ജനാധിപത്യത്തെ തകർക്കാൻ കഴിയില്ലെന്ന് തെളിയിച്ചു; ശ്രീലങ്കയിലെയും മാലദ്വീപിലെയും രാഷ്ട്രീയം

srilanka-malidives
SHARE

ഇന്ത്യയുടെ അയല്‍ക്കാരായ രണ്ട് ദ്വീപ് രാജ്യങ്ങളിലെ വന്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും സാക്ഷ്യം വഹിച്ചു 2018. ശ്രീലങ്കയിയും മാലദ്വീപിലും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടഞ്ഞത് കോടതികളും ജനങ്ങളുമാണ്. പ്രസിഡിന്റിനും പ്രധാനമന്ത്രിക്കും ഇടയില്‍ പുകഞ്ഞ  വൈരമാണ്   ശ്രീലങ്കയെ രാഷ്ട്രീയ അട്ടിമറിയിലേക്ക് നയിച്ചത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നാടകീയമായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പാര്‍ട്ടിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. പ്രധാനമന്ത്രിയെ  പുറത്താക്കിയ പ്രസിഡന്റ്ശത്രുപക്ഷത്തായിരുന്ന മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷയെ പ്രധാനമന്ത്രിയായി അവരോധിച്ചു.

എന്നാല്‍ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ്  വിക്രമസിംഗെ അധികാരത്തില്‍ തുടര്‍ന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ടാണ് പ്രസിഡന്‍റ് തിരിച്ചടിച്ചത്.   ഭരണഘടനാ വിരുദ്ധമായ നടപടിയിയില്‍ ഇടപെട്ട ശ്രീലങ്കന്‍ സുപ്രിംകോടതി പാര്‍ലമെന്റ് പിരിച്ചുവിട്ടത് റദ്ദാക്കി.  രാജപക്ഷെയ്ക്കെതിരായ  അവിശ്വാസപ്രമേയം പാര്‍ലമെന്റില്‍ ശബ്ദ വോട്ടെടുപ്പോടെ പാസായി.  അധികാരത്തില്‍‌ തുടരുമെന്ന് രാജപക്ഷെ വെല്ലുവിളിച്ചതോടെ പാര്‍ലമെന്റ് കൂട്ടത്തല്ലിന് വേദിയായി.

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ പ്രശ്നപരിഹാരത്തിന് രാജപക്ഷയേയും വിക്രമസിംഗയെയും ഒരുമിച്ചിരുത്തി സിരിസേന ചര്‍ച്ചനടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. അതോടെയാണ് ശ്രീലങ്കന്‍ അപ്പീല്‍ കോടതി ഇടപെട്ട് രാപക്ഷയോട് പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ പറഞ്ഞ്. ഇത് സുപ്രീംകോടതിയും ശരിവച്ചു. അങ്ങനെ ഭരണം ജനങ്ങള്‍ തിരഞ്ഞടുത്ത നേതാവിന്റെ കൈകളില്‍ തന്നെയെത്തി. 

പ്രസിഡന്‍റ് അബ്ദുല്ല യാമീന്‍റെ ഏകാധിപത്യ നീക്കങ്ങളാണ് മാലദ്വീപ് രാഷ്ട്രീയത്തെ കലുഷിതമാക്കിയത്.  മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാർലമെന്റ് അംഗങ്ങളുടെ വിലക്കു നീക്കാനുമുള്ള സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന്  ഫെബ്രുവരി ആദ്യവാരം  പ്രസിഡന്റ്  യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

തൊട്ടുപിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദും അലി ഹമീദ് എന്ന ജഡ്ജിയും അറസ്റ്റിലായി. ഭരണം അട്ടിമറിക്കാൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നും ഇത് അന്വേഷിച്ച് കണ്ടെത്തുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റ് യമീൻ ടെലിവിഷനിൽ രാഷ്ട്രത്തോടുള്ള അഭിസംബോധനയിൽ പറഞ്ഞു. 

സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാരെക്കൊണ്ടു മുൻ ഉത്തരവു റദ്ദാക്കിച്ചു. മുൻ പ്രസിഡന്റ് മൗമൂൻ അബ്ദുൽ ഗയൂമിന് 19 മാസം തടവുശിക്ഷയും വിധിക്കപ്പെട്ടു. രാജ്യാന്തര പ്രതിഷേധങ്ങളെത്തുടര്‍ന്ന് നാല്‍പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അടിയന്തരാവസ്ഥ പിൻവലിച്ചു. 

സെപ്റ്റംബറില്‍ പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കടുത്ത നിയമ തടസങ്ങളെത്തുടര്‍നന് മുഹമ്മദ് നഷീദിന് മല്‍സരി്കകാനായില്ല. പ്രസിഡന്‍റ് അബ്ദുല്ല യാമിനെ നേരിടാന്‍ സംയുക്ത പ്രതിപക്ഷ സഖ്യം രംഗത്തിറക്കിയത് മുതിര്‍ന്ന പാര്‍ലമെന്‍റംഗം ഇബ്രാഹിം മുഹമ്മദ് സോലിയെയാണ്.  

ഭരണസംവിധാനങ്ങളെല്ലാം  ദുരുപയോഗം ചെയ്തിട്ടും  തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് അബ്ദുല്ല യാമീന് പരാജയമേറ്റുവാങ്ങേണ്ടി വന്നു. ഭരണഘടനാസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും രാജ്യത്ത് ഇസ്ലാമിക തീവ്രവാദം വളര്‍ത്താനുമുള്ള നീക്കങ്ങള്‍ക്ക് ജനം നല്‍കിയ മറുപടിയാണ് പ്രതിപക്ഷ വിജയമെന്ന് പുതിയ പ്രസിഡന്‍റ് മുഹമ്മദ് സോലി  പറഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE