അമ്മമാരാണ്,അനാഥരല്ല; എല്ലാം നല്‍കി വളര്‍ത്തി...എന്നിട്ടും; മക്കളറിയാന്‍ അമ്മ

makkal-ariyan3
SHARE

പ്രിയപ്പെട്ട മകന്‍ അറിയാന്‍ അമ്മ എഴുതുന്നത്, 

നിനക്കും ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും സുഖമെന്ന് കരുതുന്നു. നിന്നെക്കുറിച്ചും പഴയകാര്യങ്ങളെക്കുറിച്ചുമെല്ലാം ഒാര്‍ത്തപ്പോള്‍  നിനക്ക് ഒരു കത്തെഴുതണമെന്ന് തോന്നി. നീ ഇനി എന്നാണ്  അമ്മയെ കാണാന്‍ വരിക. ഇന്നലെ ഞാന്‍ നിന്‍റെ കുട്ടിക്കാലമെല്ലാം സ്വപ്നം കണ്ടു. ഇന്നലെ നടന്ന പോലെ തോന്നുന്നു എല്ലാം. ഞാന്‍ നിന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ എന്‍റെ ശബ്ദം കേട്ടാല്‍  നീ വയറ്റില്‍  നിര്‍ത്താതെ ചവിട്ടുമായിരുന്നു. എന്തു വേദന ഉണ്ടായിട്ടുണ്ടെന്ന് അറിയാമോ എനിക്ക് അന്നേരം. ഞാന്‍ വേദനകൊണ്ട് പുളയുമ്പോള്‍ നീ ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. നിനക്ക്   ആറാം വയസില്‍  അ‍​ഞ്ചാം പനി വന്നപ്പോള്‍ നിന്നെ എടുത്തോണ്ട് നാലുകിലോമീറ്റര്‍ അമ്മ ഒാടിയത് നീ ഒാര്‍ക്കുന്നുണ്ടോ ?   ചിറ്റൂരിലെ പഴയവീട്ടില്‍ കൊതുകടിക്കുമ്പോള്‍ രാത്രി മുഴുവന്‍ നീ അമ്മയുടെ സാരിക്കടിയില്‍ ഒളിച്ചിരുന്നത് നീ മറന്നോ ? ഒാണത്തിന് ഊഞ്ഞാലാടിയപ്പോള്‍ വീണ് കയ്യൊടിഞ്ഞ് അമ്മയുടെ അടുത്ത് രണ്ടു മാസം പുറത്തുപോകാന്‍ കഴിയാതെ കിടന്നത് നീ ഒാര്‍ക്കുന്നുണ്ടോ ?  നിന്‍റെ കളിക്കൂട്ടുകാരായ കിച്ചുവിന്‍റേയും അച്ചുവിന്‍റേയും കൂടെ നമ്മള്‍ മണലില്‍  വീടുണ്ടാക്കി കളിച്ചത് നീ മറന്നോ. ? ചേച്ചിയേക്കാളും ഇഷ്ടം നിന്നോടാണെന്ന് പറഞ്ഞ് ചേച്ചി വഴക്കിട്ട് പോയപ്പോള്‍ ആരും കാണാതെ നീ എന്‍റെ കവിളത്ത് ഒരു കള്ളഉമ്മ തന്നത്  ഞാന്‍ ഇപ്പോഴുംഒാര്‍ക്കുന്നു . . അഛന്‍ അടിക്കാന്‍ വരുമ്പോള്‍ നി എന്നെ വടിയുടെ മുന്നിലേക്ക് തള്ളിയിട്ട് രക്ഷപെട്ടിരുന്നത് നീ മറന്നോ കുറുമ്പാ......എന്തു രസമായിരുന്നു നിന്‍റെ ആ കുട്ടിക്കാലം അല്ലേ...

പിന്നെ നിനക്കെന്തുപറ്റിമോനെ.... ഭാര്യയേയും കുഞ്ഞുമക്കളേയും കൂട്ടി  ജോലി സ്ഥലത്തേക്ക് പടിയിറങ്ങിയശേഷം  നീ എന്താ അമ്മയെ തേടി വരാതിരുന്നേ ? അമ്മയെ  വിളിക്കാന്‍ നിനക്ക് തോന്നുന്നില്ലേ..... നിന്‍റെ വിളിയും കാത്ത് അമ്മ എന്നും കാത്തിരിക്കും. അഛന്‍ കളിയാക്കും എന്‍റേ കാത്തിരിപ്പ് കണ്ടിട്ട് ... പിന്നെ കളിയാക്കാന്‍ അഛന്‍ ഇല്ലാതായില്ലേ... ഞാന്‍ കുറേദിവസമായി നിന്നെ വിളിക്കുന്നു. നി എന്താ മൊബൈല്‍ ഫോണോ കട്ടുചെയ്യുന്നത്. ..നിന്‍റെ ശബ്ദമൊന്ന് കേള്‍ക്കാനാണ് അമ്മ വിളിച്ചത്. കുഞ്ഞൂസിനേയും വാവയേയും കാണാന്‍ കൊതിയാകുന്നു. ..അവര്‍ മുത്തശിയെക്കുറിച്ച് ചോദിക്കാറുണ്ടോ.... നി അവരോട് പറഞ്ഞു കൊടുത്തിട്ടുണ്ടോ  ഈ അമ്മയ്ക്ക് നിന്നെ ഒത്തിരി ഇഷ്ടാമാണന്ന് ..അവരുടെ കളിയും ചിരിയുമൊക്കെ കേള്‍ക്കാന്‍ കൊതിയാകുന്നു... 

നിനക്ക് അവിടെ തിരക്കാണെന്ന് അമ്മക്കറിയാം.  ഞാന്‍ ഇവിടെ നല്ല കുറച്ച് അമ്മമാര്‍ക്കൊപ്പമാണ്. അവരുടെ മക്കള്‍ കാണാന്‍ വരുമ്പോള്‍ എനിക്കും കൊതിയാകും. ...സാരമില്ല...ഒരു ദിവസം ,തിരക്കില്ലാത്ത ഒരു ദിവസം അമ്മയെ കാണാന്‍ നീ വരുമെന്ന് അമ്മക്കുറപ്പുണ്ട്. .. കെട്ടിപ്പിടിച്ച് ഉമ്മ തന്നില്ലെങ്കിലും എന്‍റെ കയ്യില്‍ നീ ഒന്ന് അമര്‍ത്തിപിടിച്ചാല്‍ മതി... എനിക്ക് സന്തോഷത്തോടെ മരിക്കാന്‍ അതുമതി...വരില്ലേ...നീ വരില്ലേ...... 

അമ്മമാരാണ്...അനാഥരല്ല...  എല്ലാവരുടേയും രക്തബന്ധത്തില്‍ പിറന്നവര്‍ പുറത്തുണ്ട്..മതിലിനപ്പുറം.. ഈ അമ്മമാരുടെ ആധി വാര്‍ധക്യത്തിലെ അവരുടെ രോഗത്തെക്കുറില്ല...സൗകര്യങ്ങളെക്കുറിച്ചല്ല....അവര്‍ ഒമ്പത് മാസം ചുമന്ന പ്രസവിച്ച അവരുടെ മക്കളെക്കുറിച്ചാണ്...ജീവിതസൗകര്യങ്ങളേറിയപ്പോള്‍ വയോജന കേന്ദ്രങ്ങളിലേക്ക് ഇവരെ എത്തിച്ച അവരുടെ പ്രിയപ്പെട്ട മക്കളെക്കുറിച്ച്....

അവഗണനയുടേയും വേദനയുടേയും പാരമ്യത്തിലെത്തിച്ചിട്ടും ഈ ഉമ്മക്ക് അവരോട് പരിഭവങ്ങളില്ല. ...ഉമ്മയെ കൊണ്ടുപോകാന്‍ എന്നെങ്കിലും നീ കാറുമായി വരുന്നതും കാത്ത് ഈ ഉമ്മ ഇവിടെ ഉണ്ട്...എന്‍റെ എല്ലാമെല്ലാം നിനക്കല്ലേ ഞാന്‍ തന്നത്..നിനക്കുവേണ്ടിയല്ലേ ഞാന്‍ എന്‍റെ നല്ലകാലം    ചെലവഴിച്ചത്... 

പറയാനാകുന്നില്ല മക്കളെ നിങ്ങള്‍ക്കുവേണ്ടി ഈ   അമ്മ അനുഭവിച്ച യാതനകള്‍ ..പീഡനങ്ങള്‍ ...എല്ലാം നിശബ്ദമായി സഹിക്കുമ്പോഴും    നീന്‍റെ മുഖത്തെ  നിഷ്ക്കളങ്ക ചിരിയായിരുന്നു എന്‍റെ സന്തോഷം...അതേ നീ ഇന്ന് എന്നെ വീടിന് പുറത്താക്കി..ആര്‍ക്കുവേണ്ടിയാണോ  ഞാന്‍ ജീവിച്ചത് അവര്‍ എന്നെ തോല്‍പ്പിച്ചു...

ഇത് പാത്തുക്കുട്ടി ...വയസ്     മക്കള്‍ 11 ..പക്ഷേ ഇപ്പോള്‍  അനാഥയാണ്. ജന്‍മം നല്‍കി പോറ്റിവളര്‍ത്തിയ മക്കള്‍ എന്തുകൊണ്ടാണ്  മതില്‍ക്കെട്ടുകള്‍ക്കുള്ളിലേക്ക് തന്നെ തള്ളിയതെന്ന് ഈ ഉമ്മ ഇപ്പോഴും ചിന്തിക്കാറുണ്ട്. പിണക്കങ്ങള്‍ മാറി തന്നെ കൊണ്ടുപോകാന്‍ മക്കള്‍ ഒാടിവരുമെന്ന പ്രതീക്ഷയില്‍ ഉമ്മ കാത്തിരിപ്പ് തുടരുകയാണ് . ഈ ഉമ്മയെ  വിളിച്ചുകൊണ്ടുപോകാന്‍ തന്‍റെ മക്കളോട് പറയണമെന്ന് ഞങ്ങളോട് അപേക്ഷയും ...

പാത്തുക്കുട്ടി ഒരാള്‍ മാത്രം. അങ്ങനെ വീടും വീട്ടുകാരും പുറംതള്ളിയ എത്രയെത്ര അമ്മമാര്‍ ....മക്കളുടെ കാല്‍പ്പെരുമാറ്റം കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ച് വഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന അമ്മമാര്‍....പക്ഷേ കാത്തിരിപ്പ് വൃഥാവിലാണെന്ന് ഈ അമ്മമാരുടെ മനസ് മന്ത്രിക്കുന്നുണ്ട് ..

ആരൊക്കെ വെറുത്താലും  വേണ്ടായെന്ന് പറഞ്ഞാലും ഈ അമ്മമാരുടെ നാവില്‍ സ്നേഹത്തിന്‍റെ വാക്കുകളേ വരുന്നുള്ളൂ.. കാരണം  അത്രകണ്ട് സ്നേഹിച്ചിട്ടുണ്ട്  മക്കളെ ഇവര്‍.. പക്ഷേ വാഹനത്തില്‍ കാറില്‍ കൊണ്ടുവന്ന റോഡരികില്‍  അമ്മയെ തള്ളിപോകുന്ന മക്കളുടെ കാലത്ത് ഇവരുടെ സ്നേഹത്തിന്‍റെ വിളി അലിഞ്ഞില്ലാതാകുകയാണ്.... 

ഇനിയുമുണ്ട് സ്നേഹം മാത്രം പങ്കുവെക്കുന്ന അമ്മമാര്‍...വയസ് നൂറിനടുപ്പിച്ചായെങ്കിലും ഈ അമ്മയും മക്കളോട് പറയുന്നത് സ്നേഹിക്കാനാണ്.. .ജന്‍മം നല്‍കിയ അമ്മമാരെ  അമ്മേ എന്ന് നീട്ടി വിളിക്കാനാണ്..... 

കണ്ണുനിറയുന്ന ,  മനസുപൊട്ടുന്ന വേദനയോടെയെ പ്രിയപ്പെട്ടവരുടെ ചെയ്തികളെ ഒാര്‍ത്തെടുക്കാന്‍ പലര്‍ക്കും കഴിയുന്നുള്ളൂ...

ആര്‍ക്കും വേണ്ടാതെ ഇവിടെയെത്തുമ്പോള്‍ ഇവരെല്ലാം പരസ്പരം വിഷമങ്ങള്‍ പറഞ്ഞ് തീര്‍ക്കും .മക്കളെയോര്‍ത്ത് ഉള്ളില്‍ കരയും..പുറത്ത് ചിരിക്കും ..മക്കള്‍ക്ക് നല്ലതുവരട്ടെയെന്ന്   പ്രാര്‍ഥിക്കും.....ദുഖം അണപൊട്ടുമ്പോള്‍ ഉച്ചത്തില്‍ പാട്ട് പാടും...അങ്ങനെ അമ്മമാരുടെ വേദന  സ്വയം  അലിയിച്ച് ഇല്ലാതാക്കും ഇവര്‍ ....

സമ്പത്തിന്‍റേയും സൗകര്യങ്ങളുടേയും കൊടുമുടിയില്‍ മക്കളെ വളര്‍ത്തിയവരല്ല ഈ അമ്മാര്‍...വേദന സഹിച്ച് അവഗണന സഹിച്ച് വളര്‍ത്തിയ മക്കള്‍  വാര്‍ധക്യത്തില്‍ കൈപിടിക്കുമെന്ന് ഇവര്‍ വെറുതെ ആശിച്ചു. ......മക്കള്‍ക്കുവേണ്ടി ചോരകൊടുത്ത് അദ്ധ്വാനിച്ച് തൊലികള്‍ ചുക്കിച്ചുളിഞ്ഞപ്പോള്‍  അവര്‍ ഞങ്ങളെ പടിക്കുപുറത്താക്കി...അവനിപ്പോള്‍  ഭാര്യയും കുട്ടികളും മാത്രം മതിയെത്രേ.....

സുഖങ്ങള്‍ ആസ്വദിച്ച് ജീവിക്കാന്‍ കൈക്കുഞ്ഞുങ്ങളെ പോലും കൊലപ്പെടുത്തുന്ന ദാരുണസംഭവങ്ങള്‍ ഈ അമ്മമാര്‍ നൊമ്പരത്തോടെയാണ് കേള്‍ക്കുന്നത്. അന്ന് എന്തൊക്കെ പ്രതിസന്ധിക്ക് നടുവിലാണ് മക്കളെ ഞാന്‍ നിന്നെ വളര്‍ത്തിയതെന്ന് നെടുവീര്‍പ്പിടുകയാണ് അമ്മ. കൊന്നുകളയാമായിരുന്നു,,,ഉദരത്തില്‍വെച്ചേ   ഉപേക്ഷിക്കാമായിരുന്നു.. ചെറുപ്പത്തിലേ കണ്ടില്ലെന്ന് നടിക്കാമായിരുന്നു.ചെയ്തില്ല...പട്ടിണിക്കിടയിലും പൊന്നുപോലെനോക്കി..എല്ലാം നല്‍കി വളര്‍ത്തി...എന്നിട്ടും..

MORE IN SPECIAL PROGRAMS
SHOW MORE