ആര്‍ബിഐയിലും സിബിഐയിലും കടന്നുകയറ്റം; ആള്‍ക്കൂട്ട അക്രമങ്ങളിൽ നടുങ്ങി; നാള്‍വഴി

controversy-2018
SHARE

ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനുമേല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കടന്നുകയറ്റം നടത്തുവെന്ന ആരോപണത്തിന് 2018 ല്‍ കൂടുതല്‍ ശക്തമായി. സിബിഐ തലപ്പത്ത് പാതിരാത്രിയില്‍ അഴിച്ചുപണി നടത്തി. സമ്മര്‍ദങ്ങള്‍ക്കിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു.

ഇന്ത്യയുടെ പരമോന്നത അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ പാതിരാ അട്ടിമറി നടന്നു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ. വര്‍മ്മയ്ക്ക് തൊട്ടുതാഴെയുള്ള സിബിഐയിലെ രണ്ടാമന്‍ രാകേഷ് അസ്താന. പദവി സ്പെഷല്‍ ഡയറക്ടര്‍. ഇവര്‍ തമ്മിലുള്ള ചേരിപ്പോരും പരസ്പരം ഉന്നയിച്ച ആരോപണങ്ങളുമായിരുന്നു പശ്ചാത്തലം. 

രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ തന്നെ അഴിമതിക്കേസ് റജിസ്റ്റര്‍ ചെയ്തു. അസ്താനയ്ക്കും അലോക് വര്‍മയ്ക്കും നിര്‍ബന്ധിത അവധി നല്‍കി സിബിഐ മേധാവിയുടെ ചുമതല എം നാഗേശ്വര റാവുവിന് കൈമാറി. 

കേന്ദ്രസര്‍ക്കാരുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് നിരസിച്ചതാണ് ഊര്‍ജിത് പട്ടേല്‍ അനഭിമതനാവാന്‍ കാരണം. മുന്‍ സാമ്പത്തികകാര്യസെക്രട്ടറിയും ധനകാര്യ കമ്മിഷന്‍ അംഗവുമായ ശക്തികാന്ത ദാസ് ഊര്‍ജിത് പട്ടേലിന് പകരമെത്തി. 

റഫാല്‍ ഇടപാടിന്‍റെ പേരില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ യുദ്ധം മുറുകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ആക്രമണങ്ങളെല്ലാം റഫാല്‍ ഇടപാടിനെ കേന്ദ്രീകരിച്ചായിരുന്നു. സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയാണ് പോറലേല്‍ക്കാതെ രക്ഷപ്പെട്ടു. 

PTI10_26_2018_000033B

അയോധ്യയിലെ രാമക്ഷേത്ര വിഷയത്തില്‍ സംഘപരിവാറും ശിവസേനയും നിലപാട് കടുപ്പിച്ചു. അയോധ്യക്കേസ് സുപ്രീംകോടതി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ സമ്മര്‍ദ തന്ത്രം പയറ്റി. കോടതി നടപടികള്‍ വൈകിയാല്‍ ക്ഷേത്ര നിര്‍മാണം സാധ്യമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുകയോ, നിയമനിര്‍മ്മാണം നടത്തുകയോ വേണമെന്ന സാധ്യതകളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. 

മുത്തലാഖ് നിരോധത്തിനുള്ള ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടപ്പോള്‍ ഓര്‍ഡിനന്‍സ് ഇറക്കുകയും വ്യവസ്ഥകളില്‍ മാറ്റങ്ങളോടെ പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ കളം നിറയുകയും ചെയ്തു. 

മീ ടു വെളിപ്പെടുത്തലുകളുമായി മുറിവേറ്റവര്‍ മുന്നോട്ടുവന്നപ്പോള്‍ എം.ജെ അക്ബറിന് കേന്ദ്രമന്ത്രിക്കസേര നഷ്ടമായി.  മാധ്യമരംഗത്തും രാഷ്ട്രീയത്തിലും സിനിമമേഖലയിലുമൊല്ലാം ആണധികാരത്തിന്‍റെ ബലപ്രയോഗത്തില്‍ മൂടിവെച്ച ശബ്ദങ്ങള്‍ ഒന്നിനുപുറകേ ഒന്നായി പുറത്തുവന്നു. പൊയ്മുഖങ്ങള്‍ പിച്ചിചീന്തപ്പെട്ടു. 

അസമിലെ പൗരത്വറജിസ്റ്റര്‍ പ്രശ്നം വടക്കുകിഴക്കന്‍ മേഖലയെ അശാന്തമാക്കി. രാജ്യം വിടുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയോട് പറഞ്ഞിരുന്നുവെന്ന വിജയ് മല്യയുടെ ബോംബ് സര്‍ക്കാരിനെ വെട്ടിലാക്കിയെങ്കിലും പിന്നീട് വിവാദങ്ങള്‍ കെട്ടടങ്ങി. 

കേന്ദ്ര സാഹത്യ അക്കാദമി പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ നീക്കം നടത്തി. ത്രിപുരയിലെ ചെങ്കൊടിയിറക്കം പ്രതിമകള്‍ തകര്‍ക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന് വഴിവെട്ടി.  

സംഘര്‍ഷങ്ങളും സമരങ്ങളും ഒരുപാട് നടന്നു 2018ല്‍. പശുവിന്‍റെ പേരില്‍ യുപിയിലെ ബുലന്‍ഷെഹര്‍ കത്തിപ്പടര്‍ന്നു. ഒരു പൊലീസുകാരന് ജീവന്‍ നഷ്ടമായി.

കര്‍ഷകസമരങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതിമാറ്റി. നടന്ന് നടന്ന് ഇന്ത്യയിലെ കര്‍ഷകര്‍ രോഷത്തിന്‍റെ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. ബിജെപിക്ക് വടക്കേന്ത്യയില്‍ അടിപതറി. കര്‍ഷക പ്രതിഷേധത്തിന്‍റെ തീവ്രതയും ശക്തിയും കണ്ടറിഞ്ഞ കോണ്‍ഗ്രസ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി പുതിയ ചര്‍ച്ചകള്‍ തുടക്കമിട്ടു. 

ഗ്രാമീണ ഇന്ത്യയുടെ അസംതൃപ്തി മറികടക്കുകയെന്ന് വെല്ലുവിളിയാണ് മോദിക്കുമുന്നിലുള്ളത്. പ്രധാനമന്ത്രിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടെന്ന പൊലീസ് കണ്ടെത്തല്‍ മലയാളിയായ റോണ വില്‍സണ്‍ അടക്കമുള്ളവരുടെ അറസ്റ്റിലെത്തി. പ്രളയം കണ്ണീരിലാഴ്ത്തിയ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്ര സഹായിക്കുന്നില്ലെന്ന വിമര്‍ശനം പൊള്ളിക്കുന്നതായിരുന്നു. 

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും പശുവിന്‍റെ പേരിലുള്ള അക്രമങ്ങള്‍ക്കും അറുവതി വന്നില്ല. ബുലന്‍ഷെഹറില്‍ ജീവന്‍ പൊലിഞ്ഞത് പൊലീസ് ഉദ്യോഗസ്ഥാനായ സുബോധ് കുമാര്‍ സിങ്ങിനാണ്. ആ കൊലപാതകത്തിലെ ഗൂഡാലോചനയുടെ ചുരുള്‍ അഴിഞ്ഞിട്ടില്ല. 

PTI12_3_2018_000175B

ജമ്മുകശ്മീരിലെ കഠ്‍വയില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിയുടെ മുഖം ഇന്ത്യയുടെ മനസാക്ഷിയെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, കലൈഞ്ജര്‍ കരുണാനിധി, കേന്ദ്രമന്ത്രി അനന്ത് കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ 2018ലെ നഷ്ടങ്ങളാണ്.

MORE IN SPECIAL PROGRAMS
SHOW MORE