ഇന്ദിരാവിളികള്‍ക്ക് അപ്പുറം പ്രിയങ്ക ഗാന്ധി; പ്രതീക്ഷ; വെല്ലുവിളികള്‍

priyanka-gandhi4
SHARE

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നടുമുറ്റത്ത് ഇനി ഈ ആര്‍പ്പുവിളികളുടെ ഉടമ കൂടിയുണ്ട്. അണികളുയര്‍ത്തിയ ഇന്ദിരാവിളികളുടെ ഇടയിലൂടെ, പതിറ്റാണ്ടുകള്‍ നീണ്ട ആകാംക്ഷകള്‍ വകഞ്ഞുമാറ്റി പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഉദയം ചെയ്തിരിക്കുന്നു. രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത മരണത്തിന് തൊട്ടുപിന്നാലെ തുടങ്ങിയ ചര്‍ച്ചകളുടെയും അഭ്യൂഹങ്ങളുടെയും ഒത്ത ക്ലൈമാക്സ്. രാജീവിന് ശേഷം പാര്‍ട്ടി പിളരാതെ നയിക്കാന്‍ ആരുണ്ട് എന്ന ചോദ്യത്തിന്, അന്ന് എല്ലാവരും പറഞ്ഞ ഉത്തരം പ്രിയങ്ക എന്നു മാത്രമായിരുന്നു. പില്‍ക്കാലത്ത് പാര്‍ട്ടിയില്‍ ഒന്നാമനായ രാഹുല്‍ ഗാന്ധി എന്ന പേര് ഉയര്‍ന്ന് കേള്‍ക്കാതിരുന്ന കാലം. പക്ഷേ പ്രിയങ്ക തിരഞ്ഞെടുത്തത് കുടുംബജീവിതം. റോബര്‍ട്ട് വാധ്ര എന്ന ബിസിനസ്സുകാരന്റെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായി അവര്‍ ഒതുങ്ങിക്കൂടി. സംഭവഭരിതമായ രാഷ്ട്രീയത്തില്‍ അമ്മയും സഹോദരനും കളം നിറഞ്ഞിട്ടും പ്രിയങ്ക അതിന് മുതിര്‍ന്നില്ല. ഗാന്ധി കുടുംബത്തിന്‍റെ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വന്നുമടങ്ങുന്ന സ്നേഹനിര്‍ഭരമായ സാന്നിധ്യം മാത്രമായി പ്രിയങ്കയുടെ രാഷ്ട്രീയം. പക്ഷേ ആ ചെറിയ നേരങ്ങള്‍ മതിയായിരുന്നു രാജ്യ ജനതയ്ക്ക് അവര്‍ പ്രിയങ്കരിയാകാന്‍. 

സാധാരണക്കാരോടുള്ള ഊഷ്മളമായ ഇടപെടലുകളിലും ചെറുപ്രസംഗങ്ങളിലും ഒരു ജനനേതാവിന്റെ ഒളിമിന്നലുകള്‍ രാജ്യം കണ്ടു. ഹ്രസ്വമായ ആ സന്ദര്‍ശനങ്ങളില്‍‌ അവര്‍ ജനങ്ങളുടെ മനംകവര്‍ന്നു. മുത്തശി ഇന്ദിരാഗാന്ധിയുമായുള്ള രൂപസാദൃശ്യം അണികളുടെ വാക്കുകളിലും മാധ്യമങ്ങളിലും നിറഞ്ഞുകവിഞ്ഞു. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഇന്ദിരയുടെ ഹെയര്‍സ്റ്റൈലും ഒപ്പം മായാത്ത പുഞ്ചിരിയുമായെത്തിയ പ്രിയങ്ക, ഇന്ദിര പ്രിയദര്‍ശിനിയെ ഓര്‍മിപ്പിച്ചു. ചെറുതെങ്കിലും ആ ഉറച്ചവാക്കുകളും ഇന്ദിരയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. 

പല ഘട്ടങ്ങളില്‍ പലതവണ ചോദിച്ചെങ്കിലും പ്രിയങ്കയുടെ രാഷ്്ട്രീയ പ്രവേശത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയും മൗനം പാലിച്ചു. പക്ഷേ മുറിവുകളേറെ ഒരുമിച്ച് നേരിട്ട ചേട്ടനും അനിയത്തിയും തമ്മിലുള്ള ആത്മബന്ധം ആഴമേറിയതായിരുന്നു. അമേഠിയിലടക്കം രാഹുലിന്‍റെ കൈപിടിച്ചെത്തുന്ന പ്രിയങ്കയുടെ ചിത്രം അത് വ്യക്തമാക്കി. ആവശ്യം വരുമ്പോള്‍ കുറിക്കുകൊള്ളുന്ന മറുപടികള്‍ ബിജെപിക്ക് നല്‍കാന്‍ ഈ രാഷ്ട്രീയ രഹിത ഘട്ടങ്ങളിലും പ്രിയങ്ക മടിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പ്രിയങ്കയുടെ നാവിന്‍റെ മൂര്‍ച്ചയറിഞ്ഞു. പ്രിയങ്ക മകളെപ്പോലെയാണെന്ന് പറഞ്ഞ മോദിക്ക് താന്‍ രാജീവിന്റെ മകളാണെന്ന തലയെടുപ്പുള്ള മറുപടി നല്‍കി പ്രിയങ്കാ ഗാന്ധി.

കോണ്‍ഗ്രസ് പല തോല്‍വികള്‍ കണ്ട പതിറ്റാണ്ടുകള്‍. പല പ്രതിസന്ധികളിലൂടെ കടന്നുപോയ രാഷ്ട്രീയ കാലാവസ്ഥ. രാജ്യത്തിന്റെ ഭരണവും പാരമ്പര്യം ഏറെയുള്ള പാര്‍ട്ടിക്ക് കൈമോശം വന്നു. ഒടുവില്‍ മറ്റൊരു നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ പ്രിയങ്കയോട് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. കോണ്‍ഗ്രസിനൊപ്പം രാജ്യവും അതി നിര്‍ണ്ണായകമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെ കടന്നുപോകുന്ന നേരത്ത് പ്രിയങ്ക ഗാന്ധിയുടെ വരവിന് ഔദ്യോഗിക പ്രഖ്യാപനമായി.  

പിന്നാലെ മാധ്യമങ്ങളില്‍ പ്രിയങ്ക നിറഞ്ഞു. മറ്റൊരു നേതാവിന്‍റെയും വരവിനെ അടുത്തകാലത്ത് മാധ്യമങ്ങള്‍ ഇത്ര ആഘോഷിട്ടിട്ടുണ്ടാവില്ല. പഴയ പ്രതാപകാലം സ്വപ്നം കാണുന്ന് കോണ്‍ഗ്രസ് അണികള്‍ക്ക്, വീണ്ടും ഇന്ത്യയുടെ ഭരണചക്രത്തിലേക്ക് തിരികെയെത്താന്‍ പാടുപെടുന്ന കോണ്‍ഗ്രസിന്റെ നേതൃനിരയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ ഊര്‍ജ്ജ സ്രോതസ്സായി പ്രിയങ്ക. 

രാഷ്ട്രീയ എതിരാളികളും പ്രിയങ്കയുടെ വരവില്‍ ഒട്ടൊന്ന് അസ്വസ്ഥമായതുപോലെ തോന്നി. നരേന്ദ്രമോദിയടക്കം ബിജെപിയുടെ തലമുതിര്‍ന്നവരെല്ലാം തൊട്ടുപിന്നാലെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തി. മറ്റാര്‍ക്കും കേള്‍ക്കേണ്ടി വരാത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിന്‍റെ പുതിയ ജനറല്‍ സെക്രട്ടറിയെ കാത്തിരുന്നത്. പ്രിയങ്കയുടെ മനോനില മുതല്‍ വസ്ത്രധാരണം വരെ ചര്‍ച്ചയായി. ഗാന്ധിമാരുടെ അഥവാ കുടുംബവാഴ്ചയുടെ പിന്തുടര്‍ച്ചക്കാരി, വാധ്ര അഥവാ കള്ളപ്പണക്കാരന്‍റെ ഭാര്യ, സഹോദരനെ നാണക്കേടില്‍ നിന്ന് രക്ഷിക്കാനെത്തിയവള്‍... വിളിപ്പേരുകള്‍ പലതായിരുന്നു. ബിജെപി പ്രിയങ്കയെ വെറുതെ വിട്ടില്ല. പക്ഷേ ആദ്യ ദിനം തന്നെ വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കി പ്രിയങ്ക ഗാന്ധി വാധ്ര എന്ന സഹപ്രവര്‍ത്തകരുടെ പിജിവി. കള്ളപ്പണക്കേസില്‍ ആരോപണവിധേയനായ ഭര്‍ത്താവിനൊപ്പം ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ലേക്കുള്ള അവരുടെ വരവ് കൃത്യമായ സന്ദേശമായിരുന്നു. തന്‍റെ കുടുംബജീവിതത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള ഉത്തരം, ഒപ്പം വാധ്രയ്ക്കെതിരായ കേസ് തന്നോടുള്ള രാഷ്ട്രീയ വൈരം തീര്‍ക്കലാണെന്ന് അണികളോട് തുറന്നു പറയല്‍. റോബര്‍ട്ട് വാധ്ര എന്‍റെ ഭര്‍ത്താവാണ്. ഞാന്‍ അദ്ദേഹത്തിനൊപ്പം ഉറച്ചു നില്‍ക്കുന്നു. ഉറച്ചുപറഞ്ഞുകൊണ്ടാണ് പ്രിയങ്ക എഐസിസി ഓഫീസിലേക്ക്, കാത്തിരിക്കുന്ന വലിയ ചുമതലകളിലേക്ക് ചുവടുവച്ചത്. ഭര്‍ത്താവിനെതിരായ കള്ളപ്പണക്കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അവര്‍ ഒളിച്ചോടിയില്ല 

പ്രിയങ്കയോടുള്ള തന്‍റെ കരുതലും സ്നേഹവും വ്യക്തമാക്കി വാധ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റുമെത്തി. സുഹൃത്ത്, ഭാര്യ, അമ്മ എന്നീ റോളുകളില്‍ പ്രിയങ്കയ്ക്ക് നൂറു മാര്‍ക്കും നല്‍കി ഭര്‍ത്താവ്. വാധ്ര കേസില്‍ പാര്‍ട്ടിയും പ്രിയങ്കയ്ക്കൊപ്പം നിന്നു. റോബര്‍ട്ട് വാധ്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും സഹോദരീ ഭര്‍ത്താവിന്‍റെ പേരുപറയാന്‍ കൂട്ടാക്കാതിരുന്ന രാഹുല്‍ ഗാന്ധിയും ഇക്കുറി നിലപാട് മാറ്റി. 

കള്ളപ്പണക്കാരോട് വിട്ടുവീഴ്ചയില്ലെന്നും വാധ്രയെന്ന സോണിയയുടെ മരുമകനെ ജയിലലയക്കുമെന്നും ബിജെപി ആവര്‍ത്തിച്ചെങ്കിലും സഹോദരങ്ങള്‍ കുലുങ്ങിയില്ല. അഴിമതിവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി വാധ്ര കുടുംബത്തെ ആക്രമിക്കാന്‍ കരുതിയിരുന്ന നരേന്ദ്രമോദിക്ക് റഫാലിലൂടെ ഒരുമുഴം മുന്നേ എറിഞ്ഞു രാഹുല്‍ ഗാന്ധി. 

പക്ഷെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വൈകിച്ചത് റോബര്‍ട്ട് വാധ്രയ്ക്കെതിരായ ആരോപണങ്ങളാണ് എന്നത് വലിയ സത്യമായി അപ്പോഴും ബാക്കി കിടന്നു. ബിജെപി ആക്ഷേപിക്കുന്ന പോലെ രാഹുല്‍ പരാജയപ്പെട്ടതുകൊണ്ടാണോ പ്രിയങ്കയെ പാര്‍ട്ടി കളത്തിലിറക്കിയത്..? രാഹുല്‍ വന്ന സമയമല്ല ഇത്. കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ സ്ഥാനം തിരികെ പിടിച്ചിരിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലത്തോടെ രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയും തള്ളിക്കളയാനാവില്ലെന്ന് ബിജെപിയും പ്രതിപക്ഷ നിരയിലെ സുപ്രധാന കക്ഷികളും തിരിച്ചറിയുന്നു. രാഹുലിനൊപ്പം മുഖ്യപ്രതിപക്ഷത്തെ നയിക്കാനുള്ള കെല്‍പ് തനിക്കുണ്ടെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു പ്രിയങ്കയ്ക്ക്. 

പാര്‍ട്ടിയില്‍  തീര്‍ത്തും ദുഷ്കരമായ ദൗത്യമാണ് രാഹുല്‍, കന്നിക്കാരിയായ പ്രിയങ്കയെ ഏല്‍പിച്ചത്. കോണ്‍ഗ്രസിന്‍റെ അടിത്തറയിളകിയ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുക. കൂട്ടിന് ജ്യോതിരാദിത്യസിന്ധ്യ എന്ന യുവനേതാവും.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഉത്തര്‍പ്രദേശിലേക്കുള്ള ആദ്യവരവ് തന്നെ പരമാവധി വലിയ ശക്തിപ്രകടനമാക്കാന്‍ കോണ്‍ഗ്രസിനായി. പിസിസി നേതൃത്വം അതിനായി കയ്യും മെയ്യും മറന്ന് രംഗത്തിറങ്ങി. ലക്നൗ നഗരത്തിലൂടെ രാഹുലിനും ജ്യോതിരാദിത്യയ്ക്കുമൊപ്പം റോഡ് ഷോ നടത്തിയ പ്രിയങ്ക നേതാക്കള്‍ക്കിടയില്‍ തിളങ്ങി നിന്നു. ജനക്കൂട്ടം പ്രിയങ്ക വിളികളുമായി വാഹനത്തിന് ചുറ്റും തടിച്ചുകൂടി. പിങ്ക് നിറമുള്ള പ്രിയങ്ക ടീ ഷര്‍ട്ടുകള്‍ ധരിച്ച ചെറുപ്പക്കാര്‍ നൃത്തം വച്ചു. 

മൂന്നുദിവസം സംസ്ഥാനത്ത് തങ്ങിയ അവര്‍ 16 മണിക്കൂര്‍ വരെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരുമായി സംസാരിച്ച് കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കി. 1951ലെ 388 സീറ്റെന്ന നിലയില്‍ നിന്ന് വെറും 7 സീറ്റിലെത്തി നില്‍ക്കുന്നു നിയമസഭയില്‍ പാര്‍ട്ടിയുടെ സ്ഥിതി. ലോക്്സഭയില്‍ കയ്യിലുള്ളത് ഗാന്ധി കുടുംബത്തിന്‍റെ സ്ഥിരം മണ്ഡലങ്ങളായ അമേഠിയും റായ് ബറേലിയും മാത്രം. സംഘടന സംവിധാനങ്ങള്‍ തീര്‍ത്തും ദുര്‍ബലം. താഴെ തട്ടിലുള്ള കമ്മിറ്റികളെല്ലാം നിര്‍ജീവം. കീഴോട്ടുവളര്‍ന്ന പാര്‍ട്ടിയെ വെള്ളവും വളവുമിട്ട് വളര്‍ത്തിയെടുക്കുക എന്നതാണ് പ്രിയങ്കയുടെ ആദ്യ രാഷ്ട്രീയ ദൗത്യം. ഈ തിരഞ്ഞെടുപ്പിലാകില്ല പ്രിയങ്കയുടെ യഥാര്‍ത്ഥ ദൗത്യം. യുപിയില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കാതെ പ്രിയങ്കയ്ക്ക് വിശ്രമമില്ലെന്ന രാഹുലിന്റെ പ്രഖ്യാപനത്തിലുണ്ട് കോണ്‍ഗ്രസിന്റെ മനസ്സിലെ തിരക്കഥ. ഇക്കുറിയാകട്ടെ ജനങ്ങളെ ആകര്‍ഷിക്കാനുള്ള അവരുടെ വ്യക്തിത്വത്തെ ഉപയോഗിക്കാനാകും പാര്‍ട്ടി ലക്ഷ്യമിടുക. രാജ്യത്തിന്‍റെ ഹൃദയം പിടിക്കാനുള്ള തുറുപ്പുചീട്ടായി പ്രിയങ്ക മാറുന്നത് അവിടെയാണ്.

കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് സമാജ്‌‌വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും ബിഎസ്പിയുടെ മായാവതിയും പ്രഖ്യാപിച്ച ഉടനാണ് ഉത്തര്‍പ്രദേശ് പാര്‍ട്ടിയെ പ്രിയങ്കയുടെ കയ്യില്‍ ഏല്‍പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അമേഠിയും റായ്ബറേലിയും കേന്ദ്രീകരിച്ചായിരുന്നു മുന്‍കാല പ്രവര്‍ത്തനങ്ങളെങ്കിലും ഉത്തര്‍പ്രദേശിന്‍റെ സ്പന്ദനം നന്നായി അറിയുന്ന നേതാവാണ് പ്രിയങ്ക ഗാന്ധി. മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും  വല്യമ്മായി വിജയലക്ഷ്മി പണ്ഡിറ്റിന്‍റെയും മണ്ഡലമായ ഫുല്‍പൂരടക്കം അവര്‍ക്ക് നന്നായി അടുത്തറിയാം. വ്യക്തിപ്രഭാവം വോട്ടായി മാറുമോയെന്നാണ് ഇനി പ്രിയങ്ക തെളിയിക്കേണ്ടത്. ആ വെല്ലുവിളിയാണ് പ്രിയങ്ക തിരിച്ചറിയേണ്ടതും. മൂന്നു ദശാബ്ദമായി കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വോട്ടര്‍മാരെ പാര്‍ട്ടിയിലേക്കെത്തിക്കാന്‍ എന്തു മന്ത്രങ്ങള്‍ പുറത്തെടുക്കും എന്നത് തന്നെയാണ് ഉയരുന്ന ചോദ്യം. 

വനിതാ നേതാക്കളിലാണ് പ്രിയങ്കയുടെ വരവ് കൂടുതല്‍ ആവേശമുണ്ടാക്കിയിട്ടുള്ളത്. സ്ത്രീകളോട് പ്രത്യേക പരിഗണനയും വാല്‍സല്യവും കാണിക്കുന്നതില്‍ ഇന്ദിര ഗാന്ധിയെപ്പോലെയാണ് പ്രിയങ്കയും. ഗ്രാമീണ സ്ത്രീകളെ പെട്ടെന്ന് കയ്യിലെടുക്കാന്‍ കഴിയുന്ന പെരുമാറ്റം. ഒപ്പം യുവാക്കളെയും. 

കിഴക്കന്‍ യുപിയുടെ ചുമതല തന്നെ പ്രിയങ്കയ്ക്ക് നല്‍കിയതിലും ഒരു രാഷ്ട്രീയമുണ്ട്. 2014ല്‍ ബിജെപിക്കൊപ്പം നിന്ന മേഖലകളാണ് അവ. നരേന്ദ്രമോദിയുടെ വാരാണസിയും യോഗി ആദിത്യനാഥിന്‍റെ ഗോരഖ്പൂരുമെല്ലാം ഇതില്‍പ്പെടും. ബിജെപിയുടെ വളര്‍ച്ചയ്ക്ക് സവര്‍ണവോട്ട് നിര്‍ണായകമായ മേഖല. സിസിസിഡിഎസ് സര്‍വെ പ്രകാരം 72 ശതമാനം ബ്രാഹ്മണരും 77 ശതമാനം രജപുത്രരും 71 ശതമാനം വൈശ്യരും 79 ശതമാനം മറ്റുള്ളവരും  ബിജെപിക്കൊപ്പം നിന്നു കിഴക്കന്‍ ഉത്തര്‍പ്രദേശില്‍. മണ്ഡല്‍ റിപ്പോര്‍ട്ടിനും അയോധ്യക്കും മുന്‍പ് കോണ്‍ഗ്രസിനൊപ്പം നിന്ന പ്രദേശം കൂടിയാണ് ഇത്. പക്ഷേ ഇന്ന് സാമൂഹ്യ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലടക്കം ബിജെപിയുടെ നിലപാടിനോട് സവര്‍ണര്‍ക്ക് ഇപ്പോള്‍ വിയോജിപ്പുണ്ട്. ബിജെപി അല്ലെങ്കില്‍, കോണ്‍ഗ്രസ് ആണ് അവര്‍ക്കു മുന്നിലുള്ള മറ്റൊരു പാര്‍ട്ടി. സവര്‍ണ ജാതി ചിന്ത ശക്തമായ സംസ്ഥാനത്ത് രൂപത്തിലും ഭാവത്തിലും അവര്‍ക്ക് സ്വീകാര്യയാവും പ്രിയങ്ക. താന്‍ ബ്രാഹ്മണനാണെന്ന രാഹുലിന്‍റെ പ്രഖ്യാപനവും ഇതേ വോട്ട് ബാങ്കിനെ ലക്ഷ്യം വച്ചായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തെ തന്ത്രപരമായി ഉപയോഗിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞാല്‍ ഒരു പരിധിവരെ വിജയം വരുമെന്നാണ് കണക്കുകൂട്ടല്‍. 

അതേസമയം എസ്പി, ബിഎസ്പി വോട്ട് ബാങ്കുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമോയെന്നതും വലിയ ചോദ്യമാണ്. സവര്‍ണവിഭാഗത്തിന്‍റെ പ്രതിനിധിയെന്ന പ്രതീതിയുള്ള നേതാക്കള്‍ക്ക് പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത കുറവാണ് സംസ്ഥാനത്ത്. എന്നാല്‍ സാധാരണക്കാരായ ജനങ്ങളോട് എളുപ്പത്തില്‍ ഇടപഴകാന്‍ കഴിയുന്ന പ്രിയങ്ക ഗാന്ധി ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും പെട്ടെന്ന് സ്വീകാര്യയാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്. കുടുംബരാഷ്ട്രീയം അവര്‍ക്കും ശീലമായിരിക്കുന്നു. മുലായത്തിനു പിന്നാലെ വന്ന മകന്‍ അഖിലേഷിനെ അവര്‍ അംഗീകരിച്ചത് ഉദാഹരണം.  

സ്വന്തം നിലയില്‍ വ്യക്തിപ്രഭാവം സൃഷ്ടിച്ചെടുത്ത നേതാക്കളുടെ ഒരുകൂട്ടമാണ് എതിര്‍പാളയങ്ങളില്‍ പ്രിയങ്കയെ കാത്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. നരേന്ദ്രമോദിയും യോഗി ആദിത്യനാഥും മായാവതിയും തുടങ്ങി സ്വയം ഉയര്‍ന്നുവന്ന നേതാക്കളോട് കിടപിടിക്കാന്‍ എന്തുണ്ട് പ്രിയങ്കയ്ക്ക് എന്ന ചോദ്യവും നിരീക്ഷകര്‍ ഉയര്‍ത്തുന്നു. ഹിന്ദുത്വവികാരം ശക്തമായ സംസ്ഥാനത്ത് വികസന നായകന്‍ എന്ന പ്രതിച്ഛായ കൂടിയുണ്ട് ഇതുവരെ നരേന്ദ്രമോദിക്ക്. ദലിത് വിഭാഗങ്ങളുടെ പ്രിയപ്പെട്ട നേതാവാണ് മായാവതി ഇപ്പോഴും. ഒരുകാലത്ത് കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ദലിതരെ മായാവതിയില്‍ നിന്ന് തിരികെ പിടിക്കുക എന്നതും അങ്ങനെ പ്രിയങ്കയുടെ  വെല്ലുവിളിപ്പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്. 

കഴിഞ്ഞ തിരഞ്ഞടുപ്പില്‍ സോണിയ ഗാന്ധിക്കൊപ്പം മുഴുവന്‍ ദിവസവും മണ്ഡലത്തില്‍ തങ്ങി പ്രചാരണം നടത്തി പ്രിയങ്ക. വിശ്രമം ആഗ്രഹിക്കുന്ന സോണിയ തന്‍റെ മണ്ഡലമായ റായ്ബറേലി മകള്‍ക്ക് കൈമാറുമെന്നാണ് പൊതുസംസാരം. ഇന്ദിര മുതല്‍ ഗാന്ധി കുടുംബത്തിന്‍റെ പേരുമായി ചേര്‍ത്തേ റായ്ബറേലി എന്ന നാടിനെ രാജ്യമറിയൂ. ഇന്ദിരാഗനാധിയുടെ കാലത്ത് മണ്ഡലത്തില്‍ കൊണ്ടുവന്ന വ്യാവസായിക വികസനം മുന്നോട്ടുകൊണ്ടുപോകാന്‍ സോണിയയും ശ്രമിച്ചു. പക്ഷേ പലതും ഇപ്പോള്‍ മരണത്തിന്‍റെ വക്കിലാണെന്ന വിമര്‍ശനവും ശക്തം. 

റായ് ബറേലിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം തുരങ്കം വയ്ക്കുന്നതാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. സോണിയ ഗാന്ധിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലിന് അവരുടെ മണ്ഡലത്തെ ബിജെപി  ബലിയാടാക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ മറുപടി. യുവത്വത്തിന്‍റെ ചുറുചുറുക്കുമായെത്തുന്ന പ്രിയങ്കയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് ഈ മണ്ഡലം. രാജ്യത്തിന്‍റെ ഹൃദയമാണ് ഉത്തര്‍പ്രദേശ്. ഹൃദയംപിടിക്കുന്നവര്‍ ഡല്‍ഹി പിടിക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന് ഈ വലിയ ദൗത്യം പൂര്‍ത്തിയാക്കാന്‍ പ്രിയങ്കയ്ക്കാവില്ലന്ന് ഉറപ്പ്.

പതിറ്റാണ്ടുകള്‍ മുന്‍പ് അച്ഛന്റെ മരണനേരത്ത് അമ്മയെയും ചേട്ടനെയും ചേര്‍ത്തുപിടിച്ചപ്പോള്‍ കണ്ട അതേ പക്വത രാഷ്ട്രീയത്തില്‍ പ്രിയങ്കയ്ക്ക് കരുത്താകുമെന്ന് തീര്‍ച്ച. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന് മരണസംഖ്യ ഇത്രമേല്‍ ഉയര്‍ന്ന്, തീവ്രതയേറും മുന്‍പേ പ്രിയങ്ക ആ ജീവത്യാഗങ്ങള്‍ക്ക് മുന്നില്‍ ആദരവോടെ നിന്നു. രാഷ്ട്രീയം പറയുന്നില്ലെന്ന് പറഞ്ഞ് ദുഃഖത്തില്‍ പങ്കാളിയായി. രാജ്യത്തിന്റെ ഭരണനേതൃത്വം പോലും രാഷ്ട്രീയത്തിരക്കുകളില്‍ അന്നും പിറ്റേന്നും മുഴുകി നടന്നപ്പോള്‍ രാഷ്ട്രീയത്തിലെ ഈ തുടക്കക്കാരി കാട്ടിയത് മാതൃകയെന്ന് ജനങ്ങളും മാധ്യമങ്ങളും ഒരുപോലെ വിളിച്ചുപറഞ്ഞു. പക്ഷേ ദൂരമൊരുപാടാണ്. വെല്ലുവിളികള്‍ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശും കടന്ന് രാജ്യമാകെ പരന്നുകിടപ്പാണ്. ജാഗ്രതയോടെ കളം നിറയാനുള്ള ഭാരിച്ച ഉത്തരവാദിത്തം ഇന്ദിരയുടെ ചെറുമകള്‍ക്ക് എങ്ങനെ നിറവേറ്റുമെന്നറിയാന്‍ ജനത മുഴുവന്‍ കാത്തിരിപ്പാണ്.

MORE IN SPECIAL PROGRAMS
SHOW MORE