പ്രധാനമന്ത്രിയെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്നു വനിതകൾ

modi-priyanka-mamata-mayawati
SHARE

ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്നുവനിതകള്‍.  മമത, മായാവതി, പിന്നെ പ്രിയങ്ക. മോദിയുടെ പ്രത്യാക്രമണം പക്ഷേ മമതയെ കേന്ദ്രീകരിച്ചായിരുന്നു. കാരണം ഇൗ മൂന്നുപേരില്‍ ഏറ്റവും കരുതലോടെ നേരിടേണ്ടയാളാണ് ദീദിയെന്ന് മോദിക്കറിയാം.   

നല്ലമൂര്‍ച്ചയാണ് മമതയുടെ വാക്കുകള്‍ക്ക്. നടപ്പിനും സംസാരത്തിനും നല്ലവേഗം. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തീപ്പൊരിനേതാവിന് പാര്‍ട്ടി സംഘടിപ്പിക്കുന്ന റാലികളില്‍ നടക്കാനാണിഷ്ടം. അതിവേഗം നടക്കുന്ന വനിതാനേതാവിന്‍റെ ഊര്‍ജസ്വലതയ്ക്കൊപ്പമെത്താന്‍ പ്രവര്‍ത്തകര്‍ പാടുപാടും. ട്രെഡ്മില്ലില്‍ ആറുകിലോമീറ്റര്‍ നടപ്പാണ് ഇന്നും ആ ഉൗര്‍ജത്തിനു പിന്നിലുള്ള പരസ്യമായ രഹസ്യം. ബംഗാളിലെ കാളിഘട്ടിലാണ് മമതയുടെ ജനനം. ദരിദ്രബ്രാഹ്മണ കുടുംബം. ചികില്‍സകിട്ടാതെ മരിച്ച പിതാവിന്‍റെ അഭാവത്തില്‍ കുടുംബത്തിന്‍റെ ഉത്തരവാദിത്തം മമതയുടെ ചുമലിലായിരുന്നു. കോണ്‍ഗ്രസില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച മമത, ബംഗാളിന്‍റെ മഹിളാ കോണ്‍ഗ്രസിന്‍റെയും ദേശീയതലത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും അധ്യക്ഷയായി. കമ്യൂണിസം മാത്രം ചര്‍ച്ച ചെയ്തിരുന്ന ബംഗാളില്‍ കോണ്‍ഗ്രസുകാരിയായ വനിതാനേതാവ് പതിയെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് പശ്ചിമബംഗാളില്‍ നിന്നുള്ള ഏറ്റവും പ്രായംകുറഞ്ഞ എംപിയായി. കോണ്‍ഗ്രസിന്‍റെ ചെറുപ്പക്കാരിയായ വനിതാസ്ഥാനാര്‍ഥി അന്ന് പരാജയപ്പെടുത്തിയത്, സാക്ഷാല്‍ സോമനാഥ് ചാറ്റര്‍ജിയെയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ടു. ബംഗാളില്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.  വളരെപ്പെട്ടെന്ന് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനപ്രതിപക്ഷമായി വളര്‍ന്നു. കേന്ദ്രത്തില്‍ എന്‍ഡിഎയുമായി കൂട്ടുകൂടിയ മമത, വാജ്പേയ് മന്ത്രിസഭയില്‍ റയില്‍വേ മന്ത്രിയായി.

മോദിക്ക് ദീദിയോട് മമതയില്ലെങ്കിലും, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഏറെ പ്രിയങ്കരിയായിരുന്നു മമത. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുഘട്ടത്തില്‍ അപ്രസക്തയായിപ്പോകുമായിരുന്ന മമതയുടെ രാഷ്ട്രീയജീവിതം തിരുത്തിയെഴുതിയത് വാജ്പേയിയാണ്. എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന സമയത്ത്, പ്രതിരോധമന്ത്രിയായ ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെ പടനയിച്ചാണ് മമത ബാനര്‍ജി ദേശീയ രാഷ്ട്രീയത്തില്‍ കരുത്തയായത്.   

റയില്‍വേ മന്ത്രിയായിരുന്ന സമയത്ത് ബംഗാളിലെ കാളിഘട്ടില്‍ മമതയുടെ വീട്ടിലെത്തിയ  പ്രധാനമന്ത്രി വാജ്പേയ് ഒന്നമ്പരന്നു. മഴപെയ്ത് വെള്ളക്കെട്ടില്‍ മുങ്ങിയ വീട്ടുമുറ്റത്തു നിന്ന് അകത്തേക്ക് കയറാന്‍ചുടുകട്ടകള്‍ സ്ഥാപിച്ച നടപ്പാത കണ്ട് ഇതൊരു കേന്ദ്രമന്ത്രിയുടെ വീടുതന്നെയോ എന്നതിശയിച്ചു വാജ്പേയ് അന്ന്. ആഡംബരസൗധവും പണവും മമതയെ അന്നും ഇന്നും മോഹിപ്പിക്കുന്നില്ലെങ്കിലും അധികാരം അന്നും ഇന്നും ദൗര്‍ബല്യമാണ്. എന്‍ഡിഎ സഖ്യസര്‍ക്കാരില്‍ അംഗമായിരുന്നിട്ടുകൂടി, അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരായ ശവപ്പെട്ടി കുംഭകോണക്കേസ് മമത ഒരവസരമായെടുത്തു. രണ്ട് ലക്ഷ്യങ്ങളായിരുന്നു. ഒന്ന് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമാകുക, പിന്നെ ബംഗാളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും. രാജി ആവശ്യമുന്നയിച്ച് പ്രതിഷേധിച്ച മമതയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളൊന്നും വിലപ്പോയില്ല. ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവച്ചു. എന്നിട്ടും തൃപ്തിവരാതെ മമത സഖ്യമുപേക്ഷിച്ചു. ആദര്‍ശം സംരക്ഷിക്കാനുള്ള ധീരനിലപാടൊന്നുമായിരുന്നില്ല ആ നീക്കം.

ബംഗാള്‍ സിപിഎമ്മില്‍ അന്ന് അധികാരക്കൈമാറ്റത്തിന്‍റെ സമയമായിരുന്നു. പാര്‍ട്ടിയുടെ നെടുംതൂണായിരുന്ന ജ്യോതിബസു ബുദ്ധദേവ് ഭട്ടാചാര്യയ്ക്കായി വഴിമാറുന്നു. അവസരം മുതലെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു മമത. 28 ശതമാനം മുസ്ലീങ്ങളുള്ള ബംഗാളില്‍ പ്രതിഛായ മങ്ങിയ ബിജെപിയുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മമത ആഗ്രഹിച്ചില്ല. സഖ്യത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള കാരണം നോക്കിയിരിക്കുമ്പോള്‍ വീണുകിട്ടിയ ആയുധമായിരുന്നു ശവപ്പെട്ടി കുംഭകോണം. ബിജെപിയെ തള്ളി മമത കോണ്‍ഗ്രസുമായി വീണ്ടും കൂട്ടുകൂടി. 

തിരഞ്ഞെടുപ്പുഫലം മമതയുടെ സകലകണക്കുകൂട്ടലും തെറ്റിച്ചു. കോണ്‍ഗ്രസ്–തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം പാളി. ബിജെപിയിലേക്ക് തിരിച്ചുചെല്ലാതെ മറ്റ് മാര്‍ഗമില്ല. പിണങ്ങിപ്പോയ ഉഷാറൊന്നും തിരിച്ചുവരവിനുണ്ടായിരുന്നില്ല. മമതയെ അടുപ്പിക്കരുതെന്ന് ബിജെപി നേതാക്കളും സഖ്യകക്ഷികളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാജ്്പേയി വഴങ്ങിയില്ല. മമത വീണ്ടും എന്‍ഡിഎയുടെ ഭാഗമായി. ദേശീയരാഷ്ട്രീയത്തിലും മന്ത്രിസഭയിലും വീണ്ടും കസേര ഉറപ്പിച്ചു. 2004 ല്‍ വാജ്പേയ് രാഷ്ട്രീയം വിട്ടതോടെ എന്‍ഡിഎയില്‍ നിലനില്‍പ്പില്ലാതായ  മമതയും സഖ്യംവിട്ടു.  

ബംഗാള്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിച്ച മമത 2011 ല്‍, 38 വര്‍ഷം നീണ്ട സിപിഎം ഭരണത്തിന് വിരാമമിട്ട് മുഖ്യമന്ത്രിക്കസേരയിലിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും മമതയ്ക്കു മുകളില്‍ ഒരു ശബ്ദവും ഉയരില്ല. മമത പറയുന്ന സ്ഥാനാര്‍ഥികള്‍, പറയുന്നിടത്ത് മല്‍സരിക്കും. വിജയം ഉറപ്പാക്കാന്‍ ആരെയും മല്‍സരത്തിനിറക്കും. ബംഗാള്‍ സിനിമയിലെ പഴയകാല നായിക മൂണ്‍ മൂണ്‍ സെന്‍ ഉള്‍പ്പെടെ മമതയുടെ പ്രേരണയില്‍ മല്‍സരത്തിനിറങ്ങിയവരാണ്.സംഘര്‍ഷഭരിതമാണ് ബംഗാളിലെ പ്രചാരണരംഗം. HOLD തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ മുഖ്യമന്തിയെന്ന നിലയിലോ, പാര്‍ട്ടി നേതാവ് എന്നനിലയിലോ മമത തയാറല്ല.  ജാതി രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത ബംഗാളില്‍ ഇന്ന് വര്‍ഗീയകലാപങ്ങളും നടക്കുന്നു. വോട്ടുബാങ്കായ മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ മമത നടത്തിയ ശ്രമങ്ങളാണ് ഒരുപരിധിവരെ  ബിജെപിക്ക്  ബംഗാളില്‍ വഴിയൊരുക്കിയത് . കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ ബംഗാളില്‍ ആദ്യമായി രണ്ടുസീറ്റുനേടിയ ബിജെപിയാണ് ഇത്തവണ പ്രധാന  എതിരാളികള്‍. മമതയുടെ മണ്ണില്‍, ആകെയുള്ള 42 സീറ്റില്‍ എട്ടിലെങ്കിലും താമര വിരിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍ . നിയമസഭാ ഉപതിരഞ്ഞെടുപ്പിലും വോട്ടുവിഹിതത്തില്‍ രണ്ടാംസ്ഥാനത്താണ് ബിജെപി.  ബംഗാളില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപിയുടെ എല്ലാനീക്കങ്ങളും പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് മമത. കാരണം തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിലുണ്ടാകുന്ന രാഷ്ട്രീയസാഹചര്യങ്ങളില്‍ മുതലെടുപ്പിനും അധികാരത്തിനായുള്ള വിലപേശലിനും പരമാവധി സീറ്റുകള്‍ കയ്യില്‍വേണം. കോണ്‍ഗ്രസിനും സിപിഎമ്മിനും  അത്ഭുതമൊന്നും ഇക്കുറി പ്രതീക്ഷിക്കാനില്ല താനും

ധൈര്യശാലിയാണ് മമത ബാനര്‍ജി. പുല്‍വാമ ആക്രമണത്തില്‍ മോദിക്കെതിരെ ആദ്യവിമര്‍ശനവുമായി രംഗത്തെത്തിയത് മമതയായിരുന്നു. ഒരു പ്രതിസന്ധിയിലും തളര്‍ന്നിട്ടില്ല  . ആരോടും അടിയറവു പറഞ്ഞിട്ടുമില്ല. ശാരദ, റോസ് വാലി ചിട്ടിതട്ടിപ്പുകേസില്‍  കൊല്‍ക്കത്ത കമ്മിഷണര്‍ക്കെതിരായ സിബിഐ നടപടിക്കെതിരെയുള്ള മമതയുടെ നടപടി അപ്രതീക്ഷിതമായിരുന്നു. കേന്ദ്രനടപടിക്കെതിരെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഭരണം സ്തംഭിപ്പിച്ച് നടത്തിയ സമരം രാജ്യചരിത്രത്തില്‍ തന്നെ അപൂര്‍മായിരുന്നു.  നാടകീയരംഗങ്ങള്‍ രാജ്യത്തിന്‍റെ രാഷ്ട്രീയരംഗത്ത് ഒരുനേതാവിനുണ്ടാക്കുന്ന മൈലേജ് എത്രയാണെന്ന് മമതയ്ക്കറിയാം. 

സിംഗൂരിലും നന്ദിഗ്രാമിലും  മമത ഗ്ദാനം ചെയ്തതൊന്നും ഇതുവരെ എത്തിയിട്ടില്ല. കര്‍ഷകരുടെ കണ്ണീരിനും പരിഹാരമായില്ല. എന്നിട്ടും ബംഗാളില്‍ ഇത്തവണയും ദീദിയുടെ പടയോട്ടം തടസപ്പെടാനിടയില്ല 

കവിയും ചിത്രകാരിയും കൂടിയാണ് മമത. പ്രദര്‍ശനത്തിനുവച്ച അവരുടെ ചിത്രങ്ങള്‍ ഒന്‍പതരക്കോടി രൂപയ്ക്കാണ് വിറ്റുപോയത്. ലേലത്തിനു ശേഷം മമതയുടെ  വരയുടെ നിലവാരം വല്ലാതെ ചര്‍ച്ചയായെങ്കിലും  ബംഗാളില്‍ അവര്‍ വരച്ചിട്ട രാഷ്ട്രീയഭൂപടത്തിന് മാറ്റമുണ്ടാകാനിടയില്ല. മമതയുടെ ക്യാന്‍വാസില്‍ ഇക്കുറിയും  ബംഗാള്‍ ഒതുങ്ങുമെന്നാണ് സൂചനകള്‍.  

വീശിയടിച്ച ഫാനി ചുഴലിക്കാറ്റ് ഒഡീഷയെ കാര്യമായി കുലുക്കിയില്ല. സര്‍വസജ്ജമായിരുന്ന  രക്ഷാസംവിധാനങ്ങള്‍ ലോകത്തിന്‍റെ മുഴുവന്‍ അഭിനന്ദനം ഏറ്റുവാങ്ങുന്നു. ഇന്ത്യയില്‍ ഏറ്റവും മികച്ച ദുരന്തനിവാരണസംവിധാനമുള്ള സംസ്ഥാനമായി ഒഡീഷയെ മാറ്റിയത് നവീന്‍ പട്നായിക് എന്ന പ്രഗത്ഭനായ മുഖ്യമന്ത്രിയാണ്.  വീശീയടിച്ച സൈക്ലോണ്‍ ഒഡീഷയെ തകര്‍ത്തെറിഞ്ഞ വര്‍ഷമായിരുന്നു ഒഡീഷയുടെ മണ്ണിലേക്ക് നേതാവായി നവീന്‍റെ രംഗപ്രവേശം 

സൈക്ലോണ്‍ മുന്നറിയിപ്പു കിട്ടിയതുമുതല്‍ ഒഡീഷയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ  സംവിധാനങ്ങളും ഒരേസന്ദേശം തന്നെ കൈമാറി. എത്രയും വേഗം സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറുക. ജനങ്ങള്‍ക്കെത്താന്‍ ആയിരക്കണക്കിന് സൈക്ലോണ്‍ രക്ഷാവീടുകള്‍ സജ്ജമായിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ അഞ്ചുപേജ് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടാത്തതായി ഒന്നുമുണ്ടായിരുന്നില്ല. 46 മില്യണ്‍ ജനങ്ങളുള്ള ഒഡീഷയില്‍ 2.6 മില്യണ്‍ ടെക്സ്റ്റ് മെസജുകള്‍ പാഞ്ഞു. 43000 വോളന്‍റിയര്‍മാരെ നിയോഗിച്ചു. വിജയകരമായി ഒഡീഷ സാഹചര്യം അതിജീവിച്ചു. നവീന്‍ പട്നായിക് എന്ന നേതാവിന്‍റെ ദീര്‍ഘവീക്ഷണമായിരുന്നു  ആയിരക്കണക്കിന് ജീവന്‍ രക്ഷിച്ചത്. 

ഇരുപതുവര്‍ഷം മുന്‍പ്  വീശിയടിച്ച  സൈക്ലോണ്‍ ഒഡീഷയെ കടപുഴക്കിയെറിഞ്ഞ 1999 ലാണ് ഒഡീഷയുടെ മണ്ണിലേക്ക് നേതാവായി നവീന്‍റെ രംഗപ്രവേശം. 

അന്‍പതാം വയസില്‍. ബിജു പട്നായിക്കിന്‍റെ വിദേശവാസിയായിരുന്ന മകന്‍,, പിതാവിന്‍റെ മരണശേഷം, അന്ന് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത് മനസില്ലാ മനസോടെയായിരുന്നു. 

1999. ഒഡീഷയില തകുര്‍മുണ്ട. ഒഡീഷയില്‍ ബിജു പട്നായിക്ക് മരിച്ചശേഷം  അദ്ദേഹത്തിന് പകരം വയ്ക്കാന്‍ പറ്റിയ നേതാക്കന്‍മാരൊന്നും പാര്‍ട്ടിയിലില്ല. ആഞ്ഞടിച്ച സൈക്ലോണില്‍ ഒഡീഷയില്‍ പതിനായിരക്കണക്കിന് പേര്‍ മരിച്ചു. വീടുകള്‍ ഒഴുകിപ്പോയി. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ നയാപ്പെസ കയ്യിലില്ലാതെ പെരുവഴിയില്‍. രോഷാകുലരായ ഇൗ ജനക്കൂട്ടത്തിന് മുന്നിലേക്കാണ് ജനതാദള്‍ പ്രവര്‍ത്തകര്‍ നവീന്‍ പട്നായിക്കിനെ ആദ്യമായി അവതരിപ്പിച്ചത്. 

ഡറാഡൂണിലും ഡല്‍ഹിയിലും പഠിച്ച് വിദേശരാജ്യങ്ങളില്‍ മാറിമാറി താമസമാക്കിയ നവീന്‍  ഒഡീഷയിലേക്ക് വരുന്നതു തന്നെ അപൂര്‍വം. ഒ‍ഡിയ ഒട്ടുമറിയില്ല. ബ്രിട്ടീഷ് ആക്സന്‍റുള്ള ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തി നവീന്‍ ഇങ്ങനെ പ്രസംഗിച്ചു. " മേരെ പിതാജി കോ തകുര്‍മുണ്ട ബഹുത് പസന്ത് ഹെ. ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. "ബിജു ബാബു"വിന്റെ മകനില്‍ അവര്‍ രക്ഷകനെ കണ്ടു. അടുത്ത രണ്ടുയോഗസ്ഥലങ്ങളിലും ഇതേ ഡയലോഗ് ആവര്ത്തിച്ചു. സ്ഥലപ്പേര് മാത്രം മാറി. ജനക്കൂട്ടം ഇളകിമറിഞ്ഞു. അങ്ങനെ അവിവാഹിതനായ അന്‍പതുകാരന്‍  ജീന്‍സും ടീഷര്‍ട്ടും അഴിച്ചുവച്ചു. കുര്‍ത്തയും പൈജാമയുമണിഞ്ഞ്  ഒഡീഷയുടെ മണ്ണിലേക്കിറങ്ങി,നേതാവായി.പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന സമ്മര്‍ദ്ദത്തിന് നടുവില്‍ പാതിമനസോടെയെത്തിയ നവീന്‍ പിന്നെ ആ മണ്ണ് വിട്ടില്ല 

ഒഡീഷയില്‍ തുടരാന്‍ തീരുമാനിച്ച ശേഷം നവീന്‍ ഇങ്ങനെ പറഞ്ഞു. എന്‍റെ പിതാവിന്‍റെ ഉത്തരവാദിത്വങ്ങളാണ് ഞാന്‍ ഏറ്റെടുക്കുന്നത്. ആനൂകൂല്യങ്ങളല്ല. ആ വാക്കുതെറ്റിച്ചില്ല പിന്നീടൊരിക്കലും. അന്‍പതുവയസുവരെ വിദേശരാജ്യങ്ങളില്‍ മാറിമാറി താമസിച്ച നവീന്‍ പന്ത്രണ്ടുവര്‍ഷത്തിനുശേഷമാണ് വീണ്ടുമൊരു വിദേശയാത്ര നടത്തിയത്. അതും ഒഡീഷയില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്ക് വേദിയൊരുക്കാന്‍  ലണ്ടനിലേക്ക്. ദാരിദ്രവും പട്ടിണിയും നിറഞ്ഞ ഒഡീഷ നവീന്‍റെ ഭരണത്തില്‍ വികസനത്തിന്‍റെ പാതയിലേക്ക് കുതിക്കുന്നു. ടൂറിസം മേഖല വളര്‍ത്തിക്കൊണ്ടുവരുന്നു. 2013 ല്‍ ഒഡീഷയില്‍ വീശിയടിച്ച സൈക്ലോണിനു മുന്‍പ് മിഷന്‍ സീറോ കാഷ്വാലിറ്റി എന്നപേരില്‍ നടത്തിയ മുന്നൊരുക്കം ഐക്യരാഷ്ട്രസഭയില്‍ വരെ കയ്യടി നേടി. ഭുവനശ്വര്‍ അത്യാധുനിക രീതിയില്‍ പൊളിച്ചുപണിതു. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ച പദ്ധതികള്‍. അടിസ്ഥാനസൗകര്യങ്ങളും റോഡുകളുമൊരുക്കി. സമ്പന്നമായ സാസ്കാരിക പാരമ്പര്യം സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചു. കലാകാരന്‍മാര്‍ക്കും കായികപ്രേമികള്‍ക്കും ഏറ്റവും മികച്ചയിടമാണ്  ഇന്ന് നവീന്‍റെ ഒഡീഷ. ഭുവനേശ്വരിനെ ഇന്ത്യയുടെ കായിക തലസ്ഥാനമാക്കി മാറ്റി. കലിംഗ സ്റ്റേഡിയം 2018 ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. മികച്ച വായനക്കാരന്‍ കൂടിയായ ഒഡീഷ മുഖ്യമന്ത്രിയുടെ ലൈബ്രറിയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ പുസ്തകങ്ങളുടെയൊക്കെ ഒരു കോപ്പിയുണ്ടാകും. ഒഡീഷയുടെ കലയും സംസ്കാരവും പ്രമേയമാക്കി മൂന്നുപുസ്തകങ്ങളാണ്  അദ്ദേഹമെഴുതിയത്. കലാകാരനും കായികപ്രേമിയുമായ, നല്ല വായനക്കാരനും പുരോഗമനവാദിയുമായ ഒരു നേതാവ് ഒരുജനതയുടെ മനസു കീഴടക്കുന്ന മനോഹരമായ കാഴ്ച. സ്വന്തം സംസ്ഥാനത്തിന്‍റെ ഭാഷ അറിയില്ലെങ്കിലും രണ്ടുപതിറ്റാണ്ട് സ്വന്തം നാട്ടുകാരുടെ മനസറിയാന്‍ നവീന് കഴിഞ്ഞു

ഒഡീഷയുടെ ജനപ്രിയ മുഖ്യമന്ത്രി പണ്ട് ഡല്ഹിയില്‍ ഒരു ഫാഷന്‍ ബൊട്ടീക്കിന്റെ ഉടമയായിരുന്നു. ഓബറോണ്‍ ഹോട്ടലില്‍ പ്രവര്ത്തിച്ച PSYCHE Delhi ബൊട്ടീക്ക്. ലോകപ്രശസ്ത റോക്ക് ബാന്‍ഡ് ' ബീറ്റില്സ് 'ഒക്കെ അവിടുന്ന് വസ്ത്രം വാങ്ങിയിരുന്നു. തീര്‌ന്നില്ല, ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. പിയേഴ്സ് ബ്രോസ്നര്‍ നായകനായി 1988 ല്‍ പുറത്തിറങ്ങിയ 'The deceivers എന്ന സാഹസികചിത്രത്തില്‍. ഡറാഡൂണിലെ ഡൂണ്‍ സ്കൂളില് സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്നു നവീന്‍. സുഹൃത്തുക്കളെല്ലാം അതിപ്രശസ്തരായിരുന്നു. അമേരിക്കന് മുന് പ്രഥമവനിത ജാക്വിലിന്‍ കെന്നഡിയുമായി ഉറ്റബന്ധമുണ്ടായിരുന്നു. നവീനെഴുതിയ ഒരു പുസ്തകം അവരാണ് എഡിറ്റ് ചെയ്തു നല്കിയത്. എഴുപതിലും ചുറുചുറുക്കുവിടാത്ത മുഖ്യമന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന തരത്തില്‍  അടുത്തിടെയിറങ്ങിയ വാര‍്‍ത്തകള്‍ക്കുമറുപടിയായി ബിജെഡി ഒരു വീഡിയോ പുറത്തിറക്കി.   

അന്‍പതാംവയസിലാണ് നവീന്‍ പട്നായിക് രാഷ്ട്രീയത്തിലിറങ്ങിയത്. ഒഡിയ സംസാരിക്കാനറിയാത്ത  നേതാവിനെയാണ്  ഒഡീഷക്കാര്‍ രണ്ടുപതിറ്റാണ്ടായി  ഇളക്കം തട്ടാതെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചത്. പക്ഷേ നവീന്‍റെ മനസിലുള്ളത് എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ് ദേശീയ രാഷ്ട്രീയം 

1997 ല്‍ രാഷ്ട്രീയത്തിലിറങ്ങിയ ഉടന്‍ പിതാവിന്റെ മണ്ഡലമായ അസ്കയില്‍ മല്‍സരിച്ചു ജയിച്ചു. ജനതാദള്‍ പിളര്‍ന്നതോടെ പിതാവിന്‍റെ പേരില്‍ ബിജു ജനതാദള്‍ സ്ഥാപിച്ചു. പിന്നാലെ കേന്ദ്രമന്ത്രിയായി. 2000 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ച് മുഖ്യമന്ത്രിയായി. പിന്നെ ഇതുവരെ ഒഡീഷയ്ക്ക് മറ്റൊരു മുഖ്യമന്ത്രിയുണ്ടായിട്ടില്ല. ഒഡീഷയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച മുഖ്യമന്തി എന്ന റെക്കോര്‍ഡും നവീന്‍റെ പേരിലാണ്. ബിജെപി ബന്ധം അധികം നീണ്ടില്ല.  സംസ്ഥാനത്തെ വര്‍ഗീയകലാപങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞത്. 2009ലാണ് ബിജെഡി സംസ്ഥാനത്ത് ഒറ്റയ്ക്ക് ശക്തിയാര്‍ജിച്ചത്. 

ബിജെഡിക്ക് എന്നും ബിജെപിയോടായിരുന്നു ചായ്്വ്. നിയമസഭയില്‍ രണ്ടുതവണ അധികാരമേറ്റത് ബിജെപിയുടെ പിന്തുണയിലായിരുന്നു. 21 എംപിമാരുള്ള ബിജെഡി ലോക്സഭയില്‍ പക്ഷേ സമദൂരക്കാരാണ്. ബിജെപിയെയോ വിശാലസഖ്യത്തെയോ അടുപ്പിച്ചിട്ടില്ല നവീന്‍. പിണക്കിയിട്ടുമില്ല.  

  നോട്ടുനിരോധോനത്തിന് മോദിയ്ക്ക് പിന്തുണയുമായെത്തിയ നവീന്‍  കൊല്‍ക്കത്തയില്‍ സിബിഐയ്ക്കെതിരെ മമത നടത്തിയ സമരത്തിനും പിന്തുണ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ അധികാരത്തിലേക്ക് കടന്നുകയറാനുള്ള സിബിഐ നടപടിക്കെതിരെയുള്ള പ്രതിഷേധം മാത്രമാണതെന്നും അതില്‍ രാഷ്ട്കീയം കാണരുതെന്നും പിന്നീട് വിശദീകരിക്കുകയും ചെയ്തു. വിശാലസഖ്യത്തില്‍ പങ്കാളിയാകില്ല എന്ന് വ്യക്തമാക്കിയ നവീന്‍, ഒരുപരിധിവിട്ട് അടുപ്പം  ഒരുപാര്‍ട്ടിയോടും  പ്രകടമാക്കാറുമില്ല. രണ്ടുപതിറ്റാണ്ട് നീണ്ട വിജയകരമായ ബന്ധമാണ് നവീന് ജനങ്ങളുമായുള്ളത്. ഓരോ തിരഞ്ഞെടുപ്പിലും സീറ്റുനിലയില്‍ ശക്തരായിക്കൊണ്ടിരിക്കുന്ന ബിജെഡിയെ തകര്‍ക്കുക ഇത്തവണയും അത്ര എളുപ്പമല്ല.  അതുകൊണ്ട് തന്നെ എത്രശ്രമിച്ചാലും ഒഡീഷ പിടിക്കാമെന്ന വ്യാമോഹം ഇരുമുന്നണികള്‍ക്കുമില്ല. അതുകൊണ്ടുതന്നെ ഇരുകൂട്ടരുടെയും ആഗ്രഹം നവീന്‍റെ മനസില്‍ ഇടംപിടിക്കുകയെന്നതാണ്, കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലാണ് ഒഡീഷ പൂര്‍ണമായും ബിജെഡിയുടേതായത്. ആകെയുള്ള 21 സീറ്റില്‍ ഇരുപതിലും ജയം. ഒരു സീറ്റില്‍ ബിജെപിയും. കോണ്‍ഗ്രസ് സംപൂജ്യര്‍.  നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 147 സീറ്റില്‍ 117 ഉം സ്വന്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിലാകട്ടെ 21 സീറ്റില്‍ ഇരുപതും നേടി. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടക്കുന്നു. ഒന്നുകില്‍ അഞ്ചാംതവണയും ഒഡീഷയുടെ മുഖ്യമന്ത്രിയാകാം, അല്ലെങ്കില്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാം. കേന്ദ്രത്തിലെ തിരഞ്ഞെടുപ്പുഫലം രണ്ടുസാധ്യതകളാണ് നവീന് മുന്നില്‍ വയ്ക്കുന്നത്. 

ദേശീയരാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യങ്ങളില്ല എന്ന് പലവട്ടം നവീന്‍ വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ ഒഡീഷയില്‍ ബിജെഡി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിച്ചാല്‍ നവീന്‍ രാജാവാണ്. കാരണം തിരഞ്ഞെടുപ്പിനുശേഷമുള്ള കളിക്കളത്തില്‍ നവീന്‍റെ ടീമില്‍ 21 പേരുണ്ടാകും. 

MORE IN SPECIAL PROGRAMS
SHOW MORE