മോദി ഭരണം മതിയാകാത്ത ഇന്ത്യ; കേരളത്തിന്റെ പാവം രാഹുൽ; കനലൊരു തരി മാത്രം

trolling-booth
SHARE

ഒരു തിരിച്ചടി കാരണം ബ്രിട്ടന്‍റെ പ്രധാനമന്ത്രി തെരേസ മേ രാജിവച്ചു. എന്നാല്‍ കുറെ വര്‍ഷങ്ങളായി തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവക്കാന്‍ സമ്മതിക്കാത്ത നാടാണിത്. രാജിവക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടാനുള്ള ഒരു പ്രവര്‍ത്തനം രാഹുല്‍ ഗാന്ധി ആരംഭിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ട്രോളിങ് ബൂത്ത് ആരംഭിക്കുകയാണ്. സ്വാഗതം.

നരേന്ദ്രമോദി വീണ്ടും ഇന്ത്യ ഭരിക്കാന്‍ തയ്യാറായിക്കഴി‍ഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയെ ഗുജറാത്താക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മോദിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചതിനേക്കാള്‍ ആളുകള്‍ അഞ്ചു കൊല്ലത്തിനു ശേഷം അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടുണ്ട്. 5 കൊല്ലം കൊണ്ട് ഇത്രയും വലിയ ഒരു രാജ്യത്തെ ഗുജറാത്താക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ മനസിലാക്കി. പാതിപിന്നിട്ട ഗുജറാത്ത് മോഡല്‍ വികസനം അതിന്‍റെ പൂര്‍ണ തോതില്‍ എത്തുന്നതിന് മുമ്പ് പ്രധാനമന്ത്രിയേയും പാര്‍ട്ടിയേയും മാറ്റേണ്ടതില്ലെന്നും ജനത്തിന് തോന്നി. പിന്നെ ഈ മതേതരത്വം, രാജ്യത്തിന്‍റെ വൈവിധ്യം ഇതൊക്കെ കുറെ കാലമായി കേള്‍ക്കുന്നു. ബോറടിച്ചു. അതിനും ഒരു മാറ്റം ആഗ്രഹിച്ചുകാണണം. മൊത്തത്തില്‍ സ്നേഹവും കെട്ടിപ്പിടുത്തവുമല്ല, ഇങ്ങോട്ട് തല്ലാനോങ്ങുന്നവന്‍റെ അണ്ണാക്കിലേക്ക് ശൂലം കുത്തുന്നതാണ് ഹീറോയിസം എന്നും അവര്‍ ചിന്തിച്ചുകാണണം. അതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ സ്നേഹപ്രകടനങ്ങളോട് പോയി പണിനോക്കാനാണ് രാജ്യം പറ‍ഞ്ഞത്.  

പക്ഷേ കേരളം. കേരളം മാത്രം രാഹുലിന്‍റെ ഹൃദയം പറയുന്നത് കേട്ടു. അങ്ങ് ഉത്തരേന്ത്യയില്‍ നിന്നൊക്കെ വന്ന് ഇവിടെ വയനാട് പോലുള്ള സ്ഥലത്ത് വന്ന് മല്‍സരിക്കുകയല്ലേ. പാവം തോന്നി. കേരളം മൊത്തത്തില്‍ രാഹുലിന് വോട്ടും ചെയ്തു. രാഹുല്‍ വരുന്നതിനെതിരെ ചീത്തവിളിച്ച പിണറായിയോടും കോടിയേരിയോടുമൊന്നും മലയാളിക്ക് വലിയ താല്‍പര്യം തോന്നിയതുമില്ല. പിന്നെ ഈ ശബരിമല പ്രശ്നത്തില്‍ ഉള്ളില്‍ തോന്നിയ അനിഷ്ടം കാണിക്കാന്‍ സമാധാനപ്രേമികളായ മലയാളിക്ക് കിട്ടിയ ഒരവസരം ഈ തിരഞ്ഞെടുപ്പ് കാലമാണ്. അവരത് സാധിച്ചു. അതുകൊണ്ട് മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കുമൊക്കെ അന്തംവിട്ട് ചിരിക്കാന്‍ പറ്റുന്നുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താനും വി.കെ. ശ്രീകണ്ഠനുമൊക്കെ പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനും സാധിക്കും. 

കനലൊരു തരി മതി എന്ന് ജനങ്ങള്‍ തീരുമാനിച്ച തിരഞ്ഞെടുപ്പ് കൂടിയാണിത്. ഒരു തരിക്കായി എ.എം. ആരിഫിനെ ആലപ്പുഴയില്‍ നിന്ന് വിജയിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് അങ്ങനെയാണ്. മുദ്രാവാക്യങ്ങളേയും പഞ്ച് ഡയലോഗുകളേയും ആളുകള്‍ പെട്ടെന്ന് അങ്ങ് അനുസരിക്കും. ഉള്ളില്‍ പണികൊടുക്കാന്‍ വിചാരിച്ചാല്‍. ഇതിപ്പോ നവോത്ഥാനം നടപ്പാക്കാന്‍ ഇറങ്ങുമ്പോള്‍ വോട്ടും സീറ്റും കണ്ടല്ല ഈ പണിക്കിറങ്ങുന്നത് എന്നൊക്കെ പുത്തരിക്കണ്ടം പ്രസംഗത്തില്‍ പിണറായി സഖാവ് പറഞ്ഞതൊക്കെ ശരി. പക്ഷേ വോട്ടുപിടിത്തക്കാലത്ത് നവോത്ഥാനം പറയാനും മറന്നു, വോട്ടും പോയി. ഇല്ലെങ്കില്‍ നവോത്ഥാനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സംഭവിച്ച നഷ്ടമാണെന്നും നിലപാടാണ് വലുതെന്നും ഒക്കെ പറയാമായിരുന്നു. മതിലുകെട്ടാന്‍ വന്നവര്‍ മതിലുകെട്ടുക മാത്രമല്ല നന്നായി തേച്ചിട്ടു തന്നയാണ് തിരിച്ചുപോയത്.

MORE IN SPECIAL PROGRAMS
SHOW MORE