിപ്പോര്‍ട്ട് നല്‍കാനിരിക്കുകയാണ്. 9.59 ലക്ഷം കോടിയില്‍ നിന്നും 3.5 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക ലഭിക്കുകയാണെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമാകും

വരള്‍ച്ചയും വിലത്തകര്‍ച്ചയും കടബാധ്യതയും കാരണം നട്ടം തിരിയുന്ന രാജ്യത്തെ കാര്‍ഷിക മേഖല ഈ ബജറ്റിലും തങ്ങള്‍ക്കനുകൂലമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ നോട്ട് നിരോധനം, ജിഎസ്ടി, വരള്‍ച്ച, മണ്‍സൂണിലുണ്ടായ കുറവ് എന്നിവയെല്ലാം കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് വഴി വെച്ചിട്ടുണ്ട്. കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഘടനാപരമായ മാറ്റം ഉണ്ടായിട്ടില്ലെങ്കില്‍ കാര്‍ഷിക മേഖലയുടെ പൂര്‍ണതകര്‍ച്ചയായിരിക്കും ഫലം. ചെറുകിട കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നേരിട്ട് ലഭിക്കുന്ന സംവിധാനമാണ് അത്യാവശ്യം. കാര്‍ഷിക വിപണി കര്‍ഷകര്‍ക്ക് അനുകൂലമായി വികസിപ്പിക്കണം. ഉല്‍പാദന ക്ഷമത വര്‍ധിക്കണം. ഇവയ്ക്ക സഹായമായ പ്രഖ്യാപനങ്ങളാണ് കര്‍ഷകര്‍ ഉറ്റുനോക്കുന്നത്.

മോദി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു മേഖലയാണ് അടിസ്ഥാന സൗകര്യ വികസനം. കഴിഞ്ഞ ഇടക്കാല ബജറ്റില്‍ 4.56 ലക്ഷം കോടി രൂപയാണ് ഗതാഗത മേഖലക്ക് മാത്രം നീക്കിവെച്ചത്. റോഡ് നിര്‍മാണം, മറ്റ് ഗതാഗത സൗകര്യങ്ങളൊരുക്കല്‍ എന്നിവയ്ക്ക് ദീര്‍ഘകാല പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. കഴി‍ഞ്ഞ് അഞ്ച് വര്‍ഷത്തിനിടെ റോഡ് നിര്‍മാണം മികച്ച രീതിയില്‍ നടപ്പാക്കാനായിട്ടുണ്ട് എന്നുളളതാണ് ഈ സര്‍ക്കാരിന്‍റെ പ്രധാന നേട്ടം.അതേ സമയം രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ണതോതില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനുളളള പ്രധാന തടസ്സം മതിയായ ഫണ്ടിന്‍റെ അഭാവമാണ്. അത് ഉറപ്പാക്കുക എന്നുളളതാണ് ധനമന്ത്രിയുടെ മുന്നിലുളള പ്രധാനപ്പെട്ട വിഷയം

ആദായ നികുതിയില്‍ വലിയ മാറ്റമാണ് ഒന്നാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇടത്തരം വരുമാനക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതായിരുന്നു ഇത്. തിരഞ്ഞടുപ്പില്‍ എന്‍ഡിഎയുടെ തുരുപ്പുചീട്ടുകളിലൊന്നു കൂടിയായിരുന്നു ആദായ നികുതിയിലെ ഇളവ്. വാര്‍ഷിക വരുമാനമോ, ആദായ നികുതി ഇളവുകള്‍ കിഴിച്ചുളള വാര്‍ഷിക വരുമാനമോ അഞ്ച് ലക്ഷം രൂപവരെയാണെങ്കില്‍ ആദായ നികുതി നല്‍കേണ്ടതില്ല എന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. എന്നാല്‍ ഉപഭോഗ നിരക്ക് കുത്തനെ താഴുന്ന പശ്ചാത്തലത്തില്‍ ആദായ നികുതിയില്‍ കൂടുതല്‍ ഇളവ് നല്‍കി ആളുകളുടെ വാങ്ങല്‍ ശേഷി കൂട്ടണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ആദായ നികുതി പരിധി ഉയര്‍ത്താതെ റിബേറ്റിലൂടെ നികുതിയിളവ് നല്‍കുന്ന പദ്ധതി മാറ്റി ആദായ നികുതി പരിധി 2.5 ലക്ഷത്തില്‍ നിന്നും  5 ലക്ഷമാക്കി ഉയര്‍ത്തിയാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.. നിലവില്‍ 80 സി പ്രകാരം ആദായ നികുതിയില്‍ ലഭിക്കുന്ന കിഴിവ് 1.5 ലക്ഷം രൂപയാണ്. ഇത് ഉയര്‍ത്തണമെന്നും ഇടത്തരംവരുമാനക്കാര്‍ ആവശ്യപ്പെടുന്നു

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...