ക്രിക്കറ്റിനെക്കാളും തേജസ്വിക്ക് എളുപ്പം രാഷ്ട്രീയം; രാഹുലിന്‍റെ തുണ: കിങ്മേക്കര്‍?

Tejashwi-Yadav-at-TMC-rally
SHARE

അരനൂറ്റാണ്ടിനിടെ ലാലുപ്രസാദ് യാദവില്ലാത്ത ആദ്യതിരഞ്ഞെടുപ്പാണ് ബിഹാറില്‍. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ലാലുവിന്‍റെ അഭാവത്തില്‍ മകന്‍ തേജസ്വി യാദവാണ് പാര്‍ട്ടിയെ നയിക്കുന്നത്. പക്ഷേ കന്നിയങ്കത്തില്‍ തേജസ്വിക്ക് നേരിടേണ്ടത് രാഷ്ട്രീയ ചാണക്യനെയാണ്. ബീഹാറിലും എന്‍ഡിഎയിലും കരുത്തനായ നിതീഷ് കുമാറിനെ. ജെഡിയു മികച്ച വിജയം  ആവര്‍ത്തിക്കുമെന്ന നീതീഷ് കുമാറിന്‍റെ പ്രതീക്ഷ ഇക്കുറിയും തെറ്റാനിടയില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

1990 സെപ്റ്റംബര്‍ 25 ന് ബിജെപിയിലെ ശക്തനായ നേതാവ് എല്‍.കെ.അധ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് അയോധ്യയിലേക്ക് രഥയാത്ര ആരംഭിച്ചു.  ബാബറി മസ്ജിദിന്‍റെ സ്ഥാനത്ത് രാമക്ഷേത്രം പണിയണമെന്നായിരുന്നു ആവശ്യം. ശക്തമായ വിമര്‍ശനമുയര്‍ത്തിയ നേതാക്കളാരും കടന്നുപോയ സംസ്ഥാനങ്ങളിലൊന്നും യാത്ര തടയാനുള്ള  മനക്കരുത്ത് കാണിച്ചില്ല. 

ഒക്ടോബര്‍ 30ന് യുപിയില്‍ അയോധ്യയില്‍ അവസാനിക്കേണ്ട യാത്ര  25ന് ബീഹാറിലെ സമസ്തിപൂരില്‍ തടസപ്പെട്ടു. അധ്വാനി അറസ്റ്റിലായി. അപ്രതീക്ഷിത നടപടി ബീഹാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു. ലാലുപ്രസാദ് യാദവിന്‍റെ. യാത്ര പൂര്‍ത്തിയായാല്‍ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ മുന്നില്‍ക്കണ്ടായിരുന്നു തീരുമാനമെന്ന് ലാലു പിന്നീട് വിശദീകരിച്ചു. 

മൂന്നുപതിറ്റാണ്ടിനുശേഷം അതേ ലാലു പ്രസാദ് യാദവ് ഇന്ന്  ജയിലിലാണ്. അറസ്റ്റിലായത് കാലിത്തീറ്റ കുംഭകോണക്കേസില്‍. ലാലുവിന്‍റെ ബീഹാറില്‍ സ്വാധീനമുറപ്പിച്ച ബിജെപി ഇന്ന് നിതീഷ് കുമാറിനൊപ്പം വിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലും. ബീഹാറിലെ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റുകളില്‍ വീതം നിതീഷിന്‍റെ ജെഡിയുവും  ബിജെപിയും മല്‍സരിക്കുന്നു. 

ജെഡിയുവിന്‍റെ കരുത്ത് കണ്ടറിഞ്ഞ ബിജെപി അഞ്ചു സിറ്റിങ് സീറ്റുകള്‍ ഇത്തവണ നിതീഷിന്  വിട്ടുനല്‍കി. നിലവില്‍ എന്‍ഡിഎയില്‍ ഏറ്റവും കൂടുതല്‍ ബാര്‍ഗെയിനിങ് പവറുള്ള നേതാവിനെ പിണക്കുന്നത് ഗുണം ചെയ്യില്ലെന്ന് ബിജെപിക്കറിയാം. ദേശീയരാഷ്ട്രീയത്തിലെ ഉന്നതസ്ഥാനത്തേക്ക് ഇടകാത്ത  അടിത്തറയിടാനുള്ള വിദ്യയൊക്കെ മെക്കാനിക്കല്‍ എന്‍ജീനിയറായ നിതീഷ് കുമാറിനുമറിയാം. 

രണ്ട് ദശാബ്ദമായി രണ്ട് ചേരിയില്‍ നിന്ന് ബീഹാര്‍ രാഷ്ട്രീയം നിയന്ത്രിച്ച ലാലുവും നിതീഷും പിണക്കം മറന്ന് കൈകോര്‍ത്തത് 2015 നിയമസഭാ തിരഞ്ഞടുപ്പിലാണ്. ആര്‍ജെഡി 80 സീറ്റ് നേടി.  ജെഡിയുവിന് 7 സീറ്റ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയ ലാലു കന്‍ തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിയാക്കി. 

2013 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതിന് എന്‍ഡിഎ വിട്ട നിതീഷ്, രണ്ടുവര്‍ഷത്തിനുശേഷം ലാലുവുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിജെപിയിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ കാലിത്തീറ്റ കുഭകോണക്കേസില്‍   ലാലു ജയിലിലായി. നാഥനില്ലാതായ ആര്‍ജെഡിയുടെ നേതൃത്വം, ലാലുവിന്‍റെ ഇളയമകന്‍ ഭംഗിയായി ഏറ്റെടുത്തു.  ഈ തിരഞ്ഞെടുപ്പിലല്ലെങ്കില്‍ വരും തിരഞ്ഞെടുപ്പുകളില്‍ നിതീഷ് നേരിടേണ്ട പ്രധാനപ്പെട്ടൊരു എതിരാളിയാണ് തേജസ്വി യാദവ്. 

ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡിയുടെ തലപ്പത്ത് തേജസ്വിയാദവ് എന്ന മുന്‍ ക്രിക്കറ്റര്‍ തന്‍റെ ഇന്നിങ്സ് മനോഹരമായാണ് തുടങ്ങിയത്. നിതീഷ് കുമാറുമായുള്ള സഖ്യം മുറിഞ്ഞശേഷം ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും പാര്‍ട്ടിയിലെ കമാന്‍ഡിങ് പവറായി മാറിക്കഴിഞ്ഞു ഇൗ ഇരുപത്തൊന്‍പതുകാരന്‍. ആര്‍ജെഡിയുടെ നവതേജസ്. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍‍െ‍ജഡിയുടെ മുന്‍നിര ബാറ്റ്സ്മാനായിരുന്നു തേജസ്വി. 

1990 മുതല്‍ 2005വരെ ബീഹാര്‍ ഭരിച്ച ലാലുവിന്‍റെയും റാബ്റിയുടെയും മകന്‍. രണ്ടുമുഖ്യമന്ത്രിമാരുടെ മകന്‍  പത്താംതരം പാസാകും മുന്‍പേ പഠിപ്പുനിര്‍ത്തി. ബാറ്റും ബോളുമെടുത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങി. 2008 ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനുവേണ്ടി മധ്യനിര ബാറ്റ്സ്മാനായി അഞ്ചുമാച്ച് കളിച്ചു. ജാര്‍ഖണ്ഡ് ടീമിലും കുറച്ചുനാള്‍. അതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു. പിന്നെ കാണുന്നത് ബീഹാറിലെ പരുക്കനായ രാഷ്ട്രീയ പിച്ചിലാണ്. അവിടെ കളമറിഞ്ഞു കളിച്ചു. മൂത്തസഹോദരനായ തേജ് പ്രതാപും  ഇളയ ഏഴു സഹോദരിമാരുമൊക്കെയുണ്ടായിട്ടും വിക്കറ്റ് നഷ്ടപ്പെട്ടില്ല. ലാലുവിന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി.

ജെഡിയു നേതാവ് നിതീഷ് കുമാറുമായി ചേര്‍ന്നുണ്ടാക്കിയ സഖ്യസര്‍ക്കാരില്‍ ബിഹാറിന്‍റെ ഉപമുഖ്യമന്ത്രിയായി 2015ല്‍ചുമതലയേല്‍ക്കുമ്പോള്‍ തേജസ്വിക്കു പ്രായം 26 വയസ്. ക്രിക്കറ്റിനെക്കാളും പുസ്തകങ്ങളെക്കാളും രാഷ്ട്രീയം എളുപ്പത്തില്‍ വഴങ്ങി തേജസ്വിക്ക്. മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വിളിക്കുന്ന യോഗങ്ങളില്‍ വിഷയങ്ങളെക്കുറിച്ച് നല്ല ധാരണയോടെ പഠിച്ചുവന്നു പങ്കെടുത്തു. 

ഇന്ത്യയില്‍ തന്നെ ഏറ്റവും സാക്ഷരതാനിരക്ക് കുറഞ്ഞ സംസ്ഥാനത്ത് പത്താംതരം പാസാകാത്ത നേതാവ് സ്വാധീനമുണ്ടാക്കുന്നതുപോലെയായിരുന്നില്ല അത്.  സരസമായ കുറിക്കുകൊള്ളുന്ന പ്രസംഗങ്ങളും തേജസ്വിയെ താരമാക്കി. സഖ്യം പിരിഞ്ഞ് ശത്രുവായ നിതീഷ് കുമാറിനെ പാല്‍ട്ടു ചാച്ച എന്നുവിളിച്ച് പരിഹസിച്ചു. 

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ പോകുംമുന്‍പ് അനുജനെ കിരീടവും ചെങ്കോലും ഏല്‍പ്പിച്ചത് ജേഷ്ഠ്യന്‍ തേജ് പ്രതാപിന് അത്ര രസിച്ചിട്ടില്ല. അഭിനയമോഹവുമായി നടന്ന, നിതീഷ് കുമാര്‍ –ആര്‍ജെഡി സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്ന തേജ് പ്രതാപ് രാഷ്ട്രീയം കാര്യമായി എടുത്തപ്പോഴേക്കും അവിടെ അനുജന്‍ കളം പിടിച്ചു കഴിഞ്ഞിരുന്നു.  സഹോദരന്‍മാര്‍ തമ്മിലുള്ള അധികാരത്തര്‍ക്കം  തിരഞ്ഞെടുപ്പിലും മുഴച്ചു. 

രാജ്യഭരണം ആരുടെ കരങ്ങളിലാണെന്നറിയാന്‍ ചുരുക്കം ദിവസങ്ങളുടെ കാത്തിരിപ്പുമാത്രം. രാജാവും റാണിയുമാകാന്‍ ഇനിയും കരുനീക്കങ്ങള്‍ ഏറെ നടക്കും. ആ നീക്കങ്ങളാകും അധികാരത്തിലേക്കുള്ള വഴിയൊരുക്കുക 

MORE IN SPECIAL PROGRAMS
SHOW MORE