മനുഷ്യപ്പറ്റ് തെളിഞ്ഞ വര്‍ഷം; സംഭവബഹുലം; വൈകാരികം: കേരളം 2018: വിഡിയോ

keralam-special-prgm
SHARE

മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞ വര്‍ഷം . ഭാവികേരളം 2018 നെ ഒാര്‍മ്മിക്കുക അങ്ങനെയായിരിക്കും. അത്രയും സംഭവബഹുലവും വൈകാരികവുമായിരുന്നു മലയാളിക്ക് 2018. മഴ, മഞ്ചേശ്വരം മുതല്‍ പാറശാലവരെ, സഹ്യപര്‍വതം മുതല്‍ അറബിക്കടല്‍ വരെ നിര്‍ത്താതെ പെയ്തു. 26 വര്‍ഷത്തിനുശേഷം ഇടുക്കി അണക്കെട്ടുതുറന്നു. പിന്നാലെ സഹ്യപര്‍വത മുകളില്‍ നിറഞ്ഞുനിന്ന ഡാമുകളെല്ലാം തുറന്നുവിട്ടു. ആ വെള്ളമെല്ലാം പെരിയാറിലൂടെയും പമ്പയിലൂടെയും മറ്റ് 42 നദികളിലൂടെയും ഒഴുകിയെത്തി ആര്‍ത്തുപെയ്ത മഴയ്ക്കൊപ്പം ഇടനാട് നിറച്ചു. രക്ഷകരായത് നാട്ടുകാര്‍, സൈന്യം, മല്‍സ്യത്തൊഴിലാളികള്‍. വെള്ളംനിറഞ്ഞ് ജലബോംബുകളായി മാറിയ മലനിരകള്‍ പൊട്ടിത്തെറിച്ചു.

ജനലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍. പിന്നെ കണ്ടത് ഒരുമയുടെയും സഹാനുഭൂതിയുടെയും കാഴ്ചകള്‍. ക്യാംപുകളിലേക്ക് സഹായം ഒഴുകിയെത്തി. ദിവസങ്ങള്‍ നീണ്ട പ്രളയത്തില്‍ നഷ്ടമായത് 484 ജീവനുകള്‍, 40000 കോടിയുടെ നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ കണക്ക്. കാര്‍മേഘങ്ങള്‍ നീങ്ങി. എവിടെയും പ്രതീക്ഷയുടെ കിരണങ്ങള്‍. ദുരിതാശ്വാസക്യാംപുകളില്‍ പൂവിളി, ഓണസദ്യ. പിന്നാലെ എത്തി വിവാദങ്ങള്‍. നവകേരളനിര്‍മാണത്തിന് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു. കണ്‍സള്‍ട്ടന്‍സിയായി കെപിഎംജിയെ നിയമിച്ചത് വിവാദമായി. 700 കോടിയുടെ യുഎഇ സഹായവാഗ്ദാനവും വിവാദമായി. കേന്ദ്രം സംസ്ഥാനത്തിനുള്ള സഹായം നിഷേധിക്കുന്നു എന്നായി ആക്ഷേപം. സഹായംതേടി വിദേശത്തേക്കുള്ള മന്ത്രിമാരുടെ യാത്ര കേന്ദ്രം തടഞ്ഞു. മുഖ്യമന്ത്രിക്കുമാത്രം അനുമതി . ഒടുവില്‍ 2304 കോടിരൂപ അധിക സഹായമായി കേന്ദ്രം നല്‍കി. ഇപ്പോഴും ധനസമാഹരണത്തിന് ശ്രമം തുടരുന്നു. പിരിച്ചെടുത്ത തുകപോലും അര്‍ഹരിലേക്ക് എത്തിയില്ലെന്നും പരാതികള്‍ വ്യാപകം.

ശബരിമലയിലെ യുവതീപ്രവേശനവിധിയും പ്രതിഷേധങ്ങളും

ആഗസ്റ്റ് 15ന് കയറിയ പ്രളയജലം ഒരാഴ്ച കൊണ്ട് അറബിക്കടലില്‍ എത്തിയെങ്കില്‍ ഒരു മാസത്തിനുശേഷം സെപ്റ്റംബര്‍ 28ന് മറ്റൊരു വലിയ പ്രതിസന്ധി തുടങ്ങുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. ആര്‍ത്തവ അശുദ്ധിയും കോടതി റദ്ദാക്കി. ലിംഗനീതി ഉറപ്പാക്കുന്ന വിധി എന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തിലെ പ്രതികരണങ്ങള്‍. ഒപ്പം ആശയക്കുഴപ്പങ്ങളും പ്രകടമായി. എന്നാല്‍ എന്‍.എസ്.എസ് നാമജപഘോഷയാത്രയുമായി തെരുവിലിറങ്ങിയതോടെ സ്ഥിതി മാറി. ആചാരസംരക്ഷണം എന്നായി യുഡിഎഫിന്റെയും ബിജെപിയുടെയും മുദ്രാവാക്യം. 

കോടതിവിധി നടപ്പാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു.ഇരുപക്ഷവും ബലാബലം പരീക്ഷിച്ചപ്പോള്‍ ശബരിമല കലാപഭൂമിയായി. മലചവിട്ടാനെത്തിയ യുവതികള്‍ക്ക് പ്രതിഷേധവും അക്രമവും മൂലം പിന്തിരിയേണ്ടിവന്നു. സംശയംതോന്നിയാല്‍ ആരെയും തടയുന്ന സ്ഥിതിയായി. യുവതീപ്രവേശം എന്തുവിലകൊടുത്തും തടയുമെന്ന് വെല്ലുവിളി

ചിത്തിര ആട്ടവിശേഷത്തിന് ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നിയന്ത്രണത്തിലായി സന്നിധാനം. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് നടതുറന്നതോടെ സന്നിധാനം പൊലീസ് വലയത്തിലായി. നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് നിയന്ത്രണം പിടിച്ചെടുത്തു. നിയന്ത്രണം മറികടക്കാന്‍ ശ്രമിച്ച സംഘപരിവാര്‍നേതാക്കളെ അറസ്റ്റു ചെയ്തു. 

ഇതിനിടെ കോണ്‍ഗ്രസും സമരം ശക്തമാക്കി. മേഖലാടിസ്ഥാനത്തില്‍ ജാഥകളും സമരവും. പമ്പവരെ പ്രതിഷേധം എത്തിച്ച യുഡിഎഫ് നേതാക്കള്‍ എന്നാല്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി. ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ സമരം അവസാനിപ്പിച്ച് ബിജെപി മലയിറങ്ങി സെക്രട്ടേറിയറ്റിന് മുന്നിലെത്തി. നിലവലെ സാഹചര്യത്തില്‍ യുവതീപ്രവേശം അസാധ്യമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. സുപ്രീംകോടതിയില്‍ റിവ്യുപെറ്റീഷന്‍ നല്‍കാന്‍ ദേവസ്വംബോര്‍ഡിന് അനുമതി നല്‍കി. തല്‍ക്കാലത്തേക്ക് സന്നിധാനം ശാന്തമായി. ശബരിമല സമരം ബിജെപിയിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ളാഹയില്‍ അയ്യപ്പഭക്തന്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ടയില്‍ നടത്തിയ ഹര്‍ത്താലും സെക്രട്ടേറിയറ്റിലെ സമരപ്പന്തലിന് മുന്നില്‍ നടന്ന ആത്മഹത്യയുടെ പേരില്‍ സംസ്ഥാനവ്യാപകമായി നടത്തിയ ഹര്‍ത്താലും പൊതുസമൂഹത്തില്‍ എതിര്‍പ്പും പാര്‍ട്ടിയില്‍ ഭിന്നതയും സൃഷ്ടിച്ചു. തുടര്‍ച്ചയായ ഹല്‍ത്താലുകള്‍ക്കെതിരെ ജനം ഉണര്‍ന്നു. 

transgenders-sabarimala-1

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ നിലപാട് പ്രചരിപ്പിക്കാന്‍ ജനുവരി ഒന്നിന് വനിതാമതില്‍ നിര്‍മിക്കാനുള്ള തീരുമാനവും ശക്തമായ പ്രതിഷേധം സൃഷ്ടിച്ചു. നവോത്ഥാനപരിശ്രമങ്ങള്‍ക്ക് എസ്.എന്‍.ഡിപിയുടെ പിന്തുണ ലഭിച്ചെങ്കിലും എന്‍.എസ്.എസ് ഇടഞ്ഞു. ശബരിമല വിധി നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ സഭാതര്‍ക്കത്തിലെ വിധി നടപ്പാക്കാത്തതെന്തെന്ന വിമര്‍ശനവും ഉയര്‍ന്നു. പിറവം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള കോടതിവിധി നടപ്പാക്കാനുള്ള പൊലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പിന്നാലെ കോതമംഗലം പള്ളി സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതും നാടകീയരംഗങ്ങള്‍ക്കിടയാക്കി. 

മന്ത്രിസഭയിലെ മാറ്റങ്ങളും വിവാദങ്ങളും

മന്ത്രിമാരുടെ രാജി ഈ വര്‍ഷവും തുടര്‍ന്നു. വിവാദങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സര്‍ക്കാരിന ശ്വാസംമുട്ടിച്ചു. ഫോണ്‍ കെണി വിവാദത്തില്‍ രാജിവച്ച എ.കെ.ശശീന്ദ്രന്‍ തോമസ് ചാണ്ടി രാജിവച്ച ഒഴിവില്‍ വീണ്ടും മന്ത്രിയായി. വകുപ്പ് ഗതാഗതം തന്നെ. ബന്ധുനിയമനവിവാദത്തില്‍ രാജിവച്ച ഇ.പി.ജയരാജന്‍ പൂര്‍വാധികം കരുത്തോടെ മന്ത്രിസഭയിലെ രണ്ടാമനായി മടങ്ങിയെത്തി. മുഖ്യമന്ത്രി ചികില്‍സയ്ക്കായി അമേരിക്കയില്‍ കഴിഞ്ഞ ഒരുമാസക്കാലം പ്രതിപുരുഷനായത് ജയരാജനാണ്. വ്യവസായമന്ത്രിയായി ജയരാജന്‍ എത്തിയതോടെ വകുപ്പുകളിലും മാറ്റമുണ്ടായി. വിദ്യാഭ്യാസവകുപ്പ് രണ്ടായി പിളര്‍ത്തി ഉന്നത വിദ്യാഭ്യാസം കെടി ജലീലിന് നല്‍കി. തദ്ദേശസ്വയംഭരണം ജലീലില്‍ നിന്നെടുത്ത് എ.സി.മൊയ്തീനു നല്‍കി. തദ്ദേശംപോലൊരു പ്രധാനവകുപ്പ് നേരെ കൊണ്ടുനടക്കാനാവാത്തതാണ് ജലീലിന് തിരിച്ചടിയായത്. വര്‍ഷാവസാനമായപ്പോള്‍ ജനതാദള്‍ എസില്‍ കലഹം മൂത്തു. ദേശീയനേതൃത്വം ഇടപെട്ട് മാത്യു ടി.തോമസിന് പകരം കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കി. വ്രണിത ഹൃദയനായി കാലം തികയ്ക്കാതെ ഒരിക്കല്‍കൂടി മാത്യു ടി.തോമസ് പടിയിറങ്ങി. 

chennithala-pinarayi-assembly

ന്യൂനപക്ഷവികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി കെ.ടി.ജലീല്‍ ബന്ധുവിനെ നിയമിച്ചത് വഴിവിട്ടാണെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത് യൂത്ത് ലീഗാണ്. മന്ത്രി ആരോപണം നിഷേധിച്ചെങ്കിലും കെടി അദീബിന് രാജിവയ്കകേണ്ടി വന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കി.നിയമസഭയില്‍ പ്രതിപക്ഷം മന്ത്രിയെ ബഹിഷ്കരിച്ചു. പക്ഷേ ജലീല്‍ കുലുങ്ങിയില്ല. പ്രശ്നം കോണ്‍ഗ്രസ് ശക്തമായി ഏറ്റെടുത്തില്ല എന്ന ആക്ഷേപം ലീഗിന് ബാക്കി. 

ബ്രൂവറികളും ഡിസ്റ്റിലറികളും വേണ്ടെന്ന പഴയഉത്തരവ് നിലനില്‍ക്കെ പുതയ ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതും സര്‍ക്കാരിനെ വെട്ടിലാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണം ആദ്യം ഉന്നയിച്ചത്. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ പ്രതിരോധം ദുര്‍ബലമായിരുന്നു. അപകടം മണത്ത സര്‍ക്കാര്‍ ബ്രുവറികള്‍ക്കുള്ള അനുമതി രായ്ക്കുരാമാനം പിന്‍വലിച്ചു. പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ആദ്യ സുപ്രധാന ജയം. എന്നാല്‍ ടി.പി.രാമകൃഷ്ണനെ മുഖ്യമന്ത്രി സംരക്ഷിച്ചു. പ്രതിപക്ഷം ഉന്നയിച്ച രാജിയാവശ്യം തള്ളി. തുടര്‍ന്ന് വിദേശനിർമിത മദ്യത്തിന്റെ വിപണനവും നികുതിയിളവും ഉയര്‍ത്തി പ്രതിപക്ഷം തിരിച്ചടിക്കുകയും ചെയ്തു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാരുദ്യോഗസ്ഥരുടെ ഒരുമാസത്തെ ശമ്പളം ആവശ്യപ്പെട്ട് പ്രഖ്യാപിച്ച സാലറി ചാലഞ്ചിലും സര്‍ക്കാരിന് കൈപൊള്ളി. സാലറി ചാലഞ്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളി.  അപ്പീല്‍ സുപ്രീം കോടതിയും നിരസിച്ചു.  പ്രളയശേഷമുള്ള പുനര്‍നിര്‍മ്മാണത്തിലെ കേരളത്തിന്റെ ഒരേമനസ്സിനെ ഇല്ലാതാക്കുന്നതിൽ സാലറി ചലഞ്ച് വഹിച്ച പങ്ക് ചെറുതല്ല. 

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് സാമ്പത്തികപ്രതിസന്ധിനേരിടുന്ന കെഎസ്ആര്‍ടിസിക്ക് കൂനിന്‍മേല്‍ കുരുവായി. ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഒടുവില്‍ ഒറ്റയടിക്ക് എല്ലാവരെയും പിരിച്ചുവിട്ടു, കെ.എസ്.ആര്‍.ടിസി സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങി. ജനം പെരുവഴിയിലായി. കണ്ണൂര്‍, കരുണ മെഡിക്കല്‍കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ഭരണപ്രതിപക്ഷങ്ങള്‍കൈകോര്‍ത്ത് പാസാക്കിയ നിയമം സുപ്രീംകോടതി കീറിയെറിഞ്ഞത് സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ നാണക്കേടായി. 

ഓഖി ഫണ്ടില്‍ നിന്ന് പണമെടുത്ത് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ തൃശൂരില്‍ പാര്‍ട്ടിസമ്മേളനത്തിന് പോയത് വിവാദമായി. ഒടുവില്‍ പണം ഓഖിഫണ്ടില്‍ നിന്ന് എടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തടിയൂരി. ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്നതിന് വിളിച്ച മന്ത്രിസഭായോഗം ക്വാറം തികയാതെ നടക്കാത്തത് മന്ത്രിസഭയുടെ പ്രവര്‍ത്തനമികവ് ജനത്തിന് കാണിച്ചുകൊടുത്തു. കേട്ടുകേള്‍വിയില്ലാത്ത സംഭവമെന്നുപറ‍ഞ്ഞ് പ്രതിപക്ഷം ആക്ഷേപിച്ചു. മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സര്‍ക്കുലറും മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തുടര്‍ച്ചയായി സസ്പെന്‍ഡ് ചെയ്തതും സോളറില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും പീഡനക്കേസ് എടുക്കാനുള്ള നീക്കവും വിമര്‍ശനങ്ങള്‍ക്കിടയാക്കി. 

വീഴ്ചകള്‍ക്കും പോരായ്മകള്‍ക്കുമിടയില്‍ ചില നേട്ടങ്ങളുമുണ്ട്. സി.പി.എം–സിപിഐ അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്തത് ഈ വര്‍ഷം മുന്നണിക്കും സര്‍ക്കാരിനും നല്‍കിയത് ചില്ലറ ആശ്വാസമല്ല. ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നത് ജോലിഭാരം കൂട്ടുന്നെന്നുപറഞ്ഞ് സമരത്തിനിറങ്ങിയ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കര്‍ശനനിലപാടിന് മുന്നില്‍ നിരുപാധികം കീഴടങ്ങിയത് സര്‍ക്കാരിന്റെ വിജയമായി. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും പെട്രോള്‍–ഡീസല്‍ വിലവര്‍ധനയില്‍ ആശ്വാസനടപടി പ്രഖ്യാപിക്കാനും സര്‍ക്കാരിനായി. ജൂണില്‍ പെട്രോള്‍ ഡീസല്‍ നികുതിയില്‍ ഒരു രൂപയാണ് കുറച്ചത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തതും നിസാന്റെ ഡിജിറ്റല്‍ ഹബ് ടെക്നോപാര്‍ക്കില്‍ വന്നതും ദേശീയപാതവികസനത്തിലെ തടസങ്ങള്‍ നീക്കിയതും കേരളബാങ്കിന് അനുമതി കിട്ടിയതും പ്രവാസിചിട്ടി തുടങ്ങിയതും സാമ്പത്തികപ്രതിസന്ധി ബാധിക്കാതെ കിഫ്ബി പദ്ധതികള്‍ മുന്നോട്ടു പോകുന്നതും നേട്ടങ്ങളാണ്. 

നിപ്പയെ തുടച്ചുനീക്കിയ കരുത്ത്

നിപ്പാ വൈറസ് കൊണ്ടുവന്ന അപൂര്‍വ്വ രോഗത്തെ തടയാനായത് ആരോഗ്യവകുപ്പിന് കയ്യടിനല്‍കി. കോഴിക്കട് പേരാമ്പ്രയില്‍പൊട്ടിപ്പുറപ്പെട്ട ഈ വൈറസ്ബാധ 23 ജീവനപഹരിച്ച ദുരന്തമായി. വൈറസിനെ കണ്ടെത്തി നിയന്ത്രിക്കാനായെങ്കിലും രോഗബാധിതരെ പരിചരിച്ച നേഴ്സ് ലിനിയുടെ ഉള്‍പ്പെടെ വിലപ്പെട്ട ജീവനുകള്‍ നഷ്ടമായത് വേദനയായി തുടരും. 

nippa-t

ഇതിലൊക്കെ സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കിയത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ജയമായിരുന്നു. കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഡി.വിജയകുമാറിനെ 20956 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ തോല്‍പിച്ചത്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള കെ.എം.ഷാജിയുടെ വിജയം എം.വി.നികേഷ്കുമാറിന്റെ പരാതിയില്‍ ഹൈക്കോടതി റദ്ദാക്കിയത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. 

കേരള രാഷ്ട്രീയത്തിന്റെ ഇൗ വർഷം

സി.പി.എം പൂര്‍ണമായി പിണറായി വിജയന് വിധേയമായി എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. കെ.എം.മാണി യുഡിഎഫിലും എം.പി.വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലും മടങ്ങിയെത്തി. ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായി മിസോറം ഗവര്‍ണറാക്കിയത് ഏവരെയും ഞെട്ടിച്ചു. തൃശൂര്‍ സമ്മേളനത്തോടെ സിപിഎം ഏകശിലാരൂപത്തിലായി. പാര്‍ട്ടി പൂര്‍ണമായി പിണറായി വിജയന് വിധേയമായി. പാര്‍ട്ടിയിലും സര്‍ക്കാരിലും ചോദ്യംചെയ്യപ്പെടാത്ത നേതൃത്വം പിണറായി നേടി. എന്നാല്‍ സീതാറാം യച്ചൂരി വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത് തടയാന്‍ വി.എസ് ഒഴികെയുള്ള കേരളഘടകം ഒന്നിച്ചുനിന്ന് പ്രയത്നിച്ചെങ്കിലും പരാജയപ്പെട്ടു. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയായും കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായും തുടര്‍ന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഗള്‍ഫില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത സിപിഎം സമ്മേളനങ്ങള്‍ക്ക് തൊട്ടുമുമ്പാണ് പുറത്തുവന്നത്. 

ഒടുവില്‍ പണം തിരിച്ചു നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കി. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന പരാതിയും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ യുവതിയുടെ പരാതിയില്‍ ഒടുവില്‍ ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. പീഡനപരാതിയില്‍ പാര്‍ട്ടിനടപടി മതിയോ എന്ന ചോദ്യം പൊതുസമൂഹത്തില്‍ അവശേഷിക്കുന്നു. കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് നിര്‍മിക്കുന്നതിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മ രൂപീകരിച്ച് സമരം ചെയ്തതും പാര്‍ട്ടിക്ക് തലവേദനയായി. എം.പി.വീരേന്ദ്രകുമാറിന്റെ മടങ്ങിവരവാണ് ഇടതുമുന്നണിയിലെ പ്രധാനസംഭവവികാസം. അതുവഴി വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലും എത്തി. 

jdu

ബാര്‍കോഴകേസില്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയ കെ.എം.മാണിയുടെ മടങ്ങിവരവ് യുഡിഎഫിന് കരുത്തുകൂട്ടി. എന്നാല്‍ മാണിയെ കൂടെക്കുട്ടാനായി രാജ്യസഭാസീറ്റ് വിട്ടുകൊടുത്തത് കോണ്‍ഗ്രസില്‍ ഭൂകമ്പം സൃഷ്ടിച്ചു. സീറ്റ് നഷ്ടപ്പെട്ട പി.ജെ.കുര്യനും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നടത്തിയ വിമര്‍ശനം കോണ്‍ഗ്രസിനെ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാക്കി.

എന്നാല്‍ എ ഗ്രൂപ്പ് മൗനം പാലിച്ചതോടെ വിവാദം കെട്ടടങ്ങി. കോട്ടയം എം.പി ജോസ് കെ.മാണി രാജ്യസഭയിലെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സിക്ക് പുതിയ നേതൃത്വം വന്നത് പാര്‍ട്ടിക്ക് ഉണര്‍വുണ്ടാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനും കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും എം.ഐ ഷാനവാസും വര്‍ക്കിങ് പ്രസിഡന്റുമാരുമായുള്ള  ഹൈക്കമാന്‍ഡിന്റ പുതിയ പരീക്ഷണം വിജയമാണോയെന്നറിയാന്‍ ലോക് സഭ തിരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും കാത്തിരിക്കണം. ബെന്നി ബെഹനാന്‍ കണ്‍വീനറായതാണ് യു.ഡി.എഫിലുണ്ടായ മാറ്റം

  

kummanam-rajasekharan-2

രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബി.ജെ.പി അധ്യക്ഷസ്ഥാനത്തുനിന്നുള്ള കുമ്മനത്തിന്റ മാറ്റം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തിനില്‍ക്കെ  ഒരു സുപ്രഭാതത്തില്‍ കുമ്മനം  മിസോറമിന്റ ഗവര്‍ണറായി. കൂടിയാലോചനയില്ലാതെ കുമ്മനത്തെ നീക്കിയതില്‍  ആര്‍.എസ്.എസ് ഇടഞ്ഞു. പുതിയ അധ്യക്ഷനെച്ചൊല്ലി മുരളീധര–കൃഷ്ണദാസ് പക്ഷങ്ങള്‍ തമ്മിലടി തുടര്‍ന്നതോടെ ബി.ജെ.പി കുറെനാള്‍ നാഥനില്ലാ കളരിയായി തുടര്‍ന്നു. ഒടുവില്‍ നറുക്ക് വീണത് പി.എസ് ശ്രീധരന്‍പിള്ളയ്ക്ക്. 

പൊലീസിന്റെ വീഴ്ചകൾ

ഉത്തരേന്ത്യയില്‍ മാത്രം നടന്നിരുന്ന ആള്‍ക്കൂട്ട കൊലപാതകത്തിനും ദുരഭിമാന കൊലയ്ക്കും  പോയവര്‍ഷം കേരളം സാക്ഷിയായി.   പ്രബുദ്ധരെന്ന് അഭിമാനിച്ചിരുന്ന മലയാളിയുടെ തലകുനിഞ്ഞുപോയ നിമിഷങ്ങള്‍.സദാചാര പൊലീസും സാക്ഷാല്‍ പൊലീസും അതിക്രമങ്ങളും മനസാക്ഷിയെ ഞെട്ടിച്ചു. സ്നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ മലയാളിക്കിന്നും മായാത്ത നൊമ്പരമാണ്. മെയ് 27ന് മാന്നാനത്തെ വീട്ടില്‍ നിന്ന് നീനുവിന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ കെവിന്റ  മൃതദേഹം പിറ്റേന്ന് തെന്‍മലയിലെ തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കെവിനെ കാണാനില്ലെന്ന്  സ്റ്റേഷനില്‍ നേരിട്ടെത്തി നീനു നല്‍കിയ പരാതി പൊലീസ് അവഗണിച്ചത്  ഇനിയും മാറാത്ത പൊലീസ് മനോഭാവനത്തിന്റ തെളിവായിരുന്നു 

kevin-letter

ഒരു തെറ്റും ചെയ്യാതെ വീട്ടില്‍ കിടന്നുറങ്ങിയ വരാപ്പുഴയിലെ ശ്രീജിത്തിനെ ആളുമാറി അര്‍ധരാത്രിയില്‍ വിളിച്ചിറക്കി കൊണ്ടുപോയി പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രാകൃതനടപടികള്‍ മൂടിവയ്ക്കാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നുനടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. നാടെങ്ങും പ്രതിഷേധം ആളിക്കത്തിയെങ്കിലും  നടപടി കസേരമാറ്റത്തില്‍ ഒതുങ്ങി. നെയ്യാറ്റിന്‍കരയിലെ സനലിനെ വാക്തര്‍ക്കത്തിനിടെ ഡിവൈഎസ്.പി ബി.ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നതും പൊലീസിന് കളങ്കമായി. ഒളിവില്‍ കഴിയുന്നതിനിടെ ഡിവൈഎസ്പി തൂങ്ങിമരിച്ചു. സനലിന്റ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ഒടുവില്‍ വാക്കുമാറ്റിയപ്പോള്‍  ഭാര്യ വിജിക്ക് രണ്ടു കുട്ടികളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യേണ്ടി വന്നു. 

Sreejith-Protest

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ആയിരം ദിവസം പിന്നിട്ട ശ്രീജിത്തും പൊലീസ് അതിക്രമത്തിന്റെ ഇരയാണ്. മോഷണക്കുറ്റത്തില്‍ അറസ്റ്റിലായ സഹോദരന്‍ ശ്രീജിവിന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ സമരം കേരളം ഏറ്റെടുത്തത് സമൂഹമാധ്യമങ്ങളിലൂടെ. ഒടുവില്‍ സിബിഐ വന്നെങ്കിലും ശ്രീജിത്തിന്റെ സമരം തുടരുന്നു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന മൂന്ന് പൊലീസുകാരെ വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷം കോടതി വധശിക്ഷ വിധിച്ചത് വൈകിയെത്തിയ നീതിയായി. ലാത്വിയന്‍ യുവതി ലിഗ കോവളം ബീച്ചിന് സമീപം കൊല്ലപ്പെട്ടത് രാജ്യാന്തരതലത്തില്‍ കേരളത്തിന് നാണക്കേടായി.എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ഡ്രൈവറെ മര്‍ദിച്ചത് പൊലീസിലെ ദാസ്യപ്പണിയുടെ ഭീകരാവസ്ഥ പുറത്തുകൊണ്ടുവന്നു. കണ്ണൂരില്‍  രാഷ്ട്രീയ കൊലക്കത്തിക്ക് ഇക്കുറിയും വിശ്രമമുണ്ടായില്ല.  മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം അതിദാരുണമെന്ന് വിലപിച്ചത് ഹൈക്കോടതിയാണ്. ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ നിയമസഭയിലടക്കം ആഞ്ഞടിച്ചു. 

ജലന്തര്‍ രൂപത ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ സഭയും പൊലീസും നടപടിയെടുക്കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി. കേരളത്തിലെ കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമായി കന്യാസ്ത്രീകള്‍ സമരവുമായി തെരുവിലിറങ്ങി. സമരത്തിന് ദിനംപ്രതി പിന്തുണയേറി. ഒടുവില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. ജാമ്യം നേടി പാലാ ജയിലില്‍ നിന്നിറങ്ങിയ ബിഷപ്പിനെ സ്വീകരിക്കാനും ഒരുവിഭാഗം വിശ്വാസികളുണ്ടായിരുന്നു. എറണാകുളം–അങ്കമാലി അതിരൂപത ഭൂമിയടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പങ്കുണ്ടെന്ന ആരോപണം  വലിയ ചര്‍ച്ചയായി. 

pva-franko-t

സിനിമാമേഖലയിലെ അടങ്ങാത്ത വിവാദത്തിര

wcc-amma-meeting

നടിയെ ആക്രമിച്ച കേസിന്റ അലയൊലികള്‍ പോയവര്‍ഷവും ഒടുങ്ങിയില്ല. കുറ്റാരോപിതനായ ദിലീപിന്റെ കാര്യത്തില്‍ അമ്മ ഒളിച്ചുകളി നടത്തുന്നു എന്ന് വാര്‍ത്താസമ്മേളനം നടത്തി വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആരോപിച്ചു. രണ്ട് ദിവസം കഴിഞ്ഞുള്ള വാര്‍ത്താസമ്മേളനത്തില്‍ ദിലീപിന്റെ രാജി ഒക്ടോബര്‍ 10ന് എഴുതിവാങ്ങിയെന്ന് മോഹന്‍ലാല്‍ അവകാശപ്പെട്ടു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവച്ചതെന്ന് പറഞ്ഞ് രണ്ടുദിവസത്തിനകം ദിലീപ് മോഹന്‍ലാലിനെ തിരുത്തിയതോടെ സിനിമാരംഗത്തെ പടലപ്പിണക്കങ്ങളും പുറത്തായി. മലയാള സിനിമാലോകത്തും മീടു ആരോപണങ്ങള്‍ ഉയര്‍ന്നു. മുകേഷിനും അലന്‍സിയറിനും എതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. 

വിജയം രുചിച്ച് നമ്പി നാരായണൻ

ചാരക്കേസില്‍ നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിയെ കേരളം കയ്യടികളോടെ സ്വാഗതം ചെയ്തു. രണ്ട് പതിറ്റാണ്ടുനീണ്ട ഗ്രഹണകാലം കടന്ന് നമ്പി നാരായണന്‍ സൂര്യതേജസില്‍ തിളങ്ങി. സംസ്ഥാനസര്‍ക്കാര്‍ പൊതുയോഗത്തില്‍ വച്ച് നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനിയുടെയും അപകടമരണം കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.

നഷ്ടങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഒപ്പം നിരവധി ആകാംക്ഷകള്‍ അവശേഷിപ്പിച്ചാണ് 2018 കടന്നുപോകുന്നത്. ജനുവരി 22നാണ് ശബരിമല വിധിയിലെ പുനഃപരിശോധനാഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. ശബരിമലയില്‍ എന്തുസംഭവിക്കും. ശബരിമല വിധി സൃഷ്ടിച്ച രാഷ്ട്രീയ–സാമുദായിക അടിയൊഴുക്കുകള്‍ നാലുമാസത്തിനകം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം. എല്ലാത്തിനും ഉത്തരം 2019 നല്‍കും. 

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.