കൂട്ടക്കുഴിമാടമൊരുങ്ങി; ഭീതി മാറാതെ ശ്രീലങ്ക; ചോര ചിന്തുന്ന ദ്വീപ്

sri-lanka-bomb-blast-by-is
SHARE

മരിച്ചവരില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ യേശുക്രിസ്തവിന്‍റെ ഓര്‍മയാഘോഷിക്കുകയായിരുന്നു ലോകം. ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കാന്‍ ദേവാലയങ്ങളിലേക്ക് പോയ ശ്രീലങ്കന്‍ ക്രിസ്ത്യാനികള്‍ പക്ഷെ നടന്നു കയറിയത് മരണത്തിലേക്കായിരുന്നു. മതതീവ്രവാദികള്‍ ഒരുക്കിവച്ച കെണിയില്‍ പിടഞ്ഞു മരിച്ചത് മുന്നൂറു നിരപരാധികള്‍. വര്‍ത്തമാനകാല ദക്ഷിണേഷ്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്‍റെ ദൃശ്യങ്ങളിലേക്ക് ഒരിക്കല്‍ കൂടി.

ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ് ഈസ്റ്റര്‍ എന്ന ഉയിര്‍പ്പു തിരുന്നാള്‍.  മനുഷ്യൻ എന്നും പരാജയപ്പെട്ടിട്ടുള്ള മരണത്തെ പരാജയപ്പെടുത്തയ  യേശുക്രിസ്തുവിലാണ് ക്രിസ്ത്യാനികള്‍ ആശയര്‍പ്പിക്കുന്നത്. 50 ദിവസം നീളുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമെത്തിയ ഉയിര്‍പ്പുതിരുനാളിന് ഏറെ ഭക്തിയോടെയാണ് ലങ്കന്‍ ക്രിസ്ത്യാനികള്‍ ദേവാലയങ്ങഘളിലേക്ക് നീങ്ങിയത്. അസാധാരണമായി എന്തെങ്കിലുമുണ്ടെന്ന് ആരും സംശയിച്ചില്ല. 

പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സെന്‍റ് ആന്‍റണീസ് ദേവാലയം, ശ്രീലങ്കന്‍ കത്തോലിക്കരുടെ പ്രമുഖ തീര്‍ഥാടന കേന്ദ്രം, ഫ്രാന്‍സിലെ റെയിംസ് കത്തിഡ്രല്‍ മാതൃകയില്‍ 1940കളില്‍ പണികഴിപ്പിച്ച സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി, കിഴക്കന്‍ തീരദേശ നഗരമായ ബട്ടികലോവയിലെ സിയോണ്‍ ദേവാലയം. വിശ്വാസികളുടെ ഒഴുക്കായിരുന്നു ആരാധനാലയങ്ങളിലേക്ക്. ഈസ്റ്റര്‍ കുര്‍ബാന പുരോഗമിക്കുന്നതിനിടെ തുടരെ തുടരെ മൂന്ന് ദേവാലയങ്ങളിലും ചാവേറുകള്‍ പൊട്ടിത്തെറിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന വിശ്വാസസമൂഹം പ്രാണരക്ഷാര്‍ഥമോടി. പലരും പാതിവഴിയില്‍ പിടഞ്ഞുവീണ് മരിച്ചു. 

രാവിലെ 8.45ന്  സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയമായിരുന്നു ആദ്യ ഇര. പിന്നാലെ സെന്‍റ് ആന്‍റണീാസ് തീര്‍ഥാടന കേന്ദ്രവും സിയോണ്‍ പള്ളിയും ആക്രമിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ ദേവാലയങ്ങളിലേക്ക് കുതിക്കുമ്പോള്‍ കൊളംബോ നഗരത്തെ വിറപ്പിച്ച് കൂടുതല്‍ സ്ഫോടനങ്ങള്‍. ഇക്കുറി ഇരയായത് ആഡംബരഹോട്ടലുകളും വിനോദസഞ്ചാരികളും. ഷാന്‍ഗ്രില, ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഔദ്യോഗികവസതിക്ക് സമീപമുള്ള  സിനമണ്‍ ഗ്രാന്‍ഡ് സിന്നമണ്‍ ഗ്രാന്‍ഡ് , കിങ്സ്ബറി. കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളും ആക്രമിക്കപ്പെട്ടു. അതിഥികള്‍ പ്രഭാതഭക്ഷണം കഴിക്കുമ്പോഴായിരുന്നു ഹോട്ടലുകളിലെ സ്ഫോടനം.

മലയാളി വേരുകളുള്ള  കാസര്‍കോട് പി.എസ് റസീനയും  കര്‍ണാടകയില്‍ നിന്നുള്ള ജെഡിഎസ് നേതാക്കളും കൊല്ലപ്പെട്ടു. നൂറുകണക്കിന് ലങ്കന്‍ പൗരന്‍മാര്‍ക്ക് പുറമേ  ബ്രിട്ടിഷ്, ചൈനീസ്, ഡച്ച്, , പോര്‍ച്ചുഗീസ്, ജാപ്പനീസ്, ടര്‍ക്കിഷ് പൗരന്‍മാര്‍ ജീവന്‍വെടിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് കോളംബോയില്‍ കൂടുതല്‍ സ്ഫോടനങ്ങള്‍ ഉണ്ടായി. ദെഹിവാ ദേശീയ മൃഗശാലയ്ക്കു സമീപം ഹോട്ടലില്‍ സ്ഫോടനം. മൂന്നാം ദിവസം കണക്കെടുത്തപ്പോള്‍ ആകെ മരണം 310. ആരുടെയും കരളലിയിക്കുന്നതായിരുന്നു ശവസംസ്കാര കാഴ്ചകള്‍. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നീക്കിയശേഷമാണ്  സെന്‍റ് സെബാസ്റ്റ്യന്‍സ്  പള്ളി മുറ്റത്ത് സംസ്കാര ശുശ്രൂഷകള്‍ നടന്നത്. ഇടവകക്കാരുടെ നൂറു കണക്കിന് മൃതദേഹങ്ങള്‍ ഒന്നിനു പിറകെ ഒന്നായി എത്തിച്ചപ്പോള്‍ കണ്ടു നിന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 

തികച്ചും അപ്രതീക്ഷിതമായിരുന്നോ കൊളംബോയ്ക്ക് ഈ ആക്രമണങ്ങള്‍ ? അല്ല എന്നു തന്നെ പറയേണ്ടി വരും. സുരക്ഷാ മുന്നറിയിപ്പുകളോട് ലങ്കന്‍ സര്‍ക്കാര്‍ കാട്ടിയ തികഞ്ഞ അനാസ്ഥയാണ് നൂറുകണക്കിന് മനുഷ്യരുടെ ജീവനെടുത്തത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്ന് കൊളംബോ തുറന്ന് സമ്മതിക്കുന്നു.

ക്രിസ്ത്ീയ ദേവാലയങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പേ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മന്ത്രി രജിത സെനരത്നെ തുറന്നു സമ്മതിച്ചത് സര്‍ക്കാരിന്‍റെ പിടിപ്പുകേടിന്‍റെ ഏറ്റു പറച്ചിലായി. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മൂന്ന് തവണ ശ്രീലങ്കയ്ക്ക് മുന്നറയിപ്പ് ലഭിച്ചിരുന്നു. ഈ മാസം നാലിന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നു.കത്തോലിക്ക ദേവാലയങ്ങളും കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഓഫീസുമാകും തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുക എന്നായിരുന്നു മുന്നറിയിപ്പ്. 

സ്ഫോടനം നടക്കുന്നതിന്‍റെ തലേന്നാളും സ്ഫോടനത്തിന് പത്തുമിനിറ്റ് മുന്‍പും മുന്നറയിപ്പുകള്‍ ലഭിച്ചു. നാഷണല്‍ തൗഹിത് ജമാ അത് എന്ന ഇസ്ലാമിക തീവ്രവാദപ്രസ്ഥാനത്തെക്കുറിച്ച് തന്നെയായിരുന്നു മുന്നറിയിപ്പ്. നാട്ടുകാര്‍ തന്നെ അംഗങ്ങളായ തീവ്രവാദി ഗ്രൂപ്പിന്‍റെ ഓരോ നീക്കങ്ങളും കൃത്യമായി സൂചിപ്പിച്ചു രഹസ്യാന്വേഷണ ഏജന്‍സികള്‍. ഈ വിവരങ്ങള്‍ കയ്യിലുണ്ടായിരുന്നതുകൊണ്ടു തന്നെയാണ് സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 24 പേരെ അറസ്റ്റ് ചെയ്യാന്‍‌ ശ്രീലങ്കന്‍ സുരക്ഷാ സേനയ്ക്ക് ആയത്. 

സുരക്ഷാ വീഴ്ച്ചകള്‍ക്ക് ലോകത്തോട് ക്ഷമ ചോദിച്ചു ശ്രീലങ്കന്‍ സര്‍ക്കാര്‍. മാപ്പുപറഞ്ഞ് തടിയൂരാനാവില്ല സര്‍ക്കാരിന്, കാരണം ലങ്കന്‍ രാഷ്ട്രീയത്തിലെ ഉള്‍പ്പോരിന്‍റെ ഇരകളാണ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ട സാധാരണ മനുഷ്യര്‍. സുരക്ഷാ,രഹസ്യാന്വേഷണ ഏജന്‍സികളുടെ ചുമതല പ്രസിഡന്‍റ് മൈത്രിപാല സിരിസേനയ്ക്കാണ്. അദ്ദേഹത്തിന് കിട്ടിയ രഹസ്യാന്വേഷണ വിവരങ്ങള്‍ ഭരണചുമതലയുള്ള പ്രധാനമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞപ്പോഴാണ് തൊഴുത്തില്‍കുത്തിന്‍റെ ഗൗരവം വ്യക്തമനായത്. 

പ്രസിഡിന്റിനും പ്രധാനമന്ത്രിക്കും ഇടയില്‍ പുകഞ്ഞ  വൈരം വലിയ ഭരണപ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്. ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ കണ്ട കൂട്ടത്തല്ലുപോലെ തന്നെ കുത്തഴിഞ്ഞുകിടക്കുന്നു ആ രാജ്യത്തിന്‍റെ ഭരണവും. ഭരണരംഗത്തുനിന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ഒഴിവാക്കി നിര്‍ത്താനുള്ള മൈത്രിപാല സിരിസേനയുടെ വ്യഗ്രതയാണ് കൂട്ടക്കൊലയില്‍ അവസാനിച്ചത്. കഴിഞ്ഞവര്‍ഷമുണ്ടായ കനത്ത അധികാരവടംവലിക്കുശേഷം രഹസ്യാന്വേഷണ വിവരങ്ങളടക്കം പ്രധാനമന്ത്രിയില്‍ നിന്ന് മറച്ചുവച്ചു പ്രസിഡന്‍റ്. 

എന്നാല്‍ സുരക്ഷാസേന കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് പ്രസിഡന്‍റ് ൈത്രിപാല സിരിസേന അവകാശപ്പെടുന്നത്. തീവ്രവാദ ആക്രമണത്തിന്‍റെ സൂചന കിട്ടിയതോടെ പ്രമുഖ വ്യക്തികളുടെ സുരക്ഷ ശക്തിപ്പെടുത്തി എന്നതാണ് അദ്ദേഹത്തിന്‍റെ ന്യായം. സാധാരണ ജനങ്ങളെ തീവ്രവാദികള്‍ ലക്ഷ്യമിടുമെന്ന വിവരം ലഭിക്കുമ്പോള്‍ എന്തുകൊണ്ട് വിഐപി സുരക്ഷ മാത്രം ശക്തമാക്കി എന്ന ചോദ്യത്തിന് ഉത്തരമില്ല. 

വികാരാധീനനായാണ് കൊളംബോ ആര്‍ച്ച് ബിഷപ്പ് മാല്‍കം രഞ്ജിത്ത് ആക്രമണങ്ങളോട് പ്രതികരിച്ചത്. കത്തോലിക്ക ദേവാലയങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന വിവരം എന്തുകൊണ്ട് സര്‍ക്കാര്‍ മറച്ചുവച്ചുവെന്ന് സഭ ചോദിക്കുന്നു.

ആരാണ് ഈ നാഷണല്‍ തൗഹിത് ജമാ അത് ? ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ എന്തുകൊണ്ട് അവരെ നിരീക്ഷിച്ചുവരുന്നു‌? ഭൂരിപക്ഷമായ സിംഹളരുടെ അസഹിഷ്ണുതയാണ് ന്യൂനപക്ഷ തീവ്രവാദത്തിന് കളമൊരുക്കിയത് എന്നതില്‍ തര്‍ക്കമില്ല. ബുദ്ധസന്യാസിമാരുടെയും മറ്റും നേതൃത്വത്തിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അരങ്ങേറിയത്. പക്ഷേ എൻടിഎച്ച് തനിച്ച് ഇത്രവലിയൊരു ആക്രമണം ആസൂത്രണം ചെയ്തു എന്ന് കരുതക വയ്യ. ആഗോളതീവ്രവാദത്തിന്‍റെ സ്വഭാവമുള്ളതായിരുന്നു ഈ ആക്രമണ പരമ്പര.

സിംഹള ദേശീയവാദികളുടെ അസഹിഷ്ണുത  കുറെക്കാലമായി  ശ്രീലങ്കയില്‍ അസ്വസ്ഥത പടര്‍ത്തുന്നു. അഹിംസ പഠിപ്പിച്ച ബുദ്ധദേവന്‍റെ അനുയായികള്‍ അക്രമത്തിന്‍റെ വക്താക്കളായി മാറിയിരിക്കുന്നു. യുദ്ധാനന്തര ലങ്കയിലെ സിംഹള ആധിപത്യവികാരം മറ്റ് സമുദായങ്ങളുടെ മേലുള്ള അക്രമങ്ങളായി മാറിയതോടെയാണ് തിരിച്ചടിക്ക് കളമൊരുങ്ങിയത്. 2015 ല്‍ രാജ്യത്തെ പത്തുശതമാനം മാത്രം വരുന്ന മുസ്ലീങ്ങള്‍ക്കെതിരെ നടന്ന വ്യാപക അക്രമങ്ങളില്‍ നിന്ന് ഉദയംകൊണ്ടതാണ് നാഷണല്‍ തൗഹിത് ജമാ അത്. ബുദ്ധസന്യാസിമാര്‍ നേരിട്ടാണ് മുസ്ലീങ്ങള്‍ക്കുമേലുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അറവുശാലകളടക്കം മുസ്ലീം വ്യാപാരകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു.  

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ ബുദ്ധ അഴിഞ്ഞാട്ടത്തിനു നേരെ കണ്ണടച്ചു. ഇതോടെ ന്യൂനപക്ഷ വികാരമുണര്‍ന്നു. കഴിഞ്ഞ വര്‍ഷം  സിംഹള സമുദായവും  മുസ്‍ലിം സമുദായവും തമ്മിലുണ്ടായ സംഘർഷത്തിൽ കാൻഡി ജില്ലയിൽ രണ്ടുപേർ കൊല്ലപ്പെടുകയും ആരാധനാലയങ്ങൾ ഉൾപ്പെടെ നശിപ്പിക്കപ്പെടുകയും ചെയ്തു. ശ്രീലങ്കയുടെ മറ്റു ഭാഗങ്ങളിലേക്കും കലാപം വ്യാപിച്ചു . അക്രമികൾ പൊലീസുമായി ഏറ്റുമുട്ടിയതോടെ കാന്‍ഡിയില്‍ കലാപം ശമിപ്പിക്കാന്‍ സൈന്യം ഇറങ്ങേണ്ടി വന്നു. കാന്‍ഡിക്ക് പുറമേ കാൻഡിയിലെ തെൽഡേനിയ, പല്ലേകെലെ മേഖലകളും നിശാനിയമം പ്രഖ്യാപിച്ചു.

കലാപം തടയുന്നതിൽ പരാജയപ്പെട്ടെന്നു കാണിച്ച്  ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽനിന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന നീക്കം ചെയ്തു.സാമുദായിക സംഘര്‍ഷങ്ങള്‍ അപരിചിതമായിരുന്ന ലങ്കന്‍ സമൂഹത്തില്‍ മതവിദ്വേഷത്തിന്‍റെ പുത്തന്‍ പാഠങ്ങളുമായായിരുന്നു എന്‍ടിജെയുടെ വരവ്. മുഹമ്മദ് സഹാരന്‍റെ നേതൃത്വത്തില്‍ മുസ്ലീം യുവാക്കള്‍ തീവ്രവാദപ്രസ്ഥാനത്തിന് രൂപം നല്‍കി. 2016ല്‍ രാജ്യത്തെമ്പാടും ബുദ്ധപ്രതിമകള്‍ വ്യാപകമായി നശിപ്പച്ചതോടെയാണ് എന്‍ടിജെ പ്രവര്‍ത്തകര്‍ സുരക്ഷാസേനയുടെ നോട്ടപ്പുള്ളികളായത്. 

പ്രതിമനശിപ്പിക്കലിനെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് വലിയൊരു തീവ്രവാദസംഘത്തിലേക്കായിരുന്നു, വടക്കുകിഴക്കന്‍ ലങ്കയില്‍ വന്‍തോതില്‍ ആയുധശേഖരം അന്ന് കണ്ടെത്തി.  മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിഡിയോകളും പ്രഭാഷണങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഈ സംഘത്തിനുമേല്‍ കാര്യമായ നിരീക്ഷണം പിന്നീടുണ്ടായില്ല.  സഹാരന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും അയാളെ കസ്റ്റഡിയിലെടുക്കാന്‍ കൊളംബോ സര്‍ക്കാര്‍ തയാറായില്ല. 

എന്നാല്‍ ഏഷ്യയിലെ അല്‍ ഖായിദ സാന്നിധ്യത്തെക്കുറിച്ച് പഠിക്കുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിളുടെ ഒരു കണ്ണ് പക്ഷേ എന്‍ടിജെയ്ക്ക് മേലുണ്ടായിരുന്നു. ഏഴ് ചാവേറുകള്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൂട്ടക്കുരുതിക്ക് പിന്നില്‍ എന്‍ടിജെ എന്ന താരതമ്യേന ചെറിയ സംഘമാണെന്ന് കരുതുക വയ്യ. പ്രാദേശിക തീവ്രവാദികളാണ് സ്ഫോടനങ്ങള്‍ നടപ്പാക്കിയതെങ്കിലും രാജ്യാന്ത ബന്ധം ലങ്കന്‍ സ്ഫോടനങ്ങള്‍ക്ക് പിന്നിലുണ്ടെന്നും തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മാത്രമല്ല പ്രാധേസിക തീവ്രവാദികള്‍ ക്രിസ്തീയ ദേവാലയങ്ങളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിടാനുള്ള സാധ്യതയും കുറവാണ്. 

ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖായിദ പോലുള്ള  ആോഗള തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഇത്തരം ആക്രമണങ്ങള്‍ നടത്താറ്. ബുദ്ധമതക്കാരാണ് എന്‍ടിജെയുടെ മുഖ്യശത്രു.  ക്രൈസ്തവ വിശേഷദിനത്തില്‍ പള്ളികള്‍ ആക്രമിക്കുന്നത് എന്‍ടിജെയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്നതല്ല. അതേസമയം എന്‍ടിജെയില്‍ പ്രവര്‍ത്തിച്ചവര്‍ ആഗോളതീവ്രവാദത്തിന്‍റെ  ഭാഗമാകുന്നതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു.സിറിയയിലും ഇറാഖിലുമെല്ലാം തീവ്രവാദസംഘത്തിന്‍റെ ഭാഗമായവര്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.  ഒരു മന്ത്രിസഭാംഗത്തിന്‍റെ അടുത്ത ബന്ധുപോലും തീവ്രവാദക്കേസില്‍ അറസ്റ്റിലായി.

ചാവേറാക്രമണത്തില്‍ വൈദഗ്ധ്യം നേടിയ ഒരു സംഘത്തിന്‍റെ ആസൂത്രണം ആക്രമണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമാണ്. എന്‍ടിജെ പോലൊരു ചെറു പ്രസ്ഥാനത്തിന് പ്രാപ്യമായതിലും എത്രയോ ഇരട്ടി സ്ഫോടക വസ്തുക്കളും ഈ ചാവേറുകളുടെ പക്കലുണ്ടായിരുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ആഗോളതീവ്രവാദ സംഘങ്ങളുടെ പരോക്ഷ സാന്നിധ്യത്തിലേക്ക് തന്നെയാണ്. ജിഹാദി പ്രസ്ഥാനങ്ങളുടെ ഭാഗമാകാന്‍ മധ്യപൂര്‍വദേശത്തേക്ക് പോയവര്‍ അവിടെയിരുവന്ന് ജന്മനാട്ടിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നെന്ന് വേണം കരുതാന്‍. വന്‍ സാമ്പത്തിക പിന്തുണയും പരിശീലനവും സാങ്കേതിക വിദ്യയും കൈവശമുള്ളവര്‍ക്കെ ഒരു പാളിച്ചയുമില്ലാതെ ഇത്തരം സ്ഫോടന പരമ്പര നടത്താനാവൂ. 

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ പ്രതികാരമായിരുന്നു ലങ്കന്‍ സ്ഫോടനങ്ങളെന്ന സൂചനകളുമുണ്ട്. ഇക്കാര്യം പാര്‍ലമെന്‍റില്‍ പറഞ്ഞ പ്രതിരോധമന്ത്രി റുവാന്‍ വിജയവര്‍ധനെ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് തയാറായില്ല. മാര്‍ച്ചില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഏഷ്യന്‍രാജ്യങ്ങളില്‍ വേരുറപ്പിക്കാന്‍ തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നു എന്നുകൂടിയാണ്  ലങ്കന്‍ സ്ഫോടനപരമ്പര വ്യക്തമാക്കിത്തരുന്നത്. 

ചോരപ്പുഴയൊഴുകിയ ചരിത്രമാണ് ശ്രീലങ്കയുടേത്.  മൂന്നുദശാബ്ധം നീണ്ട ആഭ്യന്തരയുദ്ധത്തിന്‍റെ മുറിവുകള്‍ ഉണങ്ങി വരുന്നതേയുള്ളൂ കുഞ്ഞന്‍ദ്വീപുരാജ്യത്ത്. സാമ്പത്തികമായി തല ഉയര്‍ത്താന്‍  പ്രധാനമായും ആശ്രയിച്ചത് വിനോദ സഞ്ചാരമേഖലയെയാണ്. വിനോദസഞ്ചാരമേഖലയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ സ്ഫോടന പരമ്പര.

ശ്രീലങ്കയെക്കുറിച്ച പറയുമ്പോള്‍ വംശഹത്യയുടെ കറുത്തനാളുകളെ അവഗണിച്ച് പോവാനാവില്ല. മൂന്നര പതിറ്റാണ്ടു നീണ്ട ആഭ്യന്തരയുദ്ധമുണ്ടാക്കിയ മുറിവുകളില്‍ നി്നന് പുറത്തുവരുന്നതേയുള്ളൂ കുഞ്ഞന്‍ ദ്വീപ് രാഷ്ട്രം. 1948ല്‍ സ്വാതന്ത്ര്യം നേടിയ ലങ്ക 1972 ലാണ് റിപ്പബ്ലിക്കായത്.  ബഹുഭൂരിപക്ഷം വരുന്ന സിംഹള ബുദ്ധമതക്കാരും ന്യൂനപക്ഷമായ ഹിന്ദു തമിഴരും തമ്മിലുള്ള സ്പര്‍ധ1980കളില്‍ ആഭ്യന്തരയുദ്ധമായി മാറി. വേലുപ്പിള്ള പ്രഭാകരന്‍റെ നേതൃത്വത്തിലുള്ള എല്‍ടിടിഇ ദ്വീപില്‍ ചോരപ്പുഴയൊഴുക്കി. കുട്ടികളെയും മുതിർന്നവരെയും നിർബന്ധിച്ച് യുദ്ധം ചെയ്യാൻ അയച്ചു . വിമത തമിഴ് നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും എൽടിടിഇ കൊലപ്പെടുത്തി.  ചാവേറാക്രമണങ്ങളിലും കുഴിബോംബ് സ്ഫോടനങ്ങളിലും ഒട്ടേറെ നിരപരാധികൾ കൊല്ലപ്പെട്ടു. ഇതിനിിടയിലെത്തിയ സൂനാമി എന്ന രാക്ഷസത്തിരകള്‍ ദ്വീപിനെ കവര്‍ന്നു.

പുലികളെ പിടിക്കാനിറങ്ങിയ ലങ്കന്‍ സേന ചെയ്തുകൂട്ടിയത് സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനങ്ങളും.സാധാരണ ജനങ്ങളെയും തമിഴ് രാഷ്ട്രീയനേതാക്കളെയും ദുരിതാശ്വാസ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും നിയമവിരുദ്ധമായി കൊന്നൊടുക്കി. 2009 മേയ് 18ന് ആയുധംവച്ചു കീഴടങ്ങിയവരടക്കം  എൽടിടിഇ പ്രവർത്തകരെ കൂട്ടത്തോടെ വധശിക്ഷയ്ക്കു വിധേയരാക്കി. യുദ്ധം അവസാനിച്ചിട്ടും മുൻ എൽടിടിഇക്കാരായ യുവാക്കളെ തടവിൽ വച്ചു ഭീകരമർദനമുറകൾക്കു വിധേയരാക്കി. സ്ത്രീകളെ വ്യാപകമായി മാനഭംഗപ്പെടുത്തി. പരാതികളുണ്ടായിട്ടും മാനഭംഗക്കുറ്റത്തിന് ഒരു സൈനികനെയും ശിക്ഷിച്ചില്ല. 2009ല്‍ വേലുപ്പിള്ള പ്രഭാകരനെന്ന പുലിത്തലവനെ കൊന്ന ലങ്കന്‍സേന വിജയം പ്രഖ്യാപിച്ചു. യുഎന് കണക്കനുസരിച്ച് അതുവരെ കൊല്ലപ്പെട്ടത് 40,000നായിരം സാധാരണക്കാരാണ്. 

സൈന്യത്തിന്റെ കുറ്റകൃത്യങ്ങൾ വർഷങ്ങളോളം ഒളിച്ചുവയ്ക്കുകയും അന്വേഷണം നടത്താതിരിക്കുകയും ചെയ്തു. ഇരകളുടെ കുടുംബങ്ങളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തി വായടപ്പിച്ചു. 2009ൽ യുദ്ധം അവസാനിക്കുന്ന ഘട്ടത്തിലെ പല ആക്രമണങ്ങളും രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുള്ളതായിരുന്നു. യുദ്ധനിരോധനമേഖലയിലെ ആശുപത്രികൾക്കും രാജ്യാന്തര ദുരിതാശ്വാസ കേന്ദ്രങ്ങൾക്കുംനേരെ പോലും  ശ്രീലങ്കൻ സൈന്യം വ്യോമാക്രമണം നടത്തി.ആഭ്യന്തരയുദ്ധകാലത്ത് നടന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് കാര്യമായ ഒരു അന്വേഷണവും നടന്നില്ല ശ്രീലങ്കയില്‍. കൊല്ലപ്പെട്ട നിരപരാധികളുടെ കുടുംബങ്ങള്‍ക്ക് നീതി ഇപ്പോഴും അകലെത്തന്നെ. യുദ്ധകാലത്ത് കാണാതായവരെക്കുറിച്ച് ഒരു വിവരവുമില്ലാത്ത നിരവധി കുടുംബങ്ങള്‍. പതിറ്റാണ്ടുകള്‍ നീണ്ട ചോരചിന്തലിന്‍റെ ആഘാതത്തില്‍ നി്നന് പുറത്തുവരാത്ത ഗ്രാമങ്ങളില്‍ക്ക് ഇന്നും വികസനം വിദൂരസ്വപ്നം മാത്രം. 

ആഭ്യന്തര കലാപകാലത്ത് അരക്ഷിതത്വവും ഭയവുമായിരുന്നു ശ്രീലങ്കൻ സമൂഹത്തെ തളർത്തിയിരുന്നതെങ്കിൽ ഇന്ന് മതതീവ്രവാദം ആ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. പുലിപ്പേടിയകന്ന ലങ്ക സാമ്പത്തിക വളര്‍ച്ചയിലേക്ക് മെല്ലെ നടന്നു തുടങ്ങിയിരുന്നു. ആഭ്യന്തരയുദ്ധം തകര്‍ത്ത ജാഫ്ന പോലുള്ള മേഖലകളുടെ പുനര്‍നിര്‍മാണത്തിന് ഇന്ത്യയും കയ്യയച്ച് സഹായിച്ചിരുന്നു. ദക്ഷിണേഷ്യയിലെ മികച്ച തുറമുഖങ്ങളിലൊന്നായി കൊളംബോ വളര്‍ന്നു. പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തിന്‍റെ ബലത്തില്‍ വിനോദസഞ്ചാരമേഖല തഴച്ചുവളര്‍ന്നു. കൊളെബോയിലെ ആഡംബര ഹോട്ടലുകള്‍ ഏഷ്യയുടെ മത്രമല്ല യൂറോപ്യന്‍ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രങ്ങളായി. 

ലോകസഞ്ചാരികള്‍ പോകാന്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്ത്ിയിലുണ്ടായിരുന്നു ശ്രീലങ്ക. മികച്ച ഗതാഗതസംവിധാനങ്ങളും ആഡംബര ഹോട്ടലുകളും അവിസ്മരണീയങ്ങളായ വനയാത്രകളും വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിച്ചു. 2009 മായി താരതമ്യം ചെയ്യുമ്പോള്‍ 2018ല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 400 ശതമാനം വര്‍ധനയാണുണ്ടായത്. 2020  ആകുമ്പോഴേക്കും പ്രതിവര്‍ഷം 40 ലക്ഷം ഞ്ചാരികളെത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. 

ഈ വളര്‍ച്ചയ്ക്കാണ് ഈസ്റ്റര്‍ ഞായറാഴ്ചയിലെ സ്ഫോടന പരമ്പര വെല്ലുവിളിയാകുന്നത്. അമേരിക്കയും ചൈനയും ഓസ്ട്രേലിയ, ദക്ഷിണകൊറിയ തുടങ്ങി നിരവധിലോക രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് ശ്രീലങ്കന്‍ യാത്രയൊഴിവാക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞിരിക്കുന്നു. ആഭ്യന്തര കലാപകാലത്ത് വിനോദസഞ്ചാരികള്‍ ഒരിക്കലും ആക്രമണത്തിന് ഇരയായിട്ടില്ല. 

അഴിമതിക്കും സ്വജനപക്ഷപാതത്തിനും മാത്രം പ്രാധാന്യം നല്‍കുന്ന രാഷ്ട്രീയ നേതൃത്വം എങ്ങനെ ഒരു രാജ്യത്തെ നശിപ്പിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് ശ്രീലങ്ക. മുന്നറിയിപ്പുകളോട് മുഖം തിരിച്ചത് മാത്രമല്ല മതവൈരമെന്ന കൊടുംവിഷത്തെ മുളയിലെ നുള്ളാന്‍ തുനിഞ്ഞില്ല എന്നതും ഭരണാധികാരികളുെ ജനവഞ്ചനയായേ കാണാന്‍ കഴിയൂ. ചോരമണക്കുന്ന പുതിയ അധ്യായങ്ങള്‍ ആ രാജ്യത്തിന്‍റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന്‍റെ ഉത്തരവാദിത്തതില്‍ നിന്ന് ശ്രീലങ്കന്‍ ഭരണാധികാരികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.

MORE IN SPECIAL PROGRAMS
SHOW MORE