ഖേദിച്ച് കുഞ്ഞാലിക്കുട്ടി; ഇനി മത്സരിക്കുന്നതിൽ സസ്പെൻസ്

Kunhalikutty-Interview
SHARE

ലോക്സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ ഖേദംപ്രകടിപ്പിച്ച്  പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മനസ്സ് തുറക്കുന്ന അഭിമുഖം. വിവാദത്തെതുടര്‍ന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടായതില്‍ തനിക്ക് വിഷമമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനോരമ ന്യൂസിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിവാദത്തിനുശേഷം കുഞ്ഞാലിക്കുട്ടി ആദ്യമായി മനസ്സുതുറന്നത്. 

മുത്തലാഖ് വിഷയത്തില്‍ മുസ്‍ലിം ലീഗിന്‍റെ നിലപാട് ലോക്സഭയില്‍ പറയാന്‍ ഇ.ടി.മുഹമ്മദ് ബഷീറിനെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം അതു ഭംഗിയായി ചെയ്തെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.  താനുമായി ആലോചിച്ചശേഷമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഇ.ടി. തീരുമാനിച്ചത്. തന്നോട് വിശദീകരണം ചോദിച്ചത് പാര്‍ട്ടിയുടെ വലുപ്പമാണ് വ്യക്തമാക്കുന്നത്. അന്ന് സഭയില്‍ വരാത്തവരില്‍ കേരളത്തില്‍നിന്നുള്ള സി.പി.എം., സി.പി.ഐ. അംഗങ്ങളുണ്ട്. അവരോട് അതത് പാര്‍ട്ടികള്‍ വിശദീകരണം ചോദിച്ചോയെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. 

കേരളത്തില്‍ പാര്‍ട്ടിയുടെയും പാര്‍ട്ടിപത്രത്തിന്‍റെയും അടക്കം ചുമതല നിര്‍വഹിക്കേണ്ടിവരുന്നതിനാലാണ് ലോക്സഭയില്‍ പലപ്പോഴും ഹാജരാകാന്‍ കഴിയാതിരുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനാപരമായ ഉത്തരവാദിത്തങ്ങളും പാര്‍ലമെന്‍ററി ചുമതലയും ഒരുമിച്ചുകൊണ്ടുപോകണോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് പാണക്കാട് ഹൈദരലി തങ്ങളാണ്. ലോക്സഭയില്‍ രണ്ടുശതമാനവും പത്തുശതമാനവും ഹാജര്‍നിലയുള്ള പാര്‍ട്ടി നേതാക്കളുണ്ട്. പലപ്പോഴും ഹാജര്‍ബുക്കില്‍ ഒപ്പിടാന്‍ താന്‍ മറന്നിട്ടുണ്ട്. 45 ശതമാനത്തില്‍ കൂടുതല്‍ താന്‍ സഭയില്‍ എത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

രാഷ്ട്രീയകാര്യവും അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്നകാര്യം നിഷേധിക്കാതെയാണ് ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.  കാസര്‍കോട്ടും വടകരയിലും ലീഗ് മല്‍സരിച്ച ചരിത്രമുണ്ട്. ജയസാധ്യത അടക്കം പരിഗണിച്ചാണ് ഓരോ തിരഞ്ഞെടുപ്പിലും ലീഗ് നിലപാട് സ്വീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമോയെന്നത് തല്‍ക്കാലം സസ്പെന്‍സായിരിക്കട്ടെയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.