വര്‍ഗീയതയും മതവിദ്വേഷവും കളംവാണ വോട്ടുകാലം: വാവിട്ട ‘വാക്കും പോരും’: വിഡിയോ

modi-rahul3
SHARE

പൊതുതിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയാണ്. രാജ്യത്തെ നയിക്കാനുള്ള ആളുകളെ തിരഞ്ഞെടുക്കുന്ന മഹാപ്രക്രിയയാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ രാജ്യത്തെ സാധാരണ പൗരന് അടിസ്ഥാന ജീവിതാവശ്യങ്ങള്‍ ഉറപ്പുവരുത്താന്‍  എന്തു ചെയ്യും, എന്തു ചെയ്തു എന്നതാവണം ചര്‍ച്ച. ഈ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും തലയെടുപ്പോടെ കാത്തുപോരാന്‍ പ്രതിജ്ഞാബദ്ധരാകേണ്ട രാഷ്ട്രീയക്കാര്‍ സത്യത്തില്‍ എന്താണ് ചെയ്തത്..? 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യ എന്താണ് ചര്‍ച്ച ചെയ്തത്..? ജനകീയ വിഷയങ്ങളോ അതോ വ്യക്തിഹത്യയും തീവ്രദേശീയതയും മതവിദ്വേഷവും നിറഞ്ഞ പ്രചാരണങ്ങളോ? ഇന്ത്യന്‍ രാഷ്ട്രീയചരിത്രം സാക്ഷിയായ ഏറ്റവും മോശം പ്രചാരണങ്ങകാലമാണ് ഇത്തവണത്തേത്. സമൂഹമാധ്യമങ്ങളും മുഖ്യധാര മാധ്യമങ്ങളും ഈ പ്രചാരണങ്ങളെ മല്‍സരിച്ച് ഏറ്റെടുക്കുക കൂടി ചെയ്തതോടെ അങ്ങേയറ്റം മലീമസമായി നമ്മുടെ തിരഞ്ഞെടുപ്പു രംഗം. 

ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്കായിരുന്നു തിരഞ്ഞെടുപ്പെങ്കിലും പ്രധാനമന്ത്രിയടക്കം പ്രമുഖ നേതാക്കളെല്ലാം കൂടുതല്‍ സംസാരിച്ചത് പാക്കിസ്ഥാനെക്കുറിച്ചാണ്. പാക്കിസ്ഥാനെ വിരട്ടാന്‍ കഴിയുന്നതാര്‍ക്ക്, പാക്കിസ്ഥാന്‍ പോലിരിക്കുന്ന മണ്ഡലമേത്... ഇങ്ങനെ പോയി പ്രചാരണവിഷയങ്ങള്‍. പ്രചാരണത്തിന് മതമോ സമുദായമോ പറയരുത് ഏറ്റവും മുഖ്യമായ തിരഞ്ഞെടുപ്പു ചട്ടം കാറ്റില്‍പ്പറത്താന്‍ നേതാക്കള്‍ മല്‍സരിച്ചു. ഒരു ലജ്ജയുമില്ലാതെ വോട്ടര്‍മാരുടെ മതവും ജാതിയും പറഞ്ഞു നേതാക്കള്‍. 

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുണ്ടായ വാക്പോരുകള്‍ രാജ്യത്തിന്‍റെ അഖണ്ഡതയെത്തന്നെ ചോദ്യം ചെയ്യുന്നതായി. വയനാട് മണ്ഡലത്തിലെ ന്യൂനപക്ഷസമുദായങ്ങളുടെ എണ്ണത്തെക്കുറിച്ച് എടുത്തു പറഞ്ഞത് പ്രധാനമന്ത്രിയാണ്. രാജ്യത്തിന്‍റെയാകെ കാവല്‍ക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി എന്തിന് ഏതെങ്കിലും സമുദായത്തെ വേര്‍തിരിച്ചുകാണുന്നു എന്ന അതി ഗൗരവമായ ചോദ്യമുയര്‍ത്തി നരേന്ദ്രമോദിയുടെ വാര്‍ധ റാലിയിലെ പരാമര്‍ശങ്ങള്‍.  

വിമര്‍ശനങ്ങളേറെ ഉയര്‍ന്നെങ്കിലും വയനാടിനെ വെറുതെ വിടാന്‍ പ്രധാനമന്ത്രി തയാറായില്ല. മഹാരാഷ്ട്രയിലെ നന്‍ഡെഡില്‍ കോണ്‍ഗ്രസിനെ മുങ്ങുന്ന കപ്പലിനോട് ഉപമിച്ച അദ്ദേഹം അവര്‍ മൈക്രോസ്കോപ്പുപയോഗിച്ച് ഭൂരിപക്ഷം ന്യൂനപക്ഷമായ ഒരു മണ്ഡലം കണ്ടെത്തിയിരിക്കുന്നു എന്നും പരിഹസിച്ചു. വസ്തുതകള്‍ (AD).

പ്രധാനമന്ത്രി മാത്രമല്ല, പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത്ഷായും വയനാടിനെ കടന്നാക്രമിച്ചു. അതും പച്ചയായ വര്‍ഗീയത ഉയര്‍ത്തി. വയനട്ടിലെ യുഡിഎഫ് റാലികള്‍ കണ്ടാല്‍ പാകിസ്ഥാനിലാണെന്ന് തോന്നുമെന്ന് അദ്ദേഹം പറഞ്ഞത് നാഗ്പൂരിലാണ്. 

വര്‍ഗീയവിഷം ചീറ്റാന്‍ ഒരു മടിയുമില്ലാത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണുകിട്ടിയ ആയുധമായിരുനന്നു വയനാട്. മുസ്ലീം ലീഗിനെ വൈറസെന്നാണ് യോഗി വിശേഷിപ്പിച്ചത്. 

'നിങ്ങൾ കേരളത്തിലെ ഒരു സീറ്റിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലി കണ്ടിട്ടുണ്ടാവും. എവിടെയും പച്ച മാത്രം. കോൺഗ്രസിനെ ഇപ്പോൾ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്.' യോഗി പറഞ്ഞു. 

തിര.കമ്മിഷന്‍ നെറ്റി ചുളിച്ചെങ്കിലും ന്യൂനപക്ഷ വിരോധം ആവര്‍ത്തിച്ച് വ്യക്തമാക്കി യോഗി. കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കും ബിഎസ്പിക്കും അലിയാണ് വിശ്വാസമെങ്കിൽ, നമ്മൾ വിശ്വസിക്കുന്നത് ബജ്റംഗ് ബലിയിലാണ്'. താക്കീതുകള്‍ കാറ്റില്‍ പറന്നു. തിരഞ്ഞെടുപ്പു കമ്മിഷനുള്ള മറുപടി ഇങ്ങനെ: ഭജന പാടാനല്ല, പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങൾ എടുത്തുപറഞ്ഞ് അവരെ പരാജയപ്പെടുത്താനാണ് വേദികളിൽ പോകുന്നത്. 

വയനാടിന്‍റെ മേലുള്ള ആക്രമണങ്ങള്‍ തുടരുമ്പോഴും രാഹുല്‍ ഗാന്ധി കാര്യമായ പ്രതിരോധത്തിന് തുനിഞ്ഞില്ല. പക്ഷേ വയനാട്ടില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയുടെ നാവിന്‍റെ മൂര്‍ച്ച ബിജെപി അറിഞ്ഞു. പാക്കിസ്ഥാനിൽപോയി ബിരിയാണി കഴിക്കുകയും ജപ്പാനിൽ പോയി ചെണ്ട കൊട്ടുകയും ചെയ്യുന്ന മോദിക്കായിരുന്നു അവിടെ പരിഹാസം. ഇങ്ങനെയുള്ള മോദി ഒരു തൊഴിലാളിയുടെയോ കർഷകന്റെയോ സാധാരണക്കാരന്റെയോ ഒപ്പം നിൽക്കുന്ന ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് നിലമ്പൂരിലെ യുഡിഎഫ് പൊതുയോഗത്തിൽ അവർ ചോദിച്ചു. 

അമ്പലങ്ങളുടെയും പള്ളികളുടെയും പേരിൽ വോട്ടു ചോദിക്കാൻ പാടില്ലെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ തറപ്പിച്ച് പറഞ്ഞതോടെ ഈ തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍‌ കരുതിവച്ചിരുന്ന ശബരിമല എന്ന വജ്രായുധം ഏറെക്കുറേ അപ്രസക്തമായി. ചിലര്‍ കമ്മിഷനെ വെല്ലുവിളിച്ചു, മറ്റു ചിലര്‍ വികാരാധീനരായി. ഇവിടെയും ഒരുപടി മുന്നില്‍ നിന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. ശബരിമല അയ്യപ്പന്‍റെ പേരു  ഉച്ചരിച്ചാൽ കള്ളക്കേസ് എടുക്കുന്ന സ്ഥിതിയാണു കേരളത്തിലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 

സാമുദായിക രാഷ്ട്രീയം പരമാവധി കത്തിക്കാന്‍ മറ്റ് ഉത്തരേന്ത്യന്‍ നേതാക്കളും മല്‍സരിച്ചു. മുസ്ലീങ്ങളെ വിരട്ടി വോട്ടുനേടാന്‍ പോലും ശ്രമിച്ചു ബിജെപി നേതാവ്‍ മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്യാത്ത മുസ്ലിംകള്‍ക്ക് ജോലി നല്‍കില്ലെന്ന് സുല്‍ത്താന്‍പൂരിലെ തുറാബ് ഖാനി ഗ്രാമത്തില്‍ സംസാരിക്കവേ ന്യൂനപക്ഷ വോട്ടര്‍മാരെ അവര്‍ ഭീഷണിപ്പെടുത്തി. ബിജെപിക്ക് വോട്ട് ചെയ്യുന്നവരെയും ചെയ്യാത്തവരെയും രണ്ട് തട്ടായി വിഭജിക്കുമെന്നും, വോട്ട് ചെയ്യുന്നവര്‍ക്ക് മാത്രം വികസനം ഉറപ്പ് വരുത്തുമെന്നുമായിരുന്നു ഭാവി എം.പിയുടെ മുന്നറിയിപ്പ്. SOT

സുല്‍ത്താന്‍പൂരില്‍ മനേകയുടെ മകന്‍ വരുണ്‍ ഗാന്ധി പറഞ്ഞത് ഇങ്ങനെ: നിങ്ങള്‍ ഹിന്ദുസ്ഥാനിലാണ് ജീവിക്കുന്നത്. അതുകൊണ്ട് ഹിന്ദുസ്ഥാന് വേണ്ടി വോട്ട് ചെയ്യണം. എസ്പിക്കും ബിഎസ്പിക്കും േവണ്ടിയാണ് വോട്ടെങ്കില്‍ അത് പാക്കിസ്ഥാന് വേണ്ടിയാണ്. 

മുസ്ലീങ്ങളോട് പ്രത്യേകമായി ചിലതെല്ലാം പറഞ്ഞു യുപി മുൻ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി. മുസ്ലിം സമുദായത്തിന്‍റെ വോട്ടുകള്‍ ഭിന്നിക്കാതെ  അത് ബിഎസ്പി– എസ്പി– ആർഎൽഡി സഖ്യത്തിനു നൽകണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തു മായാവതി. 

കേരളത്തില്‍ ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് മുസ്ലീം വിരുദ്ധതയുടെ തുറന്ന വക്താവായത്. ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങില്‍ പിള്ള ഇങ്ങനെ പറഞ്ഞത് എല്ലാ പരിധികളും ലംഘിച്ചായിരുന്നു. 

രാജ്യത്തിന്‍റെ പൊതുസ്വത്തായ സൈന്യത്തെ തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കരുതെന്നാണ് ചട്ടം. എന്നാല്‍ സൈന്യത്തിന്‍റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളാണെന്ന് ഒരു മടിയും കൂടാതെ പറയുന്ന പ്രധാനമന്ത്രിയെ ഇത്തവണ പല വേദികളില്‍ കണ്ടു. സൈന്യത്തിന്‍റെ വേഷത്തില്‍ നില്‍ക്കുന്ന ബിജെപി നേതാക്കളും തന്‍റെ കയ്യിലെ മിസൈല്‍ കണ്ട് പാക്കിസ്ഥാന്‍ പേടിച്ചുപോയെന്ന് പറയുന്ന പ്രധാനമന്ത്രിയുമൊക്കെ ഈ തിരഞ്ഞെടുപ്പ് കാലത്തെ വിചിത്ര കാഴ്ചകളായി. മുന്നറിയിപ്പുകള്‍ പലകുറി ആവര്‍ത്തിക്കപ്പെട്ടപ്പോഴും പലമട്ടില്‍ സൈന്യവും സൈനിക നടപടികളും വോട്ടു തട്ടാനുള്ള എളുപ്പവഴിയായി പോര്‍തട്ടില്‍ അവതരിച്ചു. 

ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് സൈന്യവും രാജ്യസുരക്ഷയും തിരഞ്ഞെടുപ്പില്‍‌ ചര്‍ച്ചയായത്. പുല്‍വാമയില്‍ രഹസ്യാന്വേഷണ വീഴ്ചയുണ്ടായി എന്ന കുറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങി മോദി സര്‍ക്കാര്‍. ആക്രണം നടത്തിയത് പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആണെന്നറിഞ്ഞതോടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യ പാക് ബന്ധം വലിയ ചര്‍ച്ചയായി. ഇതോടെയാണ് ബലാകോട്ടിലെ പ്രത്യാക്രമണമെത്തിയത്.  ആക്രമണവും പ്രത്യാക്രമണവും തിരഞ്ഞെടുപ്പ് വേദികളില്‍ നിറയുന്നതാണ് പിന്നീട് കണ്ടത്. 

ഇന്ത്യയുടെ അഭിമാനമായ അഭിനന്ദന്‍ വര്‍ധമാനെ പാര്‍ട്ടി ഫ്ല്ക്സ് ബോര്‍ഡുകള്‍ക്കൊപ്പം ചേര്‍ത്തുവച്ചു ബിജെപി. തിരഞ്ഞെടുപ്പു കമ്മിഷന്‍ ശക്തമായ താക്കീത് നല്‍കി. പക്ഷേ ഈ മുന്നറിയിപ്പുകളെ പുല്ലുപോലെ തള്ളിക്കളഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്‍മാര്‍ക്ക് സമര്‍പ്പിക്കണം കന്നിവോട്ടെന്ന് അദ്ദേഹം ചെറുപ്പക്കാരോട് അഭ്യര്‍ഥിച്ചു.

ഇതുകേട്ടുനിന്ന യോഗി ആദിത്യനാഥ് അല്‍പം കൂടി കടന്നു. ഇന്ത്യന്‍സേനയെ മോദി സേന എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കോൺഗ്രസുകാർ ഭീകരർക്കു ബിരിയാണി വിളമ്പുമ്പോൾ മോദിജിയുടെ സൈന്യം അവർക്കു മേൽ ബോംബ് വർഷിക്കുന്നുവെന്ന് ഗാസിയബാദിലെ തിരഞ്ഞെടുപ്പു റാലിയിൽ യോഗി പറഞ്ഞു. 

രാജസ്ഥാനിലെ ബാര്‍മറില്‍ നരേന്ദ്രമോദി പറഞ്ഞ വാക്കുകള്‍ ഇന്ത്യയെ മാത്രമല്ല, ലോകരാജ്യങ്ങളെയാകെ ഞെട്ടിച്ചു. ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല എന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ഉത്തരകൊറിയന്‍ ഏകാധിപതി മുമ്പ് തന്‍റെ കയ്യിലുള്ള ന്യൂക്ലിയര്‍ ബോംബ് ബട്ടനെക്കുറിച്ച് നടത്തിയ വാക്കുകളാകും ലോകത്തിന്റെ കാതുകളില്‍ അപ്പോള്‍ മുഴങ്ങിയത്.

ഗുജറാത്തിലെത്തിയപ്പോഴേക്ക് സ്വന്തം കഴിവുകളെക്കുറിച്ച് കൂടുതല്‍ അഭിമാനപുളകിതനായി നരേന്ദ്രമോദി. 12 മിസൈലുകളുമായി താന്‍, അതായത് നരേന്ദ്രമോദി തയാറായി  നില്‍ക്കുന്നത് കണ്ടാണത്രെ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. 

സൈന്യത്തെക്കുറിച്ചുള്ള പറച്ചില്‍ അതിരുകടന്നതോടെ മുതിര്‍ന്ന സേനാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സൈനിക നടപടികളുടെ നേട്ടം രാഷ്ട്രീയ നേതാക്കൾ സ്വന്തമാക്കുന്ന പ്രവണത അസാധാരണവും അംഗീകരിക്കാനാവാത്തതുമാണെന്ന് രാഷ്ട്രപതിക്കുള്ള കത്തിൽ അവർ അമര്‍ഷം പറഞ്ഞു.  ഇതുകൊണ്ടൊന്നും പ്രധാനമന്ത്രി അടങ്ങിയിരുന്നില്ല. മുമ്പും മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ് അവകാശവാദത്തിന് അതെല്ലാം വിഡിയോ ഗെയിമുകളായിരിക്കും എന്നായിരുന്നു നരേന്ദ്രമോദിയുടെ മറുപടി. 

സൈന്യത്തെ പ്രചാരണവിഷയമാക്കിയതിനെതിരെ നിരവധി പരാതികള്‍ പോയെങ്കിലും എല്ലാത്തിലും നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഗോമൂത്രത്തിന് അർബുദം ഭേദമാക്കാൻ കഴിയും എന്ന് സാക്ഷ്യപ്പെടുത്തിയ  ഭോപ്പാലിലെ  ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് താക്കൂര്‍ മുംബൈ ഭീകരാക്രമണത്തിനി‌ടെ രക്തസാക്ഷിത്വം വരിച്ച ധീരനായ ഹേമന്ത് കർക്കറെെയെ താന്‍ ശപിച്ചുകൊന്നതാണെന്ന് അവകാശപ്പെട്ടു.  പ്രസ്താവന വിവാദമായതോടെ പിന്‍വലിച്ച് മാപ്പു പറഞ്ഞു സാധ്വി. ഭീകരൻ മസൂദ് അസ്ഹറിനെ പ്രജ്ഞ  ശപിച്ചിരുന്നെങ്കിൽ അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിന്റെ ആവശ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന്

പരിഹസിച്ചു എതിര്‍ സ്ഥാനാര്‍ഥിയും  കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്. ഹിന്ദുക്കളെ കോൺഗ്രസ് അപമാനിക്കുന്നുവെന്നും സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പെടെയുള്ള ഹിന്ദുത്വ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ബിെജപി വക്താവ്‍ ജിവിഎല്‍ നരസിംഹറാവുവിനെ കാത്തിരുന്നത് ചെരുപ്പേറാണ്. 

ശപിക്കല്‍ പ്രചാരണമാക്കിയ മറ്റൊരു സ്ഥാനാര്‍ഥിയും ബിജെപിയുടേത് തന്നെ. സാക്ഷി മഹാരാജ്– ഉന്നാവോയില്‍ സ്ഥാനാര്‍ഥി പറഞ്ഞത്  ഇങ്ങനെ. എനിക്ക് വോട്ട് ചെയ്യാത്തവരെ ഞാന്‍ ശപിക്കും. ഞാ‍ന്‍ സന്യാസിയാണ്. ഭിക്ഷ യാചിച്ച് വരുന്ന സന്യാസിയെ തിരസ്കരിച്ചാല്‍ നിങ്ങളുടെയും കുടുംബത്തിന്‍റെയും സന്തോഷങ്ങള്‍ ഇല്ലാതാകും. സന്യാസിയുടെ പാപങ്ങള്‍ നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടും. 

ജനകീയ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉന്നയിക്കാന്‍ പോവുന്നതെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. തന്‍റെ സ്വപ്ന പദ്ധതിയായ ന്യായ് ല്‍ ഉൗന്നിയാവണം പ്രചാരണമെന്ന് അണികള്‍ക്ക് നിര്‍ദേശവും നല്‍കി. എന്നാല്‍ പ്രചാരണം കൊഴുത്തതോടെ രാഹുല്‍ ഗാന്ധിയടക്കം എല്ലാവരും ന്യായ് മറന്ന മട്ടായി. ചൗക്കിദാര്‍ ചോര്‍ ഹെ അഥവാ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള മുദ്രാവാക്യമാണ് കോണ്‍ഗ്രസ് വേദികളില്‍ ഉയര്‍ന്നു കേട്ടത്. ഇതിന് പകകമായി പ്രധാനമന്ത്രി എടുത്തിട്ടതാകട്ടെ, അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും. 

2014 ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിന് 'ചൗക്കിദാർ' എന്ന വാക്കു 'സംഭാവന' ചെയ്തത്. 'എന്നെ പ്രധാനമന്ത്രിയായല്ല, ഈ രാജ്യത്തിന്റെ 'ചൗക്കിദാർ' അഥവാ കാവൽക്കാരൻ ആയി തിരഞ്ഞെടുക്കൂ' എന്നായിരുന്നു തിരഞ്ഞെടുപ്പു റാലികളിൽ അദ്ദേഹത്തിന്റെ അഭ്യർഥന. യുപിഎ ഭരണകാലത്തെ അഴിമതിയാരോപണങ്ങൾ വ്യാപകമായി ഉന്നയിക്കപ്പെട്ട ആ തിരഞ്ഞെടുപ്പിൽ, രാജ്യത്തെ സംരക്ഷിക്കുന്ന കാവൽക്കാരൻ എന്ന സങ്കൽപം വലിയ തിരഞ്ഞെടുപ്പു മുദ്രാവാക്യമാക്കാൻ ബിജെപിക്കു കഴിഞ്ഞു. പാർലമെന്റ് ചർച്ചകളിൽ പലപ്പോഴും പ്രധാനമന്ത്രി സ്വയം വിശേഷിപ്പിച്ചതും അങ്ങനെ തന്നെ.  ഈ തിരഞ്ഞെടുപ്പില്‍

റഫാൽ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ പഴയ ചൗക്കിദാർ പ്രചാരണത്തിന്റെ മുനയൊടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മോദിക്കതിരെ 'ചൗക്കിദാർ ചോർ ഹേ' എന്ന മുദ്രാവാക്യമുയർത്തി. 

ഞാനും കാവൽക്കാരൻ എന്ന അർഥത്തിൽ, 'മേ ഭീ ചൗക്കിദാർ' എന്ന മുദ്രാവാക്യവുമായി ഇതിനെ നേരിടാനിറങ്ങി ബിജെപി. ബിജെപി നേതാക്കളും അനുയായികളും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ സ്വയം ചൗക്കിദാര്‍മാരായി. ഡല്‍ഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'മേം ഭീ ചൗക്കിദാർ' സമ്മേളനത്തിൽ മോദി നടത്തിയ പ്രസംഗം രാജ്യത്തെ 500 കേന്ദ്രങ്ങളിൽ തൽസമയം സംപ്രേഷണം ചെയ്തു. 

'മേം ഭീ ചൗക്കീദാർ' എന്ന ബിജെപി മുദ്രാവാക്യം രേഖപ്പെടുത്തിയ ചായക്കപ്പുകൾ നൽകിയതിന് റെയിൽവേയ്ക്ക്  ഇലക്‌ഷൻ കമ്മിഷൻ നോട്ടിസ് നൽകി. രാഹുല്‍ ഗാന്ധിയാകട്ടെ പോകുന്നിടത്തെല്ലാം ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് ആഞ്ഞുവിളിച്ചു. രാഹുലിനെ കാണുമ്പോള്‍ ആവേശം മൂത്ത അണികളും ഇതുതന്നെ ചെയ്തു. അബ് ഹോഗ ന്യായ് മൂലയ്ക്കൊതുങ്ങി. 

കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തിന് ഒടുവില്‍ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞു കോണ്‍്ഗ്രസ് പ്രസിഡന്‍റ്. മാപ്പിന് ശേഷവും ആ രാഷ്ട്രീയ മുദ്രാവാക്യത്തില്‍ രാഹുലും കോണ്‍ഗ്രസും ഉറച്ചുനിന്നു. എന്നാല്‍ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോയെന്ന് പ്രധാനമന്ത്രിയെ ആവര്‍ത്തിച്ചു വെല്ലുവിളിച്ചു രാഹുല്‍ 

തന്നെ കള്ളനെന്നുവിളിക്കുന്ന രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന് തിരിച്ചടിച്ചു നരേന്ദ്രമോദി. 

ഇതോടെ കഥമാറി. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ആളെ അഴിമതിക്കാരനാക്കിയ മോദി മാപ്പു പറയണമെന്നായി കോണ്‍ഗ്രസ്. അങ്ങനെ മൂന്നു ദശാബ്ധങ്ങള്‍ക്കിപ്പും ബൊഫോഴ്സും രാജീവ് ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണവിഷയമായി. അച്ഛനെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തില്‍ കൂടുതല്‍ രോഷാകുലയായത് പ്രിയങ്ക ഗാന്ധിയാണ്. മഹാഭാരതത്തിലെ ദുര്യോധനനോട് മോദിയെ ഉപമിച്ചു അവര്‍. ധാര്‍ഷ്ട്യക്കാരനായ ദുര്യോധനന് കിട്ടിയ തിരിച്ചടി മോദിയെയും കാത്തിരിക്കുന്നുണ്ടെന്ന് പ്രിയങ്ക മയമില്ലാതെ പറഞ്ഞു. 

അടിമുടി ആക്ഷേപങ്ങളും വ്യക്തിഹത്യകളും കളം നിറഞ്ഞ പ്രചാരണത്തട്ട്. പെണ്ണിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കും ഒട്ടും കുറവില്ലായിരുന്നു. നേതൃനിരയിലടക്കം പതിവില്ലാത്ത വിധം പെണ്‍സാന്നിധ്യം കൂടിയ തിരഞ്ഞെടുപ്പുകാലം പക്ഷേ അവരെ പരിചരിക്കുന്നതില്‍ പതിവ് അഹന്തകളും പരിഹാസങ്ങളും തന്നെ പുറത്തെടുത്തിട്ടു. 

യുപിയിലെ സിക്കന്തരബാദിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശർമ രാഹുൽ ഗാന്ധിയെ പപ്പുവെന്നും പ്രിയങ്ക ഗാന്ധിയെ പപ്പുവിന്റെ പപ്പിയെന്നും വിളിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിലയിരുത്തി. പ്രിയങ്ക ഗാന്ധി, കള്ളന്റെ ഭാര്യ'യാണെന്നായിരുന്നു ബിജെപി ഉപാധ്യക്ഷയും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി  പറഞ്ഞത്.  സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും നിറഞ്ഞു തന്നെ നിന്നു. ബിജെപി സ്ഥാനാരാര്‍ഥി ജയപ്രദക്കെതിരെ എസ്പി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായി. 'ഞാനാണ് അവരെ റാംപുരിൽ കൊണ്ടുവന്നത്. അവരുടെ ശരീരത്തെ സ്പർശിക്കാൻ ഞാൻ ആരെയും അനുവദിച്ചില്ല എന്നതിനു നിങ്ങൾ സാക്ഷികളാണ്. അവരുടെ യഥാർഥ മുഖം തിരിച്ചറിയാൻ നിങ്ങൾക്ക് 17 വർഷം വേണ്ടിവന്നു. എന്നാൽ, 17 ദിവസംകൊണ്ട് എനിക്കു മനസ്സിലായി അവർ കാക്കി അണ്ടർവെയറാണ് ധരിക്കുന്നതെന്ന വാക്ക് അസംഖാന്റേതായിരുന്നു. 

അസംഖാനെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തു. പക്ഷേ തൊട്ട‌ുപിന്നാലെ എസ്പി നേതാവ് ഫിറോസ് ഖാനും ജയപ്രദയെ അപമാനിച്ചു. ജയപ്രദ അവരുടെ ആട്ടവും പാദസരവും കൊണ്ട് ആളുകളെ വശീകരിച്ചേക്കാമെന്ന പരാമര്‍ശത്തിനെതിരെ വനിതാകമ്മിഷന്‍ കേസെടുത്തു. സാക്ഷര പുരോഗമന കേരളത്തിലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനെതിരെ ദ്വയാര്‍ഥപ്രയോഗം നടത്തിയത് എൽഡിഎഫ് കൺവീനർ എ.വിജയരാഘവനാണ്. 

മകളെ പഠിപ്പിച്ചിട്ട് കാര്യമില്ലെന്നായിരുന്നു കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍റെ പ്രചാരണവാചകങ്ങളിലൊന്ന്. ഇങ്ങനെ കടുത്ത സ്ത്രീവിരുദ്ധതയുടെ നൂറുനൂറടയാളങ്ങള്‍ രാജ്യമാകെ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞുനിന്നു.

എല്ലാം ഭരണവീഴ്കളില്‍ നിന്ന് ഓടിയൊളിക്കാനുള്ള പുകമറ മാത്രമായിരുന്നു. ജനാധിപത്യമര്യാദകളും ധാർമിക അടിത്തറയുള്ള രാഷ്ട്രീയ പ്രവര്‍ത്തവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് കൈമോശം വന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു ഈ വോട്ടുകാലം. ആക്രോശങ്ങളും മസാല പ്രയോഗങ്ങളും മാധ്യമ ചര്‍ച്ചകളാവുമ്പോള്‍ വികസനവും ജനാധിപത്യവും വെറുംവാക്കുകള്‍ മാത്രമായി. നോട്ടുനിരോധനവും അഴിമതിയും പെട്രോള്‍ വിലയും അടക്കമുള്ള ജീവല്‍പ്രശ്നങ്ങള്‍ ആട്ടിയോടിക്കപ്പെട്ട പ്രചാരണത്തട്ടില്‍ വാണതത്രയും മതവും വര്‍ഗീയതയും കപടദേശീയതയും മാത്രം. കുടിക്കാന്‍ വെള്ളമോ കിടക്കാന്‍ വീടോ നടക്കാന്‍ വഴിയോ ഇല്ലാതെ ലക്ഷക്കണക്കിന് ജനം വീണ്ടും കാത്തിരിക്കും. അടുത്ത തിരഞ്ഞെടുപ്പിനായി.  

MORE IN SPECIAL PROGRAMS
SHOW MORE