എന്തിനായിരുന്നു ആ രാത്രിയാത്ര?; ചുരുളഴിയാതെ ദുരൂഹതകൾ

balabhaskar-death
SHARE

വയലിന്‍ സംഗീതം പോലെ തന്നെയായിരുന്നു മലയാളിക്ക് ബാലഭാസ്കര്‍. വയലിന്‍ എത്രത്തോളം ബാലഭാസ്കര്‍ ചേര്‍ത്ത് പിടിച്ചോ അത്രത്തോളം ആ അതുല്യപ്രതിഭയെ മലയാളികളും നേഞ്ചോട് ചേര്‍ത്തു. സ്വന്തം സൃഷ്ടികളിലൂടെ  സംഗീതലോകത്ത് ഉദിച്ചുയര്‍ന്ന ബാലഭാസ്കര്‍ മധ്യാഹ്നത്തിലെ നിറഞ്ഞപ്രകാശമായി തെളിഞ്ഞതുടങ്ങിയിരുന്നു. പക്ഷെ വിധി ആ വയലിന്‍ തന്ത്രികളെയും അത് മീട്ടിയ മാന്ത്രിക വിരലുകളെയും ഒരു സുപ്രഭാതത്തില്‍ നിശ്ചലമാക്കി.  

എട്ട് മാസങ്ങള്‍ക്ക് മുന്‍പ്,സെപ്തംബര്‍ 25ന് രാവിലെയാണ് ആരും കേള്‍ക്കാനാഗ്രഹിക്കാത്ത ആ വാര്‍ത്തയെത്തിയത്. ബാലഭാസ്കറിനെയും അദ്ദേഹത്തിന്റ വയലിന്‍ തന്ത്രികളെയും സ്നേഹിച്ചവര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത അപകടവാര്‍ത്ത. പതിനെട്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ ഒന്നര വയസുകാരിയുടെ ചേതനയറ്റശരീരം ഇന്നും മലയാളിയുടെ മനസില്‍ നൊമ്പരമായി നില്‍ക്കുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഒരാഴ്ചയോളം പൊരുതിയ ബാലഭാസ്കറും ഒടുവില്‍ മരണത്തിന് കീഴ‍ടങ്ങി. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാവാതെ,പ്രതീക്ഷിക്കാന്‍ ജീവിതത്തില്‍ ഇനിയൊന്നുമില്ലാതെ ഒരാളുണ്ട്.ബാലഭാസ്കറിന്റെ ഹിരണ്‍മയിയില്‍  ഭാര്യ ലക്ഷ്മി 

ബാലഭാസ്കറിന്റെ ജീവിത യാത്രക്ക്, കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തി ഉയരങ്ങളിലേക്ക് പോയിരുന്ന സംഗീതയാത്രക്ക് സഡന്‍ ബ്രേക്ക് വീണത് ഇവിടെയാണ്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള റോഡില്‍ പള്ളിപ്പുറത്ത് വച്ച് ഈ മരത്തിലേക്ക് അദേഹം സഞ്ചരിച്ച കാര്‍ ഇടിച്ച് കയറി. ഇടിയുടെ ആഘാതം, അവശേഷിപ്പ് ഈ മരത്തില്‍ ഇന്നുമുണ്ട്. സാധാരണ ഒരു അപകടം എന്ന് കരുതിയിരുന്ന സംഭവത്തില്‍ ഇന്ന് ദുരൂഹതകള്‍ പലത് ഉയര്‍ന്നിരിക്കുന്നു. ഉത്തരം കിട്ടാത്ത, കിട്ടേണ്ട അത്തരം ചോദ്യങ്ങളിലേക്ക് വീണ്ടും ഒരു യാത്ര.

ദുരൂഹതകള്‍ ഒന്നൊന്നായി ഉയരുമ്പോഴും‌ം മരണത്തിലേക്കുള്ള  യാത്ര പോലും സംശയത്തിന്റ നിഴലിലായിക്കഴിഞ്ഞിരിക്കുന്നു. തൃശൂരില്‍ നിന്നായിരുന്നു ആ മരണയാത്രയുടെ  തുടക്കം. ഡ്രൈവര്‍ അര്‍ജുനെയും കൂട്ടി വടക്കുന്നാഥ ക്ഷേത്രത്തില്‍ പൂജയ്ക്കായി എത്തിയതായിരുന്നു ബാലഭാസ്കറും കുടുംബവും. ഒരു പതിറ്റാണ്ടിലേറെയായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാലക്കാട് പൂന്തോട്ടം ആയൂ്ര്‍വേദാശ്രമത്തിലെ ഡോക്ടര്‍ പി.എം.എസ് രവീന്ദ്രനാഥും ഭാര്യ ലതയും ഒപ്പമുണ്ടായിരുന്നു. വഴിപാടുകള്‍ പത്തരയോടെ പൂര്‍ത്തിയായി. താമസിക്കാനായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും അതൊഴിവാക്കി ആ രാത്രിക്ക് തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എന്തിനായിരുന്നു ആ രാത്രിയാത്ര...ദുരൂഹതകള്‍ അവിടെ തുടങ്ങുകയാണ്. പക്ഷെ ബാലഭാസ്കറിന്റേതായിരുന്നു തീരുമാനമെന്നാണ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന സാക്ഷിമൊഴികളെല്ലാം..

രാത്രി 11.50നാണ് തൃശൂരില്‍ നിന്ന് യാത്ര തുടങ്ങുന്നത്. ഡ്രൈവര്‍ സീറ്റില്‍ അര്‍ജുനായിരുന്നു. സാക്ഷിമൊഴികളിലൂടെ അതുറപ്പിച്ചിട്ടുണ്ട്.  ലക്ഷമിയും മകളും മുന്‍സീറ്റിലാണ്. കുടുംബസമേതമുള്ള ദീര്‍ഘയാത്രകളിലെല്ലാം ഡ്രൈവര്‍ ആരാണങ്കിലും ലക്ഷമി ഈ സീറ്റിലാണ് ഇരിക്കാറെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മധ്യഭാഗത്തെ സീറ്റിലായാണ് ബാലഭാസ്കര്‍ ഇരുന്നത്.

സമയം അര്‍ധരാത്രിയോട് അടുത്തിരുന്നു..തിരക്കില്ലാത്ത ദേശീയപാതയിലൂടെ ബാലഭാസ്കറിന്റ കാര്‍  കുതിച്ചുപായുകയാണ്. ചാലക്കുടിയിലെ സ്പീഡ് ക്യാമറയില്‍ പതിയുമ്പോള്‍ വേഗം 94 കിലോമീറ്റര്‍. കൊച്ചിയും ആലപ്പുഴയും പിന്നീട്ട് 230 കിലോമീറ്റര്‍ താണ്ടി അപകടസ്ഥലം വരെയെത്താന്‍ എടുത്തത് രണ്ട് മണിക്കൂര്‍ നാല്‍പത് മിനിറ്റ്. ഇതിനിടയില്‍ ആകെ വാഹനം നിര്‍ത്തിയതായി അറിയാവുന്നത് കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍..

ഏതാണ്ട് 3.40 ഓട് കൂടി വാഹനം ആറ്റിങ്ങലെത്തി. ആറ്റിങ്ങല്‍ മുതല്‍ വണ്ടിയുടെ ഓരോ നീക്കവും കണ്ട ദൃക്സാക്ഷിയുണ്ട്. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറും വെള്ളറട സ്വദേശിയുമായ അജി.

ദുരന്തമുഖത്തിന് സമാനമായിരുന്നു പിന്നെ കണ്ട കാഴ്ചകള്‍. മനസ് മരവിച്ചുപോകുന്ന നിമിഷങ്ങള്‍. രക്ഷിക്കാനെത്തിയവരുടെ ഒാര്‍മകളില്‍ ഇപ്പോഴും അതുണ്ട് 

കേട്ടുകൊതിതീരാത്ത സംഗീതവും അതിന്റെ ഉടമയെയും നഷ്ടമായ വേദനയിലായിരുന്നു മലയാളി. മലയാളിയുടെ മനസിലെന്ന പോലെ ഈ അപകട സ്ഥലത്ത് പോലും സ്മൃതികുടീരം തീര്‍ത്തു. ഒരിക്കലും നികത്താത്ത ആ വേദനയിലേക്കാണ്  വിവാദങ്ങളുടെ കടന്ന് വരവ്.

‌അച്ഛന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും ഒരു അതിവൈകാരിക സംശയം എന്ന് പൊതുവേ കരുതുമ്പോളാണ് പുതിയ വഴിത്തിരിവ് സ്വര്‍ണക്കടത്തിന്റെ രൂപത്തില്‍ പറന്നിറങ്ങിയത്. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടിച്ച കേസില്‍ സ്വര്‍ണക്കടത്ത് മാഫിയയുടെ മുഖ്യകണ്ണിയായി കണ്ടെത്തിയത് ജീവിതത്തിലും അന്ത്യനിമിഷങ്ങളിലുമെല്ലാം ബാലഭാസ്കറിന്റെ എല്ലാം എല്ലാമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും. മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പരാതിയില്‍ പിതാവ് സംശയം പ്രകടിപ്പിച്ചിരുന്നത് ഇവരേക്കുറിച്ചായിരുന്നു എന്നത് മരണത്തിന് ദുരൂഹതയുടെ ഇരുണ്ട മുഖം നല്‍കി.

കുടുംബം ഉയര്‍ത്തുന്ന പരാതികള്‍, സംശയങ്ങള്‍ പലതുണ്ട്. സാഹചര്യങ്ങള്‍ കോര്‍ത്തിണക്കി ചിന്തിക്കുമ്പോള്‍ പലതും അടിസ്ഥാനരഹിതമെന്ന് തോന്നാം. ചിലത് ഗൗരവമായും കാണാം. പക്ഷെ എന്തായാലും മരണം നടന്ന് എട്ട് മാസമായിട്ടും അവയില്‍ പലതിനും കൃത്യമായ ഉത്തരമായിട്ടില്ല എന്നിടത്താണ് അവയ്ക്കെല്ലാം ദുരൂഹതയുടെ രൂപം പകരുന്നത്

ബാലഭാസ്കറിന്റെ സമ്പത്ത്, സുഹൃത്തുക്കള്‍ പ്രത്യേകിച്ച് പ്രകാശന്‍ തമ്പിയും വിഷ്ണുവും കൈക്കലാക്കിയിരുന്നു. ബാലഭാസ്കറുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പാലക്കാട് പൂന്തോട്ടം കുടുംബത്തിന്റെ ഇടപാടുകളും സംശയത്തിലാണ്. ഇതാണ് അപകടം ആസൂത്രിതമാണെന്ന സംശയത്തോടെ കുടുംബം ഉയര്‍ത്തുന്ന പ്രധാന പരാതി. ഇതിന് ആക്കം കൂട്ടുന്നതാണ് സ്വര്‍ണക്കടത്തോടെ തെളിഞ്ഞ പ്രകാശന്‍ തമ്പിയുടെയും വിഷ്ണുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം. ബാലഭാസ്കറുമായി ഇവര്‍ക്കെല്ലാം  സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ബാലഭാസ്കറിന്റെ മരണത്തിലേക്കുള്ള യാത്ര തുടങ്ങിയത് പൂന്തോട്ടം കുടുംബത്തിന്റെ അരികില്‍ നിന്നായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ ബാലഭാസ്കറിന്റെ ഫോണിലേക്കെത്തിയത് ഇവരുടെ ഫോണായിരുന്നൂവെന്നതും സംശയമായി ചൂണ്ടിക്കാട്ടുന്നു. 

എ.ടി.എം മോഷണക്കേസിലടക്കം പ്രതിയായള്‍, സാമ്പത്തിക ഇടപാടില്‍ ആരോപണവിധേയരായ പൂന്തോട്ടം കുടുംബത്തിന്റെ ബന്ധു. ഇതാണ് മരണയാത്രയില്‍ ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന അര്‍ജുന്റെ പശ്ചാത്തലം. അപകടസമയത്ത് വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ലക്ഷമി ആവര്‍ത്തിച്ച് പറയുകയും അന്വേഷണത്തില്‍ ഏതാണ്ട് സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷെ അര്‍ജുന്‍ പറയുന്നത് ബാലഭാസ്കറാണെന്നാണ്. ഇത് കള്ളമൊഴിയെന്ന് തെളിയുന്നതിനിടയിലാണ്  പരുക്കേറ്റ് കിടന്നയാള്‍ അസമിലേക്ക് മുങ്ങുകയും ചെയ്തത്. ഇതോടെ ഉത്തരം കിട്ടാത്ത രണ്ട് സംശയങ്ങള്‍. എന്തിന് കള്ളംപറഞ്ഞു. എന്തിന് ഒളിവില്‍ പോയി. 

സ്വര്‍ണക്കടത്തിന് പിടിയിലായതോടെ പ്രകാശന്‍ തമ്പിയാണ് സംശയങ്ങളുടെയെല്ലാം കേന്ദ്രം. വീട്ടുകാര്‍ പോലും അറിയും മുന്‍പ് അപകടം അറിഞ്ഞയാള്‍, ആശുപത്രിയിലെത്തിയതും ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയതും തമ്പി തന്നെ.  ഇതിനൊപ്പമാണ് അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ അവസാനമായി വിശ്രമിച്ച ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തമ്പി ശേഖരിച്ചത്. തെളിവ് നശിപ്പിക്കലെന്ന കുറ്റമാണ് ഇവിടെ ഉയരുന്നത്. ഇത് എന്തിനെന്ന  ചോദ്യം ഉയരുമ്പോഴാണ് തമ്പി ദൃശ്യങ്ങള്‍ ശേഖരിച്ചൂവെന്ന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കടയുടമ മാധ്യമങ്ങളോട് കള്ളം പറഞ്ഞത്.

തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് തമ്പിക്ക് സമ്മതിക്കേണ്ടിവന്നു. ഇതോടെ തമ്പിയുടെ സ്വാധീനത്തിലോ ഭീഷണിയിലോ ആണോ കടയുടമ മൊഴിമാറ്റമെന്ന ചോദ്യവും ഉയരുന്നു. ആസൂത്രിത അപകടമെന്ന അതിവിദൂര സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് അപകടസമയത്ത് ആ വഴി യാത്ര ചെയ്ത കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. 

മൂന്ന് കാര്യങ്ങളിലാണ് അന്വേഷണം വേണ്ടത്. അപകട സ്ഥലത്ത് സോബി പറയുന്നത് പോലെ ദുരൂഹസാഹചര്യത്തില്‍ ആരെങ്കിലുമുണ്ടായിരുന്നോ? അപകടത്തിന് മുന്‍പും പിന്‍പും നിര്‍ത്തിയിട്ട രീതിയില്‍ കണ്ട് വാഹനങ്ങള്‍ ആരുടേത്? ഇക്കാര്യം അറിയിച്ചപ്പോള്‍ ആറ്റിങ്ങല്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ മൊഴിയെടുക്കുമെന്നും പ്രകാശന്‍ തമ്പി സോബിയോട് കള്ളം പറഞ്ഞോ?

അപകടമുണ്ടായ വാഹനത്തില്‍ നിന്ന് കിട്ടിയ സ്വര്‍ണവും പണവുമാണിത്.  കുഞ്ഞിന്റെയും ലക്ഷമിയുടെയും ആഭരണങ്ങളെന്നും ബാലഭാസ്കറിന്റെ പണമെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ എന്തിന് ഇത്രയുമധികം സ്വര്‍ണം കൊണ്ടുപോയി. എ.ടി.എമ്മിന്റെയും ഡിജിറ്റല്‍ പണമിടപാടുകളുടെയുമെല്ലാം കാലത്ത് എന്തിന് ഇത്രയധികം പണം കെട്ടുകളായി കയ്യില്‍ കരുതി. ഈ സംശയങ്ങള്‍ക്ക് ചില സാഹചര്യങ്ങള്‍ക്കൂടിയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് ആരോപണ വിധേയര്‍, സാമ്പത്തിക ക്രമക്കേടില്‍ പങ്കാളികളെന്ന് കരുതുന്നവരുടെ അടുത്ത് നിന്നായിരുന്നു ഈ യാത്ര.

ഇതിനൊപ്പം ബാലഭാസ്കറിന്റെ വ്യക്തിജീവിതവും ദാമ്പത്യജീവിതം പോലുമെടുത്ത് ആരോപണം എറിയുന്നവരുണ്ട്. പക്ഷെ അതിന് തെളിവൊന്നുമില്ല. ഇരുപത് കൊല്ലത്തോളം ഒരുമിച്ച് ജീവിച്ചവരേക്കുറിച്ച്, അതിലൊരാള്‍ ഇല്ലാതായിക്കഴിയുമ്പോള്‍ ഉയരുന്ന ആക്ഷേപങ്ങള്‍ ഇവിടെ പരാമര്‍ശിക്കേണ്ടതില്ലെന്ന് കരുതുന്നതിനാല്‍ ഒഴിവാക്കുന്നു. 

ദുരൂഹതകള്‍ തുടരുമ്പോഴും പ്രാഥമികമായ ചോദ്യം  അപകടം ആസൂത്രിതമായിരുന്നോ എന്നാണ്. എങ്കില്‍ മാത്രമാണ് കൊലപാതകം എന്ന ആക്ഷേപത്തിന് അടിസ്ഥാനമുള്ളു. അപകടം ആസൂത്രിതമാകണമെങ്കില്‍ വാഹനം ഓടിച്ചയാള്‍, അല്ലങ്കില്‍ വാഹനത്തിലുള്ളയാള്‍ ചാവേറാകണം.  അന്വേഷണത്തില്‍ ഇതുവരെ അതിന്റെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. സാക്ഷികളൊന്നും ആ വഴിയിലേക്ക് വിരല്‍ചൂണ്ടുന്നില്ല.  ഡ്രൈവര്‍ ഉറങ്ങിപ്പോയുണ്ടായ സ്വാഭാവിക മരണമെന്നാണ് മൊഴികളെല്ലാം.

ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങണം. സംശയങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടണം. ബാലഭാസ്കറിനെയും അദേഹത്തിന്റെ സംഗീതത്തെയും നെഞ്ചേറ്റിയ മലയാളി അത് ആഗ്രഹിക്കുന്നുണ്ട്. എത്രയും വേഗം ഉത്തരം വ്യക്തമാക്കാന്‍ പൊലീസിനും സര്‍ക്കാരിനും ബാധ്യതയുണ്ട്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...