ഭാഗ്യം കടാക്ഷിക്കാതെ ചാംപ്യന്‍മാർ; അദ്ഭുതം കാണിച്ച് ക്രൊയേഷ്യ; തലയുയര്‍ത്തി ഫ്രാൻസ്

world-cup-2018
SHARE

2018 – ഫ്രാന്‍സ് ലോകചാംപ്യന്‍മാരായ വര്‍ഷം. കിക്കോഫിന് മണിക്കൂറുകള്‍ക്ക് മുമ്പ് സ്പെയിന്‍ പരിശീലകനെ പുറത്താക്കിയത് മുതല്‍ ഫൈനലില്‍ ക്രൊയേഷ്യന്‍ ഗോള്‍വര കടന്ന ഫ്രാന്‍സിന്റെ നാലാം ഗോള്‍വരെ നീളുന്നു റഷ്യ ലോകകപ്പിന് മാത്രം അവകാശപ്പെട്ട നിമിഷങ്ങള്‍.

പന്തുകളിയുടെ ഉല്‍സവത്തിന് വേദിയൊരുക്കിയത് റഷ്യ. ഉത്തേജക ഉപയോഗത്താല്‍ ലോകത്തിന് നടുവില്‍ തലകുനിച്ചുനിന്ന റഷ്യ ലോകകപ്പിനായി അണിഞ്ഞൊരുങ്ങി . വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഗ്രഹങ്ങളുടെ നാട്ടിലെ ലോകപോരിന് തുടക്കമായത്.  ലോക ചാംപ്യന്‍മാരാകന്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന സ്പെയിന്‍ കിക്കോഫിന് മണിക്കൂറുകള്‍ക്ക് മുമ്പ് പരിശീലകന്‍ ജുലന്‍ ലോപ്ടെയജ്യുയിയെ പുറത്താക്കി. 

സ്പെയിനുമായുള്ള കരാര്‍ നിലനില്‍ക്കെ റയല്‍ മഡ്രിഡിന്റെ പരിശീലകനാകാന്‍ കരാര്‍ ഒപ്പിട്ടതാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനെ ചൊടുപ്പിച്ചത്. സ്പെയിനെതിരെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നേടിയ ഹാട്രിക്കും ഐസ്‍ലന്‍ഡിനെതിരെ പെനല്‍റ്റി നഷ്ടപ്പെടുത്തിയ മെസിയും ചേര്‍ന്നതോടെ ലോകം അക്ഷരാര്‍ഥത്തില്‍ ഒരു പന്തിലേയ്ക്ക് ഒതുങ്ങി 

ചാംപ്യന്‍മാരെ ആദ്യ റൗണ്ടിനപ്പുറം കടത്താത്ത ഭാഗ്യം ജര്‍മിനയെയും വിട്ടൊഴിഞ്ഞില്ല. മെക്സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍  ജര്‍മനി പുറത്ത്.

അര്‍ജന്റീന ഫ്രാന്‍സ് പ്രീ  ക്വാര്‍ട്ടര്‍ പോരാടത്തില്‍ കിലിയന്‍ എംബാപ്പെയെന്ന  കൗമാരക്കാരന്‍ അവതാരമെടുത്തു. പാഞ്ഞടുത്ത എംബാപ്പെയുടെ പ്രഹരത്തില്‍ അര്‍ജന്റീനയും മിശിഹായും നിലംപതിച്ചു.

പ്രീ ക്വാര്‍ട്ടറിനപ്പുറം കടന്നില്ല സ്പെയിനും  പോര്‍ച്ചുഗലും . ക്വാര്‍ട്ടറില്‍ നെയ്മറും വീണു. പ്രതീക്ഷതെറ്റിക്കാതെ  ദിദിയര്‍ ദെഷാംസ് വളര്‍ത്തിയെടുത്ത ഫ്രാന്‍സിന്റെ യുവസംഘം ഫൈനലിലേയ്ക്ക് . കറുത്തകുതിരകളായി കുതിച്ചെത്തിയ ബെല്‍ജിയത്തിന് സെമിയില്‍ കടിഞ്ഞാണിട്ടു.

അദ്ഭുതം കാണിച്ചത് ക്രൊയേഷ്യയാണ്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെയും റഷ്യയെയും മറികടന്ന് സെമിഫൈനലില്‍.   ഗാരത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ടിനും ക്രൊയേഷ്യയുടെ സ്വപ്നകുതിപ്പ് തടയാനായില്ല.  നാലുകോടി മാത്രം ജനസംഖ്യയുള്ള പതിനൊന്ന് വയസുമാത്രം പ്രായമുള്ള ക്രൊയേഷ്യ എന്ന രാജ്യത്തെ പതിനൊന്ന് പേര്‍ ഫ്രാന്‍സിനെതിരെ മോസ്കോയില്‍ അണിനിരന്നു.  

ഫ്രാന്‍സിന്റെ എണ്ണം പറഞ്ഞ നാലുഗോളുകള്‍ക്ക് ക്രൊയേഷ്യയ്ക്ക് മറുപടി നല്‍കാനായത് രണ്ടെണ്ണം മാത്രം. രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ സുവര്‍ണകിരീടം പാരിസിസിലെത്തി. 

1998 ല്‍ നായകനായി കപ്പുയര്‍ത്തി ദിദിയര്‍ ദെഷാംസ് പരിശീലകനായി ലോകത്തിന്റെ നെറുകയില്‍ നിന്നു. ഇതിഹാസം പെലെയ്ക്കു ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ കൗമരാക്കാരന്‍ കിലിയന്‍ എംബാപ്പെ മികച്ച യുവതാരമായി.  ക്രൊയേഷ്യയെ മുന്നില്‍നിന്ന് നയിച്ച് ലൂക്ക മോഡ്രിച്ച് മികച്ച താരമായി. 

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ –ലയണല്‍ മെസി യുഗത്തിന് അന്ത്യം കുറിച്ച് മോഡ്രിച്ച്  ബലോണ്‍ ഡി ഓര്‍ പുരസ്കാരവും സ്വന്തമാക്കി .  അഞ്ചുഗോളുകളുമായി ഹാരി കെയിന്‍ ഫുട്ബോളിന്റെ തറവാട്ടിലേയ്ക്ക് സുവര്‍ണപാദുകമെത്തിച്ചു. ഉത്തേജകവിവാദത്തില്‍ തലകുനിച്ച് നിന്ന റഷ്യ ലോകകപ്പ് സംഘാടകമികവിലൂടെ തലയുയര്‍ത്തി വിശ്വപോരിന് തിരശീലതാഴ്ത്തി.

MORE IN SPECIAL PROGRAMS
SHOW MORE