കളമറിഞ്ഞ് കളിച്ച് കളം വാഴാൻ മായാവതിയും അഖിലേഷും; രാജാ റാണി

India UP Alliance
SHARE

ദുര്‍ബലമായൊരു സഖ്യസര്‍ക്കാര്‍. ഇങ്ങനെയൊരു സാധ്യതയെ വല്ലാതെ മോഹിക്കുന്ന ചിലരുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പുകളത്തില്‍‍. ഫലമറിഞ്ഞിട്ട്്, കളമറിഞ്ഞു കളിക്കാനിരിക്കുന്നവര്‍.  മോദിയെയും രാഹുലിനെയും ഒരരികിലേക്ക് നീക്കി, പ്രധാനമന്ത്രിക്കേസരയിലിരിക്കാം എന്ന് സ്വപ്നം കാണുന്നവര്‍. സ്വന്തം സംസ്ഥാനത്ത്  സമ്പാദിക്കുന്ന സീറ്റുകളുടെ എണ്ണമായിരിക്കും ആ വിലപേശലിനുള്ള തുറുപ്പുചീട്ട്. 

ബഹന്‍ജി. നിര്‍ണായക സഖ്യങ്ങളുടെയും അപ്രതീക്ഷിതപിന്‍മാറ്റങ്ങളുടെയും റാണി. ഉത്തര്‍പ്രദേശിന്‍റെ രാഷ്ട്രീയചരിത്രം തിരുത്തിയെഴുതാനും, ദേശീയരാഷ്ട്രീയത്തിലേക്ക് അനായാസം രംഗപ്രവേശനം നടത്താനും അസാധ്യകഴിവുള്ള പോരാളി. ആ കയറ്റം ചിലപ്പോള്‍ പ്രധാനമന്ത്രിക്കസേരയിലേക്കുമാകാം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സംപൂജ്യയായിരുന്ന മായാവതി ഇത്തവണ എങ്ങനെ നിര്‍ണായക ശക്തിയാകും? കളമറിഞ്ഞ് കളിക്കാനുള്ള കഴിവുകൊണ്ട്  എന്നാണ് ഉത്തരം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതമെന്ന് മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്‍റെ വിശേഷണം ഒരു പക്ഷേ ഇൗ തിരഞ്ഞെടുപ്പിലും  പ്രസക്തമായേക്കാം. 

നയ്നാകുമാരിയെന്ന തീപ്പൊരി പ്രാസംഗിക യാദൃശ്ചികമായാണ് ബിഎസ്പി നേതാവ് കാന്‍ഷിറാമിന്‍റെ കണ്ണില്‍പെട്ടത്. 1971ല്‍. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം സ്വന്തമാക്കിയ നയ്നാകുമാരി മികച്ച സംഘാടകയുമയിരുന്നു. 

ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്ത് ദലിതയായ വനിതാ നേതാവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുവരുന്നതുകൊണ്ടുള്ള നേട്ടം കാന്‍ഷി റാമിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഐഎഎസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്ന മായാവതിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കാന്‍ഷിറാം പറഞ്ഞു. 'രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഐഎഎസുകാര്‍ നിന്നെ സല്യൂട്ട് ചെയ്യും". നയനാകുമാരി കാന്‍ഷിറാമിനൊപ്പമിറങ്ങി. ബിഎസ്പിയില്‍ അംഗമായി, മായാവതിയായി. ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ മായാവതിക്ക് പ്രായം വെറും മുപ്പത്തിയൊന്‍പത്. രാജ്യത്തെ ആദ്യ ദലിത് മുഖ്യമന്ത്രി, രാജ്യഭരണത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന വലിയൊരു സംസ്ഥാനത്തിന്‍റെ അമരത്ത് നാലുവട്ടമിരുന്ന് മായാവതി സല്യൂട്ടുകളേറെ വാങ്ങി. വിധേയരല്ലാത്ത ഐഎഎസുകാരെ അധികാരത്തിന്‍റെ ബലത്തില്‍ തോന്നുംപടി സ്ഥലംമാറ്റി. ആഡംബരം ഒരുദൗര്‍ബല്യമായിരുന്നു മായാവതിക്ക്.

ഒരു ജോഡി ചെരുപ്പുകൊണ്ടുവരാന്‍ ഒരു പ്രൈവറ്റ് ജെറ്റ് യുപിയില്‍ നിന്ന്  മുംൈബയ്ക്കയച്ചെന്നുവരെ ആരോപണങ്ങള്‍. 

ദേശീയപാര്‍ട്ടിയായി ബിഎസ്പി വളരണമെന്ന കാന്‍ഷിറാമിന്‍റെ വീക്ഷണമൊക്കെ മറന്ന് മായാവതി ഉത്തര്‍പ്രദേശിന്‍റെ അധികാരരാഷ്ട്രീയത്തില്‍ രസംപിടിച്ചു. ധൂര്‍ത്ത് സീമകള്‍ ഭേദിച്ചു. ബഹന്‍ജിയുടെ ജന്‍മദിനം വിശിഷ്ടദിനങ്ങളേക്കാള്‍ വലിയ ആഘോഷമായി. അന്ന് നിര്‍ബന്ധിത പിരിവ് നടത്തി. ഒരുനേരം വയറുനിറയാത്ത പാവങ്ങള്‍ മുഖ്യമന്ത്രിയുടെ കൂറ്റന്‍ പിറന്നാള്‍ കേക്കിനുമുന്നില്‍ നിയന്ത്രണംവിടുന്ന കാഴ്ചകള്‍.

ബിഎസ്പിയുടെ ചിഹ്നമായ ആനകളും മായാവതിയുടെയും കാന്‍ഷിറാമിന്‍റെയും പ്രതിമകളും കൊണ്ട് യുപി നിറഞ്ഞു. അതിന് പൊതുഖജനാവില്‍ നിന്ന് മുടക്കിയത് മൂവായിരം കോടി. മുഴുപ്പട്ടിണിയില്‍ കഴിയിയുന്ന യുപിയിലെ മഹാഭൂരിപക്ഷം ആ പ്രതികളിലേക്ക് നിവര്‍ന്നുനിന്ന് നോക്കാന്‍ പാടുപെട്ടു. 2007– 2008 കാലയളവില്‍ മായാവതി അടച്ച നികുതിപ്പണം  26 കോടിരൂപ. കാന്‍ഷിറാം മരിക്കുംമുന്‍പു തന്നെ പാര്‍ട്ടി പൂര്‍ണമായും മായാവതിയുടെ നിയന്ത്രണത്തിലായി. പാര്‍ട്ടിക്കായി ഫണ്ടു കണ്ടെത്തുന്നതില്‍ മിടുക്കിയായിരുന്നു മായാവതി.

ദലിത് ക്ഷേമം മാത്രം മുന്‍നിര്‍ത്തി രൂപീകരിച്ച പാര്‍ട്ടിയില്‍ ,ബ്രാഹ്മണസ്ഥാനാര്‍ഥികളും ഇടംപിടിച്ചു. മുന്നാക്കവിഭാഗത്തിന്‍റെ വോട്ട് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. പിടിവിട്ടുള്ള പോക്കിനൊടുവില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയും അവരുടെ പാര്‍ട്ടിയും യുപിയില്‍  സംപൂജ്യരായി നിലംപൊത്തി. രാജ്യത്തെ ഏറ്റവും ശക്തയായ വനിതാനേതാവ് സ്വന്തം സംസ്ഥാനത്തുപോലും അപ്രസക്തയായി. അഴിമതിക്കേസുകള്‍ ഓരോന്നായി പിന്നാലെയെത്തി.  

ആ പൂജ്യത്തില് നിന്നാണ് മായാവതിക്ക് ഈ തിരഞ്ഞെടുപ്പില് കരുത്തുതെളിയിക്കേണ്ടത്. അതിനായി  കൂട്ടുപിടിച്ചത് ശത്രുവിനെ തന്നെ. മുലായം സിങ്് യാദവുമായുള്ള മായാവതിയുടെ ശത്രുതയ്ക്ക് രണ്ടരപതിറ്റാണ്ടോളം പഴക്കമുണ്ട്. ആ വൈരത്തിനു പിന്നിലെ കഥ ഇങ്ങനെയാണ്.

1995 ല്‍ ഉത്തര്‍പ്രേദേശ് നിയമസഭയില്‍ മുലായത്തിന്‍റെ സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചു. തൊട്ടുപിന്നാലെ ലക്നൗവിലെ ഗസ്റ്റ്്ഹൗസ് സമാജ്്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു. യുപി രാഷ്ട്രീയത്തിലെ ഉരുക്കുവനിതയ്ക്ക് ജീവന്‍ രക്ഷിക്കാന്‍ അടച്ചിട്ട മുറിക്കുള്ളില്‍ ഒരു രാത്രി കഴിയേണ്ടിവന്നു.  പിറ്റേന്നു രാവിലെ  മായാവതി മുറിക്കുപുറത്തിറങ്ങുന്നത് ഉത്തര്‍പ്രദേശിന്‍റെ പുതിയ മുഖ്യമന്ത്രിയായാണ്.  ബിജെപിയുമായ് ചേര്‍ന്ന് പുതിയ സര്‍ക്കാര്‍. ഒറ്റരാത്രികൊണ്ട് ഉരുത്തിരിഞ്ഞ സഖ്യം. മുലായത്തിന്‍റെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചു. അധികാരത്തില്‍ തുടരാന്‍ മായാവതി പലരുമായും സഖ്യമുണ്ടാക്കി. ആവശ്യം കഴിയുമ്പോള്‍ പിരിച്ചു. മുലായത്തോട് അന്നുതുടങ്ങിയ ശത്രുത രണ്ടരപതിറ്റാണ്ട് നീണ്ടുനിന്നു. ഒന്നും അത്രപെട്ടെന്ന് മറക്കാത്ത മായാവതി മുലായത്തിന്‍റെ മകന്‍ അഖിലേഷ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനുപിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ട്.   വൈരം മറന്ന്  മായാവതിയും മുലായത്തിന്‍റെ അനിഷ്ടം അവഗണിച്ച് മകന്‍ അഖിലേഷ് യാദവും തിരഞ്ഞെടുപ്പങ്കത്തിനായി കൈകോര്‍ത്തു. 

യുപിയില്‍ അനായാസ വിജയം സ്വപ്നംകണ്ട ബിജെപിക്ക് കനത്ത തിരിച്ചടിയായി പുതിയ സഖ്യം. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്നതുപോലെ അസാധ്യമായിരുന്ന ബന്ധം. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും ഒരുമിച്ചു. മെയിന്‍ പുരിയില്‍ മുലായംസിങ്ങിന്‍റെ തിരഞ്ഞെടുപ്പുപ്രചാരണറാലിയില്‍ മായാവതിയെത്തി. അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി മായാവതി എന്ന രാഷ്ട്രീയക്കാരി ഇങ്ങനെ പ്രസംഗിച്ചു.

എന്നിട്ടും കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ മായാവതി തയാറായില്ല.പ്രിയങ്ക ഗാന്ധിയുടെ വരവ് യുപിയില്‍ കോണ്‍ഗ്രസിനുണ്ടാക്കിയ ഉണര്‍വ് കണ്ടിട്ടും ആ നിലപാട് ഇളകിയില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്ന എസ്പി മായാവതിയുടെ നിലപാടിനൊപ്പം നിന്നു. 38 സീറ്റില്‍ ബിഎസ്പിയും 37 സീറ്റില്‍ എസ്്പിയും യുപിയില്‍ അങ്കത്തിനിറങ്ങുന്നു. അമേഠിയിലും റായ് ബറേലിയിയിലും മാത്രം സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. മൂന്നുസീറ്റുകള്‍ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളിനും നല്‍കി. ദലിത് വോട്ടുകള്‍ക്കൊപ്പം മുസ്്ലിം യാദവ വോട്ടുകളും ഇരുകൂട്ടരുടെയും അക്കൗണ്ടില്‍ വീഴുമെന്നാണ് പ്രതീക്ഷ. ജാതിരാഷ്ട്രീയത്തിന്‍റെ തട്ടകമായ യുപിയില്‍ ചെറുവിഭാഗങ്ങളെ പിന്തുണയ്ക്കുന്ന കുഞ്ഞന്‍ പാര്‍ട്ടികളെയും ഒപ്പം കൂട്ടുന്നു. സഖ്യകക്ഷിയായ ആര്‍എല്‍ഡിയെ ഒപ്പം നിര്‍ത്തുന്നതോടെ വെസ്റ്റേണ്‍ യുപിയില്‍ ജാട്ട് വോട്ടുകള്‍ കൂടി ഭിന്നിപ്പിക്കാമെന്നാണ് മായാവതിയുടെയും അഖിലേഷിന്‍റെയും പ്രതീക്ഷ. മുസാഫര്‍ നഗറില്‍  ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായി അജിത് സിങ്ങ് ഇറങ്ങുന്നതും ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടും. 

യുപിയില്‍ മികച്ച വിജയം നേടാനായാല്‍ മായാവതിയുടെ അടുത്തനീക്കം നിര്‍ണായകമാണ് . കേന്ദ്രത്തില്‍ ആര് ഭൂരിപക്ഷം നേടിയാലും മായാവതിയുടെ കീശയില്‍ വിലപേശലിനുള്ള സീറ്റുകള്‍ മറ്റാരേക്കാള്‍ കൂടുതലുണ്ടാകും. ബഹന്‍ജി പ്രധാനമന്ത്രി പദം ആവശ്യപ്പെട്ടാലും അവഗണിക്കാനാകില്ല. ഭരണപരിചയമില്ലാത്തൊരു സാധാരണക്കാരിക്ക് രാഷ്ട്രീയത്തിലിറങ്ങി ചുരുങ്ങിയ കാലംകൊണ്ട്   ഉത്തര്‍പ്രേദശിന്‍റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്താനാകുമെങ്കില്‍, അടവുകളെല്ലാം പയറ്റിത്തെളിഞ്ഞ  ‌‌മായാവതിക്ക് പ്രധാനമന്ത്രി പദം അത്ര വിദൂരസ്വപ്നമല്ല. 

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്തവര്‍ക്ക് പ്രധാനമന്ത്രിയാകാന്‍ തടസമില്ലെന്ന മായാവതിയുടെ വിശദീകരണം ആ മോഹങ്ങള്‍ അടിവരയിട്ടുറപ്പിക്കുന്നു. യോഗി ആദിത്യനാഥിനേക്കാളും അഖിലേഷ് യാദവിനേക്കാളും തലയെടുപ്പുള്ള നേതാവാണ് ഇന്ന് യുപിയില്‍ മായാവതി. പുതിയ സഖ്യമുണ്ടാക്കിയ മാജിക്. ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന്, സമൂഹമാധ്യമങ്ങളിലും സജീവമായി മാറ്റത്തിനൊപ്പമെത്തുകയാണ് ബഹന്‍ജിയും. അധികാരത്തിലേക്കുള്ള ദൂരം അഖിലേഷിന്‍റെ സൈക്കിളില്‍ താണ്ടാമെന്നാണ് തല്‍ക്കാലം  കണക്കുകൂട്ടലെങ്കിലും കാറ്റ് അനുകൂലമെങ്കില്‍ എവിടേക്ക് ചായാനും മടിയില്ല മായാവതിക്ക്. വേണ്ടിവന്നാല്‍  മായാവതിയെ വഴിയിലിറക്കി സൈക്കിള്‍ വഴിതിരിച്ചുവിടാനുള്ള സാമര്‍ഥ്യം അഖിലേഷിനുമുണ്ട്. 

അഖിലേഷ് യാദവിന് യുപി പിടിക്കുകയെന്നതിനേക്കാള്‍ ശ്രമകരമായ ദൗത്യമാണ് സ്വന്തം കുടുംബത്തില്‍ പയറ്റിത്തെളിയുകയെന്നത്. കാരണം മുലായത്തിന്‍റെ കുടുംബത്തില്‍  സ്ഥാനമോഹികളുടെ എണ്ണം വളരെ കൂടുതലാണ്.  ആ കുടുംബചരിത്രം പറയാതെ യുപിയിലെ എസ്പിയുടെ ചിത്രം പൂര്‍ണമാകില്ല.

മുലായം സിങ് യാദവ്; മുലായത്തിന് രണ്ടുഭാര്യമാര്‍.മാലതി ദേവിയും സാധനയും. ആദ്യഭാര്യ മാലതിയുടെ മകനാണ് അഖിലേഷ് യാദവ്. മുന്‍ മുഖ്യമന്ത്രികൂടിയായ അഖിലേഷ്  അസംഗഡിലെ സ്ഥാനാര്‍ഥി. ഭാര്യ ഡിംപിള്‍ കനൂജില്‍ നിന്ന് ജനവിധി തേടുന്നു. രണ്ടാംഭാര്യ സാധനയുടെ മകനാണ് പ്രതീക്. രാഷ്ട്രീയം താല്‍പ്പര്യമില്ല. ഗുസ്തിക്കാരനായിരുന്ന പിതാവിന്‍റെ പാരമ്പര്യം പിന്തുടര്‍ന്ന് ബോഡി ബില്‍ഡിങ്ങും പിന്നെ ബിസിനസും.പക്ഷേ ഭാര്യ അപര്‍ണയ്ക്ക് രാഷ്ട്രീയത്തില്‍ വ്യക്തമായ താല്‍പ്പര്യമുണ്ട്. അധികാരം അഖിലേഷില്‍  കേന്ദ്രീകരിക്കുന്നതിനോട് അത്ര താല്‍പ്പര്യവുമില്ല. മുലായത്തിന്റെ നാലുസഹോദരന്‍മാരും അവരുടെ മക്കളും പാര്‍ട്ടിയിലും അധികാരത്തിലും അമിതാഗ്രഹമുള്ളവരാണ് . ചുരുക്കിപ്പറഞ്ഞാല്‍ എസ്പി മല്‍സരിക്കുന്ന 37 സീറ്റില്‍ പകുതി  സ്ഥാനാര്‍ഥികള്‍ ഈ കുടുംബത്തില്‍ നിന്നുതന്നെ.  മുലായം സിങ്ങിന് കോണ്‍ഗ്രസിനോടും ഗാന്ധികുടുംബത്തോടുമുള്ള താല്‍പ്പര്യമില്ലായ്മയ്ക്ക് അദ്ദേഹം തന്നെ പറയുന്ന കാരണം കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ്. അതേ മുലായത്തിന് യുപിയില്‍ സ്വന്തം കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലുളള രണ്ടുഡസനിലധികം പേരെയാണ് ഒരേസമയം  കൈകാര്യം ചെയ്യേണ്ടത്. 

സമാജ്്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു സ്ഥാപകനേതാവ് കൂടിയായ  മുലായം സിങ് യാദവ്. ബന്ധുക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിന്‍റെ കൈപ്പിടിയിലൊതുങ്ങി. ദേശീയരാഷ്ട്രീയത്തിലും മുലായം ശക്തനായിരുന്നു.  പാര്‍ട്ടിയില്‍ ആജ്ഞാശക്തിയുള്ള നേതാവ്, ഉത്തര്‍പ്രദേശിന്‍റെ പഴയ നേതാവ്  ഇന്ന് മകന്‍റെ നിഴലിലാണ്. കിരീടവും ചെങ്കോലും മകന് കൈമാറിയതോടെ നിര്‍ണായക വിഷയങ്ങളില്‍ പോലും മുലായംസിങ്ങിന്‍റെ അഭിപ്രായം അപ്രസ്കതമായിത്തീര്‍ന്നു.  27 ാം വയസില്‍ പാര്‍ലമെന്‍റംഗമായ അഖിലേഷ് 2012ല്‍ 38ാം വയസില്‍ യുപിയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഇതോടെ കുടുംബം രണ്ടായിപ്പിരിഞ്ഞു. അഖിലേഷാകട്ടെ വലംകയ്യായി ഭാര്യ ഡിംപിളിനെ ചേര്‍ത്തുനിര്‍ത്തി. ഭാര്യയെക്കൂടി രാഷ്ട്രീയത്തില്‍ സജീവമാക്കി. കനൂജില്‍  രണ്ടുവട്ടം എംപിയായി ഡിംപിള്‍ പാര്‍ട്ടിയുടെ വനിതാമുഖമായി മാറുന്നു. പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായും മകന്‍ അഖിലേഷിന്‍റെയും ഭാര്യ ഡിംപിളിന്‍റെയും കയ്യിലായി. മുലായത്തിനു ശേഷം പാര്‍ട്ടിയുടെ തലപ്പത്തെത്തുമെന്നുകരുതിയ മുലായത്തിന്‍റെ ഇളയ സഹോദകരന്‍ ശിവ് പാല്‍ യാദവ് ഇടഞ്ഞു.  അഖിലേഷും ശിവ്പാലുമായി മുലായം മാറി മാറി ചര്‍ച്ചകള്‍ നടത്തി. അഖിലേഷിനേക്കാള്‍ മുലായത്തിന് താല്‍പ്പര്യം ശിവ്പാല്‍ യാദവിനോടായിരുന്നെങ്കിലും മകനെ തള്ളിപ്പറയാനും തയാറായില്ല. പാര്‍ട്ടിക്കുള്ളില്‍ കലാപമായി. പ്രവര്‍ത്തകര്‍ രണ്ടുചേരി തിരിഞ്ഞ് ഏറ്റുമുട്ടി. 

 അഖിലേഷ് മുഖ്യമന്ത്രിയായപ്പോഴും തുടക്കത്തില്‍ ഭരണം മുഴുവന്‍ മുലായത്തിന്‍റെ നേതൃത്വത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ സെക്യുരീറ്റി ഓഫിസറെ മുതല്‍ ചീഫ് സെക്രട്ടറിയെ വരെ മുലായം നിശ്ചയിക്കുന്നതായിരുന്നു രീതി. ഇടഞ്ഞുനിന്ന ശിവ്പാല്‍ യാദവും  അസംഖാനും കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ മുഖ്യമന്ത്രിയായ അഖിലേഷിന് കൈവയ്ക്കാന്‍ പോലുമാകില്ലായിരുന്നു. പതിയെപ്പതിയെ അഖിലേഷ് നയങ്ങളില്‍ മാറ്റംവരുത്തി. നിയമനങ്ങളില്‍ പൂര്‍ണനിയന്ത്രണം കൊണ്ടുവന്നു. ഇതിനിടെ സ്വന്തംമകന്‍ ആദിത്യയെ ശിവ്പാല്‍ സിങ് യാദവ് പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയില്‍  നിയമിക്കാന്‍ ശ്രമിച്ചത് അഖിലേഷിന് ഇഷ്ടമായില്ല. കാര്യങ്ങള്‍ സ്വന്തം കയ്യില്‍ നിന്ന് വിട്ടുപോകുന്നത് മുലായത്തിനും. അധികാരവടംവലിക്കൊടുവില്‍ പൊട്ടിത്തെറിച്ച് മുലായം ഇങ്ങനെ പറഞ്ഞു. " എംഎല്‍എമാര്‍ എന്നെക്കാണാന്‍ വരുന്നത് എങ്ങനെ തടയാനാകും. കാരണം അവര്‍ക്ക് സീറ്റ് നല്‍കിയത് ഞാനാണ് " മായാവതിയുമായി മകന്‍ സഖ്യമുണ്ടാക്കിയത് മുലായത്തിന് പിടിച്ചിട്ടില്ല. മോദിയെ അനുകൂലിച്ച് പാര്‍ലമെന്‍റില്‍ സംസാരിച്ചത്  മകനും ഇഷ്ടമായില്ല. ഈ അസ്വാരസ്യത്തിവനിടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. മല്‍സരിക്കാന്‍ സുരക്ഷിതമായൊരു സീറ്റ് കിട്ടിയത് തന്നെ ഭാഗ്യം. പാര്‍ട്ടിപുറത്തിറക്കിയ 40 താരപ്രചാരകരുടെ പട്ടികയില്‍ പോലും മുലായത്തിന്‍റെ പേരില്ല.  

അഖിലേഷുമായി ഇടഞ്ഞ ശിവ്പാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചു. പ്രഗതിശീല്‍ സമാജ്്വാദി പാര്‍ട്ടി. ജനകീയാടിത്തറയും പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനവുമുള്ള ശിവപാലിനൊപ്പം എസ് പിയിലെ ഒരുവിഭാഗം പാര്‍ട്ടിവിട്ടിട്ടും അഖിലേഷ് കുലുങ്ങിയില്ല. തിരഞ്ഞെടുപ്പ് സഖ്യത്തിന് ശിവ്പാല്‍ യാദവ് കരംനീട്ടിയെങ്കിലും അഖിലേഷം മുഖം തിരിച്ചു.   എസ്പിയുടെ ശക്തികേന്ദ്രമായ ഫിറോസാബാദില്‍ ശിവ്പാല്‍‌ യാദവ് മല്‍സരത്തിനിറങ്ങി. അഖിലേഷും വിട്ടുകൊടുത്തില്ല, സിറ്റിങ് എംപിയും ബന്ധുവുമായ അക്ഷയ് യാദവിനെത്തന്നെ ശിവ്പാലിനെ നേരിടാന്‍ നിയോഗിച്ചു. കുടുംബത്തിലെ ഇളമുറക്കാരനായ അക്ഷയ്നെ തോല്‍പ്പിക്കാന്‍ ശിവ്പാലിന് കുറച്ചുപാടുപെടേണ്ടിവരും. യുപിയില്‍ 60 സീറ്റില് ശിവ്പാല്‍ യാദവിന്‍റെ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി മല്‍സരിക്കുന്നുണ്ടെങ്കിലും കരുത്തുപോര 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷും  രാഹുലുമായി കൈകോര്‍ത്തുള്ള പ്രചാരണം ആളെക്കൂട്ടിയെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സഖ്യം പാളി. ആകെയുള്ള 403 സീറ്റില്‍ 312ലും ബിജെപി വിജയിച്ചു.എസ് പി– കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായത് 54സീറ്റുകള്‍ മാത്രം. മായാവതിക്ക് 19. മുഖ്യമന്ത്രി സ്ഥാനത്തുനിന്നിറങ്ങിയ അഖിലേഷ് മഹാഗത്ബന്ധനില്‍ സജീവമായി. മോദിക്കെതിരെ ആളെക്കൂട്ടാന്‍ മുന്നില്‍ നിന്നു. ജാതിരാഷ്ട്രീയം അറിഞ്ഞുകളിച്ചു. ചെറുപാര്‍ട്ടികളെപോലും പിണക്കാതരിക്കാന്‍  ശ്രദ്ധിച്ചു. സൗമ്യനും സമര്‍ഥനും സര്‍വോപരി സുമുഖനുമായ അഖിലേഷിന്‍റെ  സ്മാര്‍ട്ടായ നീക്കമായിരുന്നു മായാവതിയുമായി ചേര്‍ന്ന് ഈ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നത്. അവസരം കിട്ടുമ്പോഴൊക്കെ മോദിയെ രൂഷമായി വിമര്‍ശിച്ച അഖിഷേഷ് മായാവതിയെ വിശ്വസിക്കരുതെന്ന മുലായത്തിന്‍റെ അഭ്യര്‍ഥന തള്ളി. ഒരു പടി കൂടി കടന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സര്‍വഥായാഗ്യയാണ് മായാവതിയെന്നും പ്രഖ്യാപിച്ചു. 

നിയമസഭാ  തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയെങ്കിലും വോട്ടിങ് ശതമാനം സഖ്യത്തിന് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. ബിജെപിക്ക് 41.35 ശതമാനം. എസ്പി 28.07 ശതമാനം ബിഎസ്പി –22.23 ശതമാനം. എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടിങ് ശതമാനം ബിജെപിയുടേതിന് സമം. ഇൗ സാങ്കേതികക്കണക്കിനപ്പുറത്തും സാധ്യതകളുണ്ട്.   മോദി തരംഗം പഴയപോലെ ഏല്‍ക്കുന്നില്ല, യോഗി ആദിത്യനാഥിനെതിരെയുള്ള ജനവികാരം ശക്തമാണ്. യോഗിയുടെ മണ്ഡലമായ ഗോരഖ്പൂരില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടി ഉദാഹരണം. മുസാഫര്‍ നഗറിലെ വര്‍ഗീയ കലാപങ്ങള്‍, ദാദ്രി ആള്‍ക്കൂട്ടക്കൊല എല്ലാം ചര്‍ച്ചയാകുന്നു.  അല്ലെങ്കില്‍ വന്‍വിജയം നേടിയ മണ്ണില്‍ രണ്ടുവര്‍ത്തിനുശേഷമെത്തുന്ന തിരഞ്ഞെടുപ്പില്‍ ഇത്രകടുത്തൊരു വെല്ലുവിളി ബിജെപിക്ക് നേരിടേണ്ടി വരുമായിരുന്നില്ല. ഈ സാധ്യതയാണ് അഖിലേഷും മായാവതിയും മുതലെടുക്കുന്നത്.   മായാവതിയെ വിശ്വസിക്കരുതെന്ന മുലായത്തിന്‍റെ അഭ്യര്‍ഥന തള്ളിയ അഖിലേഷ് 

ഇതൊക്കെയാണെങ്കിലും ലക്നൗവില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നയാളൊന്നുമല്ല അഖിലേഷ്, സംസ്ഥാനത്തിനപ്പുറത്തേക്ക് ഒരു പ്രതിഛായ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണദ്ദേഹം.മഹാഗത്ബന്ധനിലുള്‍പ്പെടെ വിപുലമായ സൗഹൃദങ്ങള്‍, പാര്‍ലമെന്‍റിലെ പ്രവര്‍ത്തന പരിചയം, മുഖ്യമന്ത്രിയായുള്ള ഭരണപരിചയം, പ്രധാനമന്ത്രിയാകാന്‍ യോഗ്യതയ്ക്ക് ഒരുകുറവുമില്ല. അവസാനനിമിഷം മായാവതി എന്ന റാണിയെ വെട്ടി കിങ് മേക്കര്‍ കിങ് ആകാനും സാധ്യതയുണ്ട്. വിശ്വാസ്യതയ്ക്കു വിലയില്ലാത്ത ഉത്തര്‍പ്രദേശ് രാഷ്ട്രീയമാണ്. അധികാരമുളളിടത്തേക്ക് ചായുന്നതാണ് ചരിത്രം.  അഖിലേഷായാലും  മായാവതിയായാലും 

MORE IN SPECIAL PROGRAMS
SHOW MORE