കെ.സി.ആർ രാജാവാകും; മോദിയെ തൊടുമോ? അതോ രാഹുലിലേക്ക് ചായുന്നുവോ?; കഥ ഇതാ

India Creating States
SHARE

തെലങ്കാനവിഭജനം കൊണ്ട് യഥാര്‍ഥത്തില്‍ നേട്ടമുണ്ടാക്കിയത് ചന്ദ്രശേഖര്‍ റാവുവാണ്. ഒന്നുകൂടി ഊന്നിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ കുടുംബവും. ദേശീയ രാഷ്ട്രീയമോഹങ്ങള്‍ പലവട്ടം വ്യക്തമാക്കിയിട്ടുള്ള റാവു, കോണ്‍ഗ്രസ്, ബിജെപി ഇതര മുന്നണി രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ്. 

കല്‍വകുന്ദള ചന്ദ്രശേഖര്‍ റാവു. കെസിആര്‍.  പ്രാദേശീക രാഷ്ട്രീയവികാരം ആളിക്കത്തിച്ച് അധികാരത്തിലേക്കെത്തിയ നേതാവ്. തെലങ്കാന രാഷ്ട്രസമിതി എന്ന സ്വന്തം പാര്‍ട്ടി കുടുംബസ്വത്താക്കിയ കെസിആറിന് തെലങ്കാനയില്‍ എതിരാളികളില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുവേണ്ട പതിനെട്ടവുമറിയുന്ന റാവുവിന്‍റെ സ്വപ്നങ്ങള്‍ തെലങ്കാനയില്‍ നിന്ന്  ‍ഡല്‍ഹിയിലെത്തി നില്‍ക്കുന്നു. 

പേരുപോലെ തെലങ്കാന സംസ്ഥാന രൂപീകരണം എന്ന ഉദ്ദേശവുമായാണ് തെലങ്കാന രാഷ്ട്രസമിതിയുടെ രൂപീകരണം. ചന്ദ്രബാബു നായിഡുവിനെപ്പോലെ കോണ്‍ഗ്രസിലൂടെയാണ് കെസിആറിന്‍റെയും രാഷ്ട്രീയപ്രവേശം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, പിന്നീട് ടിഡിപിയുടെ ഭാഗമായി. നായിഡുമന്ത്രിസഭയില്‍ ഡപ്യൂട്ടി സ്പീക്കറായിരിക്കെ തെലങ്കാന വികാരം ആളിക്കത്തിച്ച് കെസിആര്‍ ടിഡിപി വിട്ടു. 

2001ല്‍. ആന്ധ്രയില്‍ നിന്ന് തെലങ്കാന മേഖല വിവേചനം നേരിടുന്നു എന്ന കാലങ്ങളായുള്ള പരാതികള്‍ സമരമാര്‍ഗം സ്വീകരിച്ച സമയം. ടിആര്‍എസ് രൂപീകരിച്ച കെസിആര്‍ 2004ല്‍ ലോക്സഭയില്‍ ജയിച്ചുകയറി യുപിഎ മന്ത്രിസഭയില്‍ അംഗമായി. തെലങ്കാന വിഭജനം കോണ്‍ഗ്രസ് വൈകിപ്പിച്ചതോടെ  റാവു കേന്ദ്രമന്ത്രി പദം രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച എംപി സ്ഥാനം രാജിവച്ച് 2009ല്‍ അതേ മണ്ഡലത്തില്‍ വീണ്ടും മല്‍സരിച്ചപ്പോള്‍ വിജയം രണ്ടുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. തെലങ്കാന സമരനായകന്‍ എന്ന പ്രതിഛായ കെസിആര്‍ നേടിയെടുത്തു.

നിരാഹാരസമരത്തിനൊടുവില്‍ മെലിഞ്ഞുക്ഷീണിച്ച ആ രൂപം ജനമനസില്‍ ഇടംപിടിച്ചു. ശക്തമായ സമ്മര്‍ദ്ദത്തിനും സമരങ്ങള്‍ക്കുമൊടുവില്‍ തെലങ്കാന സംസ്ഥാനം രൂപീകൃതമായി. കെസിആര്‍ ഇന്ത്യയിലെ ഇരുപത്തിയൊമ്പതാം സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും. വിഭജനത്തില്‍ കൂടുതല്‍ പരുക്കേറ്റത് ആന്ധ്രയ്ക്കും ചന്ദ്രബാബു നായിഡുവിനുമായിരുന്നു. 

അഭിമാനമായിരുന്ന ഹൈദരാബാദ് തെലങ്കാന കൊണ്ടുപോയി. നായിഡു പടുത്തുയര്‍ത്തിയ ഐടി സാമ്രാജ്യം കെസിആര്‍ സ്വന്തമാക്കി.നേതൃത്വം മുഴുവന്‍ മകനും ഐടി മന്ത്രിയുമായ കെ.ടി.രാമറാവുവിനെ ഏല്‍പ്പിച്ചു. ഒരുകാലത്ത് ഒരു പാര്‍ട്ടിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച നായിഡുവും കെസിആറും ബദ്ധവൈരികളായി മാറി. 

ആവശ്യം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച റാവു, ആന്ധ്രയില്‍ മാത്രമല്ല, തെലങ്കാനയിലും കോണ്‍ഗ്രസിനെ നാമാവശേഷമാക്കി. നാലുവര്‍ഷവും നാലുമാസവും നീണ്ട ഭരണത്തിനിടെ മറ്റുപാര്‍ട്ടികളില്‍ നിന്ന് 27 എംഎല്‍എമാരെ കെസിആര്‍ സ്വന്തം പാളയത്തിലേക്കെത്തിച്ചു. ഏഴുകോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസിലെത്തി. ടിഡിപിയിയില്‍ നിന്ന് 13 എംഎല്‍എാരും വൈഎസ്ആര്‍പിയുടെ ആകെയുള്ള മൂന്ന് എംഎല്‍എമാരും ടിആര്‍എസിന്‍റെ ഭാഗമായി. ഹൈദരാബാദില‍്‍ വന്‍ സ്വാധീനമുള്ള  അസദുദ്ദീന്‍ ഒവൈസിയുടെ എം.ഐ.എമ്മിനെ കൂടി ഒപ്പം കൂട്ടാനായതോടെ റാവു പഴുതുകളെല്ലാമടച്ചു. 

നിയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസമുള്ളപ്പോഴാണ് കെ.ചന്ദ്രശേഖര റാവു സര്‍ക്കാര്‍ പിരിച്ചുവിട്ടു.  തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തീരുമാനിച്ചു.  ഭരണവിരുദ്ധവികാരം ശക്തമാകും മുന്‍പ് അധികാരത്തിലെത്തുകയായിരുന്നു ലക്ഷ്യം. ആകെയുള്ള നൂറ്റി പത്തൊമ്പത് സീറ്റില്‍ 88 ഇടത്തും ടിആര്‍എസ് ജയിച്ചുകയറി. ചന്ദ്രശേഖര റാവുവിനെ  പിന്തുണച്ചിരുന്ന അസദുദ്ദീന്‍ ഒവൈസിയുടെ എം.ഐ.എം ഏഴ് സീറ്റും നേടി. ടിഡിപിയുമായി ചേര്‍ന്ന് മഹാകൂട്ടമി രൂപീകരിച്ച് ഗോദയിലിറങ്ങിയ കോണ്‍ഗ്രസിന് പത്തൊമ്പതിടത്ത് മാത്രമേ ജയിക്കാനായുള്ളൂ. . ബിജെപിക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 

എന്തുകാരണം കൊണ്ടാണോ തെലങ്കാന രൂപീകൃതമായത് അതിനൊന്നും പരിഹാരം കാണാന്‍ റാവുവിനായില്ല. കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസമേഖലയിലും വന്‍പ്രതിസന്ധി. ശക്തരായ എതിരാളികളില്ലാത്തതിനാല്‍ ഇതൊന്നും കെസിആറിന് വിഷയമല്ല. സംസ്ഥാനരാഷ്ട്രീയത്തില്‍ മകനെ  വളര്‍ത്തിയെടുത്തു. നിലവില്‍ ഐടി മന്ത്രിയായ കെ.ടി.രാമറാവു, മന്ത്രിസഭയിലെ രണ്ടാമനാണ്.  മകള്‍ കവിത നിസാമാബാദില്‍ നിന്ന് ജനവിധി തേടുന്നു 

മരുമകന്‍ ഹരീഷ് റാവുവും  പ്രചാരണത്തില്‍  സജീവം. പാര്‍ട്ടിയിലും സംസ്ഥാനത്തും താക്കോല്‍സ്ഥാനങ്ങളെല്ലാം ബന്ധുക്കളെ ഏല്‍പ്പിച്ച കെസിആറിന് ഇനി ഡല്‍ഹി പിടിക്കണം. 

വിശാലസഖ്യത്തോട് മുഖം തിരിച്ച  കെസിആര്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു. ഇരുകൂട്ടരുമില്ലാത്ത ഒരു മുന്നണി. അതിന്‍റെ നേതൃസ്ഥാനത്ത് ഇതായിരുന്നു ലക്ഷ്യം. കേരളത്തില്‍ പിണറായി വിജയനും  കര്‍ണാകടത്തില്‍ കുമാരസ്വാമിയും  ഉള്‍പ്പെടെ പല സംസ്ഥാനങ്ങളില്‍ നേതാക്കന്‍മാരെ നേരില്‍ക്കണ്ടു. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ പക്ഷേ  മുഖം തിരിച്ചു. ഇന്ത്യകണ്ട ഏറ്റവും വലിയ കോമാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് പരിഹസിച്ച റാവുവിന് ഇപ്പോള്‍ ദേശീയ തലത്തിൽ ബിജെപിയോടും കോൺഗ്രസിനോടും സമദൂരം പാലിച്ചു നിൽക്കുന്നു. ഫലമറിയാന്‍ കാത്തിരിക്കുകയാണ് റാവു. അടുത്ത തന്ത്രം മെനയാന്‍.

MORE IN SPECIAL PROGRAMS
SHOW MORE