പ്രതിനായകനായി എത്തി നായകനായി; വീണ്ടും വില്ലനായി; ഇനി മുന്നിലുള്ളത്

chandra-babu-naidu-raja-rani
SHARE

കേരളം ഒഴിച്ചുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയവും സിനിമയും ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു. സ്ക്രീനിലെ നായകന്‍ ആദ്യം ജനങ്ങളുടെ ഹൃദയങ്ങളിലേക്കും പിന്നെ അധികാരക്കസേരയിലേക്കും കടന്നിരിക്കുന്ന കാഴ്ച. ട്വിസ്റ്റുകള്‍ കൊണ്ടുനിറഞ്ഞ അവിടുത്തെ രാഷ്ട്രീയം ഒരു മാസ് സിനിമ പോലെയാണ്. ചന്ദ്രബാബു നായിഡുവും, ജഗന്‍ മോഹന്‍ റെഡ്ഡിയും കെ.ചന്ദ്രശേഖര്‍ റാവുവും നായകന്‍മാരായ ഒരു തിരക്കഥയാണ്് ഇന്നത്തെ രാജാ റാണി 

നായകനായല്ല, പ്രതിനായകനായാണ് ആന്ധ്രയുടെ അധികാര രാഷ്ട്രീയത്തിലേക്ക് ചന്ദ്രബാബു നായിഡുവിന്‍റെ രംഗപ്രവേശം. ചിറ്റൂരിലെ സാധാരണ കര്‍ഷകനായ കര്‍ജൂരനായിഡുവിന്‍റെ മകന്‍  എന്‍ടി രാമറാവു എന്ന അതികായന്‍റെ മരുമകനായ കഥ. കഥയുടെ ക്ലൈമാക്സില്‍ ആ മരുമകന്‍, എന്‍ടിആറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കി അധികാര രാഷ്ട്രീയത്തിന്‍റെ അപ്രസക്തമായൊരു കോണിലേക്ക് നീക്കി നിര്‍ത്തി. വില്ലന്‍റെ റോളിലേക്ക് മാറി. ആ വില്ലനാണ് ആന്ധ്രയെ എടി ഹബ്ബാക്കിയത്, ഹൈദരാബാദിനെ സൈബരാബാദ് ആക്കിയത്. ആ വില്ലനാണ് ആന്ധ്രയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിറങ്ങിയ സിനിമകള്‍ ചന്ദ്രബാബുനായിഡുവിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.  നിലനില്‍പ്പിനായി പാടുപെടുന്ന തിരഞ്ഞെടുപ്പുകാലത്ത് പ്രതിച്ഛായാ നഷ്ടമുണ്ടാക്കിയേക്കാവുന്ന സിനിമകള്‍. രാംഗോപാല്‍ വര്‍മയുടെ ചിത്രം ലക്ഷ്മീസ് എന്‍ടിആറില്‍ നായിഡുവിനെ ചിത്രീകരിച്ചിരിക്കുന്നത് എന്‍ടിആറിന്‍റെ ജീവിതത്തിലെ വില്ലനായാണ്.  തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ട് ചിത്രത്തിന്‍റെ പ്രദര്‍ശനം ആന്ധ്രയില്‍ തടഞ്ഞെങ്കിലും ട്രെയിലര്‍  വന്‍ചര്‍ച്ചയായി. അതെന്തായാലും എന്‍ടിആറിന്‍റെ കണ്ണുനീര്‍ ചന്ദ്രബാബു നായിഡുവിനെ എക്കാലവും വേട്ടയാടിയിട്ടുണ്ട്. 

ചന്ദ്രബാബു നായിഡുവിന്‍റെ വളര്‍ച്ചയുടെ തുടക്കം തിരുപ്പതി എസ് വി ആര്‍ട്സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി ചന്ദ്രബാബു നായിഡു പുറത്തിറങ്ങുന്നത് മികച്ച നേതാവായാണ്. 1978 ല്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചുജയിച്ച് മന്ത്രിയാകുമ്പോള്‍ പ്രായം വെറും 28 വയസ്. ആന്ധ്രാ നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി. സാങ്കേതിക വിദ്യാഭ്യാസവും സിനിമാട്ടോഗ്രഫിയുമായിരുന്നു വകുപ്പുകള്‍. 

വിദ്യാസമ്പന്നനായ യുവമന്ത്രിയുടെ മിടുക്ക് എന്‍ടിആറിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി.സിനിമയിലും രാഷ്ട്രീയത്തിലും എന്‍ടിആര്‍ ആന്ധ്രയുടെ കാണപ്പെട്ട ദൈവമാണെന്നോര്‍ക്കണം.  ഇളയമകള്‍ ഭുവനേശ്വരിയെ എന്‍ടിആര്‍ നായിഡുവിന്‍റെ കരങ്ങളിലേല്‍പ്പിച്ചു. കോണ്‍ഗ്രസിനോടു പിണങ്ങി എന്‍ടിആര്‍ ടിഡിപി രൂപീകരിച്ചപ്പോള്‍ ചന്ദ്രബാബുവും ഒപ്പം ചേര്‍ന്നു. 1984 ല്‍ എന്‍ടിആറിനെതിരായ കോണ്‍ഗ്രസ് നീക്കത്തെ നായിഡു ഫലപ്രദമായി ചെറുത്തു. ഇതോടെ പാര്‍ട്ടിയില്‍ നായിഡുവിന്‍റെ വാക്കിന് വിലയുണ്ടായി. 

എന്‍ടിആറിന്‍റെ ജീവിതത്തിലേക്ക് രണ്ടാംഭാര്യയായി ലക്ഷ്മി പാര്‍വതി കടന്നുവന്നതോടെ അധികാരത്തിലേക്കുള്ള നായിഡുവിന്‍റെ നേര്‍പ്രവേശനം തടസപ്പെട്ടു. എന്‍ടിആറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലക്ഷ്മി പാര്‍വതി നിയന്ത്രിച്ചു തുടങ്ങിയത് നായിഡുവിനും കുടുംബാംഗങ്ങള്‍ക്കും ഇഷ്ടമായില്ല. കുടുംബാംഗങ്ങളെയെല്ലാം നായിഡു എന്‍ടിആറിനെതിരെ തിരിച്ചു. 

ബൈപാസ് സര്‍ജറിക്കുശേഷം വിശ്രമിക്കുകയായിരുന്ന എന്‍ടിആറിന്‍റെ ഹൃദയം വീണ്ടും മുറിച്ച് നായിഡു പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. തൊട്ടുപിന്നാലെെയത്തിയ 1995 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 185 സീറ്റുമായി ടിഡിപി എക്കാലത്തെയും മികച്ച വിജയം നേടി.   മുഖ്യമന്ത്രിയായ നായിഡുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 

എല്ലാഅര്‍ഥത്തിലും പിന്നാക്കമായിരുന്ന ആന്ധ്രയെ രാജ്യത്തിന്‍റെ ഐടി ഭൂപടത്തിലേക്ക് വരച്ചുചേര്‍ത്തത് ചന്ദ്രബാബു നായിഡു എന്ന മുഖ്യമന്ത്രിയാണ്. ചീഫ് മിനിസ്റ്റര്‍ എന്നതിനേക്കാള്‍ ചീഫ് എക്സിക്യൂട്ടീവ് എന്നുകേള്‍ക്കാനാണിഷ്ടപ്പെട്ട നായിഡു ഹൈദരാബാദിനെ രാജ്യത്തിന്‍റെ തന്നെ ഐടി ഹബാക്കി മാറ്റി. സ്റ്റാര്‍ട്ടപ് സംരംഭമെന്ന ആശയത്തിനുമേല്‍‌ കേരളം അടയിരിക്കുന്ന കാലത്ത് അതേ കരട് ഒരു മാറ്റവും വരുത്താതെ നായിഡു ആന്ധ്രയില്‍ വിജയകരമായി പ്രാവര്‍ത്തികമാക്കി.

രാജ്യത്ത് ഏറ്റവും മികച്ച ഡാറ്റാശേഖരമുള്ള സംസ്ഥാനമാണ് ആന്ധ്ര. ഹോളിവുഡ് സിനികളെ അനുസ്മരിപ്പിക്കുന്ന സംവിധാനങ്ങളുള്ള മോണിറ്ററിങ് സെന്‍ററില്‍ ആ സംസ്ഥാനത്തിന്‍റെ സകല ഡേറ്റയുമുണ്ട്. ഉദാഹരണത്തിന്  കറന്‍റ് പോയി എന്ന പരാതിയുമായി ഒരാള്‍ വിളിച്ചാല്‍, നിമിഷങ്ങള്‍ക്കകം നടപടിയുണ്ടാകും. അവിടുത്തെ ഇലക്ട്രിസിറ്റി ഓഫിസില്‍ ആര്‍ക്കാണ് ചുമതല. എന്തുകൊണ്ടാണ് കറന്‍റ് പോയത് തുടങ്ങി സകല വിവരങ്ങളും ഡാറ്റാ സെന്‍ററിലുണ്ടാകും. 

പക്ഷേ പ്രധാനപ്പെട്ടൊരു ഡേറ്റ ചന്ദ്രബാബു നായിഡു മറന്നുപോയി. അത് സംസ്ഥാനത്തെ കര്‍ഷകരെക്കുറിച്ചുള്ളതായിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട അരിയുല്‍പ്പാദക സംസ്ഥാനമാണെന്നും, ജനസംഖ്യയില്‍ മഹാഭൂരിപക്ഷമായ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ വെള്ളമില്ലെന്നും, അവരുടെ വിളവിന് വിലയില്ലെന്നും, ജീവിക്കാന്‍ നിവൃത്തിയില്ലാതെ നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ ഡാറ്റയിലില്ലായിരുന്നു. 

ആ അവഗണനയ്ക്ക്  വലിയ വില നല്‍കേണ്ടിവന്നു. 2004 ല്‍ 49 സീറ്റിലേക്ക് ചുരുങ്ങി. പത്തുവര്‍ഷത്തിനുശേഷം 2014 ല്‍ 103സീറ്റുകളോടെ ടിഡിപി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. ബിജെപിയുടെയും പവന്‍കല്യാണിന്‍റെ ജനസേനയുടെയും പിന്തുണയോടെയായിരുന്നു  വിജയം. ആകെയുള്ള 25  ലോക്സഭാ സീറ്റിൽ ടിഡിപി പതിനാറും ബിജെപി രണ്ടും നേടിയപ്പോൾ വൈഎസ്ആർ കോൺഗ്രസ് ഏഴെണ്ണം സ്വന്തമാക്കി.

2019 ല്‍ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചെത്തുമ്പോള്‍ ചന്ദ്രബാബുവിന്‍റെ നില പരുങ്ങലിലാക്കുന്നത് തെലങ്കാന വിഭജനമാണ്. അമരാവതി എന്ന ഇനിയും യാഥാര്‍ഥ്യമാകാത്ത സ്വപ്ന നഗരിയാണ്. സംസ്ഥാനവിഭജനത്തോടെ നായിഡുവിന്‍റെ പ്രധാന നേട്ടങ്ങളിലൊന്നായ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ഹൈദരാബാദിനോട് കിടപിടിക്കുന്ന രീതിയില്‍, കൃഷ്ണാനദിയുടെ തീരത്ത് അമരാവതി എന്ന കൃത്രിമനഗരം കെട്ടിപ്പെടുക്കുമെന്ന് ചന്ദ്രബാബു പ്രഖ്യാപിച്ചു

കൃഷ്ണാനദിയുടെ തീരത്തുള്ള കൃഷിഭൂമിയാണ് നായിഡു അമാവതിക്കായി കണ്ടെത്തിയത്.   ഫലഭൂയിഷ്ഠമായ 34,000 ഏക്കര്‍ ഭൂമിയില്‍ അമരാവതി എന്ന നഗരം കെട്ടിപ്പടുക്കണം. ജലവിതരണശ്യംഖല  യുകെയിലെപ്പോലെ, ഉൗര്‍ജവിതരണം ജര്‍മനിയിലേതുപോലെ, ദുരന്തനിവാരണ സംവിധാനം മലേഷ്യയിലേതുപോലെ.  ഇതെനെല്ലാം വേണ്ടത് 1.2 ലക്ഷം കോടി രൂപ. എന്‍ഡിഎയുടെ ഭാഗമായിട്ടും കേന്ദ്രം നല്‍കിയത് 4000 കോടി മാത്രം. പ്രത്യകസംസ്ഥാനപദവിയെന്ന ആവശ്യവും നേടിയെടുക്കാനായില്ല. സംസ്ഥാനത്തെ റവന്യൂകമ്മി 24,000 കോടി. 

സ്ഥലംവിട്ടുനല്‍കിയ കര്‍ഷകര്‍ക്ക് അമരാവതിയുടെ വികസനത്തിന്‍റെ പങ്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതി നടക്കാതായതോടെ വരുമാനം നഷ്ടപ്പെട്ട കര്‍ഷകര്‍ മുഴുപ്പട്ടിണിയിലായി.  വിളവുള്ളപ്പോള്‍ വിലയും വിലയുള്ളപ്പോള്‍ വിളവുമില്ലാതെ കാര്‍ഷികമേഖല  പാടേ തകര്‍ന്നു. കര്‍ഷകരോഷം അതിശക്തം. 

ഹൈദരാബാദ് വികസിപ്പിക്കുമ്പോള്‍ ചുറ്റുമുള്ള ഭൂമി മുഴുവന്‍ വാങ്ങിക്കൂട്ടിയെന്ന ആരോപണം നായിഡുവിനെതിരെയുണ്ടായിരുന്നു. അമരാവതിയുടെ കാര്യത്തിലും ഇതേ ആരോപണമുണ്ട്. 

വികസിത നഗരങ്ങളായ ഗുണ്ടൂരും വിജയവാഡയുമൊക്കെ ഒഴിവാക്കി കൃഷിഭൂമിയില്‍ പദ്ധതി നടപ്പാക്കുന്നതെന്തിനാണെന്നാണ് പ്രധാനചോദ്യം.പാര്‍ട്ടിയില്‍ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരിക്കുന്ന മകന്‍ ലോകേഷിനെതിരെയും അഴിമതിയാരോപണങ്ങളുടെ പെരുമഴയാണ്. ഈ സ്ഥിതിയിലാണ് ചന്ദ്രബാബു നായിഡുവിന് തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. 

തന്ത്രശാലിയായ നായിഡു, പെട്ടെന്ന് അടവ് മാറ്റി. ബിജെപിയുമായുള്ള സൗഹൃദം പൊടുന്നനെ അവസാനിപ്പിച്ചു.  കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ സത്യഗ്രഹമിരുന്നു. ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ  പിന്‍വലിച്ചു. അതുവരെ പുകഴ്ത്തിയ മോദിയെ  തള്ളിപ്പറഞ്ഞു. വീഴ്ചകളെല്ലാം കേന്ദ്രത്തിന്‍റെ ചുമലില്‍ കെട്ടിവച്ച് ആരോപണങ്ങളില്‍ നിന്ന് രക്ഷപെടുകയായിരുന്നു ലക്ഷ്യം. 

കോണ്‍ഗ്രസ് വിരുദ്ധതയില്‍ നിന്ന് രൂപം കൊണ്ട തെലുങ്കുദേശം പാര്‍ട്ടി കോണ്‍ഗ്രസുമായി  ദേശീയതലത്തില്‍ സഖ്യത്തിലായി.   മോദിയുമായി നല്ല സൗഹൃദത്തിലായിരുന്ന നായിഡു,  ആന്ധ്രയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോലുമെത്തിയില്ല. മോദിയുടെ യോഗങ്ങളില്‍ കറുത്ത ബലൂണുകളുയര്‍ത്തി ടിഡിപി പ്രതിഷേധിച്ചു.   

രാജാവാകാന്‍ മോഹിച്ചിട്ട് രാജ്യത്തുതന്നെ നില്‍ക്കാനാകാത്ത സ്ഥിതിയാണിപ്പോള്‍ നായിഡുവിന്. വിശാലസഖ്യത്തില്‍ സജീവമായി നില്‍ക്കുന്നതിനൊപ്പം  സ്വന്തം നാട്ടില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലും .നായിഡു ബന്ധം മുറിച്ചതില്‍ ബിജെപിക്ക് ഒരു സങ്കടവുമില്ല. കാരണം അവര്‍ക്കുതാല്‍പ്പര്യം  അദ്ദേഹത്തിന്‍റെ  ശത്രുവിനോടാണ്. ഇക്കുറി ആന്ധ്ര  പിടിക്കുമെന്ന് കരുതുന്ന  വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി. വൈഎസ് രാജശേഖര‍ഡ്ഡിയുടെ  മകന്‍. 

MORE IN SPECIAL PROGRAMS
SHOW MORE