ഹൃദയഭൂമി ‘കൈ’കളിൽ; ബിജെപി തറപറ്റിയ വിധി, വിശകലനം; വിഡിയോ

augmented-reality
SHARE

2019 എന്ന വലിയ തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് അഞ്ച് സംസ്ഥാനങ്ങൾ. മധ്യപ്രദേശ് മുതൽ മിസോറാം വരെ എന്ത് സുചനകൾ നൽകുന്നു. അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ ബിജെപിക്കൊപ്പം ഒരു സംസ്ഥാനം പോലും ബിജെപിക്കൊപ്പം നിൽക്കുന്നില്ല. തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമഗ്ര ചിത്രം നോക്കാം. 

കോട്ടകളില്‍ കാലിടറി ബി.ജെ.പി; മിന്നിത്തിളങ്ങി കോണ്‍ഗ്രസ്: വിധി, പൂര്‍ണചിത്രം

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ മിന്നിത്തിളങ്ങി കോണ്‍ഗ്രസ്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം കടന്നു.മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സീറ്റെണ്ണത്തില്‍ വമ്പന്‍ മുന്നേറ്റം നടത്തിയെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒപ്പത്തിനൊപ്പമുളള മുന്നേറ്റമാണ് മധ്യപ്രദേശില്‍ ഇപ്പോള്‍ നടക്കുന്നത്. ഏറ്റവുമൊടുവില്‍ കിട്ടുന്ന ലീഡ് നിലയനുസരിച്ച് ഇരുന്നൂറ്റി മുപ്പതംഗ നിയമസഭയില്‍ 110 സീറ്റിലാണ് ഇരുപാര്‍ട്ടികളും ലീഡ് ചെയ്യുന്നത്. ഒട്ടേറെ മണ്ഡലങ്ങളില്‍ ഇപ്പോഴും ആയിരം വോട്ടില്‍ താഴെയാണ് സ്ഥാനാര്‍ഥികളുടെ ലീഡ്. 

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ബിഎസ്പിയുടെ നിലപാട് നിര്‍ണായകമാകും. രാജസ്ഥാനിലെ കോണ്‍ഗ്രസ് ലീഡ് നില  കേവലഭൂരിപക്ഷത്തിനാവശ്യമായ 100 സീറ്റിനുമുകളിലാണ്. തെലങ്കാനയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയാണ് ടിആര്‍എസ് കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട മഹാകൂട്ടമിയെ തറപറ്റിച്ചത്. മിസോറമില്‍ തുടര്‍ച്ചയായി മൂന്നാംവട്ടം അധികാരം ലക്ഷ്യമിട്ട കോണ്‍ഗ്രസ് മിസോ നാഷണല്‍ ഫ്രണ്ടിന്റെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ അധികാരനഷ്ടം പൂര്‍ണമായി. 

ഇനി രാഹുലിന്‍റെ രാജകോട്ട

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിനു 101 സീറ്റ് വേണമെന്നിരിക്കെ 104 സീറ്റുകളിലാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. ഭരണകക്ഷിയായ ബി.ജെ.പി. 70 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസ് വിമതരും രണ്ട് സി.പി.എം. സ്ഥാനാര്‍ഥികളും ചെറുകക്ഷികളും മികച്ച പ്രകടനംകാഴ്ച്ചവച്ചു. മുഖ്യമന്ത്രിയെ തിര‍ഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ്് നിയമസഭാകക്ഷിയോഗം നാളെ ജയ്പൂരില്‍ ചേരും.

അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിനു ഇരുപത് സീറ്റെങ്കിലും അധികം കിട്ടുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ജനപ്രീതിയിലും സച്ചിന്‍ പൈലറ്റിനേക്കാള്‍ ഗെഹ്ലോട്ടാണ് മുന്നില്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രകടനം മികച്ചതാക്കണമെങ്കില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരാകുമെന്നത് പ്രധാനമാണ്. 

കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ച നാട്

ഛത്തീസ്ഗഢില്‍ രമണ്‍ സിങ്ങിന്‍റെ പതിനഞ്ചുവര്‍ഷത്തെ ഭരണത്തിന് വിരാമമിട്ട് കോണ്‍ഗ്രസിന്‍റെ വിജയക്കൊടിയേറ്റം. വോട്ടെണ്ണല്‍ േവളയില്‍ മൂന്നുതവണ പിന്നോട്ടുപോയശേഷമാണ് മുഖ്യമന്ത്രി രമണ്‍ സിങ് രാജ്നന്ദ്ഗാവ് മണ്ഡലത്തില്‍ സുരക്ഷിതനായത്. 90 ല്‍ 67 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുകയോ ലീഡുചെയ്യുകയോ ചെയ്യുന്നു. ബിജെപിയുടെ വിജയവും ലീഡും 14 സീറ്റുകളിലൊതുങ്ങി. അജിത് ജോഗിയുടെ മൂന്നാം മുന്നണിയ്ക്ക് 9 സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു.

നാലാം തവണയും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ലക്ഷ്യമിട്ട രമണ്‍ സിങ്ങിന്‍റെ അശ്വമേധം തടഞ്ഞത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവുപോലുമില്ലാതെ പോരിനിറങ്ങിയ കോണ്‍ഗ്രസ്. ഛത്തീസ്ഗഢിന് പതിനെട്ട് വയസു തികഞ്ഞവേളയില്‍ നടന്ന തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആധികാരിക വിജയം. മധ്യപ്രദേശിലും രാജസ്ഥാനിലുമുള്ളതിനേക്കാള്‍ ഭരണ വിരുദ്ധവികാരം ബിജെപി ഏറ്റവും അധികം നേരിട്ടത് ഛത്തീസ്ഗഢിലായിരുന്നുവെന്ന് ജനവിധി അടിവരയിടുന്നു. നാടിന്‍റെ നാടീമിടിപ്പ് അറിയാവുന്ന നേതാവെന്ന് വിശേഷിപ്പിക്കപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ രമണ്‍ സിങ്ങിന് പക്ഷെ, അടിയൊഴുക്കുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സംസ്ഥാനമന്ത്രിമാരടക്കം പ്രധാനനേതാക്കള്‍ക്ക് അടിതെറ്റി.

 വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മല്‍സരം ഇഞ്ചോടിഞ്ചായിരുന്നെങ്കിലും പിന്നെ പടിപടിയായി കോണ്‍ഗ്രസ് ഉയര്‍ന്നു. ഗ്രാമങ്ങള്‍ കോണ്‍ഗ്രസിന്‍റെ കൈക്കുമ്പിളിലായി. നഗരങ്ങളിലെ കാവിക്കോട്ടകള്‍ ഇളകി. ബിജെപിക്ക് വോട്ടുചെയ്യരുതെന്ന മാവോയിസ്റ്റുകളുടെ അന്ത്യശാസനം ബസ്തര്‍ മേഖലയെ സ്വാധീനിച്ചു. ഒബിസി, ആദിവാസി വോട്ടുകള്‍ പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ എന്‍ജിനിറയറിങ് ഫലം കണ്ടു. നെല്ല് സംഭരണത്തിലെ വീഴ്ച്ചയും കൂടുതല്‍ താങ്ങുവില നല്‍കുമെന്ന കോണ്‍ഗ്രസിന്‍റെ വാഗ്ദാനവും സുപ്രധാനഘടകമായി. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് സമരസജ്ജമായതും ജനഹിതത്തെ ആകര്‍ഷിച്ചു. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, നിയമസഭാ പ്രതിപക്ഷനേതാവ് ടി.എസ് സിങ്ദേവ് എന്നിവര്‍ക്കാണ് മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.  

അജിത് ജോഗിയുടെ മൂന്നാംമുന്നണി പ്രതിപക്ഷ വോട്ടുകള്‍ കാര്യമായി ഭിന്നിപ്പിച്ചില്ല. മറിച്ച് പട്ടിക വിഭാഗ സംവരണ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്തു. 

തെലങ്കാനയില്‍ തേരോട്ടം

തെലങ്കാനയില്‍ പ്രവചനങ്ങളെ വെല്ലുംവിധം  ചന്ദ്രശേഖര റാവുവിന്‍റെ തേരോട്ടം. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത മഹാകൂട്ടമിയെ ബഹുദൂരം പിന്നിലാക്കിയാണ് ചന്ദ്രശേഖര റാവു അധികാരത്തുടര്‍ച്ച നേടുന്നത്. 119 അംഗ നിയമ സഭയില്‍ 86 സീറ്റ് നേടിയപ്പോള്‍ മഹാകൂട്ടമി 22 സീറ്റിലൊതുങ്ങി. വോട്ടര്‍ പട്ടികയില്‍നിന്ന് 22 ലക്ഷത്തിലാ്‍ അധികം പേരെ ഒഴിവാക്കിയെന്ന് കാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

തെലങ്കാന രാഷ്ട്രസമിതിയുടെ തൂത്തുവാരലില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത മഹാകൂട്ടമിയുടെ തകര്‍ച്ച പ്രതീക്ഷിച്ചതിലും വലുതായിരുന്നു. കോണ്‍ഗ്രസിന്‍റെയും ടിഡിപിയുടെയും ബിജെപിയുടെയും സിറ്റിങ്ങ് സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ടാണ് ചന്ദ്രശേഖര റാവുവിന്‍റെ അധികാര തുടര്‍ച്ച. ഗജ്്വേലില്‍ അരലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ.സി.ആറിന്‍റെ വിജയം. 

2014 ല്‍ ഇരുപതിനായിരത്തില്‍ താഴെയായിരുന്നു ഭൂരിപക്ഷം. മകന്‍ കെ.ടി.രാമറാവു സിര്‍സിലയില്‍ നിന്നും മരുമകന്‍ ഹരീഷ് റാവു സിദ്ധിപ്പേട്ടില്‍ നിന്നും വലിയ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡഡി നേരിയ ഭൂരിപക്ഷത്തിന് കടന്നുകൂടി. കോണ്‍ഗ്രസിന്‍റെ മുഖമായിരുന്ന രേവന്ത് റെഡ്ഡി, മുതിര്‍ന്ന നേതാവ് ഡി.കെ.അരുണ, ന്യൂനപക്ഷ മുഖമായിരുന്ന ഷബീര്‍ അലി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.ലക്ഷമണ്‍ എന്നീ വന്‍ മരങ്ങള്‍ ടി.ആര്‍.എസ് കൊടുങ്കാറ്റില്‍ കടപുഴകി. 

അഭിമാന പോരാട്ടം നടന്ന കുക്കട്പള്ളിയില്‍ ചന്ദ്രബാബു നായിഡുവിന്‍റെ മരുമകള്‍ സുഹാസിനി ദയനീയമായി പരാജയപ്പെട്ടു. വാറങ്കല്‍, കരിംനഗര്‍, നിസാമാബാദ് തുടങ്ങിയ ടി.ആര്‍.എസ് കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ മഹാകൂട്ടമിക്ക് സാധിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റായ ജഗ്്ത്യാല്‍ അടക്കം ചന്ദ്രശേഖരറ റാവുവിനൊപ്പം നില്‍ക്കുകയും ചെയ്തു. ഹൈദരബാദ് മേഖലയില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എം.ഐ.എം ആധിപത്യം നിലനിര്‍ത്തി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒവൈസി ടി.ആര്‍.എസിന് പിന്തുണ അറിയിച്ചിരുന്നു.  

ആ  തുരുത്തും ‘കൈ’വിട്ടു

വടക്കുകിഴക്കന്‍ മേഖലയിലെ അവസാന തുരുത്തും കോണ്‍ഗ്രസിനെ കൈവിട്ടു.  മിസോറാമില്‍  പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷനല്‍ ഫ്രണ്ട് അധികാരം തിരിച്ചുപിടിച്ചു. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്്്ല അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ തോറ്റപ്പോള്‍ ഒരു സീറ്റുനേടി അക്കൗണ്ട് തുറക്കാനായതുമാത്രമാണ് ബി.ജെ.പിയുടെ നേട്ടം.

നാല്‍പ്പതംഗ നിയമസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉറപ്പിച്ചാണ് എംഎന്‍എഫ് മുന്നേറ്റം.  ആകെ പോള്‍ ചെയ്തതില്‍ എഴുപതു ശതമാനത്തിലധികം വോട്ടും കിട്ടി മിനോ നാഷണല്‍ ഫ്രണ്ടിന്.  തുടര്‍ച്ചയായ പത്തുവര്‍ഷം മിസോറാം ഭരിച്ച കോണ്‍ഗ്രസിന് സീറ്റെണ്ണം രണ്ടക്കത്തിലെത്തിക്കാന്‍ പോലുമായില്ല. രണ്ടിടത്തു മല്‍സരിച്ച മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്്ല രണ്ടിടത്തും തോറ്റതും സംസ്ഥാനത്ത് നിലനിന്ന ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്‍റെ പ്രതിഫലനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയടക്കം ഇറക്കി ശക്തമായ പ്രചാരണം നടത്തിയിട്ടും ബിജെപിയുടെ സീറ്റെണ്ണം ഒന്നിലൊതുങ്ങി. 

മണിപ്പൂരിനും,നാഗാലാന്‍ഡിനും,മേഘാലയയ്ക്കും പിന്നാലെ മിസോറാമില്‍ കൂടി തോറ്റതോടെ വടക്കു കിഴക്കന്‍ മേഖലയിലെ അവസാന തുരുത്താണ് കോണ്‍ഗ്രസിന് നഷ്ടമാകുന്നത്. അതുകൊണ്ടു തന്നെയാണ് ഉത്തരേന്ത്യന്‍ ഹൃദയഭൂമിയിലെ മികച്ച പ്രകടനത്തിന്‍റെ തിളക്കത്തിനിടയിലും മിസോറാം പരാജയം കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രസക്തമാകുന്നതും.  

MORE IN SPECIAL PROGRAMS
SHOW MORE