സംഘർഷത്തിൽ തുടങ്ങി; കലാപ സമാനമായി; അവസാനിക്കാതെ അക്രമങ്ങൾ

sabarimala-today
SHARE

സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഹര്‍‌ത്താലിനിടെയുണ്ടായ അക്രമങ്ങളില്‍ അയ്യായിരത്തിലേറെപ്പേര്‍ക്കെതിരെ കേസ്; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേകസംഘങ്ങള്‍.

അതേസമയം ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍. നാല്‍പ്പത്തിയേഴ് വയസുള്ള ശശികല ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാല്‍ തന്ത്രി ശുദ്ധിക്രിയകള്‍ ഒന്നും നടത്തിയിട്ടില്ല. ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നില്ലേയെന്ന് മുഖ്യമന്ത്രി സംഘപരിവാറിനെ പരിഹസിച്ചു. 

ശ്രീലങ്കന്‍ തമിഴ് വംശജയായ ശശികല ഇരുമുടിക്കെട്ടുമായി ശ്രീകോവിലിന് മുന്നിലൂടെ പോകുന്ന ദൃശ്യമാണിത്. ഒപ്പം മറ്റൊരു സ്വാമിയും. തുടര്‍ന്ന് ഭര്‍ത്താവും മകനും ദര്‍ശനം നടത്തി. നട അടയ്ക്കുന്നതിന് തൊട്ടുമുന്‍പാണ് ശശികല സോപാനത്തെത്തിയത്. ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഇത് ശശികല അല്ല എന്ന വാദവും ഉന്നയിക്കുന്നവരുണ്ട്. 

ദര്‍ശനം കഴിഞ്ഞയുടന്‍ ശശികലയും ബന്ധുവും മലയിറങ്ങി. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ശരവണമാരന്‍ ശശികല ക്ഷേത്രത്തില്‍ കയറിയില്ലെന്ന് അവകാശപ്പെട്ടു. പിന്നീട് പമ്പയില്‍വച്ച് ശശികലയും മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് പതിനെട്ടാംപടി കയറാന്‍ അനുവദിച്ചില്ലെന്നുപറഞ്ഞ് അവര്‍ പൊട്ടിത്തെറിച്ചു.

എന്നാല്‍ ശശികല ദര്‍ശനം നടത്തിയെന്ന് പൊലീസും സര്‍ക്കാരും പിന്നീട് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ ഇക്കാര്യം പരോക്ഷമായി സമ്മതിക്കുകയും ചെയ്തു.

സര്‍ക്കാര്‍ സ്ഥിരീകരിക്കുമ്പോഴും വിശ്വാസയോഗ്യമായ തെളിവില്ലെന്ന നിലപാടിലാണ് തന്ത്രി. ഓരോ തവണയും യുവതികളെത്തുമ്പോള്‍ ശുദ്ധിക്രിയ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് തന്ത്രിയുടേയും ഒപ്പമുള്ളവരുടേയും നിലപാടെന്നാണ് വിവരം.

MORE IN SPECIAL PROGRAMS
SHOW MORE