എം.കെ.സ്റ്റാലിൻ ഉദിച്ചുയരുമോ? തമിഴകം കാത്തുവച്ച തിരക്കഥ; ‘കൈ’ക്കരുത്ത്

PTI3_19_2019_000042B
SHARE

പ്രതാപശാലികളായ പിതാക്കന്‍മാരുടെ അഭാവത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കേണ്ട വലിയ ഉത്തരവാദിത്തത്തിലാണ് തമിഴ്നാട്ടില്‍ എം.കെ.സ്റ്റാലിനും ബീഹാറില്‍ തേജസ്വി യാദവും. കര്‍ണാടകയിലാകട്ടെ അച്ഛനും മകനും കൊച്ചുമക്കളും ഒരുപോലെ അങ്കത്തട്ടില്‍. കുടുംബരാഷ്ട്രീയം കൊടികുത്തിവാഴുന്നയിടങ്ങളില്‍ അധികാരത്തിനായുള്ള ആദ്യപോരാട്ടം തുടങ്ങുന്നത് കുടുംബത്തില്‍ നിന്നു തന്നെയാണ്. 

ദ്രാവിഡമണ്ണില്‍ ഒരു യുഗം അവസാനിച്ചു. പുരട്ചി തലൈവിയും കലൈഞ്ജറുമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് തമിഴകം. ജയലളിതയുടെ മരണത്തോടെ  ഒത്തിണക്കവും കെട്ടുറപ്പും നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയും  എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തില്‍ കരുത്താര്‍ജിക്കുന്ന ഡിഎംകെയും തമ്മിലാണ് മല്‍സരം. 

വാക്കുകളുടെ സൗന്ദര്യം കൊണ്ട് ഒരു ജനതയുടെ ഹൃദയത്തെ  കീഴടക്കിയ നേതാവ്. മുത്തുവേല്‍ കരുണാനിധി. ആ വാക്കുകളെ കവിതയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുക പ്രയാസകരമായിരുന്നു. കവിതയുടെ മാധുര്യവും ആശയത്തിന്‍റെ മൂര്‍ച്ചയും രണ്ടുവരികളില്‍ കോര്‍ത്തുവയ്ക്കും. തികഞ്ഞ പുരോഗമനവാദിയും, നിരീശ്വരവാദിയും.കവിയും സാഹിത്യകാരനും. 

നെടുഞ്ചേഴിയനുള്‍പ്പെടെയുള്ള സമകാലികരെ പിന്തള്ളിയാണ്  അണ്ണാദുരൈയില്‍ നിന്ന് പാര്‍ട്ടിയുടെ അധികാരമേറ്റത്. തമിഴ് രാഷ്ട്രീയത്തിലേക്ക് നടികര്‍ തിലകം എംജിആറിനെ കൊണ്ടുവന്നയാള്‍. ഉറ്റസുഹൃത്ത് ബദ്ധവൈരികളായപ്പോഴാണ് രാഷ്ട്രീയത്തില്‍ ആദ്യമായി തിരിച്ചടികളേറ്റുവാങ്ങിത്തുടങ്ങിയത്. എന്നിട്ടും പൊരുതിനിന്നു. മല്‍സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളും ജയിച്ചു.  തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദത്തില്‍ അഞ്ചുതവണയായി രണ്ടുപതിറ്റാണ്ട് നീണ്ട ഭരണകാലം.

ഒരുപക്ഷേ  വിശേഷണങ്ങള്‍ ഇനിയുമേറെയുണ്ടാകും. അഴിമതിക്കേസുകളും മക്കള്‍ രാഷ്ട്രീയവുെമല്ലാം ആ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നെങ്കിലും ജീവിച്ചിരുന്ന കാലമത്രയും അനിഷേധ്യനായ നേതാവായിരുന്നു കലൈഞ്ജര്‍. അഞ്ചുപതിറ്റാണ്ടിലേറെ ഡിഎംകെയെ നയിച്ച പടത്തലവന്‍, തൊണ്ണൂറ്റിനാലാം വയസില്‍ അരങ്ങൊഴിയും മുന്‍പേ മക്കളില്‍ ഏറ്റവും പ്രിയ്യപ്പെട്ടയാളെ പിന്‍ഗാമിയാക്കിയിരുന്നു. 

1953 മാര്‍ച്ച് ഒന്ന്. കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ മരിച്ച് നാലാംനാള്‍.  തമിഴ്നാട്ടില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ പങ്കെടുക്കുക്കുമ്പോഴാണ് കരുണാനിധിക്ക് സന്ദേശമെത്തുന്നത്. ഭാര്യ ദയാലു അമ്മാളില്‍ ഒരു മകന്‍ കൂടിയുണ്ടായി. ആവേദിയില്‍ തന്നെ കരുണാനിധി മകന് പേരിട്ടു. എം.കെ. സ്റ്റാലിന്‍.

മൂന്നുഭാര്യമാരിലായി കരുണാനിധിക്ക് ആറുമക്കളുണ്ടായിരുന്നെങ്കിലും തമിഴ്നാട് രാഷ്ട്രീയത്തെ ദശകങ്ങളോളം ഉള്ളംകയ്യില്‍ സൂക്ഷിച്ച രാഷ്ട്രീയ ചാണക്യന്റെ പിന്ഗാമിയായാകാനുള്ള നിയോഗം ആ മകനായിരുന്നു.

അരനൂറ്റാണ്ടോളം പിതാവിന്‍റെ നിഴലായി നിന്ന മകന്‍ നേതാവ് എന്ന നിലയില്‍ സ്വയം തെളിയിക്കേണ്ട തിരഞ്ഞെടുപ്പാണിത്. പതിനാലാംവയസില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച സ്റ്റാലിന്‍ നീണ്ട അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷമാണ് നേതൃസ്ഥാനത്തുനിന്ന് പാര്‍ട്ടിയെ നയിക്കുന്നത്. കരുണാനിധിയെപ്പോലെ ജനനായകന്‍ എന്ന പരിവേഷമൊന്നുമില്ലെങ്കിലും സ്റ്റാലിന്‍ തമിഴ്നാട്ടില്‍ കളം പിടിച്ചുകഴിഞ്ഞു. 

ജയലളിതയുടെ മരണത്തോടെ കപ്പിത്താനില്ലാത്ത കപ്പല്‍ പോലെയായ അണ്ണാഡിഎംകെയോ പാര്‍ട്ടി സംവിധാനങ്ങളില്ലാത്ത കമലാഹാസന്‍റെ മക്കള്‍ നീതി മെയ്യമോ സ്റ്റാലിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 39ല്‍ 37 സീറ്റും നേടിയ അണ്ണാഡിഎംകെ ജയലളിതയുടെ മരണത്തോടെ തകര്‍ന്നുതരിപ്പണമായി. ബിജെപി പിന്തുണയിലാണ് ഇത്തവണ മല്‍സരം. 

ഡിഎംകെ ഇത്തവണ 20 സീറ്റില്‍ മല്‍സരിക്കും. 10 സീറ്റ് സഖ്യകക്ഷിയായ കോണ്‍ഗ്രസിനും നല്‍കി. പക്ഷേ വിജയം അത്യാവശ്യമാണ്. കാരണം സ്വന്തം കുടുംബത്തില്‍ തന്നെ അധികാരമോഹികളുടെ നീണ്ടനിരയുണ്ട് പിന്നില്‍. അതില്‍ ഒന്നാമനാണ് അഴഗിരി. കരുണാനിധിയുടെ ദയാലു അമ്മാളിന്‍റെയും  മൂത്തമകന്‍. 

എന്നുടെ തലവന്‍ കലൈഞ്ജറുടെ ഉണ്‍മയാന വിശ്വാസമുള്ള ഉടപ്പിറപ്പുകളെല്ലാം എന്‍ പക്കം താന്‍ ഇരുപ്പാങ്കെ'  കരുണാനിധിയുടെ സംസ്കാരചടങ്ങിനുതൊട്ടു-പിന്നാലെയായിരുന്നു ഡിഎംകെയെ ഞെട്ടിച്ച് അഴഗിരിയുടെ പ്രതികരണം. ഈ അവകാശവാദം ഡിഎംകെയിലുണ്ടാക്കിയ അസ്വസ്ഥത ചില്ലറയല്ല. കാരണം മധുര ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് അഴഗിരി. 

ഇളയമകന്‍ സ്റ്റാലിനോടുള്ള കരുണാനിധിയുടെ അമിതവാല്‍സല്യം അഴഗിരിയെ പാര്‍ട്ടിയിലെ റിബലാക്കി മാറ്റി. ചേട്ടനും അനിയനും തമ്മിലുള്ള അധികാരത്തര്‍ക്കം സീമകള്‍ ലംഘിച്ചപ്പോള്‍ കരുണാനിധി അഴഗിരിയെ കേന്ദ്രത്തിലേക്കയച്ചു. മന്ത്രിയാക്കി. സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി തമിഴ്്നാട് രാഷ്ട്രീയത്തിലേക്ക് ചേര്‍ത്തും നിര്‍ത്തി. 

ദേശീയരാഷ്ട്രീയത്തിലേക്ക് ശ്രദ്ധതിരിഞ്ഞതോടെ അഴഗിരി അടങ്ങുമെന്ന് കരുണാനിധി പ്രതീക്ഷിച്ചു. സംസ്ഥാനത്ത് സ്റ്റാലിനും കേന്ദ്രത്തില്‍ അഴഗിരിയും ശക്തികേന്ദ്രങ്ങളാകുമെന്ന് വിശ്വസിച്ചു. ആ പ്രതീക്ഷ തെറ്റിക്കുന്നതായി കേന്ദ്രമന്ത്രിയെന്ന നിലയില്‍ അഴഗിരിയുടെ പ്രകടനം. 

മധുരയില്‍ രാജാവായിരുന്ന അഴഗിരി പക്ഷേ പാര്‍ലമെന്‍റില്‍ നിശബ്ദനായിരുന്നു. ചോദ്യോത്തരവേളയെത്തുമ്പോള്‍ കേന്ദ്ര രാസവളം മന്ത്രി സ്ഥലംവിടും. മറുപടി പറയാനുള്ള ചുമതല സഹമന്ത്രി ശ്രീകാന്ത് ജനയ്ക്കാണ്. ഉത്തരമറിയാഞ്ഞിട്ടല്ല, ഭാഷയായിരുന്നു പ്രശ്നം. വാക്കുകള്‍ കൊണ്ട് അമ്മാനമാടിയിരുന്ന കലൈഞ്ജരുടെ മകന് ഹിന്ദിയും ഇംഗ്ലീഷും വഴങ്ങുമായിരുന്നില്ല.

2013ല്‍  ശ്രീലങ്കയിലെ തമിഴ് ജനതയുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിഎംകെ എംപിമാര്‍ യുപിഎ സര്‍ക്കാരിനു നല്‍കിയുന്ന പിന്തുണ പിന്‍വലിച്ചു രാജിവയ്ക്കാന്‍ കരുണാനിധി  നിര്‍ദേശിച്ചു. ആദ്യം വിസമ്മതിച്ച അഴഗിരി കരുണാനിധിയെ മുള്‍മുനയില്‍ നിര്‍ത്തി. അഴിമതിക്കേസുകള്‍ കൂടി ഓരോന്നായി എത്തിയതോടെ 2014ല്‍ പുത്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ലാതെ കരുണാനിധിക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലായിരുന്നു. അതോടെ അച്ഛനും മകനും തമ്മിലുണ്ടായിരുന്ന അസ്വാരസ്യം വര്‍ധിച്ചു. 

കരുണാനിധിക്ക് മൂന്നാം ഭാര്യ രാജാത്തി അമ്മാളിലുണ്ടായ മകള്‍.  കനിമൊഴി. കലൈഞ്ജരുടെ സാഹിത്യവാസന പകര്‍ന്നുകിട്ടിയ മകള്‍. കവയത്രിയും സാഹിത്യകാരിയും നല്ല വാഗ്മിയുമായ കനിമൊഴിയുടെ പ്രതിഛായ മുഴുവന്‍ തകര്‍ന്നത് ടുജി സ്പെക്ട്രം അഴിമതിക്കേസിലാണ്. മകള്‍ തീഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ കരുണാനിധി തീവ്രവദനയിലായിരുന്നു. ആറുമാസം ജയിലില്‍. സിബിഐ കോടതി കുറ്റവിമുക്തയാക്കിയതോടെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവിന്‍റെ പാതയിലാണ്. 

സഹോദരങ്ങളില്‍ സ്റ്റാലിനുമായാണ് കനിമൊഴിക്ക് അടുപ്പം കൂടുതല്‍. തൂത്തുക്കുടിയില്‍ നിന്ന് ജനവിധി തേടുന്നതും സ്റ്റാലിന്‍റെ അനുഗ്രഹാശിസുകളോടെ തന്നെ കുടുംബത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ദയാനിധി മാരനും  മല്‍സരരംഗത്തുണ്ട്. കനിമൊഴിക്ക് കിട്ടുന്ന പ്രത്യേക പരിഗണനയില്‍ മാരന്‍ അസ്വസ്ഥനാണ്. 

ഇതെല്ലാം അതിജീവിച്ചുവേണം സ്റ്റാലിന് തമിഴ് രാഷ്ട്രീയത്തിന്‍റെ അമരത്തിരിക്കാന്‍. സംസ്ഥാനരാഷ്ട്രീയത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം സ്റ്റാലിന്‍ ദേശീയനേതാക്കളുമായും അടുപ്പമുണ്ടാക്കി. പ്രതിപക്ഷ ഐക്യനിരയില്‍ സജീവം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിനാണ്. കോണ്‍ഗ്രസ്– ബിജെപി ഇതരമുന്നണിക്ക് പിന്തുണ തേടിയ കെ. ചന്ദ്രശേഖര്‍ റാവുവിനെ ആദ്യം  കാണാന്‍ കൂട്ടാക്കാത്ത സ്റ്റാലിന്‍റെ നിലപാട് ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമായി. 

തമിഴ് രാഷ്ട്രീയം എന്നും അതിവൈകാരികതയുടെ വിളനിലമാണ്. പാര്‍ട്ടിക്കും നേതാവിനും വേണ്ടി മരിക്കാനും തയാറാകുന്ന ജനങ്ങള്‍. തലൈവനും തലൈവിയും പോയതോടെ തമിഴകം കാത്തിരിക്കുന്നത് അതേ പ്രഭാവത്തിലുള്ള ഒരു പുതിയ നേതാവിനായാണ്. ആ സ്ഥാനത്തേക്കുള്ള ആദ്യപരീക്ഷയാണ് സ്റ്റാലിന് ഈ തിരഞ്ഞെടുപ്പ് 

MORE IN SPECIAL PROGRAMS
SHOW MORE