ഡൽഹി ഇത്തവണ ആരെ പിന്തുണയ്ക്കും?; തലസ്ഥാനത്തിന്റെ മനസറിഞ്ഞ് ഡൽഹി ഗല്ലി

delhi-gelly
SHARE

ഈ കണ്ടതുപോലെ സങ്കീര്‍ണമാണ് മണിക്കൂറുകള്‍ക്കുളില്‍ പോളിങ് ബൂത്തിലേക്ക് പോകുന്ന ഡല്‍ഹിയുടെ മനസ്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ രാജ്യതലസ്ഥാനത്തിന്റെ ചിന്തകളെന്താണ് ? കഴിഞ്ഞ തവണ വ്യക്തമായ മോദി തരംഗത്തിനൊപ്പമുണ്ടായിരുന്നവര്‍ ഇത്തവണ ആരെ പിന്തുണയ്ക്കും? നടക്കാതെ പോയ സഖ്യത്തിന്റെയും ഒറ്റയ്ക്കുള്ള പോരാട്ടത്തിന്റെയും ചിത്രമെന്താകും ? 

ഡല്‍ഹി, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഹാനഗരങ്ങളിലൊന്ന്..... 1.7 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പല ഭാഷകളുടെ, സംസ്കാരങ്ങളുടെ, മനുഷ്യരു‍ടെ സ്വത്വസംഗമഭൂമി. ബി.സി 50ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മൗര്യ രാജാവാണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്രം. ബ്രിട്ടീഷുകാരുടെ വരവോടെ ഡല്‍ഹിയുടെ തലവര മാറി. ന്യൂഡല്‍ഹി ആയി. 

ചരിത്രം കണ്ണാടി നോക്കുന്ന നഗരമാണ് ഡല്‍ഹി. സ്വതന്ത്രഭാരതത്തിന് ജന്മംനല്‍കിയ ചോരത്തുള്ളികള്‍ക്കും നൂറ്റാണ്ടുകള്‍മുമ്പത്തേ പടയോട്ടങ്ങളുടെ ചരിത്രം പറയുന്ന വിശ്വനഗരം. ഖില്‍ജി, തുഗ്ലക്ക്, സയ്യിദ്, ലോധി രാജവംശങ്ങളുടേയും മുഗള്‍ സാമ്രാജ്യത്തിന്റെയും പൈതൃകം പേറുന്ന മണ്ണ്. പലനാടുകളില്‍നിന്നെത്തി ന്യൂഡല്‍ഹിയില്‍ പുതുജീവിതത്തിന് വഴി തേടിയ കോടിക്കണക്കിനാളുകളാണ് ഇന്ന് ഈ നഗരത്തിലെ അന്തേവാസികള്‍. കനത്ത ചൂടും കൊടും തണുപ്പും മാറിമാറി വരുന്ന ഉത്തരേന്ത്യന്‍ മണ്ണിന്റെ സ്വഭാവമാണ് ഈ നാട്ടിലെത്തുന്ന ഓരോ മനുഷ്യനും. 

പൊടിനിറഞ്ഞ വായു, മലിനമായ വെള്ളം, വിഷം നിറഞ്ഞ മണ്ണ്, ചുറ്റും പെരുകുന്ന മാലിന്യം എന്നതാണ് 2019ല്‍ ഒരു ശരാശരി ഡല്‍ഹിക്കാരന്റെ ജീവിതം. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ ഒന്നാമതാണ് ഡല്‍ഹി. പക്ഷെ പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവന്റെ പ്രതീക്ഷാപര്‍വമാണിവിടം. ഭരണചക്രം തിരിയുന്ന, സാധ്യതകളുടെ ഒരു മഹാനഗരം. 

2014ല്‍ ഡല്‍ഹിയില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത മുന്നേറ്റമാണുണ്ടായത്. മുഴുവന്‍ സീറ്റുകളും ബി.ജെ.പി തൂത്തുവാരി. എന്നാല്‍ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആ മുന്നേറ്റം നിലനിര്‍ത്താനായില്ല. ആംആദ്മി പാര്‍ട്ടിയുടെ ഉദയവും കോണ്‍ഗ്രസിന്‍റെ പതനത്തിന്‍റെ തുടക്കവും ഇവിടെ നിന്നായിരുന്നു.

കഴിഞ്ഞ തവണ മോദി തരംഗത്തില്‍ രാജ്യതലസ്ഥാനവും ബി.ജെ.പിക്കൊപ്പം നിന്നു. 2009ല്‍ ഒറ്റ സീറ്റും ലഭിക്കാത്തിടത്തു നിന്നായിരുന്നു ഈ മുന്നേറ്റം. ആം ആദ്മി പാര്‍ട്ടിയും മോദി തരംഗത്തില്‍ ഒലിച്ചുപോയി. ഭരണപ്രതിസന്ധി സൃഷ്ടിച്ച പാര്‍ട്ടിക്കെതിരെയുള്ള അമര്‍ഷവും ആം ആദ്മി പാര്‍ട്ടിയോട് ഡല്‍ഹിയിലെ ജനങ്ങള്‍ക്കുണ്ടായിരുന്നു. സംസ്ഥാനത്ത് ശക്തമായ അടിത്തറയുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ടായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ തിരിച്ചുവരവ്. 70ല്‍ 67 സീറ്റും നേടി ആപ്പ് ശക്തിയാര്‍ജിച്ചു. ഈ ചാഞ്ചാട്ടമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആരു നേട്ടമുണ്ടാക്കുമെന്ന ആകാംഷയുണര്‍ത്തുന്നത്.

പരമ്പരാഗത സാമുദായിക വോട്ടുബാങ്കുകളുടെ മോദിപ്രേമമാണ് ബിജെപിക്ക് 2014ല്‍ സ്വപ്നതുല്യമായ ഭൂരിപക്ഷം നേടികൊടുത്തത്. പൂര്‍വാഞ്ചലികളും ബ്രാഹ്മണരും മുതല്‍ മുസ്‍ലിം പിന്നാക്കവിഭാഗങ്ങള്‍വരെ   മോദിക്കുവേണ്ടി ചൂണ്ടുവിരലില്‍ മഷിപുരട്ടി. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്.  

പൂര്‍വാഞ്ചലികള്‍, ജാട്ടുകള്‍, ഗുജ്ജറുകള്‍, പഞ്ചാബികള്‍, ബ്രാഹ്മണര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ ഉത്തരേന്ത്യന്‍ ജാതി രാഷ്ട്രീയത്തിന്റെ പകര്‍പ്പുപേറുന്ന ഡല്‍ഹിയിലെ നിര്‍ണായക പാരമ്പര്യ സാമുദായിക വോട്ടുബാങ്കുകള്‍ ഇവയാണ്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനെ തുണച്ച ഇവര്‍ കഴിഞ്ഞ വര്‍ഷം താമര കൈകൊണ്ടെടുത്തു. യാദവ, ബനിയ, കായസ്ത, പട്ടേല്‍, രജപുത്ര, ഭൂമിഹാര്‍ വിഭാഗങ്ങള്‍ ചായ്‍വ് പരസ്യമാക്കാറുണ്ട്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. എല്ലാവരും ചേരുന്ന ആം ആദ്മി പാര്‍ട്ടിക്ക് പോലും ഇത്തവണത്തെ വോട്ടുചിത്രം പിടികിട്ടിയിട്ടില്ല. 

എങ്ങോട്ടു ചായുമെന്ന് ഒരു സൂചനയും നല്‍കാത്ത സവിശേഷതയാണ് ദേശീയ തലസ്ഥാനത്തെ ശ്രദ്ധേയമാക്കുന്നത്. മാറ്റങ്ങളെ അതിവേഗം ഉൾക്കൊള്ളുന്ന രീതി ഡല്‍ഹിക്കുണ്ട്.  രാജ്യത്തിന്റെ ഒരു പൊതു സ്വഭാവം തിരഞ്ഞെടുപ്പിൽ പൊതുവെ ഡല്‍ഹി പ്രതിഫലിപ്പിക്കുന്നു. മൂന്നു പാര്‍ട്ടികളുടെയും ചങ്കിടിപ്പ് കൂട്ടുന്നതും ഇതുകൊണ്ടുതന്നെ.

ഇന്ത്യയുടെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരമാണ് ഡല്‍ഹി. ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ ഡൽഹിയെ നിര്‍വചിക്കാനാവില്ല. ബ്യുറോക്രാറ്റുകളും സർക്കാർ, പൊതുമേഖലാ ജീവനക്കാരും തിങ്ങി പാർക്കുന്നയിടം. കേന്ദ്രത്തില്‍ ആരു ഭരിക്കുന്നോ അതിനോടൊരു ചായ്്വ് ഡല്‍ഹി എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. തൊഴിലവസരം, അന്തരീക്ഷ മലിനീകരണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭൂമിയിന്മേലുള്ള കടന്നുകയറ്റം എന്നിവയാണ് ഡല്‍ഹിയിലെ പ്രധാനപ്രശ്നങ്ങള്‍. സമ്പൂര്‍ണ പദവി എന്നതാണ് ആം ആദ്മിയുടെ മുഖ്യപ്രചാരണവിഷയം.  ദേശസുരക്ഷ തന്നെ രാജ്യതലസ്ഥാനത്തും ബി.ജെ.പിയുടെ തുറുപ്പ് ചീട്ട്

മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ തന്നെ പതിനഞ്ച് വര്‍ഷം ഷീല ദീക്ഷിത് ഡല്‍ഹിയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് ആയുധം

2014ല്‍ നരേന്ദ്രമോദിയുടെ വിജയാശ്വത്തിന് ഊര്‍ജം പകര്‍ന്ന ഡല്‍ഹിയുടെ മനസ് 2019ല്‍ എങ്ങനെ ചിന്തിക്കും. ആപ്പ്–കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞെങ്കിലും ഇരുവരും കളത്തിലിറക്കിയ സ്ഥാനാര്‍ഥികള്‍ ബിജെപിയുടെ പ്രതീക്ഷകളെ തകിടംമറിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ തുടര്‍വിജയം കാത്തിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരിക്കെതിരെ പിസിസി പ്രസിഡന്റ് ഷീല ദീക്ഷിത്തിറങ്ങിയത് തന്നെ ഉദാഹരണം. 

2014ല്‍ ഏഴ് ബിജെപി സ്ഥാനാര്‍ഥികളും ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വെസ്റ്റ് ഡല്‍ഹിയില്‍ രണ്ടാം ഊഴത്തിന് ഇറങ്ങിയ സിറ്റിങ് എം.പി പര്‍വേശ് വര്‍മ നേടിയതാകട്ടെ രണ്ടുലക്ഷത്തിലധികം വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷം 

ആപ്പിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചാണ് ബിജെപി വിജയമാവര്‍ത്തിക്കാനുള്ള ആയുധങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത്. കഴിഞ്ഞ തവണ മിന്നും വിജയം നേടിയവരെ മാറ്റി താരപ്രഭയുള്ള സ്ഥാനാര്‍ഥികളെ ഇറക്കിയ ബിജെപി തേടുന്നത് വിജയശോഭ കൂറയതിരിക്കാനുള്ള മാര്‍ഗങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ ഓപ്പണറുമായിരുന്ന ഗൗതം ഗംഭീറിനെപോലുള്ളവരുടെ സ്ഥാനാര്‍ഥിത്വത്തിന്  പിന്നില്‍ വ്യക്തമായ പദ്ധതികളുണ്ട്. മുന്നാക്ക വോട്ടുകള്‍ എന്ന വലിയ രക്ഷാസ്ഥാനമിളകി പോകാനുള്ള സാധ്യതകള്‍ക്ക് തടയിടുക.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പുറമേ യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഡല്‍ഹിയില്‍ സജീവമാണ്. എന്തിനേറെ ലക്ഷങ്ങളുടെ മലയാളി വോട്ടുബാങ്ക് നിലനിര്‍ത്താന്‍ കേരളത്തില്‍നിന്നുള്ള ബിജെപി നേതാക്കളെ വരെ പാര്‍ട്ടി രംഗത്തിറക്കുന്നു. സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ്, വെസ്റ്റ് ഡല്‍ഹി, ചാന്ദിനി ചൗക്ക് എന്നി മണ്ഡലങ്ങളില്‍ സിറ്റിങ് എം.പിമാരെ നിലനിര്‍ത്തുന്നു. കഴിഞ്ഞ തവണ മികച്ച ജയം നേടിയ മീനാക്ഷി ലേഖി, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ എന്നിവരില്‍ പാര്‍ട്ടി വലിയ പ്രതീക്ഷ പുലര്‍ത്തുന്നു.

ബി.ജെ.പിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ മുന്നോട്ടു പോയത്. എന്നാല്‍ ചര്‍ച്ചകളില്‍ ഇരു പാര്‍ട്ടികളും ആത്മാര്‍ഥത കാണിച്ചില്ല. സഖ്യത്തിന് തടസം നിന്നുവെന്ന് പരസ്പരം പഴിചാരുകയാണ് ഇരുപാര്‍ട്ടികളും

2019ലും ബി.ജെ.പി വിജയം ആവര്‍ത്തിക്കുമെന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ചു മല്‍സരിക്കാനുള്ള സാധ്യതകള്‍ തേടിയത്. കോണ്‍ഗ്രസിന്‍റെ അഴിമതിക്കെതിരെ ഉദയം ചെയ്ത ആം ആദ്മി പാര്‍ട്ടി സ്വന്തം അസ്ഥിത്വം ബലി കഴിച്ചും സഖ്യചര്‍ച്ചകളിലേക്ക് പോയത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ആയുധമാക്കി.  ആംആദ്മി പാര്‍ട്ടിയെ ഒപ്പം ചേര്‍ത്ത് മല്‍സരിക്കാന്‍ ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ളവര്‍ തുടക്കം മുതല്‍ മടി കാണിച്ചു. പഞ്ചാബിലും ഹരിയാനയിലും സഖ്യമുണ്ടെങ്കില്‍ മാത്രമേ ഡല്‍ഹിയിലും സഖ്യത്തിനുള്ളൂ എന്ന നിലപാട് ആപ്പ് സ്വീകരിച്ചു. സഖ്യചര്‍ച്ചകള്‍ പൊളിഞ്ഞത് ത്രികോണ മല്‍സരത്തിനാണ് കളമൊരുക്കിയത്.

ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒറ്റയ്ക്ക് മല്‍സരിക്കുന്നത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെങ്കിലും ബി.ജെ.പിക്ക് അത്രയെളുപ്പം ഡല്‍ഹിയില്‍ ജയിച്ചു കയറാനാകില്ല. ശക്തരായ സ്ഥാനാര്‍ഥികളെയാണ് ആപ്പും കോണ്‍ഗ്രസും രംഗത്തിറക്കിയിട്ടുള്ളത്.

ബോക്സിങ് റിങ് വിട്ട് രാഷ്ട്രീയ ഗോദയിലിറങ്ങിയ ഒളിംപിക് താരം വിജേന്ദര്‍ സിങ് സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ഒളിംപിക്സില്‍ വെങ്കലം നേടിയതിന്‍റെ താരത്തിളക്കം, ബിജെപി, ആം ആദ്മി സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം, ജാതി സമവാക്യങ്ങള്‍ ഇവയാണ് വിജേന്ദര്‍ സിങ്ങിന്‍റെ വിജയ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം.

ക്രിക്കറ്റ് താരത്തിന്‍റെ പ്രൗഡിയോടെ ബി.ജെ.പിക്ക് വേണ്ടി ഗൗതം ഗംഭിര്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ മണ്ഡലത്തില്‍ സജീവമായ ആംആദ്മി പാര്‍ട്ടിയുടെ അതീഷി, മണ്ഡലത്തിന്‍റെ പുത്രന്‍ കോണ്‍ഗ്രസിന്‍റെ അരവിന്ദര്‍ സിങ്ങ് ലൗലി. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്‍റെ പൊതുചിത്രം ഇതാണ്. ബി.ജെ.പി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിനെതിരെ എതിര്‍ സ്ഥാനാര്‍ഥി ആംആദ്മി പാര്‍ട്ടിയിലെ അതീഷി നടത്തുന്ന നിയമപോരാട്ടവും ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

ഡല്‍ഹിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ മുന്നില്‍ നിര്‍ത്തി മുന്‍ പി.സി.സി അധ്യക്ഷന്‍ അജയ് മാക്കന്‍ ഉള്‍പ്പെടെയുള്ള തലയെടുപ്പുള്ള നേതാക്കളിലൂടെ കളം കൊഴുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

പരസ്യപ്രചാരണം അവസാനിച്ചു. ഇനി ജനങ്ങളുടെ ഊഴമാണ്. രാജ്യം മുഴുവന്‍ സ്വീകരിച്ച തീവ്രദേശീയ നിലപാടുമായി ബിജെപിയും മോദി വിരുദ്ധത പറയുന്ന കോണ്‍ഗ്രസും ഡല്‍ഹി വികാരം പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്ന ആം ആദ്മിക്കും മുന്നില്‍ ഡല്‍ഹിക്കാര്‍ക്ക് പറയാനുള്ളത് ഏന്താകും ? കാത്തിരിക്കാം മെയ് 23ലെ ചുട്ടുപൊളുന്ന പകലിനായി. 

MORE IN SPECIAL PROGRAMS
SHOW MORE