പ്രസംഗവും പരിഭാഷയും പിന്നെ സുരേഷ്ഗോപിയുടെ ചില അഭിനയങ്ങളും

trolling-booth
SHARE

പ്രചാരണങ്ങള്‍ മാത്രമല്ല കുപ്രചാരണങ്ങളും വ്യപകമായ സമയമാണ് തിരഞ്ഞെടുപ്പുകാലം.  തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങുക, ഉച്ചഭാഷിണിയിലേക്കുള്ള ഫ്യൂസൂരുക, ടൈമറിട്ട് ത്രാസ് വീഴ്ത്തുക തുടങ്ങിയ പറച്ചിലുകള്‍ക്കൊന്നും ചെവി കൊടുക്കാതെ തുടങ്ങുകയാണ് തിരഞ്ഞെടുപ്പുവാഗ്ദാനങ്ങളെനോക്കി ചിരിച്ചുകൊണ്ട് ട്രോളിങ് ബൂത്ത് 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വരുമ്പോളൊക്കെ മാറ്റമില്ലാതെ നടക്കുന്ന ചിലതുണ്ട്. എസ്പിജി എന്ന സുരക്ഷാടീമിനെ വെട്ടിച്ച് ആരാധകര്‍ക്കിടയിലേക്ക് ചാടി വീഴുക, വഴിയില്‍ കാണുന്ന ചായക്കടയില്‍ കയറുക തുടങ്ങിയ രാഹുല്‍ ഷോകളാണ് അതിലൊന്ന്. മറ്റൊന്ന് പരിഭാഷ സമയത്ത് കിട്ടുന്ന എട്ടിന്‍റെ പണികളാണ്.  വര്‍ഷങ്ങളായി ഒരു വ്യത്യാസവും വരുത്താതെ ഇവയെല്ലാം ആവര്‍ത്തിക്കുന്നതെങ്ങനെയെന്ന് എത്രയാലോജിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നുമില്ല. ഇക്കുറി പിജെ കുര്യനായിരുന്നു എല്ലാത്തിനും യോഗം. തന്‍റെ  ഈ സീസണ്‍തന്നെ  തികച്ചും മോശം കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് കുര്യന്‍ജി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. രാജ്യസഭയെയൊക്കെ തന്‍റെ ചെറുവിരലില്‍ നിര്‍ത്തിയിട്ടുള്ള കുര്യച്ചായനെ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. അവരെയും കുറ്റംപറഞ്ഞട്ട് കാര്യമില്ല.

പ്രാസംഗികന്‍ പറഞ്ഞതിന്‍റെ പകുതിമാത്രം കേള്‍വിക്കാരിലെത്തിക്കുന്ന പരിഭാഷക്കാരേക്കാള്‍ അപകടകാരികളാണ് പ്രാസംഗികന്‍ പറയാത്ത കാര്യംവരെ തന്‍റെ പോക്കറ്റില്‍നിന്ന് വാരിവിതറുന്ന ആവേശക്കാര്‍. അവര്‍ക്കുപക്ഷേ കൈയ്യടിയാണ് സമ്മാനം. പാവം പിജെ കുര്യന്‍. തിരഞ്ഞെടുപ്പിലും സീറ്റില്ല, ഇനി അങ്ങോട്ട് പ്രസംഗവേദിയിലും 

മുന്‍മന്ത്രിയുടെ കേരള കോണ്‍ഗ്രസ് നേതാവുമായ പിജെ ജോസഫിന് നിരവധി വീക്നസുകളുണ്ട്. കൃഷി പിടിവാശി സംഗീതം എന്നിവ അവയില്‍ ചിലതുമാത്രമാണ്. എഴുപത്തിയഞ്ചാവം വയസിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന മനസിനുടമ. ഏത് പ്രതിസന്ധിയേയും ചിരിച്ചുകൊണ്ടു നേരിടുന്ന പിജെ മികച്ച സ്റ്റേജ് പെര്‍ഫോര്‍മറാണ്. നിയമസഭ സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ മികച്ച പാട്ടുകാരനായി നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസുകാര്‍ക്കിടയിലെ കവി, കവികള്‍ക്കിടയിലെ കേരള കോണ്‍ഗ്രസുകാരന്‍. തന്‍റെ പബ്ലിസിറ്റി നിലവാരം മലനാട് കഴിഞ്ഞും പറക്കണമെന്ന ആഗ്രഹത്തില്‍ പിജെ ജോസഫ് ഒരു പാട്ടെഴുതി. ഈ തൊടുപുഴക്കാരന്‍ വിചാരിച്ചതിലും വൈറലായ ആ പാട്ട് സാക്ഷാല്‍ രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലാണ് ചെന്നുതറച്ചത്. 

പരിഭാഷയും പാട്ടും കഴിഞ്ഞു. ഇനി അഭിനയമാണ്. അണിയറയില്‍ സുരേഷ് ഗോപി മേക്കപ്പിടുന്നുണ്ട്. അതിനുമുമ്പായി ചെറിയ ഇന്‍റര്‍മിഷന്‍

തിരഞ്ഞെടുപ്പു ട്രാക്കില്‍ വൈകി ഓടിത്തുടങ്ങിയ സുരേഷ് ഗോപി  മികച്ച നടനാണ് താനെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്.  അഞ്ചുപൈസാമുടക്കില്ലാത്ത പ്രചാരണ വേലകളിലൂടെ വോട്ടര്‍മാര്‍ക്കിടയില്‍ സംസാരവിഷയമാകാന്‍ താര പരിവേഷത്തിലൂടെ ഈ നടന് കഴിഞ്ഞു. തേക്കിന്‍കാട് മൈതാനത്ത് രണ്ടാമത്തെ പ്രസംഗത്തിനായി കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തി. ആദ്യ ദിവസം ഇതേ വേദിയില്‍നിന്ന് അയ്യനെ വിളിച്ചതിന് തിരഞ്ഞെടുപ്പുകമ്മിഷന്‍ മഞ്ഞക്കാര്‍ഡ് കാട്ടിയിരുന്നു. അതിനാല്‍ ഭക്തിയുടെ തോത് അല്‍പ്പം കുറച്ചിട്ടുണ്ട്. എന്നാല്‍ മുഖത്ത് മാറി വിരിയുന്ന ഭാവത്തിന് തെല്ലും കുറവുണ്ടായിരിക്കുന്നതല്ല.

സുരേഷ് വീടുവയ്ക്കാന്‍ പറ്റിയ സ്ഥലം വോട്ടര്‍മാര്‍ക്ക് നിര്‍ദേശിക്കാവുന്നതാണ് . വോട്ടു ചോദിച്ച് നടക്കുന്ന കൂട്ടത്തില്‍ ഒരു കണ്ണ് തൃശൂരിലെ മണ്ണിലും ഈ സ്ഥാനാര്‍ഥിക്കുണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ. വേറെ എവിടെയുമില്ല ഇതുപോലെ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്‍ സ്ഥാനാര്‍ഥി 

ട്രോളാകാനുള്ള സ്ഥാനാര്‍ഥികളുടെ മല്‍സരത്തില്‍ തൃശൂരില്‍നിന്നുള്ള സുരേഷ് ഗോപിയാണോ എറണാകുളത്തുനിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനമാണോ ജയിക്കുക എന്ന് പറയാന്‍ ഒരു സര്‍വേക്കാരും തയ്യാറായിട്ടില്ല. ഒരോ ദിവസവും മികച്ച പ്രകടനത്തോടെ ഒരാള്‍ മറ്റൊരാളെ പിന്നിലാക്കുകയാണ്. ട്രോള്‍ മി ചലഞ്ച് എന്നപേരില്‍ മല്‍സരം തന്നെ സംഘടിപ്പിച്ചിട്ടുണ്ട് കണ്ണന്താനം.  മുന്‍ ഐഎഎസുകാരന്‍ സ്വയം ട്രോളാവുന്നതാണോ അതോ നമ്മളെ ട്രോള്‍ ചെയ്യുന്നതാണോയെന്ന് തിരഞ്ഞെടുപ്പുകമ്മീഷനുപോലും മനസിലായിട്ടില്ല.

പൊതുജനശ്രദ്ധ ആഗ്രഹിക്കുന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മോദി സിന്‍ഡ്രോം ബാധിക്കുന്ന ഇക്കാലത്ത് കണ്ണന്താനം ഇങ്ങനെയായതില്‍ തെല്ലും അല്‍ഭുതമില്ല.  ഒാട്ടം ചാട്ടം യോഗ തുടങ്ങിയ കലാപരിപാടികളിലാണ് കണ്ണന്താനം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്‍സരിക്കന്നത് ഒളിംപിക്സിലേക്കല്ല ലോക്സഭയിലേക്കാണെന്ന് ഇടക്കൊക്കെ അല്‍ഫോന്‍സ് ഓര്‍ക്കുന്നത് നന്നായിരിക്കും.

പത്തനംതിട്ട ജില്ലയില്‍ നിലവില്‍ രണ്ടു ദൈവങ്ങളാണുള്ളത്. ഒന്ന് കലിയുഗ വരദന്‍. രണ്ട് ആ കാനന വാസനെ രക്ഷിക്കാന്‍ അവതരിച്ച ഉള്ളിയേരി ദൈവം. രണ്ടുപേരും തമ്മിലുള്ള വ്യത്യാസം ഒരാള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല മറ്റയാള്‍ മല്‍സരിക്കുന്നുണ്ട് എന്നതാണ്. പത്തനംതിട്ടയില്‍ ജയിക്കുക എന്നതിനേക്കാള്‍ വലിയ വെല്ലുവിളിയായിരുന്നു മല്‍സരിക്കാന്‍ ആ സീറ്റ് ബിജെപിയില്‍ നേടിയെടുക്കുക എന്നത്. ആദ്യ കടമ്പ കടന്ന കെ സുരേന്ദ്രന്‍ രണ്ടാമത്തെ മതില്‍ ചാടിക്കടക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

MORE IN SPECIAL PROGRAMS
SHOW MORE