ചരിത്രതീരുമാനങ്ങൾക്ക് സാക്ഷി; സൗദിയിലെ 2018

saudi-2018
SHARE

സൌദി അറേബ്യയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കിയ വർഷമാണ് കടന്നു പോകുന്നത്. വനിതകൾക്ക് വാഹനം ഓടിക്കാനുള്ള ലൈസൻസ് അനുവദിച്ചടക്കമുള്ള ചരിത്രതീരുമാനങ്ങൾക്കും 2018 സാക്ഷിയായി. ജമാൽ ഖഷോഗിയുടെ കൊലപാതകം സൌദിയെ ചെറിയതോതിലെങ്കിലും പ്രതിരോധത്തിലാഴ്ത്തി. 

ചരിത്രം നിരത്തിലിറങ്ങിയ കാഴ്ച, ചരിത്രം ഫുട്ബോൾ മൈതാനങ്ങളിലെ ഗ്യാലറിയിൽ ആവേശമായ കാഴ്ച, ചരിത്രം തീയറ്ററുകളിൽ സിനിമ കണ്ടു കയ്യടിച്ച കാഴ്ച. പഴമയുടെ കണ്ണടകൾ സൌദി മാറ്റിത്തുടങ്ങിയ കാഴ്ചകൾക്കാണ് രണ്ടായിരത്തിപതിനെട്ട് സാക്ഷിയായത്.

സൌദിയുടെ ചരിത്രത്തിലാദ്യമായി വനിതകൾക്ക് വാഹനമോടിക്കാൻ ലൈസൻസ് അനുവദിച്ച തീരുമാനം ഏറെ ചർച്ച ചെയ്യപ്പെട്ടു. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസായിരുന്നു ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി.

തീയറ്ററുകളിൽ സിനിമ കാണാൻ സ്ത്രീകൾക്ക് അനുമതി നൽകിയതും സ്റ്റേഡിയങ്ങളിൽ കളി കാണാൻ അനുമതി നൽകിയതും പോയവർഷത്തെ പ്രധാനതീരുമാനങ്ങളായിരുന്നു.  ചരിത്രതീരുമാനങ്ങളെ ലോകം സ്വാഗതം ചെയ്ത കഴ്ച. 

ചരിത്രതീരുമാനങ്ങൾക്കിടയിലും പ്രവാസികൾക്ക് അത്ര സന്തോഷം പകർന്ന വാർത്തകളായിരുന്നില്ല സൌദിയിൽ നിന്നും പോയവർഷം കേട്ടത്. സ്വദേശിവൽക്കരണം ശക്തമാക്കിയത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയായി.

സ്വകാര്യ മേഖലയിൽ സ്വദേശി അനുപാതം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരിയിലാണ് മൂന്നു ഘട്ടമായുള്ള 70% സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്. മൊത്ത, ചില്ലറ വ്യാപാരമേഖലകളിൽ നിയമം ബാധകമാണ്. 

10 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഏഴു പേരും സൗദി പൗരന്മാരാകണമെന്നതാണ് നിയമം. അതിനിടെ, വിമാനത്താവളങ്ങളിലെ ജോലികൾ സ്വദേശിവൽക്കരിക്കാനുള്ള നടപടികലും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള സ്വദേശികള്‍  തൊഴിലന്വേഷകരായി തുടരുന്ന സാഹചര്യത്തിലാണ് സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതെന്നാണ് തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നത്. 

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമായ സൌദി അറേബ്യയുടെ നിലപാടുകൾ എണ്ണ വിപണിയിലുണ്ടാക്കിയ ചാഞ്ചാട്ടത്തിനും 2018 സാക്ഷ്യം വഹിച്ചു. ഇറാനെതിരെയുള്ള യു.എസ് ഉപരോധത്തിൻറെ പശ്ചാത്തലത്തിൽ എണ്ണ ഉൽപ്പാദനം വർധിപ്പിക്കുകയും പിന്നീട് എണ്ണ വില കുറഞ്ഞതോടെ ഒപെക് രാജ്യങ്ങളുമായി ചേർന്ന് എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചതും രാജ്യാന്തരവിപണിയെ സ്വാധീനിച്ചു. 

ഗൾഫ് രാജ്യങ്ങളുടെ ഐക്യ ആഹ്വാനമായിരുന്നു ഡിസംബറിൽ നടന്ന ജി.സി.സി സമ്മേളനത്തിൽ ഉയർന്നുകേട്ടത്. നിലവിലെ അസ്വാരസ്യങ്ങളും അസ്ഥിരതയും അവസാനിപ്പിച്ച് ഒരുമിച്ചു നീങ്ങുന്നത് വികസനത്തിനും മേഖലയിലെ സമാധാനത്തിനും അത്യാവശ്യമാണെന്ന് സൌദി ഭരണാധികാരി സൽമാൻ രാജാവ് ഓർമിപ്പിച്ചത് ഗൾഫ് മേഖലയിൽ പോയവർഷം ഉയർന്നുകേട്ട പ്രധാനആഹ്വാനമായിരുന്നു. ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുന്ന ഇറാൻറെ നടപടികളെ ജിസിസി യോഗം രൂക്ഷമായി വിമർശിച്ചു. 

സൌദി അറേബ്യയുടെ നേതൃത്വത്തിൽ ചെങ്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഈജിപ്ത്, ജിബൂട്ടി, സൊമാലിയ, സുഡാന്‍, യെമന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളുമായി ചേർന്ന് ചെങ്കടൽ സഖ്യരൂപീകരണത്തിനുള്ള നീക്കവും രണ്ടായിരത്തിപതിനെട്ടു കണ്ടു. മേഖലയിലെ തീരദേശ സുരക്ഷയും വ്യാപാരവും ലക്ഷ്യമിട്ട് സൌദി അറേബ്യയുടെ നേതൃത്വത്തിലാണ് സഖ്യം.

അതേസമയം, ഖത്തർ, തുർക്കി, ഇറാൻ രാജ്യങ്ങൾക്ക് ഈ മേഖലയിലുള്ള സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും പുതിയ സഖ്യത്തിനുണ്ടെന്നാണ് വിലയിരുത്തൽ. 

അതേസമയം, സൌദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൌദി പ്രതിരോധത്തിലായ കാഴ്ചയുമുണ്ടായി. ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽവെച്ചാണ് സൗദി ഭരണകൂടത്തിന്റെ വിമർശകനും വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗി കൊല്ലപ്പെട്ടത്.

സൌദി ഭരണകൂടത്തിൻറെ അറിവോടെയാണ് കൊലപാതകമെന്നാണ് തുർക്കിയുടെ വാദമെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തു വിചാരണ തുടങ്ങിയാണ് സൌദി ഇതിനു മറുപടി നൽകിയത്.

ഒപെക്കിൽ നിന്നുള്ള ഖത്തറിൻറെ പിൻമാറ്റം രാഷ്ട്രീയ സാമ്പത്തിക മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. കുവൈത്തിലെ പെരുമഴയും ഒമാനിലെ ചുഴലിക്കാറ്റും ജിസിസി രാജ്യങ്ങളിലെ പ്രകൃതിദുരന്തങ്ങളായിരുന്നു. 

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ജനുവരി ഒന്നു മുതൽ വിട്ടുനിൽക്കുമെന്ന ഖത്തറിൻറെ പ്രഖ്യാപനം ഗൾഫ് ലോകത്തെ ഞെട്ടിച്ചു. പ്രകൃതിവാതക ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌റെ ഭാഗമായാണു പിന്‍മാറ്റമെന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും സൌദി,യു.എ.ഇ തുടങ്ങി നാലു ജിസിസി രാജ്യങ്ങളുടെ ഉപരോധത്തിൻറെ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. 

റിയാദിൽ നടന്ന ജിസിസി രാജ്യങ്ങളുടെ സമ്മേളനത്തിൽ ഖത്തറിനെ തല്ലിയും തലോടിയുമാണ് ജിസിസി രാജ്യങ്ങൾ സംസാരിച്ചത്. ഗൾഫ് രാജ്യങ്ങളിലെ അനൈക്യം കൌൺസിലിന് ഭീഷണിയാണെന്നായിരുന്നു കുവൈത്തിൻറെ പ്രതികരണം. സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ ക്ഷണമുണ്ടായിട്ടും ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉച്ചകോടിക്കെത്താതിരുന്നതിനെതിരെയും വിമർശനമുയർന്നു. ഉപരോധവും പ്രതിസന്ധികൾക്കുമിടയിൽ ഖത്തര്‍ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിപ്പ് നടത്തുമെന്നാണ് രാജ്യാന്തര നാണയ നിധിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിനായുള്ള ഒരുക്കവും ഏറെ ശ്രദ്ധയാകർഷിക്കുന്നു.

ഖത്തറിൽ നിന്നും കുവൈത്തിലെത്തുമ്പോൾ, സ്വദേശിവൽക്കരണം തന്നെയാണ് പ്രവാസികളെ നിരാശരാക്കുന്നത്.  അതിനിടയിൽ കുവൈത്തിൽ രണ്ടു വർഷമായി തൊഴിലും ശമ്പളവും ലഭിക്കാതെ വലഞ്ഞ എഴുപത്തിയൊൻപതു ഇന്ത്യൻ നഴ്സുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായ വാർത്ത ഏറെ ആശ്വാസമായി. നവംബർ രണ്ടാമത്തെ ആഴ്ചയിലുണ്ടായ കനത്ത പേമാരി ജനജീവിതം സ്തംഭിപ്പിച്ചതും രണ്ടായിരത്തിപതിനെട്ടിലെ കാഴ്ചയായിരുന്നു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിൻറെ കുവൈത്ത് സന്ദർശനത്തിനിടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാർഹികതൊഴിൽ കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചതും വാർത്താപ്രധാന്യം നേടി. പതിനാലായിരം ഇന്ത്യക്കാരുൾപ്പെടെ എഴുപത്തയ്യായിരം പേരാണ് കുവൈത്തിൽ മൂന്നുമാസത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 

ഒരു ലക്ഷത്തോളം മലയാളികൾ താമസിക്കുന്ന ഒമാനിലെ സലാലയിൽ ആഞ്ഞടിച്ച മെക്ക്നു ചുഴലിക്കാറ്റ് പ്രവാസലോകത്ത് ഭീതിവിതച്ചു കടന്നു പോയവർഷമായിരുന്നു 2018. വീസ നിയന്ത്രണം ഏർപ്പെടുത്തി വിദേശികളുടെ ഒഴുക്കിന് തടയിട്ടതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും ഒമാനിൽ നിന്നുള്ള പ്രധാനവാർത്തകളായിരുന്നു.

യെമനിൽ നാശം വിതച്ച കാറ്റഗറി ത്രീ വിഭാഗത്തിൽ പെട്ട മേക്കിനുകാറ്റ്  ഒമാനിലെ സലാല ലക്ഷമാക്കിയത് കൃത്യമായി അറിയാനും മുൻകരുതലെടുക്കാനായതും ഏറെ ഉപകാരപ്രദമായി. ഒരു മലയാളി അടക്കം ആറു പേരുടെ മരണത്തിന് കാരണമായ ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനായെന്നത് ഒമാൻ ഭരണകൂടത്തിൻറെ മികവായിരുന്നു.

അതേസമയം, ഒമാനിലേക്കുള്ള വിദേശികളുടെ ഒഴുക്കിന് തടയിടാന്‍ കടുത്ത നടപടികളുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത് പ്രവാസികൾക്ക് വിലങ്ങുതടിയായി. പത്തു വിഭാഗങ്ങളില്‍ 87 തസ്തികകളിലാണ് വീസാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതിനിടെ, ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷകളുടേതായിരുന്നു. ബഹിരാകാശ ഗവേഷണം, ഊര്‍ജം, ആരോഗ്യം തുടങ്ങി എട്ടു സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. നിക്ഷേപം, ഭക്ഷ്യസുരക്ഷ, മൈനിങ് തുടങ്ങിയവയാണ് സഹകരിക്കുന്ന മറ്റു മേഖലകള്‍. 

എക്സ്പ്രസ്, ടൂറിസം വിസകൾ പൂർണമായും ഓൺലൈനായി മാറ്റിയതും ഒമാനിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി രണ്ടു വർഷമായി ചുരുക്കി. വിദേശികൾ ഇനി മുതൽ രണ്ടുവർഷം കൂടുന്പോൾ ലൈസൻസ് പുതുക്കേണ്ടി വരുമെന്നതും ഒമാനിൽ നിന്നുള്ള പ്രധാനവാർത്തയായിരുന്നു. 

രണ്ടായിരത്തിപത്തൊൻപതിൽ സാമ്പത്തികമേഖലയിലെ മന്ദതയിൽ നിന്നു കരകയറുമെന്ന പ്രതീക്ഷയാണ് ഗൾഫ് രാജ്യങ്ങൾക്കുള്ളത്. ഒപ്പം സ്വദേശിവൽക്കരണത്തിൻറെ നിരാശകൾക്കിടയിലും ജോലി സാധ്യതകൾ ഉയരുമെന്ന പ്രതീക്ഷയും. ഈ പ്രതീക്ഷകളിലൂടെ പുതുവർഷം എല്ലാ മേഖലകളിലും പുത്തനുണർവു നൽകട്ടെയെന്ന ആശംസയോടെ നിർത്തുന്നു.

MORE IN SPECIAL PROGRAMS
SHOW MORE