നാടിനെ ഓര്‍ത്ത്, നാട്ടുകാരോട് മിണ്ടി മഞ്ജു; കേരളാകാന്‍–നാലാംസീസണ്‍

keralacan-season4
SHARE

പടിഞ്ഞാറ് ആറാട്ടുപുഴയും കിഴക്ക് ദേവികുളങ്ങരയും വടക്ക് മുതുകുളവും അതിരിടുന്നതാണ് കണ്ടല്ലൂര്‍ ഗ്രാമം. മനോരമ ന്യൂസിന്റെ സാമൂഹ്യപ്രതിബദ്ധതാ ദൗത്യമായ കേരള കാന്‍ നാലാം സീസണിന്റെ ആദ്യ ക്യാംപ് ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂരിലാണ് സംഘടിപ്പിച്ചത്. കടലാണ് ഈ നാടിന്റെ ഏറ്റവും വലിയ അന്നദാതാവ്. മല്‍സ്യത്തൊഴിലാളികള്‍ക്ക് പുറമെ കര്‍ഷകരും നിര്‍മാണത്തൊഴിലളികളും കയര്‍തൊഴിലാളികളും തിങ്ങിവസിക്കുന്ന ഈ നാട് സുനാമി ആ‍ഞ്ഞടിച്ചപ്പോള്‍ ആടിയുലഞ്ഞു.. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഒരു നാടിന്റെ മുന്നേറ്റങ്ങള്‍ക്കിടയില്‍ കാന്‍സര്‍ രോഗം കൂടുന്നുണ്ടോ എന്ന നാട്ടുകാരുടെ ആശങ്ക അവസാനിപ്പിച്ചേ മതിയാവൂ എന്ന തോന്നലാണ് ആദ്യക്യാംപിനെ ഇവിടെ എത്തിച്ചത്. പ്രവര്‍ത്തന പന്ഥാവില്‍, സമസ്തമേഖലയിലും നിറസാന്നധ്യമായ കണ്ടല്ലൂര്‍ ഫാമേഴ്സ് സര്‍വീസ് സഹകരണബാങ്ക് ഈ നാടിന്റെ വേദനയറിഞ്ഞു. നവതിയുടെ നിറവില്‍ നില്‍ക്കുന്ന കണ്ടല്ലൂര്‍ ബാങ്ക് മനോരമ ന്യൂസിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുമായി കൈകോര്‍ത്തു. അങ്ങിനെ സീസണിലെ ആദ്യ ക്യാംപ് വലിയ പൊതുജനപങ്കാളിത്തത്തോടെ കണ്ടല്ലൂര്‍ ഗ്രാമത്തിലെത്തി.

കഴിഞ്ഞ മൂന്നുസീസണിലും ഈ പദ്ധതി വലിയ വിജയമായത്, കാന്‍സറിനെ നമുക്കിടയില്‍ നിന്ന് അകറ്റിനിര്‍ത്തണമെന്ന പൊതുജനങ്ങളുടെ കൂടെ അഭിലാഷത്തിന്റെ ഭാഗമായാണ്. കണ്ടല്ലൂരിലും അതുകണ്ടു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയപ്പോള്‍ 510 പേരാണ് ക്യാംപില്‍നിന്ന് വൈദ്യസഹായം തേടിയത്. ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. മഞ്ജു വാരിയര്‍ മുഖ്യാതിഥിയായി. മനോരമ ന്യൂസ് സീനിയര്‍ കോഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യു, കണ്ടല്ലൂര്‍ ഫാമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു ഈരിയ്ക്കല്‍, മാനേജിങ് ഡയരക്ടര്‍ വി.സതീശന്‍, തൃശൂര്‍ അമല ആഴുപത്രിയിലെ ഡോ. പോള്‍ ഗോപു.ജി എന്നിവര്‍ സംസാരിച്ചു

ചരിത്രപരമായ ദൗത്യം– കെ.സി.വേണുഗോപാല്‍

പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ കഴിയും എന്ന കരുത്തിന്റെ പേരാണ് കേരളമെന്ന ആമുഖത്തോടെയായിരുന്നു കെ.സി.വേണുഗോപാല്‍ എം.പി പ്രസംഗിച്ചു തുടങ്ങിയത്. കാന്‍സര്‍ രോഗം ഒരു കുടുംബത്തെ അസുഖത്തിന്റെ തീവ്രതകൊണ്ട് മാത്രമല്ല, ചികില്‍സാ ചെലവിന്റെ ഭാരം കൊണ്ടും തളര്‍ത്തിക്കളയും. രോഗം നമ്മളെയല്ല, രോഗത്തെ നമ്മളാണ് കീഴ്പ്പെടുത്തേണ്ടത്. ഈ ചിന്തയോടെയാണ് ജീവിക്കേണ്ടത്. കാന്‍സര്‍ എന്ന രോഗത്തെ തുരത്താനുള്ള മനോരമ ന്യൂസിന്റെ ചരിത്രപരമായ ദൗത്യത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു വാരിയരുടെ സാന്നിധ്യം കേരളാകാനിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ശക്തിക്കൂട്ടുന്നുവെന്നും കാന്‍സറിനെ നേരിടാന്‍ മലയാളികളെ സജ്ജരാക്കുകയാണ് കേരളകാന്‍ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞു

നാടിനെ ഓര്‍ത്ത്, നാട്ടുകാരോട് മിണ്ടി മഞ്ജു 

കണ്ടല്ലൂര്‍ ഗ്രാമത്തിന്റെ ചരിത്രത്തെക്കൂടി പരാമര്‍ശിച്ചായിരുന്നു നടി മഞ്ജു വാരിയരുടെ പ്രസംഗം. ഓണാട്ടുകരയില്‍ നില്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നത് ഈനാട് സംഭാവന നല്‍കിയ മഹാരഥന്മാരെക്കുറിച്ചാണെന്ന് മ‍ഞ്ജു ആമുഖമായി സൂചിപ്പിച്ചു. പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ– ഇവിടുത്തെ ജീവിത പശ്ചാത്തലങ്ങളില്‍നിന്ന് കഥകളും കഥാപാത്രങ്ങളും വളര്‍ത്തിയെടുത്ത പത്മരാജന്‍, അതിനും മുന്‍പ് തോപ്പില്‍ ഭാസി, കെ.പി.എ.സി നാടകങ്ങള്‍ക്ക് പിന്നിലെ വലിയ കലാകാരന്മാര്‍....അങ്ങിനെ ചെറുതും വലുതുമായ ഓട്ടേറെ മനുഷ്യരുടെ നാടാണ് കണ്ടല്ലൂരും, മുതുകുളവും, ആറാട്ടുപുഴയുമെല്ലാം...അപ്പോള്‍ ഇവിടുത്തെ ജീവിതങ്ങള്‍ക്കും ജീവനുകള്‍ക്കും നമ്മുടെ കലാസാഹിത്യ ലോകത്തും പൊതുസമൂഹത്തിലും വിലമതിക്കാനാവാത്ത മൂല്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ കാന്‍സര്‍ രോഗത്തിന്റെ ചെറുതല്ലാത്ത ഭയം ഈ നാടിനുണ്ടെന്നാണ് എന്റെ അറിവ്. കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ ചികില്‍സിച്ച് മാറ്റാവുന്ന അസുഖം മാത്രമാണ്. സുനാമി ഉള്‍പ്പടെ പ്രകൃതി ദുരന്തങ്ങളെ നേരിട്ടൊരു മനക്കരുത്തുണ്ട് ഈ നാടിന് എന്ന് എനിക്കറിയാം. കാന്‍സറിനെ നേരിടാന്‍ അതിന്റെ പകുതി മനശക്തി മതി. രോഗങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റിനിര്‍ത്താനാകും, കണ്ടെത്താനുമാകും, ചികില്‍സിച്ച് മാറ്റാനും കഴിയും. ഈ ശുഭാപ്തി വിശ്വാസത്തോടെയാണ് കാന്‍സറിനെയും നമ്മള്‍ കാണേണ്ടത്. പണ്ടൊരു ക്യാംപില്‍ ഒരു സുഹൃത്ത് പറഞ്ഞതുപോലെ ഇന്നെനിക്ക് കാന്‍സര്‍ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ വീട്ടില്‍ പോയിരുന്ന് കരയരുത്, പായസം വച്ച് കഴിക്കണം. കാരണം കാന്‍സറിന്റെ അംശം എന്റെ ശരീരത്തിലുണ്ടെന്ന് എനിക്ക് നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു. ഇനി ചികില്‍സ തുടങ്ങാം. അതിന് സര്‍വേശ്വരനോട് നന്ദി പറയാം..

MORE IN SPECIAL PROGRAMS
SHOW MORE