ട്രോളുകൾക്ക് ഇത് ചാകരക്കാലം; ഗ്രൂപ്പുകളുടെ അണിയറ കഥകൾ

troll-manifesto
SHARE

എത്ര മനോഹരമായാണ് ട്രോളുകള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് നവമാധ്യമങ്ങളില്‍ ട്രോളുകളാണ് താരപ്രചാരകര്‍. ചുവരെഴുത്തുകള്‍, സൈബര്‍ എഴുത്തുകളിലേക്ക് കളം മാറി. നവമാധ്യമങ്ങള്‍ നിര്‍ണായക ശക്തിയാകാന്‍ പോകുന്ന തിരഞ്ഞെടുപ്പാണിത്. സോഷ്യല്‍ മീഡിയയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ എന്തെല്ലാമാണ് ? 

സോഷ്യല്‍മീഡിയയുടെ വളര്‍ച്ചയോടൊപ്പം തന്നെ വളര്‍ന്നുപന്തലിച്ച കലാരൂപമാണ് ട്രോളുകള്‍. നര്‍മ്മഭാവനയ്ക്കൊപ്പം ഒരു അടിക്കുറുപ്പും ചേര്‍ത്ത് ആശയം പങ്കുവെച്ചവരെ നമ്മള്‍ ട്രോളന്‍മാര്‍ എന്നുവിളിച്ചു. ഇന്ന് പക്ഷേ അത്ര നിഷ്കളങ്കമല്ല ട്രോളുകള്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിരവധി ട്രോള്‍ ഗ്രൂപ്പുകളുണ്ട്. രാഷ്ട്രീയ ട്രോളുകള്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് വലിയൊരു പ്രചാരണ ആയുധമായി മാറിക്കഴിഞ്ഞു. അതെ, ട്രോളന്‍മാര്‍ പോളിങ് ബൂത്തിലെത്തുകയാണ്. 

എല്ലാവര്‍ക്കും കൗതുകമുണ്ട് ഒരു ട്രോള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നറിയാന്‍. ഫെയിസ്ബുക്കിലും ട്വിറ്ററിലും വൈറലാകുന്ന ട്രോളുകള്‍ക്ക് പിന്നില്‍ ഒരുകൂട്ടം ചെറുപ്പക്കാരാണ്. കൃത്യമായ രാഷ്ട്രീയം ആശയവിനിമയം ചെയ്യാന്‍ അവര്‍ ചില മൊബൈല്‍ ടൂളുകളും മീമുകളും ഉപയോഗിക്കുന്നു. ഒരു രാഷ്ട്രീയ ട്രോള്‍ ഉണ്ടാകുന്നത് എങ്ങനെ.

ചില ട്രോള്‍ ഗ്രൂപ്പുകളുടെ അണിയറ വിശേഷങ്ങളാണ്. നിരവധി കോണ്‍ഗ്രസ് അനുകൂല ട്രോള്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. അതിലൊന്നാണ് ഓള്‍ റൗണ്ടര്‍ ട്രോളേഴ്സ്. വൈറലാകുന്ന പോസ്റ്റുകളെക്കുറിച്ചും ന്യായീകരണതൊഴിലാളികളെക്കുറിച്ചും അവര്‍ മനസുതുറക്കുകയാണ്. 

സൈബര്‍ ഇടത്തില്‍ ട്രോള്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു മല്‍സരം തന്നെ നടക്കുന്നുണ്ട്. നവമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന് അനുകൂലമായി നിരന്തരം ട്രോളുകള്‍ ഇറക്കുന്ന ഗ്രൂപ്പുകളില്‍ ഒന്നാണ് സൈബര്‍ ട്രോളേഴ്സ്. തിരഞ്ഞെടുപ്പുകാലത്ത് ഇവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവെയ്ക്കാനുണ്ട്. സൈബര്‍ ട്രോളേഴ്സിന്റെ വിശേഷങ്ങള്‍ കണ്ടുവരാം..

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളിലൂടെയാണ് ഇത്തവണ സോഷ്യല്‍ മീഡിയ പ്രചാരണം കടന്നുപോകുന്നത്. സ്ഥാനാര്‍ഥികളും അണികളുമെല്ലാം വാള്‍പോസ്റ്റുകളും സംവാദങ്ങളുമായി ഫെയിസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സജീവമാണ്. ഇത്തവണ എത്ര മണ്ഡലങ്ങളില്‍ ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ നവമാധ്യമങ്ങള്‍ക്ക് കഴിയും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തിരഞ്ഞെടുപ്പുകാലം സൈബര്‍ഇടത്തില്‍ വ്യാജവാര്‍ത്തകളുടെ ചാകരക്കാലം കൂടിയാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജനെ ഇറക്കി എന്തെല്ലാം ഗിമ്മിക്കുകളാണ് ടൈംലൈനുകളില്‍ നടക്കുന്നത്. ഇതിനൊപ്പം വര്‍ഗീയ പ്രചാരണവും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വാളുകളില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ ദുരൂഹമായ മറ്റൊരു മുഖം വ്യക്തമാകും.

പൂച്ചയ്ക്കാര് മണികെട്ടും എന്നുചോദിക്കുന്നത് പോലെയാണ് നവമാധ്യമങ്ങളെ ആര് നിയന്ത്രിക്കും എന്ന ചോദ്യം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷനും പ്രത്യേക പെരുമാറ്റച്ചട്ടങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമില്ലാത്ത സൈബര്‍ വാര്‍ത്താ പ്രളയത്തില്‍ ഇതെത്രമാത്രം ഫലപ്രദമാകും എന്ന് കണ്ടുതന്നെ അറിയണം.

ദേശീയ രാഷ്ട്രീയം ഇതുവരെ കാണാത്ത സൈബര്‍ യുദ്ധത്തിനാണ് ഈ തിരഞ്ഞെടുപ്പ് കാലം സാക്ഷ്യംവഹിക്കുന്നത്. ഇതിന്റെ ഫലമെന്തായാലും സോഷ്യല്‍മീഡിയ പ്ളാറ്റ്ഫോമില്‍ അത് വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നുറപ്പ്. ട്രോള്‍ മാനിഫെസ്റ്റോയില്‍ നിന്ന് ലോഗ്–ഔട്ട് ചെയ്യുകയാണ്.

MORE IN SPECIAL PROGRAMS
SHOW MORE